കൊച്ചി:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2019 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി നടത്തണമെന്ന് ഹൈക്കോടതി.2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വരുന്ന ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ യു.ഡി.എഫ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍, ആദ്യം 2019-ലെ പട്ടിക തന്നെ ഉപയോഗിക്കണമെന്നാണ് എല്‍ഡിഎഫും യുഡിഎഫും നിലപാടെടുത്തിരുന്നത്. എന്നാല്‍ 2019-ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കുന്നതിന് സമയം വേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് എല്‍ഡിഎഫും സര്‍ക്കാര്‍ ഈ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയത്. ഇതിനെതിരെ യുഡിഎഫ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. 2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ചാല്‍ ഏകദേശം 30 ലക്ഷത്തോളം വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകുമെന്ന് വ്യക്തമാക്കിയാണ് യുഡിഎഫ് കോടതിയെ സമീപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. തുടര്‍ന്ന് സിംഗിള്‍ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും മുസ്ലീംലീഗും ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.തീരുമാനം മാറ്റുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു. കോടതി അനുവദിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ പുതിയ വിധി വന്നിരിക്കുന്നത്. പുതിയ വിധി പ്രകാരം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുണ്ടാക്കിയ പട്ടിക പുതിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.
ലക്നോ കോടതിയില്‍ സ്ഫോടനം; രണ്ട് അഭിഭാഷകര്‍ക്ക് പരിക്കേറ്റു; മൂന്നു ബോംബുകള്‍ കണ്ടെടുത്തു
ഉത്തർപ്രദേശ്:ഉത്തര്‍പ്രദേശിലെ ലക്നോ കോടതിയുടെ പരിസരത്തുണ്ടായ സ്ഫോടനത്തില്‍ രണ്ടു അഭിഭാഷകര്‍ക്ക് പരിക്ക്. ക്രൂഡ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് പ്രദേശത്ത് പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ മൂന്നു ബോംബുകള്‍ കൂടി കണ്ടെത്തി.സഞ്ജീവ് ലോധി എന്ന അഭിഭാഷകന്റെ ചേംബറിന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ ലോധി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇദ്ദേഹത്തിന് നേരെ രണ്ടു ബോംബുകളാണ് അജ്ഞാതരായ അക്രമികള്‍ എറിഞ്ഞത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. മറ്റൊരു അഭിഭാഷകനായ ജിതു യാദവാണ് ആക്രമണത്തിന് പിന്നിലെന്ന് ലോധി ആരോപിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോടതിയിലും പരിസരത്തും അഭിഭാഷകര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകര്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തി;കോട്ടക്കലില്‍ രണ്ടുപേര്‍ പിടിയില്‍
കോട്ടയ്ക്കൽ:മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് താനൂര്‍ സ്വദേശികളായ രണ്ടുപേർ പിടിയിലായി. കോട്ടക്കല്‍ വലിയപ്പറമ്ബിലാണ് ഓട്ടോറിക്ഷ മറിഞ്ഞത്. പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ സി.ഐ യൂസഫിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു
പാലാരിവട്ടം പാലം അഴിമതി; വി.കെ. ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നോട്ടീസ് അയച്ചു
തിരുവനന്തപുരം:പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നോട്ടിസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ചോദ്യം ചെയ്യലിന് തിരുവനന്തപുരം പൂജപ്പുരയിലെ വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റിൽ ഹാജരാകാനാണ് നിർദേശം.പാലാരിവട്ടം പാലം അഴിമതി കേസിനായി രൂപീകരിച്ച പ്രത്യേക സംഘത്തിലെ ഡി.വൈ.എസ്.പി വി. ശ്യാംകുമാറിന്‍റെ ഓഫീസ് എന്ന നിലയിലാണ് ചോദ്യം ചെയ്യൽ പൂജപ്പുരയിലാക്കാൻ തീരുമാനിച്ചത്.മുൻമന്ത്രിക്കെതിരായ അന്വേഷണത്തിന് ഗവർണർ കഴിഞ്ഞയാഴ്ച അനുമതി നൽകിയതോടെ നടപടികൾ വേഗത്തിലാക്കാൻ വിജിലൻസ് നീക്കം തുടങ്ങിയിരുന്നു. നിയമസഭ സമ്മേളനം പൂർത്തിയായതോടെയാണ് നോട്ടീസ് നൽകിയത്. നേരത്തെ വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിന്‍റെ മൊഴിയെടുത്തിരുന്നു. പിന്നീട് ടി.ഒ സൂരജ് ഉൾപ്പടെ അഞ്ചുപേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി.ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ സൂരജ് മൊഴി നൽകിയതോടെയാണ് മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ് സർക്കാരിന് അപേക്ഷ നൽകിയത്. സർക്കാർ പിന്നീട് ഗവർണറുടെ അനുമതി തേടി.അനുമതി ലഭിച്ചതോടെയാണ് ക്രമിനൽ നടപടി ചട്ടത്തിലെ 41 (എ) വകുപ്പ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലൻസ് നോട്ടീസ് നൽകിയത്.
വെടിയുണ്ടകളും തോക്കുകളും കാണാനില്ല; ഡി.ജി.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.എ.ജി റിപ്പോര്‍ട്ട്
തിരുവനന്തപുരം:പൊലീസിനും ഡി.ജി.പിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സി.എ.ജി റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ഡി.ജി.പി മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നാണ് പ്രധാന കണ്ടെത്തൽ.പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടേഴ്സ് നിർമാണത്തിനുള്ള ഫണ്ടിൽ 2.81 കോടി രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കുമുള്ള വില്ലകൾക്കുമായി വകമാറ്റി ചെലവഴിച്ചതായും സി.എ.ജി കണ്ടെത്തി.ഇതിന് പുറമെ ആഭ്യന്തരവകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തി. സ്റ്റേഷനില്‍ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിന് പകരം ടെന്‍ഡറില്ലാതെ ആഡംബര വാഹനങ്ങള്‍ വാങ്ങിയെന്നാണ് റിപോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. പോലിസ് വാങ്ങിയ 269 ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ 15 ശതമാനവും ഉന്നത ഉദ്യോഗസ്ഥരുടെയും പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍പ്രകാരം ഓപറേഷന്‍ യൂനിറ്റുകളായി കണക്കാക്കാത്ത സിബിസിഐഡി തുടങ്ങിയവയുടെയും ഉപയോഗത്തിനായി വിന്യസിക്കപ്പെട്ട ആഡംബരകാറുകളായിരുന്നു. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ആഡംബര കാര്‍ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും ഇത് ചട്ടവിരുദ്ധമായ നടപടിയാണെന്നും റിപോര്‍ട്ട് പറയുന്നു. തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, എസ്.എ.പി. ക്യാമ്പിലെ തോക്കുകള്‍ എ.ആര്‍. ക്യാമ്പിലേക്ക് നല്‍കിയെന്നാണ് പോലീസിന്റെ വിശദീകരണം. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സി.എ.ജി.യെ അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.എന്നാല്‍ തോക്കുകള്‍ എ.ആര്‍.ക്യാമ്പില്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് കഴിഞ്ഞില്ലെന്ന് സി.എ.ജി.യും അറിയിച്ചു. വെടിയുണ്ടകള്‍ എവിടെപോയെന്ന കാര്യത്തില്‍ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്ന് മാത്രമാണ് പോലീസ് അറിയിച്ചതെന്നും സി.എ.ജി. പ്രതികരിച്ചു. വെടിക്കോപ്പുകള്‍ നഷ്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സിഎജി പറയുന്നു. റവന്യൂ വകുപ്പിനെതിരേയും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മിച്ചഭൂമി ഏറ്റെടുക്കാന്‍ റവന്യൂവകുപ്പ് കാലതാമസം വരുത്തുന്നുവെന്ന് സിഎജി കണ്ടെത്തി. 1,588 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിലാണ് വകുപ്പ് കാലതാമസം വരുത്തിയിരിക്കുന്നത്. ഫോറന്‍സിക് വിഭാഗത്തില്‍ പോക്‌സോ കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.
പാചകത്തിന് ഉപയോഗിച്ച് പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി; എണ്ണ ശേഖരിക്കാന്‍ ഏജന്‍സിയെ നിയമിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: ഹോട്ടലുകളില്‍ പാചകത്തിന് ഉപയോഗിച്ച് പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് രംഗത്ത്. ഹോട്ടലുകളിലും ബേക്കറികളിലും പാചകത്തിന് ഉപയോഗിച്ച എണ്ണ തട്ടുകടകളിലും മറ്റും വീണ്ടും ഉപയോഗിക്കുന്നതായി പരാതി ഉയരുന്നുണ്ട്.ചെറിയ വിലയ്ക്ക് ഇത്തരം എണ്ണ കിട്ടുമെന്നതാണ് തട്ടുകടക്കാരെ ആകര്‍ഷിക്കുന്നത്.ചില ഹോട്ടലുകളും പഴകിയ എണ്ണ നിരന്തരം ഉപയോഗിക്കുന്നതായും ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഹോട്ടലുകളില്‍ നിന്ന് ഉപയോഗിച്ച എണ്ണ ശേഖരിക്കാന്‍ ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്. ആരോഗ്യത്തിന് ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന ഇത്തരം എണ്ണയുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ എണ്ണ ശേഖരിക്കാനാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തീരുമാനം. ഇതിനായി ഒരു ഏജന്‍സിയെ നിയമിച്ചു കഴിഞ്ഞു. ഇങ്ങനെ ശേഖരിക്കുന്ന എണ്ണ വ്യാവസായിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുക. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം പഴകിയ എണ്ണകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന പരിശോധന കര്‍ശനമാക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കൊറോണ വൈറസ്;ചൈനയിൽ മരണം 1350 നു മുകളില്‍
ബെയ്‌ജിങ്:ചൈനയെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധിതരുടെ മരണസംഖ്യ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ബുധനാഴ്ച വുഹാനില്‍ 242 പേര്‍ കൂടി മരിച്ചതോടെ മരണനിരക്ക് 1350-ന് മുകളിലെത്തി. കൂടാതെ 14,840 പുതിയ കേസുകളില്‍ കൂടി സ്ഥിരീകരിച്ചതോടെ ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 60,000 ആയി. ഇതില്‍ 48,000 കേസുകളില്‍ വുഹാനിലാണ്.ഇതിനിടെ കഴിഞ്ഞ ദിവസം ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ യോഗം കൊറോണ വൈറസിന് ഔദ്യോഗിക നാമകരണം നല്‍കിയിരുന്നു. ‘കൊവിഡ് 19’ എന്നാണ് പേര് നല്‍കിയത്.ഇതുവരെ 20 രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ട്. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലും ഷാംഗ്ഹായിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ഈ മാസം അവസാനത്തിലോ മധ്യത്തിലോ ആയി വൈറസ് ബാധ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് സാക്രമികരോഗ വിദഗ്ധന്‍ ഷോംഗ് നന്‍ഷാന്‍ പറഞ്ഞു. അതേസമയം, ജപ്പാനിലെ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സ് എന്ന കപ്പലിലെ രണ്ട് ഇന്ത്യന്‍ ജീവനക്കാര്‍ക്കാണ് കൊറോണ സ്ഥീരികരിച്ചത്. ഇതോടെ കപ്പലില്‍ പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നവരില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 175 ആയി. കപ്പലില്‍ ആകെ 3,700 യാത്രക്കാരാണുള്ളത്.
മതിയായ സുരക്ഷാ സംവിധാനങ്ങളില്ല;എട്ടു മലയാളികൾ ശ്വാസംമുട്ടി മരിച്ച നേപ്പാളിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ്
കാഠ്‍മണ്ഡു:മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് എട്ടു മലയാളികൾ ശ്വാസംമുട്ടി മരിച്ച നേപ്പാളിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് സർക്കാർ അടച്ചുപൂട്ടി.മതിയായ സരുക്ഷാ സംവിധാനങ്ങളില്ലാത്തതും നടത്തിപ്പിലെ വീഴ്‍ചകളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ റിസോര്‍ട്ടിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം നിറുത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഞായറാഴ്‍ചയാണ് നേപ്പാള്‍ ടൂറിസം വകുപ്പ് നോട്ടീസ് നല്‍കിയത്.മലയാളി ടൂറിസ്റ്റുകളുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം മുറിയില്‍ ഇലക്‌ട്രിക് ഹീറ്റിംഗ് സൗകര്യമുണ്ടായിരുന്നെങ്കിലും വിനോദസഞ്ചാരികള്‍ റസ്റ്റോറന്റിലെ ഗ്യാസ് ഹീറ്റര്‍ എടുത്തു കൊണ്ടുപോവുകയായിരുന്നു എന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ നല്‍കിയ മൊഴി.എന്നാല്‍ റിസോര്‍ട്ടില്‍ അതിഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോ സുരക്ഷയോ നല്‍കുന്നില്ലെന്നും റിസോര്‍ട്ട് എന്ന വിഭാഗത്തില്‍പ്പെടുത്താനുള്ള ഘടകങ്ങളും ഈ സ്ഥാപനത്തിനില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.കഴിഞ്ഞ മാസം 20നാണ് ദാമനിലെ റിസോര്‍ട്ട് മുറിയില്‍ നാല് കുട്ടികളടക്കം എട്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്ററില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. തുറസായ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന ഗ്യാസ് ഹീറ്റര്‍ മുറിക്കുള്ളില്‍ വെച്ചത് ഹോട്ടല്‍ മാനേജുമെന്‍റിന്‍റെ വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിന് പിന്നിലിടിച്ച് 16 മരണം;20ഓളം പേര്‍ക്ക് പരിക്ക്
ആഗ്ര:ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിന് പിന്നിലിടിച്ച് 16 പേർ മരിച്ചു.20ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം.ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേയ്ക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ബസില്‍ 40ഓളം യാത്രിക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം.ഫിറോസാബാദ് ജില്ലയിലെ നഗ്ല ഖന്‍ഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം.എക്സ്പ്രെസ്സ്‌വേയിൽ പൊട്ടിയ ടയര്‍ മാറ്റിയിടുന്നതിനായി നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍ വന്ന് ബസ് ഇടിക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചത്. പരിക്കേറ്റവരേയും മരിച്ചവരേയും യുപി റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകളുടെ പുതിയ മാതൃക അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകളുടെ പുതിയ മാതൃക അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.പുതിയ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ഥിയുടെ പേര് കൂടാതെ പിതാവിന്റെയും മാതാവിന്റെയും പേര്, ജനനത്തിയതി, വിദ്യാര്‍ഥിയുടെ ഫോട്ടോ, ആകെ സ്‌കോര്‍, സ്‌കൂള്‍ കോഡ് എന്നിവ ഉള്‍പ്പെടുത്തും. നിലവില്‍ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ഥിയുടെ പേര് മാത്രമാണ് വ്യക്തിഗതവിവരമായി രേഖപ്പെടുത്തുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റും രണ്ടാം വര്‍ഷ പരീക്ഷയ്ക്കു ശേഷം നടത്തുന്ന ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റും ഒന്നാക്കി നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.