ആശ്വാസ വാർത്ത;തിരുവനന്തപുരത്ത് നിന്നും കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയിൽ വേ സ്റ്റേഷൻ സമീപത്തെ ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പരിശോധനയ്‌ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആരോ​ഗ്യനില തൃപ്തികരമെന്ന് ഡിസിപി നിധിൻ രാജ് അറിയിച്ചു. കുട്ടി എങ്ങനെ ഓടയിലെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു.ആരേയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്നും എ.സി.പി. പറഞ്ഞു.പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരുടെ മകളാണ് കാണാതായ പെണ്‍കുട്ടി. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഒരുപകല്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.പോലീസ് വ്യാപകമായ പരിശോധനയാണ് കുഞ്ഞിനായി നടത്തിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുന്നതിനിടെയാണ് കുട്ടിയെ ബ്രഹ്മോസിന് സമീപം ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

രണ്ടര വയസ്സുകാരിയെ കാണാതായിട്ട് മണിക്കൂറുകൾ പിന്നിട്ടു; തട്ടിക്കൊണ്ടുപോകലിൽ വ്യക്തതയില്ല; പരിശോധനയുമായി പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതെ പോയ രണ്ടുവയസുകാരി മേരിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.കുട്ടിക്ക് വേണ്ടി സി.സി.ടി.വികളടക്കം പോലീസ് പരിശോധിച്ചു വരികയാണ്. എന്നാൽ, ഇതുവരെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യമായ സൂചനകളൊന്നും ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ല.കുട്ടിയുടെ രക്ഷിതാക്കളോടും അടുത്തപ്രദേശത്തുള്ളവരോടും പോലീസ് നിരന്തരം വിവരങ്ങൾ തേടിവരികയാണ്. എന്നാൽ, ഈ മൊഴികളിലൊന്നും തന്നെ വ്യക്തതയില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകൽ നടന്നോ എന്നത് ഉറപ്പിച്ചുപറയാൻ കഴിയില്ലഎന്നാണ് കമ്മീഷണർ നാഗരാജു മാധ്യമങ്ങളോട് പറഞ്ഞത്.അതിനിടെ സ്‌കൂട്ടറിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നവരെ കണ്ടുവെന്ന് സംശയം അറിയിച്ച് യുവാവ് പോലീസിനെ സമീപിച്ചിരിക്കുകയാണ്. രണ്ട് യുവാക്കൾ ചേർന്ന് കുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകുന്നത് കണ്ടു എന്നാണ് യുവാവ് പോലീസിനെ അറിയിച്ചത്. രാത്രി 12. 30 ന് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോഴാണ് കുട്ടിയുമായി പോകുന്നത് കണ്ടതെന്നും യുവാവ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവാവിന്റെ മൊഴി ശേഖരിച്ച് വരികയാണ്. കുട്ടിയെ തട്ടിക്കൊണ്ടു പോയവരെ കണ്ടതായി സംശയം ഉന്നയിച്ച് ഈഞ്ചക്കലിൽ താമസിക്കുന്ന ഒരു കുടുംബവും പോലീസിനെ സമീപിച്ചിട്ടുണ്ട്.കുട്ടിയെ കാണാതായിട്ട് 12 മണിക്കൂറുകൾ പിന്നിട്ടിട്ടും സംഭവത്തിൽ ഒരു തരത്തിലുള്ള ആശ്വാസ വാർത്തയും ഇതുവരെ ലഭിച്ചിട്ടില്ല.ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. പേട്ടയിൽ നിന്നാണ് അമർദ്വീപ് -റമീനദേവി ദമ്പതികളുടെ മകൾ മേരിയെ തട്ടിക്കൊണ്ടുപോയത്. കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്.

മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സർക്കാർ

ബെംഗളൂരു:വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കര്‍ണാടക സർക്കാർ 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രയാണ് ധനസഹായം പ്രഖ്യാപിച്ചത്. മാസങ്ങള്‍ക്ക് മുമ്പേ കര്‍ണാടക വനംവകുപ്പ് തുരത്തിയ മോഴയാനയായ ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തിലാണ് അജീഷ് കൊല്ലപ്പെട്ടത്. നിലവില്‍ കര്‍ണാടകയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നല്‍കിവരുന്ന ധനസഹായമാണ് ഇത്.ഫെബ്രുവരി 10-നാണ് അജീഷ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.10 ലക്ഷം രൂപയും അജീഷിന്റെ ഭാര്യയ്ക്ക് സ്ഥിരം ജോലിയും മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കുമെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ വാഗ്ദാനം.ആനയെ മയക്കുവെടിവെച്ച് പിടിക്കാനായി വനംവകുപ്പ് നടത്തിയ ദൗത്യം വിജയിച്ചിരുന്നില്ല. അപ്പോഴേക്കും കര്‍ണാടകയുടെ ഉള്‍വനത്തിലേക്ക് കടന്ന ബേലൂര്‍ മഖ്‌ന ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്.

സംസ്ഥാനത്ത് ചൂട് കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ജാഗ്രതാ നിദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.സാധാരണയെക്കാൾ മൂന്നു മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കും. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച്‌ ജോലി സമയം ക്രമീകരിക്കുക. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്‌.സി/സി.എച്ച്‌.സി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, താലൂക്ക്/ജില്ലാ/ജനറല്‍ ആശുപത്രി/മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം ചൂട് വധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ശനി, ഞായർ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇത് സാധാരണയെക്കാൾ മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് കൂടുമെന്നാണ് അറിയിക്കുന്നത്.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകൾ ഈ മാസം 30 ന് 24 മണിക്കൂർ അടച്ചിടും

കണ്ണൂർ: ജില്ലയിലെ പെട്രോൾ പമ്പുകൾ ഈ മാസം 30 ന് 24 മണിക്കൂർ അടച്ചിടും.പമ്പുകൾ രാവിലെ ആറുമണി മുതൽ 24 മണിക്കൂർ അടച്ചിട്ടും ഇന്ധന ബഹിഷ്ക്കരണം നടത്തിയും പ്രതിഷേധിക്കുമെന്ന് കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു.മാഹിയിൽ നിന്നും കർണാടകയിൽ നിന്നും വ്യാപകമായും അനധികൃതമായും നികുതിവെട്ടിച്ച് ഇന്ധനം കടത്തുന്നതിനെതിരെ നടപടികൾ സ്വീകരിക്കുക, പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി യിൽ ഉൾപ്പെടുത്തുക, ഇന്ധനങ്ങൾക്ക് ചുമത്തിയ രണ്ടുരൂപ അധിക സെസ് പിൻവലിക്കുക, സാധ്യതാപഠനം നടത്താതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പുതിയ പമ്പുകൾ അനുവദിക്കുന്നത് നിർത്തലാക്കുക, ഏഴുവർഷമായി പൊതുമേഖലാ എണ്ണകമ്പനികൾ നടപ്പിലാക്കാത്ത കമ്മീഷൻ വർദ്ധനവിന് വേണ്ട നടപടികളും സഹായസഹകരണവും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

നിപ ജാഗ്രത ;ആദ്യം മരിച്ച കോഴിക്കോട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് നിപ ജാഗ്രത തുടരുന്നു.പനി ബാധിച്ച് ആദ്യം മരിച്ച ആൾക്ക് നിപ രോഗബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിൽ നിന്നാണ് മറ്റുള്ളവർക്കും രോഗം പകർന്നത്. ചികിത്സിച്ച ആശുപത്രിയിൽ നിന്നും തൊണ്ടയിലെ ശ്രവം പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസം 30-നാണ് മരുതോങ്കര സ്വദേശി മുഹമ്മദലി രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 4 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. സ്വകാര്യ ആശുപത്രിയിലെ 30 ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 327 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 17 പേർ ഐസൊലേഷൻ വിഭാഗത്തിലാണ്. ആദ്യം മരിച്ചയാൾക്ക് മറ്റ് ജില്ലകളിലുള്ളവരുമായുള്ള സമ്പർക്കപ്പട്ടിക പുറത്തുവിട്ടു. മലപ്പുറം -22, തൃശ്ശൂർ – 3, വയനാട് – 1, കണ്ണൂർ -3, എന്നീങ്ങനെയാണ് കണക്കുകൾ.ഇന്ന് രോഗം സ്ഥീരികരിച്ച ചെറുവണ്ണൂരിന്റെ 5 കിലോ മീറ്റർ ചുറ്റളവ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.ആദ്യ രോഗിയുമായി ആശുപത്രിയിൽ വെച്ച് സമ്പർക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍, മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. 39 വയസുകാരനായ ഇദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. കൂടുതൽ സാമ്പിളുകൾ കോഴിക്കോട്ട് സജ്ജമാക്കിയ മൊബൈൽ ലാബിൽ പരിശോധിച്ച് വരികയാണ്.അതേസമയം, കോഴിക്കോട് ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി തുടരും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

പണമടച്ച് ബുക്ക് ചെയ്ത ഗ്യാസ് സിലിണ്ടർ വീട്ടിലെത്തിക്കാതിരുന്ന ഗ്യാസ് ഏജൻസിക്ക് പിഴ


കൽപ്പറ്റ:പണമടച്ച് ബുക്ക് ചെയ്ത ഗ്യാസ് സിലിണ്ടർ വീട്ടിലെത്തിക്കാതിരുന്ന ഗ്യാസ് ഏജൻസിക്ക് പിഴ ചുമത്തി.വയനാട് കല്പറ്റയിലാണ് സംഭവം.പരാതിക്കാരനായ മുതിർന്ന പൗരൻ പാചകവാതകം ബുക്ക് ചെയ്തു കഴിഞ്ഞാൽ ഗ്യാസ് ഏജൻസി ഒരിക്കലും ഇദ്ദേഹത്തിന്റെ വീട്ടിൽ സിലിണ്ടർ എത്തിക്കാറില്ല.പകരം റോഡിനടുത്തുള്ള അയൽവാസിയുടെ വീട്ടിൽ എത്തിച്ചു കൊടുക്കും.ഇതിനെതിരെ നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല. തുടർന്നാണ് പരാതിയുമായി കക്ഷി വയനാട് ഉപഭോക്ത കമ്മീഷനെ സമീപിച്ചത്.പരാതി പരിഗണിച്ച കമ്മീഷൻ സേവനത്തിൽ വന്ന അപര്യാപ്തയ്ക്ക് നഷ്ട്ടപരിഹാരമായി 8000 രൂപയും കോടതി ചെലവിനായി 5000 രൂപയും ഗ്യാസ് ഏജൻസി എതിർകക്ഷിക്ക് നല്കണമെന്ന് ഉത്തരവിട്ടു. LPG(Regulation of Supply And Distribution)order,2000,Section 9 പ്രകാരം ഗ്യാസ് സിലിണ്ടർ വീടുകളിൽ എത്തിക്കുന്നതിന് ഡിസ്ട്രിബ്യുട്ടർമാർ കമ്പനി നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ പാടുള്ളതല്ല.മെയിൻ റോഡിൽ നിന്നും ദൂരക്കൂടുതലാണെന്ന കാരണത്താൽ വീടുകളിൽ സിലിണ്ടറുകൾ എത്തിച്ചു നല്കാതിരിക്കുന്നതും തെറ്റാണ്.ഗ്യാസ് ഏജൻസി ഏത് മേൽവിലാസത്തിലാണോ ഉപഭോക്താവുമായി കരാർ ഏർപ്പെട്ടിട്ടുള്ളത് അതെ സ്ഥലത്തു തന്നെ സിലിണ്ടർ എത്തിച്ചു നൽകേണ്ടതാണ്(Section 9).

കണ്ണൂർ തോട്ടടയിൽ കല്ലട ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം;ഒരു മരണം; 25 പേർക്ക് പരിക്കേറ്റു

കണ്ണൂർ: തോട്ടടയിൽ കല്ലട ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം.മംഗാലപുരത്ത് നിന്ന് പത്തനംതിട്ടയിലേയ്‌ക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിലെ 24 യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.ബസ് ഗുഡ്‌സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു . അർധരാത്രിയോടെ ആയിരുന്നു സംഭവം. ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് മൂന്ന് പ്രാവശ്യം മലക്കം മറിഞ്ഞെന്ന് ദൃക്സാക്ഷികൾ പറയുന്നു.സംഭവ സമയത്ത് മഴ പെയ്തിരുന്നുവെന്നാണ് വിവരം. ബസിന്റെ പിൻഭാഗത്താണ് ലോറി ഇടിച്ചത്. ശേഷം ലോറി സമീപത്തെ കടയിലേയ്‌ക്ക് ഇടിച്ച് കയറുകയും ചെയ്തു. വിശദമായ പരിശോധനയിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. മരിച്ച ആളുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

രക്ഷാപ്രവർത്തനം വിഫലം; വിഴിഞ്ഞത്ത് കിണറ്റിൽ കുടുങ്ങിയ മഹാരാജിനെ രക്ഷിക്കാനായില്ല; മൃതദേഹം പുറത്തെടുത്തു

വിഴിഞ്ഞം: ഉറയിറക്കുന്ന ജോലികൾ ചെയ്യുന്നതനിടെ കിണറ്റിലെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളി മരിച്ചു.തമിഴ്നാട് പാർവ്വതിപുരം സ്വദേശി മഹാരാജ് (50) ആണ് മരിച്ചത്.ശനിയാഴ്ച്ച രാവിലെ 9.30 ഓടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ട മഹാരാജിനെ (55)പുറത്തെടുക്കുന്നത് മൂന്നാം ദിവസമാണ്. എൻ.ഡി.ആർ.എഫ് അടക്കം രക്ഷാപ്രവർത്തനത്തിനെത്തിയിട്ടും തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല. മെഷീനുകൾ ഇറക്കിയുള്ള രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്ന സാഹചര്യത്തിൽ ഫയർഫോഴ്‌സും മറ്റ് തൊഴിലാളികളും എൻ.ഡി.ആർ.എഫ്, പോലീസ് സംഘങ്ങൾ മഹരാജനെ രക്ഷിക്കാൻ രാപ്പകലില്ലാതെ പരിശ്രമിച്ചിരുന്നു.90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലായിരുന്നു.ഇന്ന് രാവിലെയോടെയാണ് തടസ്സമായി നിന്ന മണ്ണ് നീക്കം ചെയ്ത് മഹാരാജിന്റെ ശരീരഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന് അടുത്തെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞത്. വിഴിഞ്ഞം മുക്കോല ശക്തിപുരം റോഡിൽ അശ്വതിയിൽ സുകുമാരന്റെ വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. 90 അടിയോളം താഴ്ചയുള്ള കിണറിൽ നാലു ദിവസം കൊണ്ട് കോൺക്രീറ്റ് ഉറ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയ്‌ക്കു ശേഷം ഇന്നലെ പണി പുനരാരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ് കിണറ്റിലേക്ക് 20 അടിയോളം മണ്ണിടിഞ്ഞ് വീണത്.മഹാരാജ് ഉൾപ്പെടെ അഞ്ച് പേരാണ് ജോലിക്കുണ്ടായിരുന്നത്. മഹാരാജനൊപ്പം മണികണ്ഠൻ എന്നയാളും കിണറ്റിലുണ്ടായിരുന്നു. വിജയൻ, ശേഖരൻ, കണ്ണൻ എന്നിവർ കരയിലുമായിരുന്നു. ഏറ്റവും അടിയിലായിരുന്നു മഹാരാജ് ഉണ്ടായിരുന്നത്. കിണറ്റില്‍ റിങ് സ്ഥാപിക്കുന്നതിനിടിയിൽ മഹാരാജിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.ജോലി പുരോഗമിക്കുന്നതിനിടയിൽ ചെറിയ തോതിൽ മണ്ണിടിച്ചിലും വെള്ളമിറങ്ങുകയും ചെയ്തതോടെ മഹാരാജനോടും മണികണ്ഠനോടും കരയിലേക്ക് കയറാൻ വിളിച്ചുപറഞ്ഞിരുന്നു. ഇവർ കയറുന്നതിന് മുമ്പേ മണ്ണിടിയുകയായിരുന്നു. മണികണ്ഠൻ കയറിൽ പിടിച്ച് കയറി. മഹാരാജന്റെ മുകളിലേക്ക് കിണറിന്റെ മധ്യഭാഗത്തു നിന്ന് പഴയ കോൺക്രീറ്റ് ഉറ തകർന്ന് വീഴുകയായിരുന്നു. രക്ഷിക്കുന്നതിന് മുമ്പ് ഇയാൾ പൂർണമായും മണ്ണിനിടിയിലായി.മഹാരാജനെ പുറത്തെടുത്തെങ്കിലും ശരീരഭാഗങ്ങൾ വേർപെട്ട നിലയിൽ ആയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.