കണ്ണൂര്‍: മന്ത്രി ഇപി ജയരാജന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് പറഞ്ഞ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.പയ്യന്നൂരില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.പയ്യന്നൂര്‍ സ്വദേശിയില്‍ നിന്ന് സംഘം അരലക്ഷം രൂപ ജോലി വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് വാങ്ങിയതായും പോലീസ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തി.പ്രതികള്‍ കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയതായി സംശയമുണ്ട്. ഇതിനു മുന്‍പും മന്ത്രിയുടെ പേരുപയോഗിച്ച് സമാന തട്ടിപ്പുകള്‍ നടന്നിരുന്നു. മന്ത്രിയുടേയും സിപിഎം നേതാക്കളുടെയും പേരില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയെന്നായിരുന്നു കണ്ടെത്തല്‍. അന്‍പതിലധികം പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ സിപിഎം മുന്‍ പ്രാദേശിക നേതാവിനെതിരെ അടക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇടുക്കിയില്‍ റിമാന്‍ഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് പോലീസ് ഉദ്യോഗസ്ഥന് പരിക്ക്
ഇടുക്കി: റിമാന്‍ഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ദേവികുളം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജയകുമാറിനാണ് പരിക്കേറ്റത്. മൂന്നാറില്‍ നിന്നും ദേവികുളത്തേക്ക് പോകുന്നതിനിടെ ബ്ലോക്ക് ഓഫീസിന് സമീപത്തെ വീണ ജീപ്പ് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.ജയകുമാറിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജീപ്പ് മരത്തിലിടിച്ച് നിന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിര്‍മ്മാണങ്ങള്‍ നടക്കുന്നതിനാല്‍ രണ്ടുവര്‍ഷമായി റോഡിന്‍റെ ടാറിംങ്ങ് പണികള്‍ ചെയ്തിരുന്നില്ല.നിലവില്‍ ബ്ലോക്ക് ഓഫീസിന് സമീപത്തെ മരങ്ങള്‍ വെട്ടാന്‍ അനുമതി ലഭിക്കാത്തതും പണികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. വനപാലകര്‍ തടസം നില്‍ക്കുന്നതിനാല്‍ ഇവിടങ്ങളിലെ വീതികൂട്ടല്‍ പണികള്‍ പ്രതിസന്ധിയിലാണെന്നാണ് ആരോപണം. ഗട്ടര്‍ അടക്കുന്നതിന് അധിക്യതര്‍ ശ്രമിക്കാത്തതിനാല്‍ അപകടങ്ങള്‍ തുടക്കഥയാണെന്ന് നാട്ടുകര്‍ പരാതിപ്പെടുന്നു. പ്രശ്‌നത്തില്‍ ബന്ധപ്പട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
തയ്യിലിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകം;പ്രതി ശരണ്യയ്ക്ക് ജയിലില്‍ പ്രത്യേക സുരക്ഷയും കൗണ്‍സലിങ്ങും
കണ്ണൂർ:തയ്യിലിൽ ഒന്നരവയസ്സുകാരനെ കടൽഭിയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയും കുഞ്ഞിന്റെ അമ്മയുമായ ശരണ്യയ്ക്ക് ജയിലില്‍ പ്രത്യേക സുരക്ഷയും കൗണ്‍സലിങ്ങും.കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ കഴിയുന്ന ഡോര്‍മിറ്ററിയിലാണ് ശരണ്യയെ പാര്‍പ്പിച്ചിരിക്കുന്നത്.ജയില്‍ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ട്. മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗണ്‍സിലിങ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.സ്വന്തം മകളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ഇതേ ജയിലില്‍ കഴിഞ്ഞിരുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയില്‍ വളപ്പിലെ കശുമാവ് കൊമ്പിൽ തൂങ്ങി മരിച്ചിരുന്നു. സൗമ്യയുടെ ആത്മഹത്യയ്ക്ക് കാരണം സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശരണ്യയ്ക്ക് പ്രത്യേക സുരക്ഷ നല്‍കുന്നത്.
വിവാഹ സ്വപ്‌നങ്ങള്‍ ബാക്കി വച്ച് സനൂപ് യാത്രയായി;സനൂപിനെ മരണം തട്ടിയെടുത്തത് പ്രതിശ്രുത വധുവിനെ കാണാനുള്ള യാത്രയ്ക്കിടെ
പയ്യന്നൂർ:അവിനാശി ബസ്സപകടത്തിൽ മരിച്ച പയ്യന്നൂർ സ്വദേശി സനൂപിനെ മരണം തട്ടിയെടുത്തത് പ്രതിശ്രുത വധുവിനെ കാണാനുള്ള യാത്രയ്ക്കിടെ. നീലേശ്വരം തെരുവിലെ യുവതിയുമായിട്ട് ഏപ്രില്‍ 11ന് സനൂപിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ബംഗളൂരുവിലെ കോണ്ടിനന്റല്‍ ഓട്ടോമോട്ടീവ് കംപോണന്റ്‌സ് ഇന്ത്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സനൂപ്. എറണാകുളത്ത് ജോലി ചെയ്യുന്ന പ്രതിശ്രുത വധുവിനെ കാണുവാന്‍ വേണ്ടി ഉള്ള യാത്രയ്ക്കിടയിലാണ് സനൂപിനെ മരണം തട്ടിയെടുത്തത്. ബംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്നാണ് സനൂപ് ബസില്‍ കയറിയത്.അപകട വാര്‍ത്ത കേട്ടപ്പോള്‍ ഒന്ന് പകച്ചെങ്കിലും ആ ബസില്‍ മകന്‍ ഉണ്ടാകില്ല എന്ന് വിശ്വസിച്ച് ആശ്വസിക്കുക ആയിരുന്നു അച്ഛനും അമ്മയും. എന്നാല്‍ അധികം വൈകാതെ മകന്റെ വേര്‍പാട് വിവരം അവര്‍ അറിഞ്ഞു.പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തെരു കാനത്തെ ഓട്ടോഡ്രൈവര്‍ എന്‍. വി .ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ് എന്‍ വി സനൂപ്.സനൂപിന്റെ സഹോദരി സബിന വിവാഹിതയാണ്. ഇളയ സഹോദരന്‍ രാഹുല്‍ വിദ്യാര്‍ഥിയാണ്.
മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു
മൈസൂരു:മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ഷെറിന്‍ (20) ആണ് മരിച്ചത്.മൈസൂരു ഹുന്‍സൂരില്‍ പുലര്‍ച്ചെ നാലിനാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. 20 യാത്രക്കാര്‍ക്ക് പരിക്കേറ്റതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.ബസ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.മരിച്ച ഷെറിന്റെ മൃതദേഹം മൈസൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ വേഗത കുറയ്ക്കാന്‍ ഇടക്കിടെ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്നാണ് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു.
കോടതി വിധി അംഗീകരിക്കുന്നു;അഞ്ചേക്കർ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോർഡ്
ലക്‌നൗ:സുപ്രീം കോടതി വിധി അനുസരിക്കുന്നതായും അയോദ്ധ്യയില്‍ പള്ളി പണിയുന്നതിനായി കോടതി അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിക്കുന്നതായും സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി.’ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം ഞങ്ങള്‍ ഇതുവരെ ഉന്നയിച്ചിട്ടില്ല. സ്വീകരിക്കില്ലെന്ന് പറഞ്ഞ് വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. ഭൂമി സ്വീകരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല. അങ്ങനെ ചെയ്താല്‍ അത് കോടതിയലക്ഷ്യമാകും. ഇതുമായി ബന്ധപ്പെട്ടുള്ള അടുത്ത നടപടി ഈ മാസം 24ന് യോഗം ചേര്‍ന്ന് തീരുമാനിക്കും’-ഫാറൂഖി പറഞ്ഞു.അയോദ്ധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയമെന്നാണ് ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കഴിഞ്ഞ നവംബറില്‍ പ്രസ്താവിച്ചത്. പകരം മുസ്‌ലിങ്ങള്‍ക്ക് അയോദ്ധ്യയില്‍ തന്നെ അവര്‍ പറയുന്ന സ്ഥലത്ത് അഞ്ചേക്കര്‍ നല്‍കണമെന്നും വിധിച്ചു.
അവിനാശി വാഹനാപകടം;മരിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
കൊച്ചി:അവിനാശി വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.ബസ് ഡ്രൈവറും കണ്ടക്ടറുമായ ബൈജുവിനും ഗീരീഷിനും യാത്രാമൊഴി നൽകി സഹപ്രവർത്തകർ. ബൈജുവിന്റെ മൃതദേഹമാണ് എറണാകുളം കെഎസ്‌ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ആദ്യം എത്തിച്ചത്. മൃതദേഹം കണ്ട് സഹപ്രവര്‍ത്തകരില്‍ പലരും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പൊതുദര്‍ശനത്തിനു വയ്ക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അപകടത്തില്‍ ചിതറിപ്പോയ ബൈജുവിന്റെ മൃതദേഹമെന്നതിനാല്‍ ആംബുലന്‍സിനു പുറത്തേക്കെടുത്തില്ല.പകരം ആംബുലന്‍സിനകത്ത് കയറി അന്ത്യോപചാരമര്‍പ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ബൈജുവിന്റെ ഭാര്യയും സഹോദരിയും ബന്ധുക്കളുമാണ് ഒപ്പമുണ്ടായിരുന്നത്. തിക്കും തിരക്കുമേറിയതോടെ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ആംബുലന്‍സിനടുത്തെത്താനായില്ല. പത്ത് മിനിറ്റിനു ശേഷം ബൈജുവിന്റെ മൃതദേഹവും വഹിച്ച് ആംബുലന്‍സ് പോയപ്പോള്‍ പലരും ദു:ഖം താങ്ങാനാവാതെ തളര്‍ന്നു നിന്നു.സഹപ്രവര്‍ത്തകരുടെ ദുഖം കണ്ട് കാഴ്ചക്കാരായെത്തിയ യാത്രക്കാരും കണ്ണുപൊത്തി സങ്കടം അടക്കി. ഇവിടെ നിന്നായിരുന്നു 2 ദിവസം മുന്‍പു ബൈജുവും ഗിരീഷും ബാംഗ്ലൂരിന് പുറപ്പെട്ടത്. ഒരിക്കലും മടങ്ങിവരാത്ത യാത്രയായിരുന്നു അതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിറങ്ങലിച്ചു പോയിരുന്നു സഹപ്രവര്‍ത്തകരിലേറെയും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടര്‍ എസ് സുഹാസ് അന്ത്യോപചാരമര്‍പ്പിച്ചു. ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.മൃതദേഹങ്ങള്‍ ഒരുമിച്ചു ഡിപ്പോയില്‍ എത്തിക്കുമെന്നായിരുന്നു ആദ്യ വിവരമെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ 2 സമയത്തു വിട്ടുകിട്ടിയതിനാല്‍ ഇതിനു കഴിഞ്ഞില്ല.ബൈജുവിന്റെ മൃതദേഹം ഇന്ന് രാവിലെ ഒൻപതരയോടെ പേപ്പതിയിലെ വീട്ടില്‍ സംസ്‌കരിക്കും. 11 മണിയോടെ ഗിരീഷിന്റെ മൃതദേഹം ഒക്കലിലെ എസ്‌എന്‍ഡിപി ശ്മശാനത്തിലും സംസ്‌കരിക്കും.
സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു
കൊച്ചി:സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു. ഭാരവാഹികളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ബസുടമ സംയുക്ത സമരസമിയാണ് അശ്ചിതകാല ബസ് പടിമുടക്ക് പ്രഖ്യാപിച്ചത്. ബസുടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിക്കുകയും മറ്റു നടപടി തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിക്കുവാൻ തീരുമാനിച്ചത്ബസ് വ്യവസായം സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത സമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു, ജന. കണ്‍വീനര്‍ ടി. ഗോപിനാഥന്‍ എന്നിവര്‍ അറിയിച്ചു. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കിയതോടെ നേരത്തെയും സമരത്തില്‍ നിന്ന് ബസുടമകള്‍ പിന്മാറിയിരുന്നു. കൂടാതെ ഈ മാസം 20 നകം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ 21 മുതല്‍ ബസ് സമരം ആരംഭിക്കുമെന്നും ബസ്സുടമകള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി വര്‍ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.
മൈസൂരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
മൈസൂരു:മൈസൂരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്.കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. മൈസൂരു ഹുന്‍സൂരില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണ്. ബംഗലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്നു ബസ്. ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.ഇടിച്ച് മറിഞ്ഞ ബസില്‍ കുടുങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് വിവരം. അമിത വേഗത്തിലായിരുന്ന ഇയാളോട് വേഗം കുറയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
അവിനാശി ബസ് അപകടം;ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു;ലൈസൻസ് റദ്ദാക്കും
കോയമ്പത്തൂർ:അവിനാശിയിൽ 19 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവർ ഹേമരാജിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോവുകയായിരുന്ന ലോറി കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്റെ ആഘാതത്തില്‍ കണ്ടെയ്‌നര്‍ അമിത വേഗതയിൽ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ബസ് യാത്രക്കാരായ 19 പേർ മരണപ്പെട്ടിരുന്നു. അപകടത്തിനു പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്.അതേസമയം അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും.പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.