ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ബലമായി അറസ്റ്റ് ചെയ്തു;തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്

keralanews the officer on duty was forcibly arrested strike of ksrtc in thiruvananthapuram

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള ബസ് സര്‍വീസിനെ ചൊല്ലി കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് കിഴക്കേകോട്ടയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി സിറ്റി ബസ് സര്‍വീസുകള്‍ ജീവനക്കാര്‍ നിറുത്തിവച്ചു. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡി.ടി.ഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സര്‍വീസ് നിറുത്തിയത്. അറസ്റ്റ് ചെയ്ത ഡിസ്ട്രിക്‌ട് ട്രാന്‍സ്പോര്‍ട് ഓഫീസറെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സര്‍വീസുകള്‍ നിറുത്തിവച്ച്‌ പ്രതിഷേധിക്കുകയാണ്.ആറ്റുകാല്‍ ഉത്സവം ആരംഭിച്ചതോടെ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് ആരംഭിച്ചിരുന്നു. രാവിലെ സര്‍വീസ് നടത്താന്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസിനെ തടസപ്പെടുത്തി സ്വകാര്യ ബസ് സര്‍വീസ് നടത്താന്‍ ശ്രമിച്ചു. ഇത് കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒ ലോപ്പസിന്റ നേതൃത്വത്തില്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സ്വകാര്യ ബസ് ജീവനക്കാരെ പിന്തുണച്ച്‌ പൊലീസ് രംഗത്ത് എത്തിയതോടെ ഇവര്‍ തമ്മിലായി വാക്കേറ്റം.ഇതോടെ ഡി.ടി.ഒയെ പൊലീസ് അറസ്റ്റ് ചെയ്തു.വീഴാന്‍ തുടങ്ങിയ പൊലീസുദ്യോഗസ്ഥനെ തടയുക മാത്രമേ ഡി.ടി.ഒ ചെയ്തിട്ടുള്ളുവെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറഞ്ഞു.

ക്രിപ്​റ്റോകറന്‍സി വ്യാപാരത്തിന്​ ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി

keralanews supreme court remove rbi ban on crypto currency trading

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി വ്യാപാരത്തിന് ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി.2018 ലാണ് ആർബിഐ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് നിരോധനം ഏർപ്പെടുത്തിയത്.നിരോധനം നീക്കിയതോടെ ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ ഇന്ത്യയില്‍ നിയമവിധേയമാകും.സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.ക്രിപ്റ്റോകറന്‍സി സമ്പൂർണ്ണമായി നിരോധിക്കുക എന്നത് നിയമപരമായി ശരിയല്ലെന്നും ഇത്തരം കറന്‍സിയുടെ വ്യാപാരത്തിനായി നിയമപരമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ കറന്‍സിയുടെ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള എല്ലാ ഹർജികൾക്കും കോടതിയുടെ ഇന്നത്തെ ഉത്തരവ് ബാധകമാകും.ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ക്രിപ്റ്റോകറന്‍സിക്ക് നിരോധനമേര്‍പ്പെടുത്തിയ ആര്‍.ബി.ഐ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, ആര്‍.ബി.ഐയുടെ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്നതിന് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്രബാങ്ക് പ്രതികരിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കാനും ക്രിപ്റ്റോകറന്‍സി ഉപയോഗിക്കുന്നുണ്ടെന്നും ആര്‍.ബി.ഐ ആരോപിച്ചു.

കൊറോണ വൈറസ്;യു.എ.ഇയില്‍ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു മാസം അടച്ചിടും

keralanews corona virus educational institutions in uae will close for one month

ദുബായ്:കൊറോണ വൈറസ് (കോവിഡ് 19) രാജ്യമെമ്പാടും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇയില്‍ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു മാസം അടച്ചിടാൻ തീരുമാനം.മാർച്ച് എട്ടുമുതൽ ഒരുമാസത്തേക്കാണ് അടച്ചിടുക.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് യുഎഎ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മുടക്കമായിരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍വകാലശാലകള്‍ക്കും ഇക്കുറി വസന്തകാല അവധി നേരത്തെ ആക്കുകയാണെന്നാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയംഅറിയിച്ചിരിക്കുന്നത്‌. യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം മുഖേനെയാണ് അവധി അറിയിപ്പ് മന്ത്രാലയം പ്രഖ്യാപിച്ചത്.ഈ അവധിക്കാലത്ത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയം ലക്ഷ്യം വച്ചിട്ടുണ്ട്.

ദേവനന്ദയുടെ മരണം;ശാസ്ത്രീയ പരിശോധനകൾക്കായി ഫോറന്‍സിക് സംഘം ഇന്ന് എത്തും

keralanews death of devananda forensic team will arrive today for scientific tests

കൊല്ലം:ഏഴുകോണിൽ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കിലും കുട്ടിയെ കാണാതായതിന് പിന്നിൽ ദുരൂഹതയുള്ളതായി കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.ദേവനന്ദയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളോ ചതവുകളോ ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.കുട്ടിയുടേത് മുങ്ങിമരണമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു . വയറില്‍ ചെളിയും പുഴയിലെ വെള്ളവും കണ്ടെത്തിയിരുന്നു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴും ദുരൂഹതകളും സംശയങ്ങളും ബാക്കിനില്‍ക്കുകയാണ്.കുട്ടി ഒറ്റയ്ക്ക് എങ്ങനെ പുഴയുടെ തീരത്തെത്തി എന്ന ചോദ്യമാണ് എല്ലാവരും മുന്നോട്ട് വെയ്ക്കുന്നത്.ഇത്രയും ദൂരം ഒറ്റയ്ക്ക് വരാത്ത ദേവനന്ദ പുഴയില്‍ വീണതെങ്ങനെയെന്നും ബന്ധുക്കള്‍ ചോദിക്കുന്നു. മതില്‍ ചാടി പൊലീസ് നായ ഓടിയതും ആളില്ലാത്ത വീടിനു സമീപം നിന്നതും അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്.ഇതിനിടെ ശാസ്ത്രീയ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിക് സംഘം ഇന്ന് എത്തും.സംശയങ്ങള്‍ ദുരീകരിക്കത്തക്കവിധമുള്ള ശാസ്ത്രീയ പരിശോധന തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം . ദേവനന്ദയുടെ ആന്തരിക അവയവങ്ങളില്‍ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെ ആണോ എന്നും പുഴയുടെ ആഴം മുങ്ങി മരിക്കാനുള്ള സാധ്യതകള്‍ എന്നിവ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കും.

സംസ്ഥാനത്ത് ഇനി മുതൽ കുപ്പിവെള്ളത്തിന് 13 രൂപ;സർക്കാർ ഉത്തരവ് പുറത്തിറക്കി

keralanews 13rupees for bottled drinkig water govt order released

തിരുവനന്തപുരം:സംസ്ഥാനത്ത് കുപ്പിവെള്ളം ലിറ്ററിന് 13 രൂപയായി നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.നേരത്തെ വെള്ളത്തെ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ വിഭാഗങ്ങളുമായി ആലോചിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. വിജ്ഞാപനം വന്നിട്ട് പരിശോധന കര്‍ശനമാക്കാമെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ തീരുമാനം. ഇതിനാല്‍ വിജ്ഞാപനം ഇറങ്ങിയ ശേഷമാകും നിയന്ത്രണം പൂര്‍ണ തോതില്‍ നടപ്പാക്കുക.കഴിഞ്ഞ മാസം 12നാണ് കുപ്പിവെള്ളത്തിന് വിലനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചത്. അവശ്യസാധനങ്ങളുടെ വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി.വിജ്ഞാപനത്തിന്റെ കരട് നിയമ വകുപ്പിനയച്ചിരിക്കുകയാണ്. 20 രൂപയ്ക്കാണ് ഇപ്പോള്‍ കടകളില്‍ വെള്ളം വില്‍ക്കുന്നത്. വെള്ളത്തിന്റെ ഗുണനിലവാരത്തിലും കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കൊറോണ വൈറസ്;മുന്‍കരുതല്‍ ശക്തമാക്കി ഇന്ത്യ;രോഗലക്ഷണങ്ങളോടെ 19 പേര്‍ കൂടി നിരീക്ഷണത്തില്‍

keralanews corona virus india strenghthen alert and 19 under observation with symptoms

ന്യൂഡൽഹി:കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കി ഇന്ത്യ. രോഗലക്ഷണങ്ങളോടെ 19 പേരെ കൂടി കണ്ടെത്തിയതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. വിവിധ രാജ്യങ്ങളിലെ പൌരന്മാര്‍ക്കുള്ള വിസ ഇന്ത്യ റദ്ദാക്കി.ഇന്നലെയും ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് രാജ്യം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പൌരന്മാര്‍ക്കനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി. സൌത്ത് കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പൌരന്മാര്‍ക്ക് ഇതോടെ ഇന്ത്യയിലെത്താനാവില്ല. ചൈനാ പൌരന്മാര്‍ക്കനുവദിച്ച വിസകള്‍ ഇന്ത്യ നേരത്തേ റദ്ദാക്കിയിരുന്നു. രാജസ്ഥാനിൽ ചികിത്സയിൽ കഴിയുന്ന ഇറ്റാലിയൻ സ്വദേശിക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിക്കും മുന്നേ ഇയാള്‍ രാജസ്ഥാനിലെ ആറ് ജില്ലകളിലൂടെയാണ് യാത്രകള്‍ നടത്തിയത്. ഇതും ഭീതി പടര്‍ത്തിയിരിക്കുകയാണ്. ഇയാൾ ഇടപഴകിയ ആളുകളും നിരീക്ഷണത്തിലാണ്. ഇറ്റാലിയന്‍ സ്വദേശിയെ രാജസ്ഥാനിലെ എസ്‌എംഎസ്‌ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തു.പുണെയില്‍ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.രാജ്യത്തു പുതുതായി കൊറോണ സ്ഥിരീകരിക്കപ്പെട്ട മൂന്നാമത്തെ വ്യക്തിയാണ് ഇറ്റാലിയന്‍ സ്വദേശി.നേരത്തെ കേരളത്തില്‍ മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.ഇവരുടെ രോഗം പൂര്‍ണമായും സുഖപ്പെട്ടു. രോഗബാധിതനായ ഇറ്റലിക്കാരന്‍ സഞ്ചാരിയുടെ ഭാര്യയ്ക്കും കോവിഡ് വൈറസ് ബാധയെന്നു സംശയിക്കുന്നു.രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ ഇവരുടെ ആദ്യ പരിശോധനാഫലങ്ങള്‍ സൂചിപ്പിക്കുന്നതു രോഗബാധ ഉണ്ടെന്നാണ്.സ്ഥിരീകരണത്തിനായി സാംപിളുകള്‍ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി 28നാണ് ഇറ്റാലിയന്‍ സ്വദേശി ഇന്ത്യയിലെത്തിയത്.ഇറ്റലിയില്‍ നിന്ന് 23 പേരടങ്ങുന്ന സംഘത്തില്‍ ഫെബ്രുവരി 28നു നഗരത്തില്‍ എത്തിയതാണു രോഗബാധിതനായ ആളും. 21നു ഡല്‍ഹിയിലെത്തിയ സംഘം അവിടെനിന്ന് ജോധ്പുര്‍, ബിക്കാനേര്‍, ജയ്‌സാല്‍മേര്‍, ഉദയ്പുര്‍ അടക്കം ആറു ജില്ലകളില്‍ സന്ദര്‍ശനം നടത്തി.ഇതിന് ശേഷമാണ് ജയ്പുരില്‍ എത്തിയത്. അന്നു രാത്രി ചുമയും ശ്വാസ തടസവുമായി ആദ്യം സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു സവായ് മാന്‍സിങ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ ജയ്പൂരില്‍നിന്ന് ആഗ്രയിലേക്കും അവിടെനിന്നു ഡല്‍ഹിയിലേക്കും യാത്ര തുടര്‍ന്നു. ഇവര്‍ ഇന്ത്യ വിട്ടതായാണ് അറിയുന്നത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ജോലിക്കാര്‍, ആദ്യം എത്തിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ എന്നിവര്‍ ഇതിനോടകം നിരീക്ഷണത്തിലാണ്. രോഗിയുമായും ഈ യാത്രാസംഘവുമായും ഇടപെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. അതിനിടെ തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുകയും രോഗബാധിതനുമായി ഇടപെട്ടവരെ കണ്ടെത്തുന്നതിനും രോഗം പടരുന്നതു തടയുന്നതിനുമുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ച ആളുമായി ഇടപഴകിയ കുടുംബാംഗങ്ങളടക്കം 6 പേരിലും രോഗം സ്ഥിരീകരിച്ചു. ആഗ്രയില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 6 പേരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇവരെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ച 45 കാരനെയും ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്നു സഫ്ദര്‍ജങ്ങിലേക്കു മാറ്റി.ബിസിനസുകാരനായ ഇയാള്‍ ഇറ്റലിയില്‍ നിന്നു വന്നപ്പോള്‍ വിമാനത്തില്‍ ഒപ്പം യാത്ര ചെയ്തവരോടും നിരീക്ഷണത്തിനു വിധേയരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ ഡല്‍ഹിയിലെ വീട്ടില്‍ മകളുടെ പിറന്നാള്‍ ആഘോഷവും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത മകളുടെ സഹപാഠികളെയും നിരീക്ഷിച്ചുവരികയാണ്. ഇവര്‍ പഠിക്കുന്ന സ്‌കൂള്‍ ഉള്‍പ്പെടെ നോയിഡയിലെ രണ്ട് സ്‌കൂളുകള്‍ അടക്കം ഡല്‍ഹിയില്‍ അഞ്ച് സ്‌കൂളുകള്‍ അടച്ചു.ഡല്‍ഹിയില്‍ കൊറോണ ഭീതി ശക്തമായതോടെ സ്‌കൂളുകള്‍ ഓരോന്നായി അടച്ചു തുടങ്ങി. നോയിഡയിലെ രണ്ട് സ്വകാര്യ സ്‌കൂളുകളാണ് ഇന്നലെ അടച്ചത്. ഇതില്‍ ഒരു സ്‌കൂളിന്റെ ഡല്‍ഹിയിലെ മറ്റ് മൂന്ന് ബ്രാഞ്ചുകളും കൂടി മുന്‍കരുതലെന്നോണം അടച്ചിട്ടു. ഡല്‍ഹി റസിഡന്റ് സ്‌കൂളായ ദി ശ്രീരാം മിലല്ലേനിയം സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്ക് കൊറോണ എന്ന സംശയത്താലാണ് ഈ സ്‌കൂള്‍ വെള്ളിയാഴ്ച വരെ അടച്ചിട്ടിരിക്കുന്നത്. മറ്റ് സ്‌കൂളുകള്‍ മാര്‍ച്ച്‌ പത്ത് വരെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കണ്ണൂർ എളയാവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി

keralanews huge amount of explosives found from kannur elayavoor

കണ്ണൂർ:കണ്ണൂർ എളയാവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി.എളയാവൂരിലെ പഴയ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് 10 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ്, അമോണിയം ക്‌ളോറൈറ്റ്, അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, ഉപ്പ്, കരി എന്നിവ പിടിച്ചെടുത്തു. പടക്ക നിര്‍മാണത്തിനുള്ള ഉപകരണങ്ങളും, പാത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിശദമായ പരിശോധനയ്ക്കായി സ്‌ഫോടക വസ്തുക്കള്‍ എറണാകുളത്തേക്ക് കൊണ്ടുപോകും.കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കാടുവെട്ടുന്നതിനിടെ തൊഴിലാളികളാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.ഒന്നരമാസം മുൻപ് ഇതേ സ്ഥലത്ത് നിന്ന് 200 കിലോ സ്‌ഫോടക വസ്തുക്കളും പടക്ക നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തിരുന്നു. വെടിമരുന്ന് എത്തിച്ച ആളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അ​രൂ​ജാ​സ് ലി​റ്റി​ല്‍ സ്​​റ്റാ​ര്‍ സ്​​കൂ​ളി​ലെ വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെ പത്താം ക്ലാ​സ്​ പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി

keralanews HC grants permission to write Class X exams to students of aroojas school

കൊച്ചി:തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി. ഉപാധികളോടെ ഇനിയുള്ള പരീക്ഷകള്‍ എഴുതാനാണ് ഹൈകോടതി അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച്‌ 4, 14,18 എന്നീ തീയതികളില്‍ നടക്കുന്ന പരീക്ഷകളാണ് വിദ്യാര്‍ഥികള്‍ക്ക് എഴുതാന്‍ സാധിക്കുക. പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത് കേസിെന്‍റ അന്തിമ വിധിക്ക് ശേഷമായിരിക്കുമെന്നും കോടതി അറിയിച്ചു.സ്‌കൂളിലെ 28 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളിന് അംഗീകാരമില്ലാത്തതിന്റെ പേരില്‍ കൊച്ചി മൂലങ്കുഴി അരൂജാസ് സ്കൂളിലെ 28 വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി 24, 26, 29 തീയതികളിലെ പരീക്ഷകള്‍ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. ശേഷിക്കുന്ന പരീക്ഷകള്‍ എഴുതാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.സി.ബി.എസ്.ഇ അംഗീകാരമില്ലാത്ത അരൂജാസ് സ്‌കൂളിലെ കുട്ടികളെ ആറു വര്‍ഷമായി പെരുമ്പാവൂരിലെ ഒരു സ്‌കൂള്‍ വഴിയാണ് പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്.അരൂജാസ് സ്കൂളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് സി.ബി.എസ്.ഇ ഹൈകോടതിയെ അറിയിച്ചു. ഒരു വീട്ടില്‍ ആണ് സ്കൂള്‍ നടത്തുന്നത്. സി.ബി.എസ്.ഇ സ്കൂളുകള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിെന്‍റ തെറ്റായ സമീപനമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. അരൂജാസിലെ സ്കൂളിലെ കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷക്ക് ഇരുത്താന്‍ ശ്രമിച്ച മൂന്നു സ്കൂളുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ സി.ബി.എസ്.ഇ ഒരുനടപടിയും സ്വീകരിക്കാത്തതിനെതിരെ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വയനാട്ടിൽ പ്രളയത്തില്‍ വീട് നഷ്ടപെട്ട യുവാവ് തൂങ്ങിമരിച്ച നിലയില്‍

keralanews man who lost his house in flood hanged himself to death in wayanad

വയനാട് : വയനാട് മേപ്പടിയില്‍ പ്രളയത്തില്‍ വീട് നഷ്ടപെട്ട യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി സ്വദേശി സനിലിനെയാണ് ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ഓഗസ്റ്റിലെ പ്രളയത്തിലാണ് സനിലിന് വീട് നഷ്ടപെട്ടത്.പ്രളയ സാമ്പത്തിക സഹായം ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. സനലിന്റെ വീട് പുറം പോക്ക് ഭൂമിയിലായിരുന്നു. അതിനാല്‍ തന്നെ രേഖകളൊന്നും കൈവശം ഉണ്ടായിരുന്നില്ല. ലൈഫ് പോലുള്ള പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങിയപ്പോള്‍ രേഖകള്‍ ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീട് ലഭിച്ചിരുന്നത്.സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങിയത് മൂലമാണ് സനലിന് വീട് നല്‍കാതിരുന്നതെന്നാണ് മേപ്പാടി പഞ്ചായത്ത് നല്‍കുന്ന വിശദീകരണം.

കൊറോണ വൈറസ് സംശയിക്കപ്പെട്ട ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കണ്ണൂർ സ്വദേശി ജിനേഷിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

keralanews buried the deadbody of kannur native died of corona symptoms in kalamasseri medical college

കണ്ണൂർ:കൊറോണയെന്നു സംശയിക്കപ്പെട്ട ലക്ഷണങ്ങളോടെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ജൈനേഷിന് (36) നാടിൻറെ വിട.10 വെള്ളത്തുണിയിലും തുടര്‍ന്നു 3 പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞു കൊണ്ടു വന്ന് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത് 10 മിനിറ്റ് മാത്രമാണ്.പ്രിയപ്പെട്ടവരുടെ അന്ത്യചുംബനങ്ങളില്ലാതെയായിരുന്നു ജൈനേഷിന്റെ മടക്കയാത്ര.കയ്യെത്താദൂരത്തു നിന്നു കണ്ണീര്‍പ്പൂക്കളര്‍പ്പിച്ചു അമ്മയും സഹോദരങ്ങളും അടക്കമുള്ളവര്‍ ജൈനേഷിനു വിട നല്‍കി.ജൈനേഷിന്  കൊറോണ വൈറസ് ബാധ ഉണ്ടായിട്ടില്ലെന്നു സ്ഥിരീകരിച്ചെങ്കിലും, മരണകാരണം വ്യക്തമായി കണ്ടെത്താത്തതിനാല്‍ അതീവ സുരക്ഷാ മുന്‍കരുതലുകളോടെയാണു മൃതദേഹം നാട്ടിലെത്തിച്ചതും സംസ്‌കരിച്ചതും.
10 വെള്ളത്തുണിയിലും തുടര്‍ന്നു 3 പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞു കൊണ്ടു വന്ന മൃതദേഹം 10 മിനിറ്റ് വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചെങ്കിലും അടുത്തേക്കു വരാനോ തൊടാനോ അടുത്ത ബന്ധുക്കളെപ്പോലും അനുവദിച്ചില്ല. ഏറ്റവും അവസാനത്തെ പ്ലാസ്റ്റിക് ബാഗ് അല്‍പം നീക്കി മുഖം മാത്രം പുറത്തു കാണിച്ച്‌, മൃതദേഹം വച്ച മേശയില്‍ നിന്നു 2 മീറ്റര്‍ അകലത്തില്‍ കസേരകള്‍ നിരത്തി അതിനു വെളിയിലൂടെയാണ് ആളുകള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ അവസരം നല്‍കിയത്.നാട്ടുകാരായ ആറംഗ സംഘമാണ് അതീവസുരക്ഷാ വസ്ത്രങ്ങളും പ്രത്യേക മുഖംമൂടിയും കയ്യുറയും ധരിച്ചു സംസ്‌കാരച്ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്. വീടിനു സമീപത്തെ സമുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. സംസ്‌കാരത്തിനു കൂടെയുണ്ടായിരുന്ന സംഘത്തിന്റെ സുരക്ഷാ വസ്ത്രങ്ങളും കയ്യുറകളും മറ്റും സംസ്‌കാരത്തിനു ശേഷം ശ്മശാനത്തില്‍ തന്നെ കത്തിച്ചു.മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്ന ജൈനേഷ് 28നു പുലര്‍ച്ചെയാണു കൊറോണ ലക്ഷണങ്ങളോടെ കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് എറണാകുളം ഗവ.ആശുപത്രിയിലെ ഐസൊലേറ്റഡ് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.