കണ്ണൂരില്‍ തൊഴിലുറപ്പ് പണിക്കിടെ ബോംബ് സ്ഫോടനം;ഒരാൾക്ക് പരിക്ക്

keralanews one seriously injured in bomb blast in kannur

കണ്ണൂർ:കണ്ണൂർ മുഴക്കുന്നിൽ തൊഴിലുറപ്പ് പണിക്കിടെ ബോംബ് സ്ഫോടനം.തൊഴിലാളിയായ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു.കൈയ്ക്കും കാലിനും സാരമായി പരുക്കേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.19 സ്ത്രീകള്‍ ജോലി ചെയ്യുന്നതിനിടെയാണ് സ്ഥലത്ത് സ്ഫോടനമുണ്ടായത്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.സ്ഫോടനം നടന്ന സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും എത്തി പരിശോധന നടത്തുകയാണ്.

ഡല്‍ഹി കലാപം;തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച്‌​ 11 വരെ സംസ്​കരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം

keralanews delhi violence high court order not to bury unidentified bodies till march 11

ന്യൂഡൽഹി:ഡല്‍ഹി കലാപത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച്‌ 11 വരെ സംസ്കരിക്കരുതെന്ന് ഡൽഹി ഹൈക്കോടതി നിര്‍ദേശം.പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും ഡി.എന്‍.എ സാമ്പിളുകൾ ശേഖരിച്ച്‌ സൂക്ഷിക്കണമെന്നും ആശുപത്രികള്‍ക്ക് ഹൈകോടതി നിര്‍ദേശം നല്‍കി.വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വംശീയാതിക്രമത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജി.ടി.ബി ആശുപത്രിയില്‍ 44ഉം ആര്‍.എം.എല്‍ ആശുപത്രിയില്‍ അഞ്ചും എല്‍.എന്‍.ജെ.പിയില്‍ മൂന്നും ജഗ് പ്രവേശ് ചന്ദ ആശുപത്രിയില്‍ ഒരാളുമടക്കം 53 പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍.എന്നാൽ യഥാര്‍ഥ മരണ സംഖ്യ പുറത്തുവിടാന്‍ ഡല്‍ഹി പൊലീസ് തയാറായിട്ടില്ല. കാണാതായവരുടേയും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹങ്ങളുടേയും വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് വ്യാഴാഴ്ച പൊലീസിന് ഡല്‍ഹി ൈഹകോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഈ മാസം 11 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്

keralanews indefinite bus strike in the state from 11th of this month

തിരുവനന്തപുരം:നിരക്കുവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 11 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് ആരംഭിക്കും.സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക,കിലോ മീറ്റര്‍ നിരക്ക് 90 പൈസയായും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് 5 രൂപയായും വർധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. ഇന്‍ഷ്വറന്‍സ്, സ്പെയര്‍ പാര്‍ട്സ് അടക്കമുള്ള മുഴുവന്‍ ചെലവുകളും ഇരട്ടിയിലേറെ വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയാത്തതിനാലാണ് പണിമുടക്കെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. പൊതുമേഖലയും സ്വകാര്യ മേഖലയും സംരക്ഷിക്കത്തക്ക വിധം സമഗ്ര ഗതാഗത നയം രൂപീകരിക്കുക, 140 കിലോ മീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ടുതവണ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഗതാഗത മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ഗതാഗത മന്ത്രി ബസുടമകള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹര്യത്തിലാണ് വീണ്ടും സമരം പ്രഖ്യപിച്ചിരിക്കുന്നത്.

എസ്‌എസ്‌എല്‍സി ചോദ്യ പേപ്പറുകള്‍ സ്‌കൂളുകളില്‍ തന്നെ സൂക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പൊലീസിന്റെ വിലപേശലിനെ തുടര്‍ന്ന് മുടങ്ങി; ചോദ്യ പേപ്പറുകള്‍ ട്രഷറികളില്‍ തന്നെ സൂക്ഷിക്കും

keralanews government's decision to keep SSLC question papers in schools has been halted following police bargaining and Question papers will be kept in treasuries

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി ചോദ്യ പേപ്പറുകള്‍ സ്‌കൂളുകളില്‍ തന്നെ സൂക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പൊലീസിന്റെ വിലപേശലിനെ തുടര്‍ന്ന് മുടങ്ങി.ചോദ്യ പേപ്പര്‍ സൂക്ഷിക്കുന്ന സ്‌കൂളുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് ആറ് കോടി രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഉപേക്ഷിച്ചത്.ഇതോടെ ചോദ്യ പേപ്പറുകള്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ട്രഷറികളില്‍ തന്നെ സൂക്ഷിക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു.സായുധ പൊലീസിന്റെ സുരക്ഷയോടെ ചോദ്യപേപ്പറുകള്‍ സ്കൂളുകളിൽ തന്നെ സൂക്ഷിക്കാനായിരുന്നു ആദ്യം തീരുമാനം. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിയോട് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടു.18 ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. എന്നാല്‍  ആവശ്യപ്പെട്ട ആറ് കോടി രൂപ നല്‍കാനില്ലാത്തതിനാല്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.പൊലീസിന്റെ നടപടിക്കെതിരെ പരാതിപ്പെടണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പില്‍ ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം നേരത്തെ പൊലീസിനെ വിശ്വസിച്ചു പരീക്ഷയുടെ സമയ ക്രമം മാറ്റിയ വിദ്യാഭ്യാസ വകുപ്പ് പോലീസിന്റെ ഇപ്പോഴത്തെ തീരുമാനത്തോടെ വെട്ടിലായിരിക്കുകയാണ്. മുൻവർഷങ്ങളിൽ ഉച്ചയ്‌ക്കുശേഷം നടത്തിയിരുന്ന പരീക്ഷ ഇത്തവണ രാവിലെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ബാങ്കുകളിലെയും ട്രഷറികളിലെയും ലോക്കറുകളില്‍ ചോദ്യ പേപ്പര്‍ സൂക്ഷിച്ചിരുന്നപ്പോള്‍ ഉച്ചയ്ക്ക് ശേഷമായിരുന്നു പരീക്ഷകള്‍ നടത്തിയിരുന്നത്. ഒരു പ്രദേശത്ത് ഒരു ബാങ്കിലായിരിക്കും വിവിധ സ്‌കൂളുകളിലെ ചോദ്യ പേപ്പറുകള്‍ സൂക്ഷിക്കുക. ഇവിടെയെത്തി പൊലീസ് സുരക്ഷയോടെ ചോദ്യ പേപ്പറുകള്‍ സ്വീകരിച്ച്‌ പരിശോധിച്ച്‌ ഉറപ്പു വരുത്തി സ്‌കൂളുകളില്‍ എത്തിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരും. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷയെങ്കില്‍ ചോദ്യ പേപ്പറുകള്‍ ശേഖരിച്ച്‌ പരിശോധിച്ച്‌ അതത് സ്‌കൂളുകളില്‍ എത്തിക്കാന്‍ ആവശ്യമായ സമയം ലഭിക്കും. ഇതിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ നിയോഗിക്കുന്ന സംഘങ്ങള്‍ രാവിലെ എട്ടു മണി മുതല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു പതിവ്. പരീക്ഷ സമയത്തിനും ഒരു മണിക്കൂര്‍ മുൻപെങ്കിലും ചോദ്യ പേപ്പറുകള്‍ സ്‌കൂളുകളില്‍ എത്തുമായിരുന്നു.പരീക്ഷ രാവിലെയായി നിശ്ചയിച്ചതോടെ കൃത്യ സമയത്ത് ചോദ്യ പേപ്പറുകള്‍ എത്തിക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 9.45 ന് തുടങ്ങുന്ന പരീക്ഷയ്ക്ക് 8.45ന് മുൻപ് സ്‌കൂളുകളില്‍ ചോദ്യ പേപ്പറുകള്‍ എത്തിക്കണമെങ്കില്‍ പുലര്‍ച്ചെ നാലു മണിയോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടി വരും. ഇതിനെതിരെ അദ്ധ്യാപക സംഘടനകള്‍ സര്‍ക്കാരിനു പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ച ശേഷമായിരുന്നു ടൈംടേബിള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചത്.എന്നാൽ സുരക്ഷയൊരുക്കാൻ പോലീസ് വൻതുക ആവശ്യപ്പെട്ടതിനെ തുടർന്ന് ചോദ്യപേപ്പറുകൾ ട്രെഷറികളിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ സര്‍ക്കാര്‍ ന​ട​പ​ടി;വീണ്ടും പണി മുടക്കുമെന്ന് യൂണിയനുകള്‍

keralanews ksrtc strike govt to take action against employees and union to conduct strike again

തിരുവനന്തപുരം:തലസ്ഥാനത്തെ കെഎസ്‌ആര്‍ടിസി സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരേ നടപടിയുമായി സര്‍ക്കാര്‍.പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.ഇതിന് പിന്നാലെ കെഎസ്ആർടിസി തൊഴിലാളി യൂണിയൻ സംഘടനകൾ രംഗത്തെത്തി.പണിമുടക്കിന്‍റെ പേരിൽ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് റദ്ദാക്കിയാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.പണിമുടക്കിനിടെ ഒരാൾ കുഴഞ്ഞുവീണ് മരിക്കാനിടയായ സാഹചര്യവും തലസ്ഥാന നഗരം ഒരു പകൽ സ്തംഭിപ്പിച്ച രീതിയും ഇനിയുണ്ടാകാൻ പാടില്ലെന്ന ശക്തമായ വികാരത്തിന്‍റെ പുറത്താണ് കെഎസ്ആർടിസി തൊഴിലാളികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് സർക്കാർ നീങ്ങുന്നത്.ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.കെ.ശശീന്ദ്രനും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കുകയും ചെയ്തു.വിഷയം ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് മുഖ്യമന്ത്രിയെ കാണുന്നുണ്ട്.അതിനിടെ സർക്കാർ നടപടിയെടുത്താൽ പണിമുടക്കിലേക്ക് പോകുമെന്ന് ഭരണപക്ഷ അനുകൂല തൊഴിലാളി യൂണിയനുകൾ ഉൾപ്പടെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിരക്ക് വർധന ആവശ്യപ്പെട്ട് ബുധനാഴ്ച മുതൽ സ്വകാര്യ ബസുകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂരിൽ വൻ കഞ്ചാവുവേട്ട;വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പത്തരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു;പ്രതി ഒളിവിൽ

keralanews ten and a half kilo of ganja seized from a house in kannur

കണ്ണൂർ:കണ്ണൂരിൽ വൻ കഞ്ചാവുവേട്ട.വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പത്തരക്കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.തോട്ടട സമാജ് വാദി കോളനിക്ക് സമീപമുള്ള വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.പ്രതി ചില്ലറ വില്‍പനയ്ക്കായി എത്തിച്ച കഞ്ചാവാണ് ഇതെന്നാണ് സൂചന. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി വടക്കേച്ചാലില്‍ മാനുവലിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയിരുന്നു. പിന്‍വാതില്‍ തകര്‍ത്ത് പൊലീസ് സംഘം അകത്ത് കയറി.വിശദമായ പരിശോധനയില്‍ അഞ്ചു പാക്കറ്റുകളിലായി രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു.ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന മാനുവല്‍ കുറച്ച്‌ മാസങ്ങള്‍ക്ക് മുൻപാണ് ജോലിയുപേക്ഷിച്ച്‌ നാട്ടിലെത്തിയത്.

ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 13 മരണം

keralanews 13 died when cars collided in mangalore bengaluru national highway

മംഗളൂരു: ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 12 വയസുള്ള കുട്ടിയുള്‍പ്പെടെ 13 പേര്‍ മരിച്ചു.അപകടത്തിൽ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്.ഹാസനില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ടവേര കാര്‍ എതിര്‍ദിശയില്‍ വരുകയായിരുന്ന ബ്രെസ കാറില്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ്‌ വിവരം.ടവേര കാർ അമിതവേഗതയിൽ ആയിരുന്നുവെന്നാണ് സൂചന.ബെംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് വരുകയായിരുന്നു ബ്രെസ കാറിലുണ്ടായിരുന്നവര്‍.ടവേരയിലുണ്ടായിരുന്ന മൂന്നുപേരും ബ്രെസ കാറിലുണ്ടായിരുന്ന 10പേരുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്നാണ് കരുതുന്നത്. മരിച്ചവര്‍ ബെംഗളൂരു, ഹൊസൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഉള്ളവരാണ്. പരിക്കേറ്റവരെ ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ രണ്ടുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കെഎസ്ആർടിസി മിന്നല്‍ പണിമുടക്ക്;അന്തിമ റിപ്പോര്‍ട്ട് നാളെ;ജീവനക്കാർക്ക് എസ്മ ബാധകമാക്കണമെന്ന് കളക്ടര്‍

keralanews ksrtc flash strike final report tomorrow esma should be applied on employees

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക് സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കെഎസ്‌ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. സമരത്തെ പൂര്‍ണ്ണമായും തള്ളിപ്പറയുന്ന റിപ്പോര്‍ട്ടാണ് ജില്ലാകളക്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. പൊതുഗതാഗതസംവിധാനം മുന്നറിയിപ്പൊന്നുമില്ലാതെ സമരം നടത്തി, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി, തുടങ്ങിയ പരാമര്‍ശങ്ങളുമുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാരിക്കാന്‍ എസ്മ ബാധകമാക്കണമെന്നാണ് പ്രാഥമികറിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ നടപടി മോട്ടോര്‍വാഹന ചട്ടങ്ങളുടെ ലംഘനമാണ്. കാരണക്കാരായവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണം. ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ അവശ്യസര്‍വീസിന്‍റെ പരിധിയില്‍ കൊണ്ടുവരണം. എസ്മ പ്രകാരം സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്യാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനുമാവും-കല്കട്ടറുടെ റിപ്പോർട്ടിൽ പറയുന്നു.അന്തിമ റിപ്പോര്‍ട്ടിന് മുന്നോടിയായി ജില്ലാ കലക്ടര്‍ കിഴക്കേക്കോട്ടയില്‍ തെളിവെടുപ്പ് നടത്തി. പണിമുടക്കിലേക്ക് നയിച്ച സംഭവങ്ങളില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് കമ്മിഷണര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്.സ്വകാര്യ ബസ് തൊഴിലാളികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ ചെന്ന പൊലീസുകാരെ കെ.എസ്.ആർ.ടി.സി ജീവനക്കാർ കൈയേറ്റം ചെയ്തതോടെയാണ് കസ്റ്റഡിയിലെടുക്കേണ്ടി വന്നത്. സമരത്തിനിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിക്കാൻ വൈകിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനരോഷം ശക്തമായ സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. ജില്ലാകളക്ടറുടെ അന്തിമറിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും നടപടി.

ഇ​ന്ത്യ​യി​ല്‍ കൊറോണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി

keralanews number of corona virus infected people in india is 30

ന്യൂഡൽഹി:ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി.ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സമീപകാലത്ത് ഇറാനിലേക്ക് യാത്ര നടത്തിയ മധ്യവയസ്കനാണ് രോഗം ബാധിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടു. കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി ഹര്‍ഷവര്‍ധന്‍ വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു.കേരളത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച്‌ സുഖംപ്രാപിച്ച മൂന്നുപേരും ഇറ്റലിയില്‍ നിന്നെത്തിയ 16 വിനോദ സഞ്ചാരികളും ഉള്‍പ്പെടെ 29 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു പുറമെ വിദേശത്ത് 17 ഇന്ത്യക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16 പേര്‍ ജപ്പാന്‍ തീരത്തുള്ള ആഢംബര കപ്പലിലും ഒരാള്‍ യുഎഇയിലുമാണ്. ഇറ്റലിയില്‍ നിന്നെത്തിയ തങ്ങളുടെ ഒരു ജീവനക്കാരന് കൊറോണ ബാധിച്ചതായി ബുധനാഴ്ച പേടിഎം അറിയിച്ചിരുന്നു. കമ്പനിയുടെ ഗുരുഗ്രാമിലേയും നോയ്ഡയിലേയും ഓഫീസുകള്‍ രണ്ടു ദിവസത്തേയ്ക്ക് അടച്ചു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിനായി മന്ത്രിമാരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കൊല്ലം കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

keralanews try to kidnap school student in kollam karunagappally woman arrested

കൊല്ലം:കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം.സംഭവത്തിൽ നാടോടി സ്ത്രീ പിടിയില്‍.രാവിലെ പത്ത് മണിയോടെ കരുനാഗപ്പള്ളി തുറയില്‍ കുന്ന് സ്കൂളിന് മുന്നിലായിരുന്നു സംഭവം.എസ്‌എന്‍യു പി സ്കൂളില്‍ പഠിക്കുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയോടാണ് നാടോടി സ്ത്രീ കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടത്.രാവിലെ സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കയ്യില്‍പിടിച്ചു കൊണ്ട് പോകാന്‍ ശ്രമിച്ചു. പേടിച്ചരണ്ട കുട്ടി കുതറിയോടി സമീപത്തെ വീട്ടില്‍ കുട്ടി അഭയം പ്രാപിച്ചു.ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ച്‌ പോലീസില്‍ വിവരമറിക്കുകയായിരുന്നു.കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ വിശദമായി ചോദ്യം ചെയ്തു വരുന്നു. എന്നാല്‍ പ്രദേശത്ത് കറങ്ങി നടക്കുന്ന മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണെന്നും പറയപ്പെടുന്നു. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ജ്യോതി എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.