സംസ്ഥാനത്ത് ഇന്ന് 12,223 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;25 മരണം;21,906 പേർക്ക് രോഗമുക്തി

keralanews 12223 corona cases confirmed in the state today 25 deaths 21906 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,223 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂർ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂർ 444, പാലക്കാട് 438, മലപ്പുറം 419, കാസർഗോഡ് 264 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 195 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 63,019 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,046 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1056 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 88 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,906 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1956, കൊല്ലം 3182, പത്തനംതിട്ട 605, ആലപ്പുഴ 1577, കോട്ടയം 2713, ഇടുക്കി 1220, എറണാകുളം 3514, തൃശൂർ 1402, പാലക്കാട് 1115, മലപ്പുറം 1300, കോഴിക്കോട് 1563, വയനാട് 511, കണ്ണൂർ 966, കാസർഗോഡ് 282 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,798 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ സാധാരണ നിലയിൽ;19,20 തീയതികളിൽ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവും; എല്ലാവരുടെയും സഹകരണം വേണമെന്ന് മന്ത്രി വി ശിവൻകുട്ടി

keralanews schools in the state will be back to normal from february 21 school cleaning and disinfection on february 19 and 20

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും.ഇതിനു മുന്നോടിയായി 19, 20 തീയതികളിൽ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങളിൽ സമൂഹമാകെ അണിചേരണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.ഫർണിച്ചറുകൾക്ക് ക്ഷാമമുള്ള സ്‌കൂളുകളിൽ അവ എത്തിക്കാനും സ്‌കൂൾ ബസുകൾ സജ്ജമാക്കാനും സഹായമുണ്ടാകണം. സ്‌കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാൻ ആരംഭിക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്കും, വിദ്യാർത്ഥി-യുവജന-തൊഴിലാളി സംഘടനകൾക്കും, വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും, ജനപ്രതിനിധികൾക്കും കത്തയച്ചു.അതേസമയം, സ്‌കൂൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നതിന് മുന്നോടിയായി മന്ത്രി ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. നാളെ വൈകീട്ട് നാലു മണിക്ക് ഓൺലൈൻ ആയാണ് യോഗം. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവരും പങ്കെടുക്കും.

കോഴിക്കോട്– വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയ്ക്ക് 2134.5 കോടിയുടെ ധനാനുമതി

keralanews financial approval for tunnel connecting kozhikode wayanad districts

കൽപറ്റ: കോഴിക്കോട്– വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപ്പാതയ്ക്ക് 2134.5 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചു.ഇന്നലെ ചേർന്ന കിഫ്ബി ബോർഡ് യോഗം ധനാനുമതി നൽകിയ പദ്ധതികളിൽ സംസ്ഥാനത്തു തന്നെ ഏറ്റവുമധികം തുക അനുവദിച്ചത് തുരങ്കപ്പാതയ്ക്കായാണ്. തുരങ്കപ്പാതയുടെ വിശദ പദ്ധതി രേഖ പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്.നേരത്തെ തുരങ്കപ്പാതയ്ക്ക് 658 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.പിന്നീട് കൊങ്കൺ റെയിൽവേ കോർപറേഷൻ തയാറാക്കിയ ഡിപിആർ പ്രകാരമാണ് 2134 കോടി രൂപയുടെ ചെലവ് വരുമെന്നു കണക്കാക്കിയത്. സർക്കാരിന്റെ നൂറു ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി 2020 ഒക്ടോബർ 5നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാത പദ്ധതി പ്രഖ്യാപനം നടത്തിയത്.തുരങ്കപ്പാത പഠനം, പദ്ധതി നിർവഹണം എന്നിവയുടെ സ്പെഷൽ പർപ്പസ് വെഹിക്കിൾ ആയി കൊങ്കൺ റെയിൽവേ കോർപറേഷനെ സർക്കാർ ഏൽപിച്ചു. 2020 ഡിസംബർ 22 നു തുരങ്കപ്പാതയുടെ സർവേ പ്രവർത്തനങ്ങൾ പൂർത്തിയായി. ഡിസംബർ 24നു പാരിസ്ഥിതിക ആഘാതപഠനം ആരംഭിച്ചു.2021 ജനുവരിയിൽ അലൈൻമെന്റ് അംഗീകരിച്ചു. മറിപ്പുഴയിൽ നിന്ന് തുടങ്ങി മേപ്പാടി മീനാക്ഷി പാലത്തിൽ അവസാനിക്കുന്ന തരത്തിലുള്ള അലൈൻമെന്റിനാണ് അംഗീകാരം ലഭിച്ചത്. 3 വർഷം കൊണ്ട് പൂർത്തീകരിക്കുന്ന വിധത്തിലാണ് പദ്ധതി. കോഴിക്കോട്, വയനാട് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ തുരങ്കപ്പാതയുടെ സ്ഥലമേറ്റെടുക്കലിനുള്ള പ്രാഥമിക നടപടികള്‍ക്കു തുടക്കം കുറിച്ചിട്ടുണ്ട്.

സംസ്ഥാനത്ത്‌ വര്‍ക്ക്‌ ഫ്രം ഹോം സംവിധാനം പിന്‍വലിച്ചു;സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഉത്തരവ്‌ ബാധകം

Family lifestyle

തിരുവനന്തപുരം:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനം പിൻവലിച്ചു.കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.ഉദ്യോഗസ്ഥരുടെ വർക്ക് ഫ്രം ഹോം സൗകര്യം റദ്ദാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി.സർക്കാർ ജീവനക്കാർക്ക് പുറമെ സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ദുരന്ത നിവാരണ വകുപ്പ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അനുവദിച്ച ജോലി ഇളവാണ് റദ്ദാക്കിയിരിക്കുന്നത്.  ഭിന്നശേഷി വിഭാഗങ്ങൾ  മുലയൂട്ടുന്ന അമ്മമാർ, രോഗബാധിതർ എന്നീ വിഭാഗങ്ങൾക്കായിരുന്നു കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത്.

കണ്ണൂര്‍ തലശേരിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് ബോംബുകള്‍ കണ്ടെടുത്തു

keralanews found three bombs abandoned in kannur thalasseri

കണ്ണൂര്‍: തലശേരിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് ബോംബുകള്‍ കണ്ടെടുത്തു. എരഞ്ഞോളി മലാൽ മടപ്പുരക്ക് സമീപത്തു നിന്നായിരുന്നു ബോംബുകൾ കണ്ടെടുത്തത്. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തി ബോംബുകൾ നിര്‍വീര്യമാക്കി. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമായിരുന്നു കണ്ടെത്തിയത്. അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണ് ഇവയെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം തോട്ടടയിൽ വിവാഹ സംഘത്തിന് നേരെ ബോംബ് ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് തലശ്ശേരിയിൽ നിന്നും ബോംബുകൾ പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം;ബോംബ് നിർമിച്ചത് താനാണെന്ന് അറസ്റ്റിലായ മിഥുന്റെ മൊഴി

keralanews incident of youth killed in bomb attack in kannur thottada midhun who arrested said he made the bomb

കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക മൊഴി.ബോംബ് നിർമിച്ചത് താനാണെന്ന് അറസ്റ്റിലായ മിഥുൻ  മൊഴി നൽകി.ചോദ്യം ചെയ്യലിലാണ് മിഥുൻ ഇക്കാര്യം സമ്മതിച്ചത്. മറ്റ് പ്രതികളായ അക്ഷയും ഗോകുലും ബോംബ് നിർമിക്കാൻ സഹായിച്ചെന്നും മിഥുൻ മൊഴി നൽകി. എടക്കാട് പോലീസ് സ്‌റ്റേഷനിൽ ഇന്നലെയാണ് മിഥുൻ കീഴടങ്ങിയത്. ബോംബാക്രമണത്തിൽ ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ടതിന് ശേഷം മിഥുൻ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് മുന്നിൽ മിഥുൻ കീഴടങ്ങിയത്. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്ത് കൂടിയാണ് മിഥുൻ.പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ മിഥുനേയും ഗോകുലിനേയും ഇന്ന് തലശേരി കോടതിയില്‍ ഹാജരാക്കും. അക്ഷയ് യെ ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

മാദ്ധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews high court will today hear petition filed by dileep seeking stay of the media trial

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മാദ്ധ്യമ വാർത്തകൾ നിർത്തിവെക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. മാദ്ധ്യമ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ ജനവികാരം തനിക്കെതിരാക്കാനുളള ശ്രമമാണ് നടക്കുന്നത് എന്ന് ദിലീപ് പറഞ്ഞു.മാദ്ധ്യമ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ ജനവികാരം തനിക്കെതിരാക്കാൻ ശ്രമമുണ്ടാകുന്നുണ്ടെന്നാണ് ദിലീപിന്റെ വാദം. കേസ് അന്വേഷണം അട്ടിമറിക്കാനാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും ശ്രമം. വിചാരണ കോടതിയിലെ നടപടികൾ പൂർത്തിയാകുന്നത് വരെ കേസുമായി ബന്ധപ്പെട്ട മാദ്ധ്യമ വാർത്തകൾ നിർത്തിവെക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. എന്നാൽ ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹർജി സമർപ്പിച്ചത്.

പ്രശസ്ത ബോളിവുഡ് ഗായകൻ ബപ്പി ലഹിരി അന്തരിച്ചു

keralanews famous bollywood singer bappi lahiri passes away

മുംബൈ: പ്രശസ്ത ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹിരി അന്തരിച്ചു.69 വയസായിരുന്നു.ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജുഹുവിലെ ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ദീപക് നംജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഇതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.1970-80 കാലഘട്ടത്തിൽ, കിടിലൻ പാട്ടുകളുമായി ബോളിവുഡിനെ നൃത്തം ചെയ്യിച്ച ഗായകനാണ് ബപ്പി ലഹിരി. സ്വർണാഭരണങ്ങളോടുള്ള ഭ്രമം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ചൽത്തേ ചൽത്തേ ,ഡിസ്കോ ഡാൻസർ, ബംബൈ സേ ആയാ മേരാ ദോസ്ത്’ തുടങ്ങിയ ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയതിൽ വലിയ പങ്കുവഹിച്ചയാളായിരുന്നു ബപ്പി ലഹ്‌രി. 2020-ൽ പുറത്തിറങ്ങിയ ബാഗി 3 എന്ന സിനിമയിലെ ഭങ്കാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ബോളിവുഡ് ഗാനം.

വിവാഹങ്ങളോട് അനുബന്ധിച്ച്‌ നടക്കുന്ന സംഘർഷങ്ങൾ സ്ഥിരം സംഭവമാകുന്നു;തടയാൻ പോലീസ് ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

keralanews violence related to marriages is a regular occurrence human rights commission urges police to intervene

കണ്ണൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സംഘർഷങ്ങൾ  സ്ഥിരം സംഭവമാകുന്ന സാഹചര്യത്തിൽ ഇത് തടയാൻ പോലീസ് ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതിനായുള്ള പ്രവർത്തന പദ്ധതിക്ക് അടിയന്തിരമായി രൂപം നൽകാൻ സംസ്ഥാന പോലീസ് മേധാവി നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കണ്ണൂർ മോഡൽ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.നടപടികള്‍ സ്വീകരിച്ച ശേഷം സംസ്ഥാന പൊലീസ് മേധാവി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണ മെന്നു കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ തോട്ടടയില്‍ വിവാഹവീടിനു സമീപം ബോംബ് പൊട്ടി ഏച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി.വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന സംഘർഷങ്ങൾ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു.സാമുദായിക സൗഹാർദ്ദം തകർത്ത്, സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തിലേക്ക് ഇത്തരം പ്രവണതകൾ വളരുന്ന പശ്ചാത്തലത്തിൽ അതിശക്തമായ നടപടികൾ അനിവാര്യമായി മാറിയിരിക്കുകയാണെന്ന് കെ ബൈജു നാഥ് ഉത്തരവിൽ പറഞ്ഞു.

കണ്ണൂർ തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം;മുഖ്യപ്രതി മിഥുൻ കീഴടങ്ങി

keralanews incident of youth killed in bomb attack in kannur thottada main accused surrendered

കണ്ണൂർ: തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷിച്ചിരുന്ന മുഖ്യപ്രതി മിഥുൻ കീഴടങ്ങി.എടയ്ക്കാട് സ്റ്റേഷനിലാണ് മിഥുന്‍ ഹാജരായത്. മിഥുനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ബോംബേറില്‍ മിഥുന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.പ്രതികള്‍ സഞ്ചരിച്ച വെള്ള ട്രാവലര്‍ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊലപാതകം നടന്ന ദിവസം പ്രതികള്‍ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്‍റെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്. കേസില്‍ അറസ്റ്റിലായ ഒന്നാംപ്രതി അക്ഷയ് യെ ഇന്ന് തലശ്ശേരി കോടതിയില്‍ റിമാന്‍ഡ് ചെയ്യും.ബോംബുമായി എത്തിയ സംഘത്തില്‍ പെട്ട ആളാണ് മരിച്ച ജിഷ്ണു എന്ന് പൊലീസ് പറയുന്നു. കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്‍റെ തലയില്‍ത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.  കല്യാണത്തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘര്‍ഷം. നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാന്‍ ഏച്ചൂര്‍ സംഘം ബോംബുമായി എത്തുകയായിരുന്നു.ഏച്ചൂര്‍ സ്വദേശിയായ ഷമില്‍ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.