തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് നിയന്ത്രണം.ജീവനക്കാര്‍ക്ക് മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍(നാളെ ഉള്‍പ്പെടെ) അവധി പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.ആദ്യദിവസം ജോലിക്ക് വരുന്നവര്‍ക്ക് തൊട്ടടുത്ത ദിവസം അവധിയായിരിക്കും. ഓഫീസിലെത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.കൊറോണഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രം ഇളവുകള്‍ നല്‍കിയിരുന്നു. ഇതിനു സമാനമായ നടപടിയാണ് സംസ്ഥാന സര്‍ക്കാരും കൈക്കൊണ്ടിരിക്കുന്നത്.ഇതിന്‍പ്രകാരം മാര്‍ച്ച് 31വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയായിരിക്കും. അതായത് ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയില്ല.
കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസായി; ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷ് പുറത്തേക്ക്
കണ്ണൂര്‍:കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യുട്ടി മേയര്‍ പി കെ രാഗേഷിന് എതിരെ സിപിഐ എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യു ഡി എഎഫിന്റെ കക്കാട് വാര്‍ഡ് കൗണ്‍സിലറായ മുസ്ലീം ലീഗ് അംഗം കെപിഎ സലീം അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഇതോടെ പികെ രാഗേഷിന് സ്ഥാനം ഒഴിയേണ്ടി വരും.28 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. വെള്ളിയാഴ്ച രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. നിലവില്‍ 55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തിയിരുന്നത്. വോട്ടെടുപ്പ് യുഡിഎഫ് ബഹിഷ്ക്കരിച്ചിരുന്നു.എല്‍ഡിഎഫിനൊപ്പം പി.കെ രാഗേഷ് നിലയുറപ്പിച്ചതോടെയാണ് എല്‍ഡിഎഫിന് കോര്പറേഷന് ഭരണം കിട്ടിയത്.എന്നാൽ വിയോജിപ്പുകളെല്ലാം പറഞ്ഞു തീർത്ത് രാഗേഷ് ആറ് മാസം മുൻപ് യുഡിഎഫിലേക്ക് മടങ്ങിയതോടെ യുഡിഎഫ് കോർപറേഷൻ ഭരണം പിടിച്ചെടുത്തു. രാഗേഷിനെതിരേ അവിശ്വാസം പാസായതോടെ ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം വൈകാതെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും.പികെ രാഗേഷിന്റെ ധാര്‍ഷ്ട്യത്തിനെതിരെയാണ് താന്‍ വോട്ട് ചെയ്തതെന്ന് അവിശ്വാസ പ്രമേയം പാസായ ശേഷം കെപിഎ സലീം പറഞ്ഞു. അതേസമയം പണം വാങ്ങിയുള്ള കുതിരക്കച്ചവടമാണ് വോട്ടെടുപ്പില്‍ നടന്നതെന്ന് യുഡിഎഫ് ആരോപിച്ചു. ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച കൗണ്‍സിലറാണ് സലീം. കഴിഞ്ഞ രണ്ട് മാസമായി കെപിഎ സലീം ഒളിവിലായിരുന്നു. ലീഗിന്റെ വിപ്പ് മറികടന്ന് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതിനാല്‍ സലീമിനെതിരേ നിയമനടപടികളും തുടരും.
പയ്യന്നൂരില്‍ ഷോപ്പിംഗ് മാളിന് തീപിടിച്ചു
കണ്ണൂര്‍: പയ്യന്നൂരില്‍ ഷോപ്പിംഗ് മാളിന് തീപിടിച്ചു.പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ സമീപത്തുള്ള ഷോപ്രിക്സ് എന്ന ഷോപ്പിംഗ് മാളിലാണ് വന്‍ തീപിടുത്തമുണ്ടായത്. സംഭവസ്ഥലത്ത് പത്ത് അഗ്നിശമനസേനാ യൂണിറ്റുകളെത്തിയിട്ടുണ്ട്. ഇവര്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.ഷോര്‍ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.തീ പടര്‍ന്നതും മാളില്‍ നിന്ന് മുഴുവന്‍ ആളുകളെയും പൊലീസ് ഒഴിപ്പിച്ചു. മാളിന്റെ മുകള്‍ഭാഗത്തേക്ക് തീ പടരുകയാണുണ്ടായത് എന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന വിവരം. മാളിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടരുന്നുണ്ട്. മൂന്ന് നില കെട്ടിടത്തിന്റെ ടെറസ് ഷീറ്റ് ഉപയോഗിച്ച് മറച്ച് പാചകശാലയാക്കിയിരുന്നു. കെട്ടുകണക്കിന് വിറകാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഒരു സിലിണ്ടറും ഇവിടെ പൊട്ടിത്തെറിച്ചതായി സൂചനയുണ്ട്. ഗുരുതര സുരക്ഷാവീഴ്ചയാണ് ഉണ്ടായതെന്ന് റീജിയണല്‍ ഫയര്‍ ഓഫീസര്‍ പറഞ്ഞു.
രാഷ്ട്രീയനാടകങ്ങള്‍ക്ക് അന്ത്യം;മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ രാജിവെച്ചു
ഭോപ്പാല്‍:മധ്യപ്രദേശിൽ രാഷ്ട്രീയനാടകങ്ങള്‍ക്ക് അന്ത്യംകുറിച്ച് വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചു. രാജിക്കത്ത് ഇന്നുതന്നെ ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പ്രഖ്യാപിച്ചു. കമല്‍നാഥിനോട് ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.എന്നാല്‍ കഴിഞ്ഞദിവസം രാത്രി 16 വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി സ്പീക്കര്‍ പ്രജാപതി അംഗീകരിച്ചിരുന്നു. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമായി. ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. രാജിവെച്ച 22 എംഎല്‍എമാരില്‍ 16 പേരുടെ രാജി വ്യാഴാഴ്ച രാത്രി സ്പീക്കര്‍ എന്‍.പി. പ്രജാപതി സ്വീകരിച്ചിരുന്നു.ആറു പേരുടെ രാജി നേരത്തേ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 98 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളുണ്ട്.ഒരു അട്ടിമറിയിലൂടെയല്ലാതെ നിയമസഭയില്‍ വിശ്വാസവോട്ട് നേടാനാകുമായിരുന്നില്ല. അതിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് കമല്‍നാഥ് രാജി പ്രഖ്യാപിച്ചത്. ഇതോടെ മധ്യപ്രദേശില്‍ ബിജെപി ഭരണത്തിലേറാനുള്ള സാധ്യത തെളിഞ്ഞു. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ ഉടന്‍ വിശ്വാസ വോട്ട് തേടണമെന്ന് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അടക്കമുള്ള നേതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സംസ്ഥാനത്തെ എസ്എസ്എൽസി പ്ലസ് ടു ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റി
തിരുവനന്തപുരം:സംസ്ഥാനത്തെ എസ്എസ്എൽസി പ്ലസ് ടു ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റി.സർവകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തലയോഗത്തിലാണ് തീരുമാനം.ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതലയോഗത്തില്‍ തീരുമാനമായത്.പുതിയ തീയതി പിന്നീട് തീരുമാനിക്കും.കഴിഞ്ഞദിവസം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. നേരത്തേ ഏഴാം ക്ലാസ് വരെയുള്ള എല്ലാ പരീക്ഷകളും ഒഴിവാക്കിയിരുന്നു.രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാനുള്ള കേന്ദ്രം നിര്‍ദേശം വന്നിട്ടും കേരളത്തില്‍ മുന്‍നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്താനായിരുന്നു വ്യാഴാഴ്ച വരെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
കോവിഡ് ബാധ;കണ്ണൂർ സ്വദേശിയുടെ നാലാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്
പരിയാരം:കൊവിഡ് 19നെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പെരിങ്ങോം സ്വദേശിയുടെ നാലാമത് പരിശോധനാ റിപ്പോര്‍ട്ടും നെഗറ്റീവ്.ആലപ്പുഴ വൈറോളജി ലാബില്‍ നിന്നാണ് വീണ്ടും പരിശോധന നടത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഇയാളെ ഡിസ്ചാര്‍ജ് ചെയ്യും.ഇദ്ദേഹത്തിന്റെ ഭാര്യ, അമ്മ, മകന് എന്നിവരുടെ റിപ്പോര്‍ട്ടുകളും നെഗറ്റീവായിരുന്നു. ഈമാസം 13നാണ് ദുബായില്‍ നിന്നെത്തിയ പെരിങ്ങോം സ്വദേശിയായ 42കാരന് കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് കോഴിക്കോട്ട് നടത്തിയ രണ്ട് പരിശോധനകളിലും ഫലം നെഗറ്റീവായിരുന്നു.എങ്കിലും ആലപ്പുഴയില്‍ ഒരിക്കല്‍ക്കൂടി പരിശോധന നടത്തി തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അതുപ്രകാരം റിപ്പോര്‍ട്ട് ലഭിച്ചതോടെ ഇദ്ദേഹത്തിന് കൊറോണബാധയില്ലെന്ന് സ്ഥിരീകരിച്ചു.
കോവിഡ് 19;കാസർകോട് രണ്ട് എം.എൽ.എമാർ നിരീക്ഷണത്തിൽ
കാസര്‍കോട്: ജില്ലയില്‍ ഏറ്റവുമൊടുവില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച രോഗിയുമായി ഇടപഴകിയിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ രണ്ട് എംഎല്‍എമാര്‍ സ്വയം ഐസൊലേഷനിലേക്ക് മാറാന്‍ തീരുമാനിച്ചു. കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിലും, മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനുമാണ് സ്വയം ഐസൊലേഷനിലേക്ക് മാറിയത്.ഇന്നലെ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ എം.എല്‍.എമാര്‍ തീരുമാനിച്ചത്. ഇരുവരും കോവിഡ് ബാധിതനായ വ്യക്തി ഉള്‍പ്പെട്ട വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കോവിഡ് ബാധ സ്ഥിതീകരിച്ച വ്യക്തിയെ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീന് കണ്ടത് വഴിയില്‍ വച്ചാണ്.കാറില്‍ പോകുമ്പോൾ കൈ കാണിച്ചപ്പോള്‍ നേരത്തേ പരിചയമുള്ള ആളായതിനാല്‍ വാഹനം നിര്‍ത്തി. അവിടെ വച്ച് ഖമറുദ്ദീനുമായി ഇദ്ദേഹം കൈ കൊടുക്കുകയും ഫോട്ടോ എടുക്കുകയും അടുത്ത് നിന്ന് സംസാരിക്കുകയും ചെയ്തിരുന്നു. മറ്റൊരു വിവാഹച്ചടങ്ങിലും രോഗി പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിലിനെ രോഗി കാണുന്നതും സംസാരിക്കുന്നതും.മാർച്ച് പതിനൊന്നാം തീയതി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ച വ്യക്തി വിമാനമിറങ്ങിയത്. ദുബായില്‍ നിന്ന് മടങ്ങിയെത്തുകയായിരുന്നു. അന്ന് കോഴിക്കോട് ഒരു ഹോട്ടലില്‍ ഇദ്ദേഹം തങ്ങി. പിന്നീട് പന്ത്രണ്ടാം തീയതി മാവേലി എക്സ്പ്രസില്‍ കാസര്‍കോട്ടേക്ക് വന്നു.12 ആം തീയതി മുതല്‍ 17 ആം തീയതി വരെ ഇദ്ദേഹം കാസര്‍കോടുണ്ടായിരുന്നു. ഇതിനിടെ പല പൊതുപരിപാടികളിലും രോഗി പങ്കെടുത്തിട്ടുണ്ട്. രണ്ട് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു, ഒരു ഫുട്ബോള്‍ മത്സരത്തില്‍ കളിക്കാനിറങ്ങി, മറ്റൊരു പൊതുപരിപാടിയിലുമെത്തി. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് തീര്‍ത്തും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് തന്നെയാണ് കാസര്‍കോട് ജില്ലാ ഭരണകൂടം വ്യക്തമാകുന്നത്.
‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയ്നിന്റെ ഭാഗമായി സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനും
സുൽത്താൻ ബത്തേരി:കോവിഡ്-19 ജാഗ്രതയുടെ ഭാഗമായി ‘കൈവിടാതിരിക്കാം കൈകകഴുകൂ’ എന്ന പ്രമേയത്തിൽ സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ കൈകഴുകൽ കോർണർ ആരംഭിച്ചു.ഓഫീസിന്റെ പ്രവേശന കവാടത്തിനു സമീപമായി ജീവനക്കാർക്കും പൊതുജങ്ങൾക്കുമായി വെള്ളവും സോപ്പ് ലിക്വിഡും സജ്ജമാക്കി.കേരള NGO യൂണിയൻ ആണ് ബ്രേക്ക് ദി ചെയിൻ സംഘടിപ്പിച്ചത്.നഗരത്തിന്റെ വിവിധയിടങ്ങളിൽ ഇതേ മാതൃകകളിൽ പൊതുജനങ്ങൾക്കായി വിവിധ സംഘടനകളുടെ സഹായത്തോടുകൂടി ബ്രേക്ക് ദി ചെയിൻ ക്യാമ്പയ്നിന്റെ ഭാഗമായി കൈകഴുകൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊറോണ വൈറസ്;രാജ്യത്ത് മരണസംഖ്യ അഞ്ചായി
ന്യൂഡൽഹി:കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനില്‍ ഇറ്റാലിയന്‍ പൗരനായ 69-കാരന് മരിച്ചതാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ജയ്പൂരിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്‍ഡ്രി കാര്‍ളിയാണ് മരിച്ചത്. ഇയാള്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. അതേ സമയം ഇയാല്‍ രോഗമുക്തി നേടിയിരുന്നെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇതിനിടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നു. ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതിനിടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 2,44,500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കോവിഡ് 19: സംസ്ഥാനത്ത് 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി;എ.പി.എല്‍ – ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഒരു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം;രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനുകൾ ഈ മാസം
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ പാക്കേജുമായി പിണറായി സര്‍ക്കാര്‍.ഒരാള്‍ക്ക് കൂടി ഇന്നലെ കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ആകെ രോഗബാധിതരുടെ എണ്ണം 25 ആകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് സാധാരണ ജനജീവിതത്തെ ബാധിച്ചു. ഇത് സാമ്പത്തിക രംഗത്തും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കുടുംബ ശ്രീ വഴി 2000 കോടി വായ്പ നല്‍കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷ പെന്ഷന് ഈ മാസം നല്‍കും.സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കാത്ത ബിപിഎൽ, അന്ത്യോദയ കുടുംബങ്ങൾക്ക് 1000 രൂപയുടെ ഒറ്റത്തവണ അധിക സഹായം നൽകും. സംസ്ഥാനത്താകെ എ.പി.എല്‍ – ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം അനുവദിക്കും.കുറഞ്ഞ ചെലവിൽ 20 രൂപക്ക് ഭക്ഷണം ലഭിക്കുന്ന 1000 ഭക്ഷണ ശാലകൾ തുറക്കും.ഓട്ടോ ടാക്സി ഡ്രൈവര്‍മാരെ എങ്ങനെ സഹായിക്കാനാകുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്കുള്ള ഫിറ്റ്നസ് ചാര്‍ജില്‍ ഇളവ് നല്‍കും. അടുത്ത മൂന്ന് മാസം നല്‍കേണ്ട നികുതിയില്‍ ഒരു ഭാഗം ഇളവ് നല്കാന് തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.വൈദ്യുതി, വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ പിഴ കൂടാതെ അടക്കാന്‍ ഒരു മാസത്തെ ഇളവ് അനുവദിച്ചു. എന്റെര്ടെയിന്മെന്റ് ടാക്സില്‍ തിയറ്ററുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സർവകലാശാല പരീക്ഷകൾ മാറ്റാൻ യുജിസി നിർദേശിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിനാൽ ഇവിടെ പരീക്ഷ മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കോവിഡിന്റെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു ഘട്ടത്തില്‍ സേനാ വിഭാഗങ്ങളുടെ പൂര്‍ണ പിന്തുണ വേണമെന്ന് അഭ്യര്‍ഥിച്ചു. സേനകളുടെ ആശുപത്രി സൗകര്യം അടിയന്തര സാഹചരത്തിൽ വിട്ടു നൽകുമെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ രോഗികളെ മാറ്റാന്‍ ഹെലികോപ്റ്ററും മറ്റ് വാഹനങ്ങളും വിട്ട് നല്കാന് തയ്യാറാണെന്നും സേന അറിയിച്ചിട്ടുണ്ട്. താത്ക്കാലിക ആശുപത്രികള്‍ക്ക് ആവശ്യമായ സഹായം സേനാവിഭാഗങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണയെ നേരിടാന്‍ നമുക്ക് എല്ലാവര്ക്കും ഒരു മനസ്സാണ്. ഈ സാഹചര്യത്തില്‍ ‘ശാരീരിക അകലം സാമൂഹിക ഒരുമ’ എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.