തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വില്പന താല്‍ക്കാലികമായി നിര്‍ത്തുന്നു. കൊവിഡ് 19യുടെ സംസ്ഥാനത്ത് പടരുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച മുതലുള്ള എല്ലാ ടിക്കറ്റുകളുടെയും വില്പന നിര്‍ത്തുന്നത്.അതേസമയം വിറ്റു പോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ നടത്തും. ഫലത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 14 വരെയുള്ള ലോട്ടറികള്‍ക്കാണ് നിരോധനം.മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. അതിനാല്‍ അവയുടെ നറുക്കെടുപ്പ് നടത്താതിരിക്കാനാകില്ല. അതുകൊണ്ടാണ് നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ശേഷമായി നിശ്ചയിച്ചത്. അതേസമയം, ഏപ്രില്‍ ഒന്നുമുതല്‍ 14 വരെയുള്ള ലോട്ടറികള്‍ റാദ്ദാക്കിയിട്ടുണ്ട്.വിൽപനയും നറുക്കെടുപ്പും നിർത്തിവച്ചതോടെ പ്രതിസന്ധിയിലായ ഏജന്റുമാർക്ക് 1,000 രൂപ താൽക്കാലിക സഹായമായി നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ക്ഷേമനിധി ബോർഡിന് സർക്കാർ ഇത് സംബന്ധിച്ച് നിർദേശം നൽകി. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ലോട്ടറി വിൽപ്പന കുത്തനെ കുറഞ്ഞിരുന്നു. നറുക്കെടുപ്പ് നിർത്തിവെക്കണമെന്ന് വ്യാപാരികൾ ഉൾപ്പടെ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.
കാസർകോഡ് കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു
കാസർകോഡ്:കാസർകോഡ് കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു
കാസര്‍കോട്:യാത്രയുടെ പൂര്‍ണമായ വിവരങ്ങള്‍ നല്കാന് രോഗി തയ്യാറാകാത്തമൂലമാണ് ഭാഗിക റൂട്ട്മാപ്പ് പുറത്തുവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.മാര്‍ച്ച് പന്ത്രണ്ടാം തിയ്യതി മുതല്‍ പത്തൊന്‍പതാം തിയ്യതിവരെയുള്ള റൂട് മാപ് ആണ് പുറത്തുവിട്ടിരിക്കുന്നത് എന്നാല്‍ റൂട്ട് മാപ് നിര്‍മാണത്തിനായി രോഗി സഹകരിക്കാത്തതിനാല്‍ പൂര്‍ണ്ണമായ റൂട്മാപ്പ് നിര്‍മിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.മലപ്പുറം കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.
ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ നിയമനം നൽകാൻ സർക്കാർ നീക്കം
തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥര്‍ ശ്രീറാം വെങ്കിട്ടരാമന് നിയമനം നല്കാന് സര്‍ക്കാര്‍ നീക്കം.ആരോഗ്യ വകുപ്പിൽ നിയമനം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.നിലവില്‍ ഇയാള്‍ സസ്പെന്‍ഷനിലാണ്.നേരത്തെ നിയമനം നല്കാന് നീക്കം നടത്തിയത് വിവാദമായതോടെ ആ തീരുമാനം മാറ്റിയിരുന്നു.അതിനിടെയാണ് വീണ്ടും നിയമനം നല്കാന് നീക്കം നടത്തുന്നത്. അഡീഷണല്‍ സെക്രട്ടറിയായോ കൊറോണ സെല്ലിന്റെ ചുമതലക്കാരനായോ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥന് എന്നതിലുപരി ശ്രീറാം ഒരു ഡോക്ടര്‍ കൂടിയാണ്. കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കൊറോണ സെല്ലിന്റെ ചുമതല നല്‍കുന്നതാകും ഉചിതമെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയനം നല്‍കാനൊരുങ്ങുന്നത്.ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയനോടും മാധ്യമ പ്രവര്‍ത്തകരുടെ മറ്റു സംഘടനകളോടും ബഷീറിന്റെ കുടുംബാംഗങ്ങളോടും സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും ഇനിയും ഇയാളെ പുറത്തു നിര്‍ത്തുന്നത് ശരിയല്ലെന്നുമാണ് സര്‍ക്കാര്‍ യൂണിയനോടും ബഷീറിന്റെ കുടുംബാംഗങ്ങളോടും പറഞ്ഞിരിക്കുന്നത്. ബഷീറിന്റെ ഭാര്യക്ക് ജോലി നല്കി. ഇത്രയും നാള് സസ്പെന്‍ഷനില്‍ നിര്‍ത്തുകയും ചെയ്തു. അതിനു പുറമെ നഷ്ടപരിഹാരവും നല്കി.സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആറുമാസത്തില്‍ കൂടുതല്‍ ഒരു കേസിന് സസ്പെന്‍ഷനില്‍ നിര്‍ത്താനാകില്ല. ഒരുപക്ഷേ ഇയാള്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ ശ്രീറാമിനെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇനി കോടതിയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കുന്നതിന് അനുകൂല നിലപാടാണ് പത്രപ്രവര്‍ത്തക യൂണിയന് അറിയിച്ചത്. എന്നാല്‍ ബഷീറിന്റെ കുടുംബാംഗങ്ങള്‍ ഇതുവരെ മറുപടിയൊന്നും നല്‍കിയിട്ടില്ല. അവരുടെ അനുവാദം കൂടി കിട്ടുന്ന മുറയ്ക്ക് നിയമനം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഹെവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിബിഎസ് എടുത്തയാളാണ് ശ്രീറാം. അതിനാല്‍ അദ്ദേഹത്തിന്റെ സേവനം ഈ സമയത്ത് അനിവാര്യമാണെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഉപദേശം. ഇതുകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ശ്രീറാമിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. 2019 ഓഗസ്റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയ കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. ശ്രീറാമിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അലക്ഷ്യമായി അമിതവേഗതയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനുമാണ് കേസെടുത്തിരുന്നത്. ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.
കാസര്‍കോട് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ നൽകുന്നത് തെറ്റായ വിവരങ്ങൾ;റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയുന്നില്ലെന്ന് കലക്ടര്‍
കാസര്‍കോട്:ജില്ലയിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച രോഗി വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കാസര്‍കോട് കലക്ടര്‍. സന്ദര്‍ശന വിവരങ്ങള്‍ ഇയാൾ നൽകുന്നില്ല.തെറ്റായ വിവരങ്ങളാണ് രോഗി നല്‍കുന്നത്. ഇതുമൂലം റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയുന്നില്ല. രോഗി വിവരം തരാത്തത് കാസര്‍കോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുന്നു.സാഹചര്യത്തിന്റെ ഗൌരവം രോഗി മനസ്സിലാക്കുന്നില്ല.ഇയാൾ പലതും മറച്ചുവെക്കുന്നുന്നതായും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ ദിവസം ഇദ്ദേഹവുമായി ബന്ധപ്പെട്ട 1000 പേരുടെ ഹൈ റിസ്ക് പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിയിരുന്നു.ഇനിയും കൂടുതല്‍ പേരുടെ പട്ടിക തയാറാക്കേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. രണ്ട് കല്യാണ ചടങ്ങുകള്‍, ഫുട്ബോള്‍ മത്സരം, വിവിധ സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവ ഇയാള്‍ നടത്തിയതായും ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.ഒട്ടേറെ തവണ ഇയാള്‍ നഗരത്തിലെത്തിയതായും വിവരമുണ്ട്. അതേസമയം, കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയും നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല എന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു വ്യക്തമാക്കി. വിവരങ്ങള്‍ മറച്ചുവെച്ചും കളളം പറഞ്ഞും ഇവര്‍ പറ്റിക്കുന്നതായും കളക്ടര്‍ പറഞ്ഞു. വിദേശത്ത് നിന്ന് എത്തി നിര്‍ദേശങ്ങള്‍ പാലിക്കാതെ നാട്ടിലെ പൊതുചടങ്ങുകളിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്ത കാസര്‍കോട് കുഡ്ല സ്വദേശി അബ്ദുല്‍ ഖാദറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും എത്തുന്നവര്‍ പാലിക്കേണ്ട സമ്പർക്ക വിലക്ക് ലംഘിച്ചതിനാണ് കേസ്. ഇയാള്‍ ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ച് ഐസൊലേഷനില്‍ കഴിയുന്ന വ്യക്തിയുടെ സുഹൃത്താണ്.നാട്ടുകാരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കോവിഡ് നിയന്ത്രണം മറികടന്ന് ഉത്സവം;തളിപ്പറമ്പ് തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രം ഉൽസവ കമ്മിറ്റിക്കെതിരെ കേസെടുത്തു
കണ്ണൂർ:കോവിഡ് നിയന്ത്രണം മറികടന്ന് ഉത്സവം നടത്തിയതിനെ തുടർന്ന് തളിപ്പറമ്പ് തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രം ഉൽസവ കമ്മിറ്റിക്കെതിരെ കേസെടുത്തു. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് നടത്തിയ ചടങ്ങിൽ നൂറിലധികം പേർ പങ്കെടുത്തിരുന്നു. ഉത്സവത്തിൽ പങ്കെടുത്തവർക്കെതിരെയും കേസുണ്ട്.നേരത്തെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവിലും ഭക്തരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പാളിയിരുന്നു.ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിൽ 1500ഓളം പേരാണ് പങ്കെടുത്തത്.ഇതുസംബന്ധിച്ച് കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമടക്കം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭരണി മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നും ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും ഒഴിഞ്ഞു നില്‍ക്കണമെന്നും മുഖ്യമന്ത്രിയും കൊച്ചിന് ദേവസ്വം ബോര്‍ഡുമടക്കമുള്ളവര്‍ പലവട്ടം അഭ്യര്‍ത്ഥിച്ചിരുന്നു.
ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലമാകും; ട്രെയിൻ,ബസ്, ഓട്ടോ,ടാക്സി സർവീസുകൾ നിലയ്ക്കും;കടകള്‍ അടച്ചിടും
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന നാളത്തെ ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലമാകും. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുമണിവരെയാണ് നിയന്ത്രണം.പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോട് പൂര്‍ണമായി സഹകരിക്കുമെന്ന് എല്ലാ സംസ്ഥാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. നാളെ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ജനങ്ങളാരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. അത്രയേറെ അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ജോലിയാണെങ്കിലും പരമാവധി വീട്ടില്‍ത്തന്നെയിരുന്നു ചെയ്യാന്‍ ശ്രമിക്കണമെന്നാണ് നിര്‍ദ്ദേശം.രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളെല്ലാം നാളെ നിര്‍ത്തി വയ്ക്കും. സ്വകാര്യ ബസുകളും, ഓട്ടോ, ടാക്സികളും ഒന്നും നിരത്തിലിറങ്ങില്ല. ഹോട്ടലുകളും പെട്രോള്‍ പാമ്പുകളും കടകളും അടഞ്ഞു കിടക്കും.3700ഓളം ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളൊന്നും ഓടില്ല.നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ സര്‍വീസ് തടസപ്പെടില്ല.
കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ എന്നിവ സര്‍വീസ് നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് വ്യക്തമാക്കിയിട്ടുണ്ട്. നാളെ കടകള്‍ തുറക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്.
നാളെ രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് മണി വരെ പെട്രോള്‍ പമ്പുകൾ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന് അറിയിച്ചു.
മംഗളൂരു- കാസർകോട് ദേശീയപാത ഇന്ന് മുതൽ അടച്ചിടും
കാസർകോഡ്:മംഗളൂരു- കാസർകോട് ദേശീയപാത ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ അടച്ചിടും.ഈ മാസം 31 വരെയാണ് അടച്ചിടുക.കാസര്‍കോട് ഇന്നലെ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കര്‍ണാടക ഇത്തരമൊരു തീരുമാനമെടുത്തത്.അടിയന്തര ആവശ്യവുമായി പോകുന്ന വാഹനങ്ങള്‍ ദേശീയ പാത 66 ലെ തലപ്പാടി വഴി മാത്രമെ കടത്തി വിടൂ. അതും കൃത്യമായ ആരോഗ്യ പരിശോധനക്ക് വിധേയമാക്കി മാത്രമായിരിക്കും കടത്തി വിടുക.ദേശീയ, സംസ്ഥാന പാതയൊഴികെയുള്ള അതിര്‍ത്തി റോഡുകളെല്ലാം കേരളം വെള്ളിയാഴ്ച തന്നെ അടച്ചിരുന്നു.രണ്ട് വയസ്സുള്ള കുഞ്ഞും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേരാണ് കാസര്‍കോട് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണം കൂടിവരുന്നതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സർക്കാർ നിർദേശം അവഗണിച്ച് കാസർകോഡ് ജില്ലയിൽ തുറന്നുപ്രവർത്തിച്ച കടകൾ കലക്റ്ററുടെ നേതൃത്വത്തിൽ അടപ്പിച്ചു
കാസർകോഡ്:സർക്കാർ നിർദേശം അവഗണിച്ച് കാസർകോഡ് ജില്ലയിൽ തുറന്നുപ്രവർത്തിച്ച കടകൾ കലക്റ്ററുടെ നേതൃത്വത്തിൽ അടപ്പിച്ചു.കഴിഞ്ഞ ദിവസം ആറുപേര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.കടകള്‍ തുറന്ന എട്ടുപേര്‍ക്കെതിരേ കേസെടുത്തു.ജില്ലയിൽ രാവിലെ 11 മണിമുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ കടകൾ തുറന്നു പ്രവർത്തിപ്പിക്കാവൂ എന്ന് കഴിഞ്ഞ ദിവസം നിർദശം നൽകിയിരുന്നു.സര്‍ക്കാരിന്റെ നിയന്ത്രണങ്ങളോട് സഹകരിക്കാത്തവരോട് ഇനി അഭ്യര്‍ഥനയുടെ ഭാഷ സ്വീകരിക്കാനാവില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറയിപ്പു നല്കി.വീടുകളില്‍ ഐസലേഷനില്‍ കഴിയണമെന്നു പറഞ്ഞാല്‍ വീട്ടില്‍ ഒറ്റക്കൊരുമുറിയില്‍ താമസിക്കണമെന്നാണ്.വീട്ടുകാരുമായി യാതൊരു ബന്ധവും നിരീക്ഷണ കാലയളവില്‍ പാടില്ല. ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് ജില്ലയില്‍ ഒരിടത്ത് കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.ആളുകള്‍ ഇങ്ങനെയൊക്കെ കാര്യങ്ങള്‍ കണ്ടാല്‍ അത് വലിയ ദുരന്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കാസര്‍കോട് കോവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ പൊലീസ് കേസെടുത്തു.വിദേശത്തു നിന്നും എത്തുന്നവര്‍ പാലിക്കേണ്ട സമ്പർക്ക വിലക്ക് ലംഘിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. കുഡ്ല സ്വദേശിയായ ഇയാളില്‍ നിന്നാണ് മറ്റ് അഞ്ചുപേര്‍ക്ക് രോഗം പകര്‍ന്നത്. എംഎല്‍എമാര്‍ അടക്കം ഇയാളുമായി സമ്പർക്കം പുലര്‍ത്തിയ നിരവധി പേര് നിരീക്ഷണത്തിലുമാണ്.
കോവിഡ് 19;കാസര്‍കോട് ജില്ലയിൽ കര്‍ശനനിയന്ത്രണങ്ങള്‍; ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങള്‍ രണ്ടാഴ്ചയും അടച്ചിടും
കാസര്‍കോട്: ജില്ലയില്‍ വെള്ളിയാഴ്ച ആറുപേര്‍ക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളുമായി സർക്കാർ.ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും മറ്റ് പൊതു, സ്വകാര്യ ഓഫീസുകളും ഒരാഴ്ച അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം.കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രം പ്രവര്‍ത്തിക്കും. അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.ക്ലബ്ബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവര്‍ത്തിക്കില്ല. പൊതുസ്ഥലങ്ങളായ പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളിൽ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. ഓഫീസുകള്‍ അവധിയാണെങ്കിലും ജീവനക്കാര്‍ ജില്ല വിട്ടുപോകരുത്.കളക്ടര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അവര്‍ സന്നദ്ധരായിരിക്കണം.മൃഗ ചികിത്സ മേഖലയില്‍ അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ള മറ്റ് സേവനങ്ങള്‍ അടുത്ത ഒരാഴ്ചത്തേയ്ക്കു നിര്‍ത്തി വെച്ചു.എല്ലാ വെറ്ററിനറി സബ് സെന്ററുകളുടെയും പ്രവര്‍ത്തനവും ഒരാഴ്ച്ചത്തേയ്ക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. മൃഗാശുപത്രികളുടെ പ്രവര്‍ത്തന സമയം 10 മണി മുതല്‍ 1മണി വരെയായി ചുരുക്കിയതായും അധികൃതര്‍ അറിയിച്ചു.ഈ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188 ആം സെക്ഷന്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി കണക്കാക്കും.1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ 2(1) പ്രകാരം നടപടികള്‍ക്ക് കാസര്‍കോട് കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരമുണ്ട്. മാര്‍ച്ച് 21ന് വെളുപ്പിന് 12 മണിമുതല്‍ ഉത്തരവ് പ്രാബല്യത്തിലുണ്ട്.
കോവിഡ് 19;പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കാൻ സ്പെഷ്യല്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കാനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്പെഷ്യല്‍ സ്ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.ഭക്ഷ്യോല്പാദന, വിതരണ സ്ഥാപനങ്ങൾ പ്രത്യേകിച്ച് ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ സമീപമുളള ബേക്കറികള്‍, റസ്റ്റോറന്റുകള്‍ എന്നിവ സ്പെഷ്യല്‍ സ്ക്വാഡുകള്‍ പരിശോധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തും.പരിശോധനയില്‍ വ്യക്തി ശുചിത്വം, ഹാന്റ് സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുന്നതാണ്. ആരോഗ്യ വകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പ് നല്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍:
1. ചുമ, ശ്വാസതടസം എന്നീ രോഗങ്ങളുള്ളവർ ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്നും വിട്ടു നില്ക്കുക.
2. ഭക്ഷ്യോല്പാദന വിതരണ സ്ഥാപനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുനാശിനി കൊണ്ട് വൃത്തിയാക്കേണ്ടതാണ്.
3. ഭക്ഷ്യോല്പാദന വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസ്ക്, ഹെയര്‍ നെറ്റ് എന്നിവ ധരിക്കേണ്ടതാണ്.
4. വൃത്തിയാക്കിയ പാത്രങ്ങളും ഗ്ലാസുകളും മാത്രം ഉപയോഗിക്കുക.
5. നേര്‍പ്പിക്കാത്ത സോപ്പ് ലായനി/സോപ്പ് നിര്‍ബന്ധമായും ഹോട്ടലുകളിലെ കൈ കഴുകുന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കേണ്ടതാണ്.
6. ഉപയോഗിക്കുന്ന സോപ്പ്, ഹാന്റ് സാനിറ്റൈസര്‍ എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തുക.
7. ക്യാഷ് കൗണ്ടറില്‍ പണം കൈകാര്യം ചെയ്യുന്നവര്‍ ആഹാര പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞ് നില്ക്കുക.
8. ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ വഴി കോവിഡ് 19 പകരുമെന്നത് ശരിയല്ല.
9. പാല്, മുട്ട, ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് ഉപയോഗിക്കുക.
10. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശുദ്ധമായ വെളളത്തില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.
11. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അണുവിമുക്ത പ്രതലങ്ങളില്‍ സൂക്ഷിക്കുക.