തേനി:തമിഴ്നാട് തേനിയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം നാലായി.രാസിങ്കപുരം സ്വദേശികളായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്നുവയസ്സുകാരി കൃതിക എന്നിവരാണ് മരിച്ചത്.ചികിത്സയിലുള്ള നാല് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.ഇടുക്കി പൂപ്പാറയില്‍ നിന്ന് കാട്ടുപാത വഴി പോയ തോട്ടം തൊഴിലാളികളാണ് തീയില്‍പ്പെട്ടത്.കോവിഡ് പശ്ചാത്തലത്തില്‍ തോട്ടംതൊഴിലാളികളോട് കേരളത്തിലേക്ക് പോവരുതെന്നാണ് തമിഴ്നാട് നിര്‍ദ്ദേശം നല്‍കിയിയത്.എന്നാൽ ഇത് മറികടന്ന് അനധികൃതമായാണ് ഇവര്‍ കേരളത്തിലേക്ക് വന്നത്.
ലോക്ക് ഡൌൺ;പ്രവൃത്തി സമയം പുതുക്കി ബാങ്കുകൾ
ന്യൂഡൽഹി:രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവൃത്തി സമയം പുതുക്കി ബാങ്കുകൾ.ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ പ്രവൃത്തിസമയത്തില്‍ മാറ്റംവരുത്തിയത്.കുറഞ്ഞ ജീവനക്കാരെവെച്ചാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.ബാങ്കിന്റെ ശാഖകളിലെത്തുന്നവരുടെ എണ്ണംകുറയ്ക്കാന്‍ നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ പരമാവധി ഉപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 2വരെയാകും എച്ച്ഡിഎഫ്സി ബാങ്ക് പ്രവര്‍ത്തിക്കുക.പാസ്ബുക്ക് പുതുക്കല്‍, വിദേശ കറന്‍സി വാങ്ങല്‍ തുടങ്ങിയ സേവനങ്ങള്‍ ബാങ്ക് തല്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.ശാഖകളില്‍ ജീവനക്കാര്‍ നാമമാത്രമായതിനാല്‍ പരമാവധി പേര് ബാങ്കിലെത്താതെ ഇടപാട് നടത്തണമെന്നാണ് ഐസിഐസിഐ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിങ് സേവനങ്ങള്‍ക്കായി ഐമൊബൈല്‍, നെറ്റ് ബാങ്കിങ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കണമെന്ന് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.പ്രവര്‍ത്തന സമയത്തില്‍മാറ്റംവരുത്തിയിട്ടില്ലെങ്കിലും ഉപഭോക്താക്കള്‍ ഇടപാടുകള്‍ക്കായി ശാഖകളില്‍ എത്തുന്നത് കുറയ്ക്കണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ തയ്യാറാകണമെന്നും ട്വീറ്ററിലൂടെ ബാങ്ക് നിര്‍ദേശം നല്കി.തിങ്കളാഴ്ച മുതല്‍ ശനിയാഴ്ചവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാകും കൊട്ടക് മഹീന്ദ്ര ബാങ്ക് പ്രവര്‍ത്തിക്കുക.രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കിന് അവധിയായിരിക്കും.
ലോക്ക് ഡൌൺ;സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലെറ്റുകള് അടച്ചിടും
തിരുവനന്തപുരം:രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബിവറേജ് ഔട്ട്ലറ്റുകളും ഇന്ന് അടച്ചിടും.എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.ഇന്ന് രാവിലെയാണ് ബിവറേജ് കോര്പ്പറേഷന് എം.ഡി മദ്യശാലകള്‍ അടച്ചിടാന്‍ ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കള്ള് ഷാപ്പുകളും തുറക്കില്ല.ഇതിന് മുമ്പ് നടന്ന മന്ത്രിസഭാ യോഗത്തില്‍ മദ്യശാലകള്‍ അടച്ചിട്ടാല്‍ വ്യാജ മദ്യ ദുരന്തത്തിന് വഴിവെക്കുമെന്ന് നിരീക്ഷിച്ചിരുന്നു. 598 ബാറുകള്‍, 265 ബിവറേജസ് കോര്പ്പറേഷന് മദ്യശാലകള്‍, കണ്‍സ്യൂമര്‍ ഫെഡിന് കീഴിലെ 39 ഔട്ട്ലെറ്റുകള്, 358 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, 42 ക്ലബുകള്‍ എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ അടച്ചിടുന്നത്. നേരത്തെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കോവിഡ് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്നായിരുന്നും പ്രധാന കാരണം.
ലോക്ക് ഡൌൺ;തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് സംസ്ഥാന മന്ത്രിസഭ യോഗം ചേരും
തിരുവനന്തപുരം:പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രിസഭ ഇന്ന് യോഗം ചേരും. നിലവില്‍ മാര്‍ച്ച് 31 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് ഏപ്രില്‍ 14 വരെ പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇതോടെ, ഏപ്രില്‍ 14 വരെ ലോക്ക് ഡൌൺ നീട്ടിക്കൊണ്ടു പോകേണ്ടതായുണ്ട്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നത്.ലോക്ക് ഡൌൺ സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് പരിശോധിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. അവശ്യ സര്‍വ്വീസുകളായ ഭക്ഷണം, മരുന്ന് എന്നിവയ്ക്ക് മുടക്കമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗം തീരുമാനിക്കും.
സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;രോഗബാധിതരുടെ എണ്ണം 105 ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കാസര്‍കോട് ആറുപേർക്കും, കോഴിക്കോട് 2 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.രോഗബാധിതരില്‍ എട്ടുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യു.കെയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും നാട്ടില്‍ എത്തിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗികളുമായുള്ള സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം വന്നത്.
അതേസമയം രോഗവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ ജനങ്ങള്‍ ഗൗരവത്തോടെ ഉള്‍ക്കൊള്ളുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.എല്ലാ യാത്രാ വാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം.ടാക്സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ.സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ ഒരു മുതിർന്ന ആൾക്കു മാത്രമാണു യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഏത് ഒത്തുചേരലായാലും അഞ്ചിൽ അധികം പേര് പൊതു സ്ഥലത്ത് ഒത്തുചേരുന്നതിനു നിരോധനമുണ്ട്. സംസ്ഥാനത്ത് ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ്, ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, പാൽ, മുട്ട, ഇറച്ചി, കോഴി, കന്നുകാലി തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു മണിവരെ പ്രവർത്തിക്കണം.ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുത്. വില കൂട്ടിവില്‍ക്കാനോ പൂഴ്ത്തിവെക്കാനോ പാടില്ല. സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനം ഉണ്ട്. അത് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവും ഇല്ലാത്ത നടപടിയുണ്ടാകും.കുറച്ച് കാശ് മോഹിച്ച് ഇതുപോലെ കാര്യങ്ങള്‍ ചെയ്താല്‍ വലിയ വിഷമം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാത്രി 12 മണി മുതല്‍ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍
ന്യൂഡൽഹി:ഇന്ന് രാത്രി 12 മണി മുതല്‍ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശളിലും തീരുമാനം നടപ്പിലാകും.വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവന്‍ കര്‍ഫ്യു നടപ്പിലാക്കിയതായി അറിയിച്ചത്.ജനതാ കര്‍ഫ്യുവില്‍ ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുത്ത ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. പരീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്നും മോദി പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം ഓരോ പൗരനും ഇപ്പോള്‍ എവിടെയാണോ അവിടെ തങ്ങണം. കോവിഡിനെ നേരിടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ല.ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുവരെ നിര്‍ദ്ദേശം ബാധകമാണ്. വികസികത രാജ്യങ്ങള്‍ പോലും മഹാമാരിക്കു മുന്നില്‍ തകര്‍ന്നു നില്ക്കുന്നു. സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം.എല്ലാവരും വീടുകളില്‍ തന്നെ ഇരിക്കണം.ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു. നടപടികള്‍ എല്ലാമെടുത്തിട്ടും രോഗം പടരുന്നുവെന്നും മോദി പറഞ്ഞു.
ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാൻ കടുത്ത നടപടികളുമായി കേരള പോലീസ്; സ്വകാര്യവാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണം
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികളുമായി കേരള പോലീസ്. സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം എഴുതിനല്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ലോക്ഡൌണ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാസ് നല്‍കുമെന്നും ഡിജിപി വ്യക്തമാക്കി.സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഈ ഫോറം എഴുതി കൈവശം സൂക്ഷിക്കേണ്ടതും പോലീസ് പരിശോധനയ്ക്ക് ആവശ്യപ്പെടുമ്പോൾ നല്‍കേണ്ടതുമാണ്. പരിശോധനയ്ക്ക് ശേഷം ഈ ഫോറം പോലീസ് ഉദ്യോഗസ്ഥര്‍ മടക്കി നല്‍കും. സൈക്കിള്‍, സ്കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍, കാര്‍, എസ്.യു.വി എന്നിവയിലെല്ലാം സഞ്ചരിക്കുന്നവര്‍ക്ക് സത്യവാങ്മൂലം ബാധകമാണ്.പ്രിന്റ് എടുക്കാന്‍ കഴിയാത്തവര്‍ക്ക് അതേ മാതൃകയില്‍ പേപ്പറില്‍ എഴുതി നല്കിയാലും മതിയാകും.തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്കുന്നതെങ്കില് അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയും.
പൊതുഗതാഗതം വരെ റദ്ദാക്കി ലോക്ഡൌണ് പ്രഖ്യാപിച്ചിട്ടും ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളിലും ഓട്ടോ ടാക്സികളിലും യഥേഷ്ടം പുറത്തിറങ്ങിയതോടെയാണ് കര്‍ശന നടപടികളും വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനാണ് നിര്‍ദേശമെന്നും അത് ബലപ്രയോഗത്തിലൂടെ നടപ്പാക്കേണ്ടി വരരുതെന്നും ഡിജിപി പറഞ്ഞു. ഓട്ടോ, ടാക്സി എന്നിവ അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നതിനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമാണ്. അവശ്യസേവനങ്ങളുടെ പരിധിയില്‍ വരുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിയുടെ പാസ് നിര്‍ബന്ധം. പുറത്തിറങ്ങുന്ന പൊതുജനങ്ങള്‍ സാക്ഷ്യപത്രം നല്‍കണം.
കേരള പൊലീസ് പുറത്തിറക്കിയ സത്യവാങ്മൂലത്തിന്റെ മാതൃക:
കോവിഡ് 19;ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ;ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി ജൂൺ 30 വരെ നീട്ടി;അക്കൗണ്ടിൽ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട;എടിഎമ്മുകളില്‍ മൂന്ന് മാസത്തേക്ക് ചാര്‍ജ് ഈടാകില്ല
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് 19 അതിവേഗം വ്യാപിക്കുന്ന പശ്ചത്തലത്തില്‍ ബാങ്കിങ്, സാമ്പത്തിക മേഖലകളില്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. 2018-19ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി 2020 ജൂണ്‍ 30 വരെ നീട്ടി. വൈകി അടയ്ക്കുമ്പോൾ ഈടാക്കുന്ന പിഴപ്പലിശ 12 ശതമാനത്തില്‍നിന്ന് 9 ശതമാനമാക്കി കുറച്ചു.മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജി എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതിയും ജൂണ്‍ 30 വരെ നീട്ടി.. പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള ആവസാന തിയതി ജൂണ്‍ 30 ലേക്ക് നീട്ടി.കസ്റ്റംസ് കിയറന്‍സ് അവശ്യ സേവനങ്ങളുടെ പട്ടികയില്‍പ്പെടുത്തി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറൻസ് എല്ലാ ദിവസംവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.സേവിങ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണം എന്ന നിബന്ധന ഒഴിവാക്കി. എടി എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് അടുത്ത മൂന്ന് മാസത്തേക്ക് ചാര്‍ജുകള്‍ ഈടാക്കില്ല.ഏത് ബാങ്കിന്റെ എടിഎം കാർഡുപയോഗിച്ചും ഏതു എടിഎം വഴിയും പണം പിന്‍വലിക്കാം.ഇതിന് യാതൊരുവിധ സർവീസ് ചാര്‍ജുകളും ഈടാക്കില്ല.
ഇന്ന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും;സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചന
:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.കൊറോണ കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലെത്തിയതോടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.നിലവിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിശദീകരിക്കും.കൊറോണ പ്രതിരോധത്തിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇതുകൂടാതെ സുപ്രധാന പ്രഖ്യാപനങ്ങളും നടത്തിയേക്കുമെന്നാണ് സൂചന. കൊറോണ വിഷയത്തില്‍ രണ്ടാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത് കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പടെ 548 ജില്ലകള്‍ അടച്ചിട്ടിരിക്കുകയാണ്. സിക്കിം, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് നിയന്ത്രണങ്ങൾ ഇല്ലാത്തത്. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ലംഘിച്ചതിന്റെ പേരില്‍ കൊൽക്കൊത്തയിൽ 255 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നിയന്ത്രണത്തിലേക്ക് രാജ്യം പോകുന്നു എന്നതിന്റെ സൂചനയുമായേക്കാം ഈ അഭിസംബോധന.
കണ്ണൂർ പരിയാരത്ത് കൊറോണ നിരീക്ഷണത്തിലുള്ള യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി;കുഞ്ഞ് ഐസൊലേഷനിൽ
കണ്ണൂർ:പരിയാരം ഗവ.മെഡിക്കൽ കോളേജിൽ കൊറോണ നിരീക്ഷണത്തിലുള്ള യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. പ്രത്യേകം സജ്ജീകരിച്ച വാര്‍ഡിലെ ഓപ്പറേഷന് തിയേറ്ററില്‍ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് യുവതി പ്രസവിച്ചത്.രണ്ട് ദിവസം മുൻപാണ് യുവതിയെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കൊറോണ രോഗികള്‍ക്കുവേണ്ടി പ്രത്യേകമായി ഓപ്പറേഷന് തിയേറ്റര്‍ സജ്ജീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രസവ വേദന അനുഭവപ്പെടുകയും പരിശോധനയില്‍ ഡോക്ടര്‍മാര്‍ അടിയന്തരമായി ശസ്ത്രക്രിയ ആവശ്യപ്പെടുകയും ചെയ്തു.തുടര്‍ന്ന് രാത്രി പതിനൊന്നോടെ സിസേറിയനിലൂടെയായിരുന്നു യുവതിയുടെ പ്രസവം. 2.9 കിലോഗ്രാം തൂക്കമുള്ള കുഞ്ഞും അമ്മയും പൂര്‍ണ ആരോഗ്യത്തിലാണെന്നും കുട്ടിയെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യു.വില്‍ ഐസോലേഷനിലാക്കിയിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ഈ മാസം 20നാണ് ഖത്തറില്‍നിന്ന് യുവതിയും ഭര്‍ത്താവും നാട്ടിലെത്തിയത്. യുവതി ഗര്‍ഭിണിയായതിനാലാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയത്. ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ത്തന്നെ ഐസൊലേഷനില്‍ തുടരുകയാണ്. ഇവരുടെ പരിശോധനാഫലം ഇന്നു ലഭിച്ചേക്കും.