ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവർക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ആര്.ടി.പി.സി.ആര് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി.കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്.ടി.പി.സി.ആര് പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്.ടി.പി.സി.ആര് പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.നേരത്തെ മഹാരാഷ്ട്രയിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം ഒഴിവാക്കിയിട്ടും കേരളത്തിൽ നിന്നുള്ളവർക്ക് ഒഴിവാക്കിയിരുന്നില്ല. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിൽ താഴെ എത്തിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കൂവെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.
കെ റെയില്‍ കല്ലിടലിനെതിരേ കണ്ണൂര്‍ താണയില്‍ പ്രതിഷേധം;സര്‍വേ കല്ല് പിഴുതുമാറ്റി
കണ്ണൂർ: കെ റെയില്‍ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ താണയില്‍ പ്രതിഷേധം.കെ റെയില്‍ ഉദ്യോഗസ്ഥര്ക്കെതിരേ പ്രദേശവാസികളും കെ റെയില്‍ വിരുദ്ധ സമരസമിതിയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.പോലിസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.നെല്ലിയോട് ദീപക്കിന്റെ ഭൂമിയില്‍ സ്ഥാപിച്ച സര്‍വേ കല്ല് പ്രതിഷേധക്കാര്‍ പിഴുതുമാറ്റി. ഇതോടെ പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാഗ്വാദം ഉണ്ടായി. ഇതിനിടെ പ്രതിഷേധത്തില്‍ പങ്കെടുത്ത സി സുഷമ എന്ന സ്ത്രീയെ ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്ന ആരോപണവും ഉയര്‍ന്നു. ഉദ്യോഗസ്ഥ മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ വീണ്ടും സംഘടിച്ചു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.കെ റെയില്‍ പദ്ധതിക്കായി സര്‍വേയും കല്ലിടലും നടത്തുന്നതിനെതിരേ വിവിധ ജില്ലകളില്‍ പ്രദേശവാസികളും കെ റെയില്‍ വിരുദ്ധ സമരസമിതിയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഗൂഢാലോചന കേസ്;നടന് ദിലീപ് അടക്കമുള്ള 3 പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് അടക്കമുള്ള മൂന്ന് പ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും.ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുക. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യംചെയ്യല്‍ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം അനൂപിനും സുരാജിനും ലഭിച്ചു. ബുധനാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് അനൂപിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, അനൂപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിനെയും ദിലീപിനെയും അടുത്ത ദിവസം ചോദ്യം ചെയ്യലിന് വിളിച്ചേക്കും. ഇവരുടെ ഫോൺ പരിശോധനാഫലം നാളെ ലഭിക്കും. ഇതിന് ശേഷമായിരിക്കും ഹാജരാവാനുള്ള തീയതി നിശ്ചയിക്കുക. കേസിൽ ഈ പരിശോധനാഫലങ്ങൾ നിർണായകമാണെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ.മാത്രമല്ല, പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും ചോദ്യംചെയ്യല്‍.
വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; മുഖ്യപ്രതി അറസ്റ്റിൽ
കൽപറ്റ: വിമുക്തഭടന്റെ മകന് വിദേശജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം കൈക്കലാക്കി വഞ്ചിച്ച കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി സ്റ്റാന്‍ലി സൈമണെ (42) കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു.വയനാട്, പാലക്കാട്, ആലപ്പുഴ,പത്തനംതിട്ട ജില്ലകളില്‍ ഇയാൾക്കെതിരെ സമാന കേസുകള്‍ നിലവിലുണ്ട്.കൽപറ്റ ഡിവൈ.എസ്.പി എം.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അന്വേഷണം നടത്തിവരവെ വയനാട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കോഴിക്കോട്ടു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൽപറ്റ ഇന്‍സ്പെക്ടര്‍ പി. പ്രമോദിന്റെ നേതൃത്വത്തില്‍ എസ്.ഐ ഷറഫുദ്ദീന്, പൊലീസ് ഉദ്യോഗസ്ഥരായ ടി.പി. അബ്ദുറഹ്മാന്,കെ.കെ. വിപിന്‍, ജ്യോതിരാജ്, നൗഷാദ് എന്നിവരടങ്ങിയ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നു; രോഗമുക്തി നിരക്ക് ഉയർന്നു
ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,757 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങിലുമായി 3,32,918 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്.67,538 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4.19 കോടിയായി ഉയർന്നു. 2.61 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 541 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,849,213 ആയി. ആകെ 4.27 കോടി കൊറോണ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം രാജ്യത്ത് കൊറോണ വാക്സിൻ വിതരണം 174.2 കോടിയായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സ്കൂൾ പൂർണമായും തുറക്കൽ;വിദ്യാഭ്യാസ മന്ത്രി വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർക്കുന്ന ജില്ലാ കളക്ടർമാരുടെ യോഗം ഇന്ന് നടക്കും. ഇന്ന് വൈകീട്ട് നാല് മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. സ്കൂള്‍ പൂര്‍ണമായും തുറക്കുന്ന സാഹചര്യത്തില്‍ അതിനായി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. മാത്രമല്ല, സ്കൂളുകള്‍ ശൂചീകരിക്കുന്നതും വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യവും യോഗം ചര്‍ച്ച ചെയ്യും.മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി ഫെബ്രുവരി 19, 20 തീയതികളിൽ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങളിൽ സമൂഹമാകെ അണിചേരണമെന്ന് മന്ത്രി ഇന്നലെ അഭ്യർത്ഥിച്ചിരുന്നു. ഫർണീച്ചറുകൾക്ക് ക്ഷാമമുള്ള സ്കൂളുകളിൽ അവ എത്തിക്കാനും സ്കൂൾ ബസുകൾ സജ്ജമാക്കാനും സഹായമുണ്ടാകണം. സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാൻ ആരംഭിക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും, വിദ്യാർത്ഥി-യുവജന-തൊഴിലാളി സംഘടനകൾക്കും, വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും, ജനപ്രതിനിധികൾക്കും കത്തയച്ചു.
നടൻ കോട്ടയം പ്രദീപ് അന്തരിച്ചു
കോട്ടയം: നടന് കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തായിരുന്നു അന്ത്യം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.പ്രത്യേക സംഭാഷണശൈലി കൊണ്ടും പ്രത്യേക അഭിനയശൈലി കൊണ്ടും മലയാള സിനിമയില്‍ ഏറെ പെട്ടന്ന് ശ്രദ്ധേയനായ വ്യക്തിയാണ് കോട്ടയം പ്രദീപ്. 2001ല്‍ റിലീസ് ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ഐ.വി.ശശി ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാ ജീവിതം ആരംഭിച്ച പ്രദീപ് പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിന് മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്, തോപ്പില്‍ ജോപ്പന്, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു. വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലെ റോള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് പ്രദീപിന്റെ അവസാന ചിത്രം.1989 മുതല്‍ എല്‍ഐസി ജീവനക്കാരനായിരുന്നു. ഭാര്യ: മായ, മക്കള്‍: വിഷ്ണു, വൃന്ദ.
കൊവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:കൊവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ആര് ടി പി സി ആര് പരിശോധന നിരക്ക് 300 രൂപയും ആന്റിജന്‍ പരിശോധന നിരക്ക് 100 രൂപയും ആക്കി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ലാബ് ഉടമകള്‍ നല്കിയ ഹര്‍ജി ആണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമെന്ന് ലാബ് ഉടമകളുടെ സംഘടന പ്രതികരിച്ചു.നിരക്ക് കുറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതി അറിയിച്ചത്.വിവിധ പരിശോധനകള്‍ക്ക് ലാബുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നു എന്ന് കണ്ടെത്തിയാണ് സര്‍ക്കാര്‍ നടപടി. നിരക്ക് വര്‍ധന സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന മറ്റ് കേസുകളുടെ ഒപ്പമാണ് ലാബ് ഉടമകളുടെ ഹര്‍ജി പരിഗണിക്കുക.കൊവിഡ് പരിശോധന നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ അത്തരം പരിശോധന നടത്തുന്ന ലാബുകളിലെ മോളിക്യുലാര്‍ വിഭാഗം അടച്ചിടാനാണ് ലാബുടമകളുടെ നീക്കം.
ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ ബിജെപി പ്രവര്ത്തകന് കുത്തേറ്റു മരിച്ചു
ആലപ്പുഴ: കുമാരപുരത്ത് ബിജെപി പ്രവര്ത്തകന് കുത്തേറ്റു മരിച്ചു.വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രി പന്ത്രണ്ടരയോട് കൂടിയായിരുന്നു കൊലപാതകം. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.ജില്ലയില്‍ ലഹരി മാഫിയാ സംഘങ്ങള്‍ തുടര്‍ച്ചയായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് നേരത്തെ തന്നെ പരാതികളുയര്‍ന്നിരുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്ഐ പിന്തുണയുള്ള ലഹരിമരുന്ന് സംഘമാണെന്ന് ബിജെപി ആരോപിച്ചു.
കണ്ണൂർ തോട്ടടയിലെ ബോംബാക്രമണം; ഒരാൾകൂടി അറസ്റ്റിൽ
കണ്ണൂർ:തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍.കടമ്പൂർ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. സ്ഫോടക വസ്തുക്കള്‍ വാങ്ങിയത് കണ്ണൂരില്‍ നിന്ന് തന്നെയാണെന്ന് പൊലിസ് പറഞ്ഞു. ഇവര്‍ക്ക് സ്ഫോടക വസ്തു നല്കിയ കടക്കാരനായി അന്വേഷണം ആരംഭിച്ചു.ഫെബ്രുവരി 13നാണ് തോട്ടടയിലെ വിവാഹ ആഘോഷത്തില്‍ രാത്രി നടന്ന സംഗീതപരിപാടിക്കിടെ വരന്റെ സുഹൃത്തുക്കളായ ഏച്ചൂര്‍ സ്വദേശികളും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. ഇതിന് പ്രതികാരമായി പ്രത്യേക യൂണിഫോമിട്ട് വന്ന സംഘം വിവാഹസംഘത്തിന് നേരെ ബോംബെറിയുകയായിരുന്നു.സംഭവത്തില്‍ സംഘത്തിലുണ്ടായിരുന്ന ജിഷ്ണുവെന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇവര്‍ രണ്ടാമതെറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ തലയില്‍ വീണ് പൊട്ടുകയായിരുന്നു.