കണ്ണൂർ:കണ്ണൂര്‍: കൊറോണ ബാധിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരം. മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഇയാളെ പരിയാരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാളാണ് മാഹി ചെറുകല്ലായി സ്വദേശിയായ 71കാരന്‍. പാട്യം മുതിയങ്ങ, ചിറ്റാരിപ്പറമ്പ് സ്വദേശികളാണ് പുതിയതായി രോഗബാധ കണ്ടെത്തിയ മറ്റ് രണ്ടുപേര്‍.മാഹി സ്വദേശിയായ 71കാരന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ ഇയാള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുകയും വിവിധ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.പുതുതായി രോഗം സ്ഥിരീകരിച്ച പാട്യം സ്വദേശിയായ 31കാരനും ചിറ്റാരിപ്പറമ്പ് സ്വദേശിയായ 42കാരനും മാര്‍ച്ച് 21, 22 തീയതികളില്‍ ദുബായില്‍നിന്നും നാട്ടിലെത്തിയവരാണ്. അതേസമയം, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പരിയാരത്ത് ചികിത്സയിലുളള ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്റെ ആരോഗ്യ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 56 ആയി. ഇതില്‍ ഇരുപത് പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ നാലു കേസുകള്‍ കാസര്‍കോടും മൂന്നെണ്ണം കണ്ണൂരിലുമാണ്.കൊല്ലത്തും മലപ്പുറത്തും ഓരോ കേസുകളും സ്ഥിരീകരിച്ചു.ഇന്ന് സ്ഥിരീകരിച്ച കേസുകളിൽ നാലു പേര്‍ വിദേശത്തു നിന്ന് വന്നവരും രണ്ടു പേര്‍ നിസാമുദ്ദീനില്‍ നിന്നു വന്നവരുമാണ്. സമ്പര്‍ക്കം മൂലം മൂന്നു പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് 12 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 260 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 146,686 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 133 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക്ക് ഡൌണ്‍ സംബന്ധിച്ച വിദ്ഗധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിന് ആശ്വാസത്തിന്‍റെ ദിവസങ്ങളാണ്. രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുതിപ്പില്ല. സാമൂഹിക വ്യാപനമില്ലെന്ന് ഉറപ്പു പറയുമ്ബോഴും ലോക്ക് ഡൗണിന് ശേഷം എന്താകും എന്നതാണ് നിര്‍ണായകം. ലോക്ക് ഡൗണ്‍ കേരളത്തില്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട്. കേരളത്തിലെ ഏഴ് സംസ്ഥാനങ്ങള്‍ ഇപ്പോഴും രാജ്യത്തെ കൊവിഡ് കേസുകളില്‍ ഹോട്ട്സ്പോട്ടുകളാണ്.
രാജ്യത്ത് ഏപ്രിൽ 14 ന് ശേഷവും ലോക്ക് ഡൌൺ നീട്ടിയേക്കുമെന്ന് സൂചന
ന്യൂഡൽഹി:കേന്ദ്രസർക്കാർ ഏപ്രിൽ 14 ന് ശേഷവും ലോക്ക് ഡൌൺ നീട്ടിയേക്കുമെന്ന് സൂചന.നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ലോക് ഡൗണ്‍ നീട്ടണമെന്ന് പല സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം വിദഗ്ധരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎംഎ പോലുള്ള സംഘടനകളും ലോക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ലോക് ഡൗണ്‍ നീട്ടുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.വളരെ നീണ്ട യാത്രയാണെന്നും ജനങ്ങൾ തയ്യാറാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ലോക്ക് ഡൌൺ നീട്ടുന്നത് സംബന്ധിച്ച തീരുമാനം ദേശീയതാത്പര്യപ്രകാരം ശരിയായ സമയത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞിരുന്നു.
അതേസമയം, ലോക് ഡൗണ്‍ അവസാനിപ്പിക്കും മുൻപുള്ള അടുത്ത ഏഴ് ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങളെ ആശ്രയിച്ചായിരിക്കും സര്‍ക്കാരിന്റെ തീരുമാനമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഏപ്രില്‍ 15 മുതല്‍ എയര്‍ലൈനുകളും, റയില്‍വെയും ബുക്കിങ് ആരംഭിച്ചതുകൊണ്ട് തന്നെ ലോക് ഡൗണ്‍ നീട്ടില്ലെന്നാണ് പലരുടെയും പ്രതീക്ഷ. ലോക് ഡൗണ്‍ നീട്ടിയാല്‍ സമ്പത് വ്യവസ്ഥ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ഉണ്ട്.ലോക്ക് ഡൌൺ അവസാനിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍, മുന്‍ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അദ്ധ്യക്ഷനായ സമിതി സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിക്കാനാണ് സാധ്യത. സര്‍ക്കാര്‍ നിയമിച്ച കര്‍മ്മസമിതി നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും നിയന്ത്രണങ്ങള്‍ നീക്കുക. ഹോട്ട്‌സ്‌പോട്ടായി കണ്ടെത്താത്ത ജില്ലകളില്‍ നാമമാത്രമായി നിയന്ത്രണങ്ങള്‍ നീക്കുക, സ്വകാര്യ, പൊതുഗതാഗത സംവിധാനം എന്നിവ നിയന്ത്രിക്കുക, ജില്ലകള്‍ തോറുമുള്ള ഗതാഗതം നിയന്ത്രിക്കുക, അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ വരവ് നിയന്ത്രിക്കുക, ഒറ്റ- ഇരട്ട അക്ക വാഹനങ്ങള്‍ക്കായി ഓരോ ദിവസവും ഗതാഗതം ക്രമീകരിക്കുക തുടങ്ങി നിരവധി ശുപാര്‍ശകളാണ് മുന്‍ ചീഫ് സെക്രട്ടറി ഗങ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയിരിക്കുന്നത്. നാളെ ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ഇന്ത്യ രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. അടുത്ത ആഴ്ച അതുകൊണ്ട് തന്നെ നിര്‍ണായകമാണ്. സമൂഹ വ്യാപനം നിയന്ത്രിക്കാന്‍ മറ്റു എളുപ്പ വഴികള്‍ സര്‍ക്കാരിന് മുൻപാകെയില്ല.അതുകൊണ്ട്തന്നെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ലോക് ഡൗണ്‍ നീട്ടുന്ന കാര്യം മോദി സര്‍ക്കാര്‍ പരിഗണിക്കുകയാണ്.
ലോക്ക് ഡൌൺ ലംഘിച്ച് കണ്ണൂര്‍ ഡിഎഫ്‌ഒ അനുമതിയില്ലാതെ നാട്ടിലേക്ക് പോയി;നടപടിക്ക് ശുപാർശ
കണ്ണൂര്‍: ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ സംസ്ഥാനം വിട്ടു. കണ്ണൂര്‍ ഡിഎഫ്‌ഒ കെ. ശ്രീനിവാസാണ് അനുമതി ഇല്ലാതെ ലീവെടുത്ത് തെലങ്കാനയിലേക്ക് പോയത്. കുടുംബത്തോടൊപ്പം സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര.വയനാട് അതിര്‍ത്തി വഴിയാണ് ഇവര്‍ കേരളം വിട്ടത്.തെലങ്കാന രജിസ്ട്രേഷനിലുള്ള സ്വന്തം വാഹനത്തില്‍ വയനാട് ചെക്ക്പോസ്റ്റില്‍ തന്റെ സ്വാധീനം ഉപയോഗിച്ച് അതിര്‍ത്തി കടന്ന് ബംഗളൂരു വഴി തെലങ്കാനയിലേക്ക് പോവുകയായിരുന്നു.നേരത്തേ, വനംവകുപ്പ് മേധാവി ഡിഎഫ്‌ഒയുടെ അവധി അപേക്ഷ നിരസിച്ചിരുന്നു. അനുമതി ഇല്ലാതെയാണ് ഡിഎഫ്‌ഒ പോയതെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും വനംവകുപ്പ് മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥന്‍ സംസ്ഥാനം വിട്ടത് വലിയ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടാണ് വനംവകുപ്പ് മേധാവി വനം മന്ത്രിക്ക് നല്‍കിയത്.നേരത്തേ ക്വാറന്റൈന്‍ നിയമം ലംഘിച്ച് അനുമതിയില്ലാതെ നാട്ടിലേക്ക് പോയ കൊല്ലം സബ് കളക്ടര്‍അനുപം മിശ്രയെ അധികൃതര്‍ സസ്പെന്‍ഡുചെയ്തിരുന്നു. ഇയാളുടെ ഗണ്‍മാനെയും ഡ്രൈവറെയും പിന്നീട് സസ്പെന്‍ഡുചെയ്തു.
‘മനുഷ്യത്വമാണ് കാരണം,ട്രംപിന്റെ ഭീഷണിയല്ല’;24 മരുന്നുകളുടെ നിയന്ത്രണം നീക്കി ഇന്ത്യ
ന്യൂഡൽഹി:24 മരുന്നുകളുടെ കയറ്റുമതി നിയന്ത്രണം നീക്കി ഇന്ത്യ.കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ മരുന്നുകളുടെ നിയന്ത്രണമാണ് നീക്കിയത്.26 മരുന്നുകളും അവയുടെ ഘടകങ്ങളും വിദേശത്തേക്ക് കയറ്റി അയക്കുന്നതില്‍ മാര്‍ച്ച് മൂന്നിനാണ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാരസെറ്റാമോളും ഈ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വിലക്ക് നീക്കിയ മരുന്നുകളുടെ പട്ടികയില്‍ പാരസെറ്റമോൾ ഉള്‍പ്പെട്ടിട്ടില്ല.കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി നിരോധത്തില്‍ ഇന്ത്യ ഇളവുവരുത്തണമെന്നും അല്ലാത്തപക്ഷം തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ട്രപിന്‍റെ ഭീഷണി എത്തിയതിനു പിന്നാലെ ഇന്ത്യ 24 മരുന്നുകള്‍ക്ക് കയറ്റുമതി ചെയ്യുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. എന്നാൽ ട്രംപിന്റെ ഭീഷണി ഭയന്നല്ല മനുഷ്യത്വം പരിഗണിച്ചാണ് മറ്റ് രാജ്യങ്ങളിലേക്ക് മലേറിയ മരുന്ന് കയറ്റുമതി അയക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി.ട്രംപിന്‍റെ ഭീഷണിയെ തുടര്‍ന്നാണ് 24 മരുന്നുകളുടെ കയറ്റുമതി നിയന്ത്രണം നീക്കിയതെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. കോവിഡ് വ്യാപനത്തില്‍ കടുത്ത ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുമെന്ന് ഇന്ത്യ അറിയിച്ചു.മനുഷ്യത്വം പരിഗണിച്ച് പാരസെറ്റമോളും ഹൈഡ്രോക്സിക്ലോറോക്വിനും ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ആവശ്യ മരുന്നുകളായ ഇവ കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കും നല്‍കും. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയവല്‍ക്കരണത്തെയും ഗൂഢസിദ്ധാന്തം ചമയ്ക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയ പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഈ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.’ഇന്ത്യയുമായി അമേരിക്കക്ക് മികച്ച ബന്ധമാണുള്ളത്. അതാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കില്‍ അത്ഭുതമെന്നേ പറയാനുള്ളൂ. ഞായറാഴ്ച്ച ഞാന്‍ അദ്ദേഹവുമായി(മോദി) ഫോണില്‍ സംസാരിച്ചു. മരുന്ന് നല്‍കില്ലെന്നാണെങ്കില്‍ അക്കാര്യം നേരിട്ട് പറയണം. അങ്ങനെയാണെങ്കില്‍ ചില തിരിച്ചടികള്‍ നേരിടേണ്ടി വരും’ എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ വൈറസ് ബാധിതരായ പല രോഗികളിലും ഫലപ്രദമായതിനെത്തുടര്‍ന്നാണ് ഇത്തരമൊരു ആവശ്യം അമേരിക്ക ഉന്നയിച്ചത്.അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കില്‍ ഇളവ് അനുവദിക്കണമെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്ക മാത്രമല്ല ശ്രീലങ്കയും നേപാളും അടക്കമുള്ള നിരവധി രാജ്യങ്ങളും ഇതേ മരുന്ന് കയറ്റി അയക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രശസ്ത സിനിമാ താരം കലിംഗ ശശി അന്തരിച്ചു
കോഴിക്കോട്:പ്രശസ്ത സിനിമാ താരം കലിംഗ ശശി(59) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.വീട്ടിലെ വിളിപ്പേരായിരുന്നു ശശി.സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.നാടക രംഗത്തിലൂടെ അഭിനയരംഗത്ത് തുടങ്ങിയ അദ്ദേഹം സിനിമയില്‍ കൂടുതലായും ഹാസ്യ കഥാപാത്രങ്ങള്‍ അഭിനയിച്ചുകൊണ്ടാണ് ജനപ്രീതി നേടിയെടുത്തത്. അമ്മാവന്‍ വിക്രമന്‍ നായരുടെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ ‘സാക്ഷാത്കാര’ത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 500-ലധികം നാടകങ്ങളിലും അഭിനയിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശം.നൂറിലധികം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. കേരളാകഫേ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, ആമേന്‍, പുലിമുരുകൻ, കസബ, അമര്‍ അക്ബര്‍ ആന്റണി, വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2019ൽ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്. കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനാണ് ശശി കലിംഗ. പ്രഭാവതിയാണ് ഭാര്യ.
കൊറോണ വൈറസ് ബാധ;ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐസിയുവിലേക്ക് മാറ്റി;നില അതീവ ഗുരുതരം
ലണ്ടൻ:കൊറോണ വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില അതീവ ഗുരുതരം.ഇന്നലെ രാത്രിയോടെ അസുഖം വഷളായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.കൊവിഡ് രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ് മെച്ചപ്പെട്ട പരിചരണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.ബോറിസ് ജോണ്‍സന്റെ ആരോഗ്യനില മോശമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് എൻ.എച്ച്.എസ് ആശുപത്രിയിലാണ് ബോറിസ് ജോണ്‍സണ്‍ ചികിത്സയിലുള്ളത്.ആരോഗ്യനില മെച്ചപ്പെടുന്നതായി കാണിച്ച് അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം രാത്രിയോടെ നില മോശമാവുകയായിരുന്നു.മാർച്ച് 27നാണ് ബോറിസിന് കോവിഡ് സ്ഥിരീകരിച്ചത്.നേരത്തെ ഒരാഴ്ചക്കാലം ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ ഫ്ലാറ്റിൽ ഐസൊലേഷനിലായിരുന്നു ബോറിസ് ജോണ്‍സണ്‍. ഐസൊലേഷൻ കാലാവധി പൂർത്തിയായിട്ടും പനിയും മറ്റു രോഗലക്ഷണങ്ങളും വിട്ടുമാറിയില്ല.തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.പനിയും ശ്വാസ തടസവും ശക്തമായതിനെ തുടർന്നായിരുന്നു ഇത്.ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഇന്നലെ മുതൽ ഓക്സിജൻ നൽകുന്നുണ്ട്. എന്നാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബിനാണ് ചുമതല കൈമാറിയിരിക്കുന്നത്.നേരത്തെ ജോൺസൺന്റെ ജീവിത പങ്കാളി ക്യാരി സിമണ്ട്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ ആറു മാസം ഗർഭിണിയാണ്. സിമണ്ട്സ് സുഖം പ്രാപിച്ച് വരികയാണ്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും ചീഫ് മെഡിക്കൽ ഓഫീസർ വിറ്റിക്കും നേരത്തേ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ബോറിസ് ജോൺസന്റെ ഉപദേഷ്ടാവ് ഡൊമിനിക് കമിംഗ്സും രോഗലക്ഷണങ്ങളെ തുടർന്ന് ഐസോലേഷനിലാണ്.ബ്രിട്ടണിൽ കൊവിഡ് വ്യാപനം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 439 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5373 ആയി. രാജ്യത്ത് രോഗികളുടെ എണ്ണം 50,000 കടന്നു.
തലശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു
കണ്ണൂർ:തലശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു.ഈസ്റ്റ് വെള്ളായി സ്വദേശിനി യശോധ(65) ആണ് മരിച്ചത്.ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം.കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം എതിരേ വന്ന ലോറിയുമായി ആംബുലൻസ് കൂട്ടിയിടിക്കുകയായിരുന്നു.ആംബുലന്‍സ് ഡ്രൈവര്‍ കുറ്റിയാട്ടൂര്‍ സ്വദേശി ഷിജിന്‍ മുകുന്ദനെ (28) പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13 പേർക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു.കാസര്‍കോട് 9,മലപ്പുറം 2,പത്തനംതിട്ട 1,കൊല്ലം 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.കാസര്‍കോട് രോഗം സ്ഥിരീകരിച്ച ആറുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ആള്‍ വിദേശത്തുനിന്നു വന്നതാണ്.കൊല്ലം, മലപ്പുറം സ്വദേശികള്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ലോകത്ത് കോവില്‍ ബാധിച്ച 18 മലയാളികള്‍ മരിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത്.എട്ടു മലയാളികളാണ് മരിച്ചത്. കൊറോണ തടഞ്ഞുനിര്‍ത്താന്‍ നിയന്ത്രണങ്ങള്‍ കൊണ്ട് സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ നിയന്ത്രണങ്ങള്‍ കൊണ്ട് രോഗവ്യാപനം തടയാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 266 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളത് 1,52,804 പേര്‍. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് മൂന്നു പേരുടെ രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനം ഏതു സാഹചര്യം നേരിടുന്നതിനും സജ്ജമാണ്. ഒന്നേകാല്‍ ലക്ഷത്തിലധികം കിടക്കകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിന് പുറമെ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളുമുണ്ട്. 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസലേഷന്‍ കിടക്കകളും ഒരുക്കിയിട്ടുണ്ട്. 38 പ്രത്യേക കൊറോണ കെയര്‍ ആശുപത്രികളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉടനെ തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.