അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്തു നിന്നും ഇന്ന് നാല് ട്രെയിനുകള്‍ കൂടി;പുറപ്പെടുന്നത് തൃശ്ശൂര്‍,കണ്ണൂര്‍,എറണാകുളം എന്നിവിടങ്ങളില്‍ നിന്നും

keralanews four trains for migrant workers from kerala today and trains are from kannur thrissur and ernakulam

തിരുവനന്തപുരം:അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഇന്ന് സംസ്ഥാനത്തു നിന്നും നാല് ട്രെയിനുകൾ കൂടി പുറപ്പെടും.തൃശ്ശൂര്‍, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുക.എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകളാണ് യാത്ര തിരിക്കുക.ബിഹാര്‍ സ്വദേശികള്‍ക്കായി എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. കേരളത്തില്‍ നിന്ന് ഇതുവരെ 7,000ത്തോളം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം മാത്രം അഞ്ചു ട്രെയിനുകള്‍ അതിഥിതൊഴിലാളികളുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. ഒഡീഷ, ബിഹാര്‍ സ്വദേശികളെ മാത്രമാണ് ഈ ട്രെയിനുകളില്‍ കൊണ്ടുപോയത്.തൃശ്ശൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. ക്യാമ്പുകളിൽ നേരിട്ട് പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ തെരഞ്ഞെടുത്താകും യാത്രയാക്കുക.ഇതിനായി പ്രത്യേക രജിസ്ട്രേഷനും ഉണ്ടാകും.

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 8 പേര്‍ രോഗമുക്തരായി

keralanews 2 covid cases in kerala today and 8 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.8 പേര്‍ ഇന്ന് രോഗമുക്തി നേടി. കണ്ണൂര്‍ 6, ഇടുക്കി 2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. സംസ്ഥാനത്ത് നിലവില്‍ 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 96 പേര്‍ ചികിത്സയിലും 21894 പേര്‍ നിരീക്ഷണത്തിലുമാണ്. 21494 പേര്‍ വീട്ടു നിരീക്ഷണത്തിലാണ്. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ 80 ഹോട്ട് സ്പോട്ടുകള്‍ ആണ് നിലവിലുള്ളത്.ഇന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. കണ്ണൂരില്‍ 23 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഇടുക്കിയിലും കോട്ടയത്തും 11 വീതം ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള ജില്ല കണ്ണൂരാണ്, 38പേര്‍.ഇവരില്‍ രണ്ടുപേര്‍ കാസർകോട് സ്വദേശികളാണ്.കാസര്‍കോട് 22പേര്‍ കോട്ടയത്ത് 18, കൊല്ലം, ഇടുക്കി എന്നിവിടങ്ങളില്‍ 12പേര്‍ വീതവും ആളുകള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.ഒരു മാസത്തിലധികമായി വയനാട്ടില്‍ കോവിഡ്-19 കേസുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഒരു കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട് ഗ്രീന്‍ സോണില്‍നിന്ന് ഓറഞ്ച് സോണിലേക്ക് മാറും.

കാസര്‍ഗോഡ് കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായി ഇടപഴകിയതിനെ തുടർന്ന് നിരീക്ഷണത്തില്‍ പോയ മുഴുവന്‍ പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്

keralanews the test result of those who were in contact with the journalist confirmed covid is negative in kasarkode

കാസര്‍ഗോഡ്:ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായി ഇടപഴകിയതിനെ തുടർന്ന് നിരീക്ഷണത്തില്‍ പോയ മുഴുവന്‍ പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഐ.ജി വിജയ് സക്കാറെ, ഡിവൈഎസ്പി തുടങ്ങിയവര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്. കളക്ടറുടെ ഗണ്‍മാന്‍ ,ഡ്രൈവര്‍ എന്നിവരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകനുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്നലെ രണ്ട് പേര്‍ കൂടി രോഗമുക്തി നേടിയതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 179 ആയി. 12 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് മദ്യ വില്പനശാലകൾ ഉടൻ തുറക്കില്ല

keralanews liquor stores will not open soon in the state

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പനശാലകള്‍ തല്‍ക്കാലം തുറക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.മദ്യശാലകള്‍ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോൾ അനിയന്ത്രിതമായ തിരക്കുണ്ടാകാന്‍ സാധ്യതയുണ്ട്. എത്ര കണ്ട് സാമൂഹിക അകലം പാലിച്ചാലും കനത്ത തിരക്കുണ്ടാവും.അതിനാല്‍ സാഹചര്യം പരിശോധിച്ച്‌ മാത്രം മദ്യവില്‍പനശാലകള്‍ തുറന്നാല്‍ മതിയെന്നാണ് നിലവിലെ ധാരണ.‌റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മദ്യ ഷാപ്പുകള്‍ ശുചീകരിച്ച്‌ അണുവിമുക്തമാക്കിയ ശേഷം മാനദണ്ഡങ്ങള്‍ക്ക് വിധേയമായി തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മാര്‍ഗ നിര്‍ദേശത്തില്‍ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. ബാറുകളുടെ കാര്യത്തില്‍ പിന്നീട് ആലോചിച്ച്‌ തീരുമാനമെടുക്കും.മദ്യം ഓണ്‍ലൈനില്‍ നല്‍കാന്‍ സര്‍ക്കാറോ ബീവറേജ് കോര്‍പ്പറേഷനോ തീരുമാനമെടുത്തിട്ടില്ല. മദ്യം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.എന്നാല്‍ ബെവ്കോ മദ്യവില്‍പനശാലകള്‍ തുറക്കുന്നതിന് മുന്നോടിയായി അണുനശീകരണം ആരംഭിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ള തുറക്കാനാവുമെന്ന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ശുചീകരണം നടത്തിയത്.

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കേരളത്തില്‍ നിന്ന് ഇന്ന് അഞ്ച് പ്രത്യേക ട്രെയിനുകള്‍

keralanews five special trains from kerala today for migrant workers

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം മടങ്ങിപ്പോകാന്‍ ശനിയാഴ്ച കേരളത്തിൽ നിന്നും അഞ്ച് പ്രത്യേക ട്രെയിന്‍ സർവീസുകൾ. തിരുവനന്തപുരം, കോഴിക്കോട്, ആലുവ, തിരൂര്‍, എറണാകുളം സൗത്ത് എന്നിവിടങ്ങളില്‍നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ശാരീരിക അകലം പാലിച്ച്‌ കര്‍ശന സുരക്ഷയോടെയാണ് യാത്ര.തിരുവനന്തപുരത്തുനിന്നും ജാര്‍ഖണ്ഡിലെ ഫാതിയിലേക്കാണ് ട്രെയിന്‍. ഉച്ചക്ക് രണ്ടോടെ ട്രെയിന്‍‌ പുറപ്പെടുമെന്നാണ് അറിയുന്നത്. കോഴിക്കോട് നിന്നും ജാര്‍‌ഖണ്ഡിലേക്ക് അതിഥി തൊഴിലാളികളുമായി ട്രെയിന്‍ ഓടും. വൈകിട്ടാണ് ഇവിടെനിന്നും ട്രെയിന്‍‌ പുറപ്പെടുന്നത്. ആലുവയില്‍നിന്നും തിരൂരില്‍നിന്നും ബിഹാറിലെ പാറ്റ്നയിലേക്കാണ് ട്രെയിന്‍. എറണാകുളം സൗത്തില്‍നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിന്‍ പുറപ്പെടുന്നത്.വെള്ളിയാഴ്ചയാണ് അതിഥി തൊഴിലാളികളുമായുള്ള ആദ്യത്തെ ട്രെയിന്‍ കേരളത്തില്‍നിന്നും പുറപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ ആലുവയില്‍ നിന്നും പുറപ്പെട്ട ട്രെയിനിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1152 പേരാണ് യാത്രചെയ്യുന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാത്ര.ടിക്കറ്റ് ചാര്‍ജ് മാത്രമാണ് തൊഴിലാളികളില്‍നിന്ന് ഈടാക്കിയത്. ട്രെയിനില്‍ ഇവര്‍ക്കുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ട്.സംസ്ഥാനത്ത് ഏകദേശം 3,60,000 അതിഥി തൊഴിലാളികളാണുള്ളത്. 20,826 ക്യാമ്പുകളിലായാണ് ഇവര്‍ കഴിയുന്നത്. ഇവര്‍ക്ക് സ്വന്തം നാടുകളിലേക്ക് മട ക്കയാത്ര അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

ലോക്ക് ഡൌൺ നീട്ടൽ;കേരളത്തിലെ ഇളവുകളിൽ ഇന്ന് തീരുമാനമുണ്ടാകും

keralanews lock down extension concessions in kerala will be decided today

തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇളവുകളു നിയന്ത്രണങ്ങളും സംബന്ധിച്ച്‌ ഇന്ന് തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 11 മണിക്ക് ഉന്നതതലയോഗം ചേരും. പൊതു ഗതാഗത സംവിധാനം മേയ് 15 വരെ ഒഴിവാക്കുമെങ്കിലും റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളോടെ സ്വകാര്യവാഹനങ്ങള്‍ അനുവദിച്ചേക്കും.ഗ്രീന്‍, ഓറഞ്ച് മേഖലകളില്‍ മദ്യശാലകള്‍ തുറക്കാനും തീരുമാനമുണ്ടായേക്കും. റെഡ് സോണായി രണ്ട് ജില്ലകള്‍ ഒഴികെ ബാക്കിയുള്ള ജില്ലകളില്‍ നിലവിലെ നിയന്ത്രങ്ങളില്‍ ഇളവ് വരുത്താനുള്ള ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. പൊതുഗതാഗതം, അന്തര്‍സംസ്ഥാന യാത്രകള്‍, സിനിമ തീയറ്റര്‍ ,മാളുകള്‍ ,ആരാധനാലയങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണം എല്ലാ ജില്ലകളിലും തുടരും. കൂടുതല്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനവും ഉണ്ടായേക്കും.എന്നാല്‍ അന്തര്‍ജില്ലായാത്രകള്‍ക്ക് നിയന്ത്രണമുണ്ടാകും. ഓറഞ്ച് സോണില്‍ ടാക്സികള്‍ അനുവദിക്കും. കേന്ദ്ര നിര്‍ദ്ദേശപ്രകാരം 50 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി ബസ് സര്‍വ്വീസ് നടത്താമെങ്കിലും മേയ് 15 വരെ അതേകുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നാണ് വിവരം.രാവിലെ 11 മണിക്ക് ചേരുന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനത്തെ ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

രാജ്യത്ത് ലോക്ക് ഡൌൺ മെയ് 17 വരെ നീട്ടി

keralanews lock down extended to may17 in india

ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ മെയ് 17 വരെ നീട്ടി.മേയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിക്കിരിക്കെയാണ് പുതിയ തീരുമാനം, രാജ്യത്താകെ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.നിരവധി സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവിൽ പറയുന്നത്. കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ കർശന നിയന്ത്രണങ്ങൾ തുടരും. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രണ്ടാഴ്ചത്തേക്ക് പൊതുഗതാഗതം ഉണ്ടാകില്ല. ട്രെയിൻ, വിമാന സർവ്വീസുകൾ തുടങ്ങില്ല.ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടഞ്ഞുകിടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളും തുറക്കില്ല. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയിൽ വിഭജനമുണ്ടാകും. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സമ്മേളനങ്ങള്‍ അനുവദനീയമല്ല. ആരാധനാലയങ്ങളിലെ സംഘംചേരലും അനുവദനീയമല്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളിൽനിന്നു പുറത്തിറങ്ങരുത്. 21 ദിവസത്തില്‍ പുതിയ കേസുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എന്നാൽ ഗ്രീൻസോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകും. ഓറഞ്ച് സോണിലും ഭാഗീക ഇളവുകൾ നൽകും.ഓറഞ്ച് സോണിൽ ടാക്സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്സിയിൽ കയറാവൂം എന്നും കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചു.

മെയ് മൂന്നിന് ശേഷം സംസ്ഥാനത്തെ ബീവറേജസ് ഔട്‍ലെറ്റുകൾ തുറക്കാൻ സാധ്യത

keralanews beverage outlets are likely to open in the state after may 3

തിരുവനന്തപുരം:തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ ഒരുങ്ങാന്‍ ബെവ്കോ എം.ഡിയുടെ നിര്‍ദ്ദേശം. മദ്യശാലകള്‍ തുറക്കാനുള്ള പത്തിന നിര്‍ദ്ദേശങ്ങള്‍ മാനേജര്‍മാര്‍ക്ക് എം.ഡി നല്‍കി.സര്‍ക്കാര്‍ നിര്‍ദ്ദേശം വരുന്ന മുറയ്ക്ക് ജീവനക്കാര്‍ തയ്യാറാകണമെന്നാണ് മുന്നറിയിപ്പ്. നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ ഷോപ്പുകള്‍ തുറന്ന് അണുനശീകരണം നടത്തണം. ജീവനക്കാര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും ജീവനകാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വന്നാല്‍ മെയ് 4 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് ബീവറേജസ് കോര്‍പറേഷന്‍ വിലയിരുത്തല്‍. തുറന്നു പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റുകളുടെ മുന്നില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഓഡിറ്റര്‍മാര്‍ പരിശോധനയില്‍ ഉറപ്പുവരുത്തണമെന്നും എം.ഡി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.ലോക്ക് ഡൗണ്‍ തുടങ്ങിയ മാര്‍ച്ച്‌ 24 മുതലാണ് ഔട്ട്ലെറ്റുകളും, ഗോഡൗണുകളും പൂട്ടിയത്.

പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു

keralanews famous bollywood actor rishi kapoor passed away

മുംബൈ: പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ എച്ച്‌എന്‍ റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഒരു വര്‍ഷത്തോളം അദ്ദേഹം ചികിത്സയുമായി ബന്ധപ്പെട്ട് യുഎസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്.നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ്താരം രണ്‍ബീര്‍ കപൂര്‍ മകനാണ്. റിദ്ധിമ കപൂര്‍ സാഹ്നി മകളാണ്. ഭാര്യ നീതു സിങ്.

മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലാ കലക്ടര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

keralanews covid confirmed in journalist kasarkode district collector goes into self quarantine

കാസർകോഡ്:മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബു സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.കോവിഡ് 19 സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു.ഇതോടെയാണ് കളക്ടറും ഡ്രൈവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പോയത്. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, അദ്ദേഹത്തിന്റെ ഡ്രൈവര്‍, ഗണ്‍മാന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോയത്.ജില്ലാ കളക്ടറുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു.ജില്ലയിലെ സാമൂഹ്യ വ്യാപന സാധ്യത പരിശോധനയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചത്. ഈ പരിശോധനയിലാണ് ഒരു പോസ്റ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും നിരീക്ഷണത്തില്‍ പോവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.ജില്ലയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകന് പുറമെ മറ്റൊരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെമ്മനാട് പഞ്ചായത്തിലെ 29 കാരനാണ് കോവിഡ്19 സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി. ഇദ്ദേഹം മുംബൈയില്‍ നിന്നാണ് നാട്ടിലെത്തിയത്. വീട്ടില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.