തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവന്തപുരം നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസാണ്(77) കോവിഡ് ബാധിച്ച് മരണപ്പെട്ടത്.ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരണം.കോവിഡ് ബാധ മൂലമാണ് മരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.അതേസമയം മരണപ്പെട്ട വൈദികന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.വൈദികനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെയും പേരൂര്‍ക്കട ഗവ. ആശുപത്രിയിലെയും ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെ 30 പേരെ ക്വാറന്റൈനിലാക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. മെഡിക്കല്‍ കോളേജില്‍ വൈദികന് ചികിത്സയില്‍ കഴിഞ്ഞ ബെഡില്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ച കൊല്ലം സ്വദേശിയായ രോഗിയെയും വൈദികനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി. ഏപ്രില്‍ 20നാണ് നാലാഞ്ചിറ ബനഡിക്ട് നഗറില്‍ നിന്ന് റോഡിലൂടെ വന്ന ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നതിനിടെ വൈദികന് അപകടത്തില്‍പ്പെട്ടത്. അപകടത്തിനിടയാക്കിയ ബൈക്ക് നിര്‍ത്താതെ പോകുകയും ചെയ്തു.തലയ്ക്ക് പരുക്കേറ്റ് റോഡില്‍ വീണ് കിടന്ന വൈദികനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് എത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 20ന് ഡിസ്ചാര്‍ജ് ചെയ്ത് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്കയച്ചു. അവിടെ ചികിത്സ തുടര്‍ന്നെങ്കിലും ശ്വാസതടസ്സമുണ്ടായി.30ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നു. സൂപ്പര്‍ സ്പെഷ്യാലിറ്റി ഐ.സി.യുവില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. മരണശേഷമാണ് കൊവിഡ് പരിശോധനാഫലം ലഭിച്ചത്. ഇത് കാരണം വൈദികന് കൊവിഡ് ബാധയുണ്ടെന്നറിയാതെ നിരവധി പേര് ആശുപത്രിയില്‍വച്ച് അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടു.ഇവരെ തിരിച്ചറിയുകയും സമ്പർക്കപ്പട്ടിക തയ്യാറാക്കുകയുമാണ് ആരോഗ്യവകുപ്പിന്റെ മുന്നിലുള്ള ദൗത്യം.പോത്തന്‍കോട് എ.എസ്.ഐയ്ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെ വൈദികന്റെ രോഗബാധയും ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ട് മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിനിടെ ബാഹ്യസമ്പർക്കത്തിന് സാദ്ധ്യതയില്ലാതിരുന്ന വൈദികന് ആശുപത്രിയില്‍ നിന്നാകാം രോഗമുണ്ടായതെന്നാണ് നിലവിലെ സംശയം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല.
കെഎസ്ആർടിസി അയൽജില്ലകളിലേക്കുള്ള സർവീസ് ആരംഭിച്ചു
തിരുവനന്തപുരം:കെഎസ്ആർടിസി അയൽജില്ലകളിലേക്കുള്ള സർവീസ് ആരംഭിച്ചു.രാവിലെ അഞ്ചുമണി മുതൽ രാത്രി ഒൻപത് മാണി വരെയാണ് സർവീസ്.രാത്രി 9 മാനിക്കുള്ളിൽ ഡിപ്പോയിൽ തിരിച്ചെത്താൻ കഴിയും വിധമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.യാത്രക്കാരുടെ തിരക്കനുസരിച്ചാണ് ബസുകള്‍ വിടുന്നത്. ചൊവ്വാഴ്ച മുതല്‍ സര്‍വീസ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും വിശദമായ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഇന്നലെ ബസ് ഓടിയില്ല. ഗതാഗതമന്ത്രി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഇന്ന് മുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.പഴയ ടിക്കറ്റ് നിരക്കിലായിരിക്കും സര്‍വീസ് നടത്തുക. എല്ലാ സീറ്റുകളിലേക്കും യാത്രക്കാരെ കയറ്റും. നിര്‍ത്തിയുള്ള യാത്ര അനുവദിക്കില്ല. തീവ്രബാധിത പ്രദേശങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കില്ല. ജില്ലകള്‍ക്കകത്തെ സര്‍വീസിന് കൂട്ടിയ ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം പഴയ നിരക്കില്‍ സമീപ ജില്ലയിലേക്ക് സര്‍വീസ് നടത്താനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. നിരക്ക് വര്‍ദ്ധിപ്പിക്കാതെ അന്തര്‍ജില്ലാ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.
വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവം;8 പേരെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടന്‍
തിരുവനന്തപുരം:വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തിൽ എട്ടുപേരെ തിരിച്ചറിഞ്ഞു.26 ഫെയ്സ്ബുക്ക് അക്കൌണ്ടുകള്‍ നിരീക്ഷണത്തിലാണ്. ഓൺലൈൻ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ചതിൽ നാല് വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു. പൊലീസ് നിർദ്ദേശപ്രകാരം ഇവരുടെ ഫോണുകൾ രക്ഷിതാക്കൾ പൊലീസിന് കൈമാറി.വിക്ടേഴ്സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപകര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് വ്യാപകമായ അശ്ലീല പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, എഡിജിപി മനോജ്എബ്രഹാമിന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ സൈബര്‍ ഡോം നൂറിലധികം ഫെയ്സ്ബുക്ക് അക്കൌണ്ടുകള്‍ പരിശോധിച്ചു. ഇതില്‍ നിന്ന് 8 പേരെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. 5 പേര് സംസ്ഥാനത്ത് തന്നെ ഉള്ളവരും മൂന്ന് പേര് പ്രവാസികളുമാണ്. 26 ഫെസ്സ്ബുക്ക് അക്കൌണ്ടുകളും 50ലധികം വാട്സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്. സംസ്ഥാന വനിത കമ്മീഷനും യുവജന കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തു.
നിസര്‍ഗ തീവ്ര ചുഴലികാറ്റായി മാറി; മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശങ്ക
മുംബൈ: അറബികടലില്‍ രൂപം കൊണ്ട് നിസര്‍ഗ ചുഴലികാറ്റ് ഇന്ന് അതിതീവ്ര ചുഴലികാറ്റായി മാറും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയുള്ള ചുഴലികാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നിസര്‍ഗ മുംബൈ തീരത്തോട് അടുക്കുകയാണ്. ഇന്ന് വൈകിട്ടോടെ മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാണ് കാറ്റ് തീരത്തേക്ക് വീശുക.അതി തീവ്രമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്കന്‍ മഹാരാഷ്ട്രയുടെ തീരവും ഗുജറാത്തിന്റെ തെക്കന്‍ തീരവും അതീവ ജാഗ്രതയിലാണ്.മുംബൈ, പാൽഗർ, താനെ, റായ്ഗഡ് ജില്ലകളിലും ഗുജറാത്തിലെ സൂറത്ത്, ബറൂച്ച് ജില്ലകളിലും ദാദ്ര നഗർഹവേലിയിലും കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്രയുടെ തീര പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. ഗുജറാത്തിന്റെ തെക്ക് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.തെക്ക് സിന്ധുദുർഗ് മുതൽ വടക്ക് സൂറത്ത് വരെയുള്ള മഹാരാഷ്ട്ര – ഗുജറാത്ത് തീരത്ത് ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ ഭാഗങ്ങളിൽ കടൽ വെള്ളം ഒന്നര കിലോമീറ്റർ വരെ ഉള്ളിലേയ്ക്ക് കയറാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുബൈ വിമാനത്താവളത്തിൽ സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. കൊങ്കൺ പാതയിലൂടെയുള്ള സ്പെഷ്യൽ ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായി റെയിൽവെ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേയ്ക്ക് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. നിസർഗയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.രണ്ട് ആഴ്ച്ചക്കുള്ളില് ഇന്ത്യന്‍ തീരത്തേക്ക് വീശിയടിക്കുന്ന രണ്ടാമത്തെ കാറ്റാണ് നിസര്‍ഗ. കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ഏറ്റവും ഭീകരമായ ഉംപുന്‍ ചുഴലികാറ്റ് ബംഗാളിലും ഒഡീഷന് തീരങ്ങളിലും വലിയ നാശനഷ്ടം വിതച്ചിരുന്നു.സംഭവത്തില്‍ നൂറോളം പേര് മരണപ്പെടുകയും ലക്ഷകണക്കിന് ആളുകളെ ഇത് ബാധിച്ചിട്ടുമുണ്ട്. ഒരു ലക്ഷം കോടിയുടെ നാശനഷ്ടമാണ് പശ്ചിം ബംഗാള്‍ മുഖ്യ മന്ത്രി കണക്കാക്കിയിട്ടുള്ളത്.
ഉത്ര കൊലക്കേസ് വഴിത്തിരിവിലേക്ക്;സൂരജിന്റെ അച്ഛന് സുരേന്ദ്രന് അറസ്റ്റില്‍
കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സൂരജിന്റെ അച്ഛന് സുരേന്ദ്രന് അറസ്റ്റില്‍. മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. എല്ലാം അച്ഛന് അറിയാമായിരുന്നെന്ന് സൂരജ് മൊഴി നൽകിയിരുന്നു. സൂരജിന്റെ വീട്ടില്‍ നിന്ന് ഉത്രയുടേതെന്ന് സംശയിക്കുന്ന ആഭരണങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അടൂരിലെ വീടിന് പുറത്ത് നിന്നാണ് സ്വർണം കണ്ടെടുത്തത്. സ്വർണാഭരണങ്ങൾ പലയിടങ്ങളിൽ കുഴിച്ചിട്ട നിലയിലായിരുന്നു.സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ചുകൊടുത്തത്. കൊലപാതകത്തിന് മുമ്പ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ ഫോറൻസിക് , റവന്യു സംഘവും ഉണ്ടായിരുന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, സ്റ്റെയർകെയ്സ്, വീടിന്റെ പരിസരം എന്നിവിടങ്ങളില്‍ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു.റവന്യു വകുപ്പ് ജീവനക്കാർ വീടിന്റെ സ്കെച്ച് തയ്യാറാക്കി.അടൂർ തഹസിൽദാർ അടക്കമുള്ളവരാണ് തെളിവ് ശേഖരണത്തിനിടെ വീടിൻ്റെ സ്കെച്ച് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറിയത്.സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരിൽ നിന്നും അന്വേഷണസംഘം വിശദാംശങ്ങൾ തേടിയിരുന്നു.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം;നിസര്‍ഗ ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ രൂപപ്പെട്ടേക്കും
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്ന് കേരളത്തിലുടനീളം കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്രന്യൂനമര്‍ദമാകും. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നാണ് പ്രവചനം. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിലെത്തും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ല. എന്നാല്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് സംസ്ഥാനതെത്തുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രണ്ട് ന്യൂനമര്‍ദ്ദങ്ങളാണ് നിലവിലുള്ളത്. ഇതിലൊന്ന് പടിഞ്ഞാറന്‍ തീരത്തും രണ്ടാമത്തെ ന്യൂനമര്‍ദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയിലുമാണ്. കേരള തീരത്തെ ന്യൂനമര്‍ദ്ദം കഴിഞ്ഞ 48 മണിക്കൂറില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. ഇതു നാളെയോടെ നിസര്‍ഗ ചുഴലിക്കാറ്റാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ കാലവര്‍ഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വാര്‍ത്തസമ്മേളനം വിളിച്ചിട്ടുണ്ട്.ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം അറബിക്കടല്‍ അതിപ്രക്ഷുബ്ധമായതിനാല്‍ കേരള തീരത്ത് നിന്നുള്ള മല്‍സ്യ ബന്ധനത്തിന് പൂര്‍ണ്ണ നിരോധനം തുടരുകയാണ്. കേരളത്തില്‍ നിന്ന് യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.
നാല് സ്റ്റോപ്പുകള്‍ വെട്ടിച്ചുരുക്കി കണ്ണൂര്‍ ജനശതാബ്ദി; സര്‍വ്വീസ് കോഴിക്കോട് വരെ മാത്രം
തിരുവനന്തപുരം; ഇന്ന് സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാനിരിക്കെ, തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയുടെ നാല് സ്റ്റോപ്പുകള്‍ സര്‍ക്കാര്‍ ഇടപെടല്‍ മൂലം വെട്ടിച്ചുരുക്കി. കണ്ണൂരിന് പകരം കോഴിക്കോട് സ്റ്റേഷനില്‍ നിന്നാവും തീവണ്ടി തിരുവനന്തപുരത്തേക്ക് പുറപ്പെടുക.തിരികെ തിരുവനന്തപുരത്ത് നിന്നും ഉച്ചയോടെ പുറപ്പെടുന്ന ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ സര്‍വ്വീസ് അവസാനിപ്പിക്കും.കണ്ണൂര്‍ കൂടാതെ ജനശതാബ്ദിയുടെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്റ്റോപ്പുകളും കേരള സർക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.കണ്ണൂര്‍ ജില്ലയിലെ ഉയര്‍ന്ന പോസിറ്റീവ് കേസുകളും എല്ലാ സ്റ്റേഷനുകളിലും സ്ക്രീനിങ് സംവിധാനം വ്യാപിപ്പിക്കാനുമുള്ള അസൗകര്യം മൂലമാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതെന്നാണ് സൂചന.ചൊവ്വ, ശനി ഒഴികെ ആഴ്ചയില്‍ മറ്റു അഞ്ച് ദിവസവും ജനശതാബ്ദി സര്‍വ്വീസ് നടത്തും.അതേസമയം ഇന്ന് മുതല്‍ കൂടുതല്‍ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി കേരളത്തില്‍ ആറ് ട്രെയിനുകള്‍ ഓടി തുടങ്ങും. മുംബൈയിലേക്കുള്ള നേത്രാവതി, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, തിരുവന്തപുരം കണ്ണൂര്‍ (കോഴിക്കോട് വരെ) ജനശതാബ്ദി, മംഗളാ എക്സ്പ്രസ് , നിസാമുദ്ദീന്‍-എറണാകുളം തുരന്തോ, തിരുവനന്തപുരം -എറണാകുളം പ്രത്യേക ട്രെയിന്‍ എന്നിവയാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്.യാത്രക്കാര്‍ ഒന്നര മണിക്കൂര്‍ മുന്‍പ് റെയില്‍വേ സ്റ്റേഷനില്‍ എത്തണം. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്ര അനുവദിക്കില്ല. എസി, സ്ലീപ്പര്‍ കോച്ചുകളില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ അനുവദിക്കുമെന്നതിനാല്‍ സാമൂഹിക അകലം പാലിക്കുന്നത് വെല്ലുവിളിയാണ്. ട്രെയിനില്‍ പാന്ട്രികള് പ്രവര്‍ത്തിക്കില്ലാത്തതിനാല്‍ ഭക്ഷണവും വെള്ളവും യാത്രക്കാര്‍ കരുതണം.ടിക്കറ്റുകള്‍ ഓണ്‍ലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാം.
സംസ്ഥാനത്ത് ലോക്ഡൌണ് ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ചാംഘട്ട ലോക്ഡൌണ് ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതിയോഗം വിളിച്ചിട്ടുണ്ട്.കേന്ദ്രം പ്രഖ്യാപിച്ച എല്ലാ ഇളവുകളും നടപ്പാക്കിയാല്‍ ഇതുവരെ സ്വീകരിച്ച പ്രതിരോധ പ്രവത്തനങ്ങള്‍ താറുമാറാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.അതുകൊണ്ട് കേന്ദ്രം പറഞ്ഞിരിക്കുന്ന എല്ലാ ഇളവുകളും കേരളത്തിലുണ്ടാകാന്‍ സാധ്യതയില്ല.അൺലോക്ക് എന്ന പേരിൽ ജൂൺ എട്ട് മുതൽ വലിയ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ആരാധനാലയങ്ങളും മാളുകളും എല്ലാ തുറക്കാം.അന്തര്‍സംസ്ഥാനയാത്രക്ക് പാസ് വേണ്ട തുടങ്ങിയ കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയാണുള്ളത്.മറ്റ് സംസ്ഥാനങ്ങളിലെ അതിതീവ്രമേഖലകളിൽ നിന്നും ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ എത്തുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സംസ്ഥാനം കാണുന്നത്.അത് കൊണ്ട് പാസ് തുടരണമെന്നാണ് കേരളത്തിന്റെ നിലപാട്.ആരാധനാലയങ്ങൾ തുറന്ന് കൊടുക്കുന്നതിലും കടുത്ത ആശങ്ക സംസ്ഥാനത്തിനുണ്ട്. മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.ആരാധനാലയങ്ങള്‍ തുറന്നാലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും.മാളുകളും ഹോട്ടലുകളും തുറന്നാലും ആളുകളുടെ എണ്ണത്തിലടക്കം നിയന്ത്രണങ്ങളുണ്ടാകും. നിലവില്‍ ജില്ലകള്‍ക്കുള്ളിലാണ് പൊതു ഗതാഗതമുള്ളത്.കേന്ദ്ര ഇളവുകള്‍ അനുസരിച്ച് അന്തര്‍ ജില്ല യാത്രയ്ക്ക് പൊതുഗതാഗതം ആരംഭിക്കണമോ എന്ന കാര്യവും ഇന്ന് തീരുമാനിക്കും.ഏത് മേഖലയില്‍ ഇളവ് നല്കിയാലും നിയന്ത്രണങ്ങളുണ്ടാകുമെന്ന് തന്നെയാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.അതേസമയം കണ്ടെയ്ന്മെന്റ് സൊണുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ മാത്രമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ പ്രാബല്യത്തില്‍ ഉള്ളത്. കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശ്ശന നിയന്ത്രണങ്ങളായിരിക്കും. സംസ്ഥാന സര്‍ക്കാരിന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാം
സംസ്ഥാനത്ത് സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠനത്തിന് തുടക്കമായി
തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠനത്തിന് തുടക്കമായി.തിങ്കളാഴ്ച രാവിലെ 8.30നാണ് ഫസ്റ്റ് ബെല്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലാസ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം തുടങ്ങിയത്. പ്ലസ് ടു ഇംഗ്ലീഷ് ക്ലാസാണ് ആദ്യം തുടങ്ങിയത്.അധ്യാപികമാരായ രതി എസ് നായര്‍, എം വി അരൂജ് എന്നിവരാണ് ആദ്യ ക്ലാസ് നയിച്ചത്.ഗായിക ചിത്രയുടെ ഗാനത്തോടെയായിരുന്നു തുടക്കം. അതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ പ്രസംഗം.ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രായോഗികത അധ്യാപകര്‍ നിരീക്ഷിക്കണമെന്നും വിദ്യാര്‍ഥികള്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും ആമുഖ സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. രാവിലെ എട്ടര മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ് നടക്കും. രാവിവെ 8.30 മുതല്‍ 10.30 വരെയുള്ള ആദ്യ ക്ലാസ് പ്ലസ് ടു കാര്‍ക്കാണ്. 10.30 മുതല്‍ 11 വരെ ഒന്നാം ക്ലാസുകാര്‍ക്കും 11 മുതല്‍ 12.30 വരെ പത്താം ക്ലാസുകര്‍ക്കുമുള്ള സമയമാണ്. ഒന്ന് മുതല്‍ ഏഴ് വരെ ഉള്ളവര്‍ക്ക് അര മണിക്കൂറാണ് ക്ലാസ്.ടിവിയോ ഓണ്‍ലൈന്‍ സംവിധാനമോ ഇല്ലാത്തിടങ്ങളിൽ പിടിഎയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മറ്റ് സംവിധാനമൊരുക്കും. ക്ലാസുകളുടെ പുന സംപ്രേഷണവും ഉണ്ടാകും. ഓണ്‍ലൈന്‍ ക്ലാസിന് പുറമേ അധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പഠനം ശ്രദ്ധിക്കും.ക്ലാസ് മുറിയിലേത് പോലെ കുട്ടികള്‍ക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകുമോയെന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ട്. ആദ്യ ആഴ്ചയിലെ ഓൺലൈൻ ക്ലാസുകൾ വിലയിരുത്തിയ ശേഷം മെച്ചപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശിനി സുലൈഖ
കോഴിക്കോട്:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മാവൂര്‍ സ്വദേശി സുലൈഖയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. റിയാദില്‍ നിന്നെത്തിയ ഇവര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.റിയാദില്‍ നിന്നും ഈ മാസം 20നാണ് സുലൈഖയും ഭര്‍ത്താവും നാട്ടിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സുലൈഖയെ ഈ മാസം 25ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 27നാണ് കോവിഡ് സ്ഥിരീകരിച്ചത്. പിറ്റേദിവസം ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ ഹൃദയ സ്തംഭനവുമുണ്ടായി. ഗുരുതരാവസ്ഥയിലായ സുലൈഖയെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാത്രി 7.20ഓടെയാണ് മരണം സംഭവിച്ചത്. സുലൈഖയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹമിപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.