കണ്ണൂർ:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച് മണിക്കൂറുകൾക്കകമാണ് മരണം.മെയ് 22നാണ് മുഹമ്മദും കുടുംബവും മസ്ക്കറ്റിൽ നിന്നും കണ്ണൂരിലെത്തിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് ഇദ്ദേഹത്തിന്‍റെ മകന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇയാൾ അഞ്ചരക്കണ്ടി കോവിഡ് കേന്ദ്രത്തിൽ ചികിത്സയിലാണ്. ഇന്നലെയാണ് മുഹമ്മദിനും ഭാര്യക്കും മകന്‍റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ പരിയാരം മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ രാത്രി 10.30 ഓടെ മുഹമ്മദ് മരിച്ചു. നിലവിൽ ഇദ്ദേഹം ക്യാൻസർ രോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.ഏറെ കാലം ഇരിട്ടിയിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തിയിരുന്ന മുഹമ്മദ് കുറച്ച് കാലമായി കുടുംബസമേതം മസ്ക്കറ്റിലായിരുന്നു താമസം. കോവിഡ് പ്രോട്ടോക്കാൾ പ്രകാരം മുഹമ്മദിന്‍റെ മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കും.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.
അമ്മ വഴക്കു പറഞ്ഞതിന്റെ വിഷമത്തില്‍ ഏഴുവയസ്സുകാരന്‍ തൂങ്ങി മരിച്ചു; സംഭവം കണ്ണൂരില്‍
കണ്ണൂർ:അമ്മ വഴക്കു പറഞ്ഞതിന്റെ വിഷമത്തില്‍ ഏഴുവയസ്സുകാരന്‍ തൂങ്ങി മരിച്ചു.കണ്ണൂർ വാരത്താണ് സംഭവം.റിജ്വല്‍ എന്ന ഏഴുവയസുകാരനാണ് ബന്ധുവീട്ടില്‍ വച്ച് മരിച്ചത്. ഇവിടെ താമസിക്കാനെത്തിയതായിരുന്നു കുട്ടിയുടെ കുടുംബം.ബന്ധുവീട്ടിലെ കുട്ടികളുമായി റിജ്വല്‍ വഴക്കുകൂടുന്നതിന് അമ്മ ശരണ്യ തല്ലുകയും വഴക്കുപറയുകയും ചെയ്തിരുന്നു.തല്ലിയതിന്റെ വിഷമത്തില്‍ കുട്ടി മുറിയില്‍ കയറി സാരി കഴുത്തില്‍ മുറുക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റൂമിൽ കയറിയ കുട്ടിയെ പിന്നീട് സാരി കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെതെന്നാണ് ചക്കരക്കല്‍ സി ഐ വിനോദ് പറയുന്നത്. അതേസമയം അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു.നെടുമങ്ങാട് സ്വദേശി മുരുകേശ് ആണ് മരിച്ചത്.കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.രാവിലെ ആത്മഹത്യക്ക് ശ്രമിച്ച ആനാട് സ്വദേശി ഉണ്ണിയെന്നായാളും മരിച്ചിരുന്നു.രാവിലെ മരിച്ച ആനാട് സ്വദേശിയേപ്പോലെതന്നെ ഇയാളും മദ്യാപാനാസക്തിയുള്ള ആളായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട മാനസിക, ശാരീരിക അസ്വസ്ഥതകള്‍ ഇയാള്‍ക്കുണ്ടായിരുന്നു എന്നാണ് സൂചന.
സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ;പോലീസിന്റെ മൊബൈൽ ആപ്പ് പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം: പോലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍-ആപ്പ് എന്നാണ് മൊബൈല്‍ ആപ്ലിക്കേഷന് പേര് നൽകിയിരിക്കുന്നത്.15 സേവനങ്ങള്‍ക്കൂടി വൈകാതെ ഈ ആപ്പില്‍ ലഭ്യമാകും. സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരളാ പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പർ, ഇ മെയില്‍ വിലാസം എന്നിവ ആപ്പില്‍ ലഭ്യമാണ്. പ്രഥമവിവര റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. പോലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും ആപ്പ് ഉപയോഗിക്കാം. പാസ്സ്‌പോര്‍ട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ആപ്പില്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേയ്ക്ക് സേവനം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം അയയ്ക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടിത്തിയിട്ടുണ്ട്. വീട് പൂട്ടി പോകുന്ന അവസരങ്ങളില്‍ അക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനില്‍ അറിയിക്കാനും ഈ ആപ്പ് ഉപയോഗിക്കാം.ജനങ്ങള്‍ അറിയേണ്ട പോലീസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാകും. പോലീസിന്റെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും ഇതില്‍ ലഭിക്കും. ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകള്‍ക്ക് ഉപകാരമായ ടൂറിസ്റ്റ് ഗൈഡ്, സൈബര്‍ മേഖലയിലെ തട്ടിപ്പുകള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍, പ്രധാനപ്പെട്ട സര്‍ക്കാര്‍ വെബ് സൈറ്റുകളുടെ ലിങ്കുകള്‍ എന്നവയും ആപ്പില്‍ ലഭ്യമാണ്. ചില വിഭാഗങ്ങളില്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും നേരിട്ട് പോലീസിന് അയയ്ക്കാന്‍ ഈ ആപ്പിലൂടെ പൊതുജനങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് എംഎൽഎ മരിച്ചു
ചെന്നൈ:തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് എംഎൽഎ മരിച്ചു. ഡിഎംകെ സൗത്ത് ചെന്നൈ അധ്യക്ഷൻ കൂടിയായ ജെ. അൻപഴകനാണ്(61) മരിച്ചത്. ചെപ്പോക്ക് എംഎൽഎ ആയിരുന്നു.ഈ മാസം രണ്ടാം തിയ്യതിയാണ് എംഎല്‍എക്ക് രോഗം സ്ഥിരീകരിച്ചത്.ഡോക്ടര്‍ റെല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു.ചൊവ്വാഴ്ച രാത്രി ആരോഗ്യനില ഗുരുതരമായി.വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് നിഗമനം.രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എയാണ് അന്‍പഴകന്‍. ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനമാണ്. ജന്മദിനത്തില്‍ തന്നെയായി അദ്ദേഹത്തിന്‍റെ മരണവും.ഡിഎംകെയിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്. പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സ്വന്തം മണ്ഡലത്തില്‍ നിരവധി പേര്‍ കോവിഡ് ബാധിതരായതോടെ എംഎല്‍എ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അതിനിടെയാണ് രോഗബാധയും മരണവും സംഭവിച്ചത്.
തിരുവനന്തപുരത്ത് കോവിഡ് ഐസൊലേഷൻ വാർഡിൽ രോഗി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം:കോവിഡ് ഐസൊലേഷൻ വാർഡിൽനിന്ന് അനുവാദമില്ലാതെ പുറത്തു പോയശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു. കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞ ആനാട് സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. ആശുപത്രി ജീവനക്കാരെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി ഗുരുതരമാവുകയായിരുന്നു.കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ആനാട് സ്വദേശി കടന്നുകളഞ്ഞത്. മെഡിക്കല്‍ കോളജില്‍ നിന്ന് ബസിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ചു. ആനാട് ബസിറങ്ങിയപ്പോള്‍ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവെച്ചത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.ആശുപത്രിയിലെത്തിച്ച ശേഷം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സാന്ത്വനിപ്പിക്കുകയും കൗണ്‍സലിംഗ് നല്‍കുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുൻപായി ആഹാരവും നല്‍കി. വീട്ടില്‍ പോയ ശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നേഴ്സ് മുറിയിലെത്തിയപ്പോള്‍ ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ്; 57 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 22, കുവൈറ്റ്- 4, ഒമാന്‍ – 3, നൈജീരിയ- 2, റഷ്യ – 2, സൗദി അറേബ്യ- 1) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 9, തമിഴ്‌നാട്- 9, ഡല്‍ഹി – 3, കര്‍ണാടക – 1, അരുണാചല്‍ പ്രദേശ് – 1, ഗുജറാത്ത് – 1, ഉത്തര്‍പ്രദേശ് – 1) വന്നതാണ്. 5 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.ജൂൺ ഏഴാം തീയതി തൃശൂര്‍ ജില്ലയില്‍ മരണമടഞ്ഞ കുമാരന്‍ (87) എന്ന വ്യക്തിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എന്‍.ഐ.വി ആലപ്പുഴയില്‍ അയച്ചിരുന്നു. അദ്ദേഹത്തിന് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 17 പേരാണ് മരണമടഞ്ഞത്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സ്രവപരിശോധനയ്ക്ക് ശേഷം രോഗമില്ലെന്ന് പറഞ്ഞ് നിരീക്ഷണകേന്ദ്രത്തിൽ നിന്നും വിട്ടയച്ച യുവാവിന് വീട്ടില്‍ എത്തിയ പിറ്റേന്ന് കൊവിഡ്;കുടുംബം മൊത്തം നിരീക്ഷണത്തില്‍
ആലപ്പുഴ:സ്രവപരിശോധനയ്ക്ക് ശേഷം രോഗമില്ലെന്ന് പറഞ്ഞ് നിരീക്ഷണകേന്ദ്രത്തിൽ നിന്നും വിട്ടയച്ച യുവാവിന് വീട്ടില്‍ എത്തിയ പിറ്റേന്ന് കൊവിഡ്. ഇതോടെ കുടുംബം ഒന്നടങ്കം നിരീക്ഷണത്തില്‍ പോകേണ്ടി വന്നു.ആലപ്പുഴയിലാണ് സംഭവം. ചെങ്ങന്നൂര്‍ നഗരസഭയില്‍ താമസിക്കുന്ന ഇരുപത്തിയാറുകാരനാണ് 16 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ് വീട്ടിലെത്തിയ പിറ്റേന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ അമ്മയും അച്ഛനും അമ്മൂമ്മയും സഹോദരനും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.ദുബായില്‍ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് മറ്റൊരു ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് ഒൻപതിന് മുംബൈയില്‍ എത്തി.ലോക്ഡൗണിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു.പിന്നീട് മെയ് 23ന് ബസ് മാര്‍ഗം നാട്ടിലെത്തി നഗരസഭാ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായി. ശനിയാഴ്ച പരിശോധനയ്ക്കായി ഇയാളുടെ സ്രവം എടുത്തിരുന്നു.കൊവിഡ് പോസിറ്റീവ് ആണെങ്കില്‍ 48 മണിക്കൂറില്‍ അറിയിക്കുമെന്നും അല്ലെങ്കില്‍ വീട്ടിലേക്ക് മടങ്ങാമെന്നും ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഇയാളോട് പറഞ്ഞിരുന്നു. ഇതുപ്രകാരം തിങ്കള്‍ വരെ ഇയാള്‍ ക്വാറന്റീനില്‍ കഴിഞ്ഞു.തിങ്കളാഴ്ച വൈകുന്നേരം അധികൃതര്‍ വീട്ടിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കി. സ്വന്തം കാറിലാണ് വീട്ടിലേക്ക് മടങ്ങിയത്.ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യവകുപ്പ് അധികൃതര്‍ വിളിച്ച് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചു. പിന്നാലെ ആംബുലന്‍സ് എത്തി ഇയാളെ വണ്ടാനം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.പരിശോധനാഫലം ലഭിക്കുന്നതിന് മുന്‍പ് വീട്ടിലേക്ക് മടങ്ങാന്‍ ആരോഗ്യവകുപ്പ് അധികൃതരാണ് ആവശ്യപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. ഫലം വന്നിട്ടു പോയാല്‍ പോരേ എന്ന് ചോദിച്ചെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞിരുന്നു. കാര്‍ സ്വയം ഓടിച്ചാണ് വീട്ടിലേക്ക് വന്നത്. വീട്ടില്‍ വന്നതിനുശേഷം ആരും പുറത്ത് പോയിട്ടില്ലെന്നും യുവാവ് പറഞ്ഞു. കൊവിഡ് പോസിറ്റീവാണെങ്കില്‍ ഒരു ദിവസത്തിനുളളില്‍ ഫലം ലഭിക്കുമെന്നും എന്നാല്‍ രണ്ട് ദിവസമായിട്ടും ഫലം വരാത്തതിനെ തുടര്‍ന്നാണ് യുവാവിനെ കൊവിഡ് നെഗറ്റീവ് കണക്കാക്കി വീട്ടിലേക്ക് അയച്ചതെന്നും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രോസ് ഇത്താക്ക് പറഞ്ഞു.
സംസ്ഥാനത്ത് ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തു;ബസ്സുകള്‍ക്ക് കൂടിയ നിരക്ക് ഈടാക്കാം
കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളില്‍ യാത്ര ചെയ്യാനുള്ള കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഇതോടെ സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്‌ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം.ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ഉയര്‍ന്ന നിരക്ക് തുടരാമെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം ബസ്സില്‍ യാത്രക്കാരെ കൊണ്ടുപോവേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.നിരക്ക് വര്‍ധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.നിലവില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ ബസില്‍ യാത്രക്കാരെ കയറ്റാന്‍ സാധിക്കൂ. സാമൂഹിക അകലം പാലിച്ചാണ് യാത്ര അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത സാമ്പത്തിക ഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും ചാര്‍ജ് കുറയ്ക്കരുതെന്നുമാണ് ബസ് ഉടമകള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചു.എന്നാല്‍ ചാര്‍ജ് കുറച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയില്ല. താല്‍ക്കാലിക സ്‌റ്റേ മാത്രമാണുള്ളത്. നിയന്ത്രണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്താന്‍ ബസ് ഉടമകളോട് കോടതി നിര്‍ദേശിച്ചു.കോടതി ഉത്തരവ് അംഗീകരിക്കുന്നുവെന്ന് പറഞ്ഞ ബസ് ഉടമകള്‍ അടുത്ത ദിവസം മുതല്‍ സമ്പൂർണ്ണ തോതില്‍ സര്‍വീസ് ആരംഭിക്കുമെന്നും അറിയിച്ചു.അതേസമയം നേരത്തെ ഒന്നിടവിട്ട സീറ്റ് ഒഴിച്ചിടണമെന്ന് നിര്‍ദേശിച്ച സാഹചര്യത്തിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വര്‍ധിപ്പിച്ച നിരക്ക് കുറച്ചത്. ചാര്‍ജ് കൂട്ടേണ്ട സാഹചര്യം ഇപ്പോഴില്ല. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.
മുഖ്യമന്തിയുടെ മകള്‍ വീണ വിവാഹിതയാകുന്നു; വരൻ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്
തിരുവനന്തപുരം:മുഖ്യമന്തി പിണറായി വിജയൻറെ മകൾ മകള്‍ വീണ വിവാഹിതയാകുന്നു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് ആണ് വരൻ.ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം. വീണ ബംഗളൂരുവില്‍ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. എസ്.എഫ്.ഐ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. ഐ.ടി. കമ്പനിയായ എക്സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ.