ന്യൂഡല്‍ഹി : സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയെ കേന്ദ്ര സർക്കാരാണ് ഇത് അറിയിച്ചത്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില്‍ ബാക്കിയുള്ളത് ജൂലായില്‍ നടത്തുന്നതിനെതിരേ ഡല്‍ഹിയിലെ ഒരുകൂട്ടം രക്ഷിതാക്കള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാടറിയിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനമെടുക്കാം. പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ചാല്‍ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പൊതുപരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ താല്പര്യമുണ്ടെങ്കില്, അനുകൂല സാഹചര്യം വരുമ്പോൾ പരീക്ഷകള്‍ നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ 12 വരെ നടത്താനിരുന്ന പരീക്ഷകള്‍ ആണ് റദ്ദാക്കിയത്. രാജ്യത്ത് കോവിഡ് രോഗത്തിന്റെ വ്യാപ്തി അടിക്കടി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകള്‍ റദ്ദാക്കിയത്. നിലപാട് എത്രയും വേഗം അറിയിക്കണം എന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ സംസ്ഥാനങ്ങൾ പരീക്ഷ നടത്താനാവില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു. ജൂലൈ ഒന്ന് മുതൽ 12 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ്;53 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര് വിദേശത്ത് നിന്ന് വന്നവരും 33 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 6 പേര്‍ക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്.തുടര്‍ച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 100 കടക്കുന്നത്.പാലക്കാട് 24, ആലപ്പുഴ 18. പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശ്സൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.ഇന്ന് 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 156401 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 4182 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.അതേസമയം ഇന്ന് 53 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട-9, ആലപ്പുഴ- 3, കോട്ടയം-2, ഇടുക്കി-2, എറണാകുളം-2, തൃശ്ശൂര്‍-3, പാലക്കാട്- 5, മലപ്പുറം-12, കോഴിക്കോട്- 6, കണ്ണൂര്‍-1, കാസര്‍കോട്- 8 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.
കോവിഡ് സമൂഹവ്യാപനം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ
തിരുവനന്തപുരം:കോവിഡ് സമൂഹവ്യാപനം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ.പ്രവാസികള്‍ക്ക് ഇന്ന് മുതല്‍ ദ്രുതപരിശോധന നടത്തും. ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ സംസ്ഥാനത്ത് കൂടുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.തിരുവനന്തപുരത്ത് നല്ല ജാഗ്രത വേണം. തിരുവനന്തപുരത്തേയ്ക്ക് മറ്റ് ജില്ലകളില്‍നിന്ന് വരുന്നവര്‍ കൂടുതലാണ്. കന്യാകുമാരില്നിന്നടക്കം നിരവധി പേര് തലസ്ഥാനത്ത് എത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.ഉറവിടമറിയാത്ത കൊവിഡ് കേസുകളും സമൂഹ വ്യാപന സാദ്ധ്യതയും കണക്കിലെടുത്ത് തലസ്ഥാന നഗരിയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും നിരത്തുകളിലും പൊലീസും ആരോഗ്യ വകുപ്പും പരിശോധന കടുപ്പിച്ചു. രോഗവ്യാപനം ഭയന്നുള്ള നിയന്ത്രണങ്ങള്‍ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കടകളിലും റോഡുകളിലും ആളുകളുടെ തിരക്കിന് നേരിയ കുറവുണ്ടായിട്ടുണ്ട്. സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇതുവരെ 3,603 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,691 പേര് വിവിധ ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒന്‍പതു ജില്ലകളിലാണ് നൂറിലധികം രോഗികള്‍ ഉള്ളത്.
കോവിഡിനെതിരെ ആറ് ജില്ലകളില്‍ അതീവ ജാഗ്രത;പ്രോട്ടോകോൾ ലംഘിച്ചാൽ ഇനി ഉപദേശമില്ല, നടപടിയെന്നും ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം:സംസ്ഥാനത്തെ ആറ് ജില്ലകളില്‍ പോലീസിന്റെ അതീവ ജാഗ്രത. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ജാഗ്രത. 90 ശതമാനം പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചു. ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. തൃശൂര്‍ ജില്ല ഭാഗികമായി അടച്ചു. കൊച്ചിയിലെ കണ്ടെയ്ന്മന്റ് സോണുകളില്‍ കടുത്ത ജാഗ്രത. തിരുവനന്തപുരത്തെ പ്രധാന മാര്‍ക്കറ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.കടകളില്‍ ഒരേ സമയം അഞ്ച് പേര്‍ക്കാണ് പ്രവേശനം.ഉപദേശമോ ബോധവത്കരണമോ ഇനിയുണ്ടാകില്ല. പകരം കടുത്ത പിഴയും നടപടിയുമുണ്ടാകും.ഹോം ഗാര്‍ഡുകള്‍ അടക്കം 90 ശതമാനം പൊലീസ് ഉദ്യോഗസ്ഥരെയും കോവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്.
തുടർച്ചയായ പത്തൊൻപതാം ദിവസവും ഇന്ധനവിലയിൽ വർദ്ധനവ്
തിരുവനന്തപുരം:തുടർച്ചയായ പത്തൊൻപതാം ദിവസവും ഇന്ധനവിലയിൽ വർദ്ധനവ്.ഒരു ലിറ്റർ ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് ഇന്ന് കൂട്ടിയത്.19 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ധിപ്പിച്ചു.ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ് എണ്ണക്കമ്പനികള്‍. ജൂൺ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.ഡല്‍ഹിയില്‍ ആദ്യമായി ഇന്നലെ ഡീസല്‍ വില പെട്രോളിനേക്കാളും ഉയര്‍ന്ന നിരക്കിലെത്തി. പെട്രോള്‍- ഡീസല്‍ നിരക്കുകള്‍ ഏകീകരിക്കുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യമെന്ന സംശയം വ്യാപകമാണ്.
പാലക്കാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു
പാലക്കാട്:പാലക്കാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. മണ്ണാര്‍ക്കാട് ഭീമനാട് ആണ് സംഭവം. അമ്മക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.9 മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്ത് കരയുന്നതുകണ്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് ഏഴ് വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.കുട്ടിയുടെ മാതാവ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും കുറച്ചുകാലമായി വലിയ പ്രശ്നങ്ങളില്ലായിരുന്നുവെന്നും പോലീസ് പറയുന്നു.കൊച്ചിയില്‍ ജോലിചെയ്യുന്ന കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രാജ്യത്ത് 24 മണിക്കൂറിനിടെ 15968 പേര്‍ക്ക് കോവിഡ്; 465 മരണം
ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 15968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 465 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് 23 ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,56,183 ആയി. രാജ്യത്ത് 1,83,022 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 2,58,685 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടന്നിട്ടുളളത്.മെയ് 31ന് ശേഷമാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വൻ വർധനയുണ്ടായത്. ലോക്ക് ഡൗൺ ഇളവ് പ്രാബല്യത്തിലായ ജൂൺ 1 മുതലാണ് ഈ വർധനവ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 4,56,183 പേര്‍ക്കാണ്.ഡൽഹിയിൽ മാത്രം പുതിയ 3947 കോവിഡ് കേസും 68 മരണവും സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിസഭ ഇന്ന് യോഗം ചേരും.രോഗബാധിതരുടെ എണ്ണവും മരണവും ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. 1.40 ലക്ഷത്തോളം ആളുകള്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് പിടിപെട്ടു. മരണം 6500 കടന്നു. രോഗബാധിതരില്‍ രണ്ടാമതുള്ള ഡല്‍ഹിയില്‍ രോഗികള്‍ 66000 കടന്നു. മരണം 2301 ആയി. തമിഴ്നാട്ടില്‍ 64000ത്തിലേറെ രോഗികളുണ്ട്. മരണസംഖ്യ 900ത്തിലേക്ക് അടുക്കുകയാണ്. ആന്ധ്രാപ്രദേശിലും രോഗികളുടെ എണ്ണം 10000 കടന്നു. ഇതോടെ പതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണം പത്തായി.സംസ്ഥാനങ്ങളോട് കോവിഡ് പരിശോധന വർദ്ധിപ്പിക്കാൻ ഐസിഎംആർ നിർദ്ദേശം നൽകി. ആര്‍ടി – പിസിഐര്‍, റാപ്പിഡ് ആൻറിജൻ പരിശോധന എന്നിവ നടത്താനാണ് നിർദ്ദേശം.
അതേസമയം ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം പിന്നിട്ടു . പുതിയ കണക്ക് പ്രകാരം 95.15 ലക്ഷമാണ് ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം . കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.83 ലക്ഷമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 24.62 ലക്ഷം . അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം 1.24 ലക്ഷമാണ് . ബ്രസീലില്‍ 11.92 ലക്ഷംപേര്‍ക്കാണ് കോവിഡ് ബാധിച്ചത് ഇതില്‍ 53,874 പേര് മരണപ്പെട്ടു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആകെ കോവിഡ് ബാധിതരില്‍ മൂന്നിലൊന്ന് ദക്ഷിണാഫ്രിക്കയിലാണ് . 1,06,000 ലധികം പേര്‍ക്ക് രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട് . 2,100 ലധികം പേര്‍ക്ക് ഇതുവരെ മരിച്ചു .
നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു;പ്രതിരോധ കുത്തിവയ്പ്പിനെത്തിയ കുട്ടികളടക്കം 64 പേർ നിരീക്ഷണത്തിൽ
എറണാകുളം:ചൊവ്വരയിൽ പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്പ്പിനെത്തിയ കുട്ടികളടക്കം 64 പേരെ നിരീക്ഷണത്തിലാക്കി.ആലുവ ശ്രീമൂല നഗരം പഞ്ചായത്തിലെ ചൊവ്വര ആരോഗ്യ കേന്ദ്രത്തില്‍ നേരത്തെ ഒരു ആരോഗ്യ പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്തു. ഇതേ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ നഴ്സിനും ഭര്‍ത്താവിനും രോഗമുണ്ടെന്ന് ഇന്നലെയാണ് കണ്ടെത്തിയത്. മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇതേ പഞ്ചായത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിന് രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയ 64 കുട്ടികളെയും അവരുടെ അമ്മമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. എറണാകുളം ജില്ലയില്‍ ഉറവിടം കണ്ടെത്താത്ത മൂന്ന് പോസിറ്റീവ് കേസുകളാണുള്ളത്.
ഉറവിടം അറിയാത്ത കൊറോണ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു;തിരുവനന്തപുരം ജില്ല കൂടുതല്‍ ജാഗ്രതയില്‍
തിരുവനന്തപുരം: ഉറവിടം അറിയാത്ത കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ഊര്‍ജിതമാക്കി.കളക്ടറേറ്റില്‍ കൊറോണ വാര് റൂം തുറക്കും. മേഖലകള്‍ തിരിച്ച് സാംപിളുകള്‍ ശേഖരിക്കുമെന്നും ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. ഘട്ടംഘട്ടമായുള്ള കൊറോണ പ്രതിരോധ പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. നിരീക്ഷണത്തിലുള്ളവരുടെ സാംപിളുകളെടുക്കുന്നതിനു പുറമെ മേഖലകള്‍ തിരിച്ച് പൂള് സാംപിളുകളെടുക്കല്, ടെസ്റ്റിങ് കേന്ദ്രങ്ങളുടെ വികേന്ദ്രീകരണം എന്നിവയാണ് പുതിയ തീരുമാനങ്ങളെന്ന് കളക്ടര്‍ അറിയിച്ചു.രാവിലെ പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 70 കൊറോണ രോഗികളാണ് നിലവില്‍ ജില്ലയിലുള്ളത്. ആക്ടീവ് കേസുകള്‍ കുറവാണെങ്കിലും ജാഗ്രത തുടരേണ്ടതുണ്ട്. ആരോഗ്യ വകുപ്പിന്റെ മാര്ഗ്ഗനിര്ദേശ പ്രകാരം പൂള് സാംപിള്‍ എടുക്കുന്നതാണ്. പ്രത്യേക മേഖലകള്‍ തിരഞ്ഞെടുത്ത് സാംപിളുകള്‍ ശേഖരിക്കും. കോര്പറേഷന് മേഖലയില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിക്കുന്നത്. നഗരസഭാ പരിധിയില്‍പ്പെടുന്ന മാര്‍ക്കറ്റ്, ആശുപത്രി, ആളുകള്‍ കൂടുതലും സഞ്ചരിക്കുന്ന മേഖലകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പൂള് സാംപിളുകളെടുക്കും.രോഗ വ്യാപനത്തിന്റെ തോത് ഇതിലൂടെ മനസ്സിലാക്കാനാവും. ജില്ലയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും കോവിഡ് പരിശീലനം നല്‍കുമെന്നും ടെസ്റ്റിങ് കേന്ദ്രങ്ങള്‍ വികേന്ദ്രീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
എസ്എസ്എല്‍സി മൂല്യനിര്‍ണയം കഴിഞ്ഞു; ഫലപ്രഖ്യാപനം ജൂലൈ ആദ്യവാരമുണ്ടാവും
തിരുവനന്തപുരം: എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ടാബുലേഷനും പുനപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ജൂലൈ ആദ്യവാരം ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് പരീക്ഷാഭവന് സെക്രട്ടറി കെ ഐ ലാല്‍ പറഞ്ഞു.എന്നാല്‍ ഈ മാസം 30 ന് ഫലം പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടന്നുവരുന്നതേയുള്ളൂ. വേഗത്തില്‍ പൂര്‍ത്തിയാക്കാനായാല്‍ ജൂലൈയില്‍ത്തന്നെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും.