ഐഎസ്എൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം;കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ നേരിടും

keralanews i s l semi finals starts from today kerala blasters jamshedpur match today

ഗോവ: ഐഎസ്എൽ എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗോവയിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ഗോവയിലെ ഫട്ടോർഡ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.അതേസമയം, ഇന്ന് നടക്കുന്ന സെമി ഫൈനൽ ആഘോഷമാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്.ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടുമ്പോൾ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് പുറത്ത് ഒരു ഫാൻ പാർക്ക് ഒരുക്കിയിരിക്കുകയാണ് ഇവർ.കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു പുറത്ത് വൈകിട്ട് 5.30 മുതൽ ഫാൻപാർക്ക് തുറക്കും. ആരാധകരെ മുഴുവൻ ഇവിടെ നിന്ന് ഒരുമിച്ച് കളി കാണാൻ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അവസാനമായി നടന്ന രണ്ട് ഐഎസ്എൽ സീസണുകളിലും രണ്ടു വർഷമായി കലൂരിൽ ഒത്തുകൂടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണ്ണാവസരമാകും ഇത്.

സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളും ഡൽഹിയിലെത്തി; ഓപ്പറേഷൻ ഗംഗ പൂർത്തിയായി

keralanews students from sumi also arrived in delhi operation ganga completed

ന്യൂഡൽഹി: യുക്രെയ്‌നിലെ സുമിയിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ സംഘം പോളണ്ടിൽ നിന്നും ഡൽഹിയിലെത്തി. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർത്ഥികളെ രാജ്യത്തേയ്‌ക്ക് കൊണ്ടുവന്നത്. ഇതിൽ ആദ്യത്തെ വിമാനം ഇന്ന് പുലർച്ചെ 5.45നും രണ്ടാമത്തേത് രാവിലെ 8.40നുമാണ് എത്തിയത്. മൂന്നാമത്തെ വിമാനം 1.15നും ഡൽഹിയിലെത്തി. ഇരുന്നൂറോളം മലയാളി വിദ്യാർത്ഥികൾ സംഘത്തിലുണ്ട്.സുമിയിൽ നിന്നും ഒഴിപ്പിച്ച 694 പേരെ ബുധനാഴ്ച 12 ബസുകളിലായി പോൾട്ടാവയിലെത്തിച്ച് ട്രെയിൻ മാർഗം ലീവിവിലേക്കും ശേഷം പോളണ്ടിലേക്കും കൊണ്ടുവരികയായിരുന്നു. ഇന്ത്യൻക്കാർക്കൊപ്പം നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ടുണീഷ്യ പൗരന്മാരേയും സർക്കാർ പോളണ്ടിലെത്തിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പൂർത്തിയായെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.സുമിയിലെ അവസ്ഥ വളരെ സങ്കീർണ്ണമായിരുന്നുവെന്നും ആദ്യത്തെ രണ്ട് ദിവസം ഒരുപാട് ഭയന്നുവെന്നും അവിടെ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 1175 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;1612 പേർക്ക് രോഗമുക്തി

keralanews 1175 corona cases confirmed in the state today 1612 cured

തിരുവനന്തപുരം: കേരളത്തിൽ 1175 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂർ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂർ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസർകോട് 28 എന്നിങ്ങെനയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 64 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,762 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1115 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 46 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1612 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 223, കൊല്ലം 108, പത്തനംതിട്ട 100, ആലപ്പുഴ 99, കോട്ടയം 189, ഇടുക്കി 159, എറണാകുളം 111, തൃശൂർ 83, പാലക്കാട് 132, മലപ്പുറം 69, കോഴിക്കോട് 150, വയനാട് 86, കണ്ണൂർ 90, കാസർഗോഡ് 13 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 10,511 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ നടുറോഡിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു

keralanews retired ksrtc employee commits suicide by setting fire

കൊച്ചി: മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെഎസ്ആർടിസി ജീവനക്കാരൻ നടുറോഡിൽ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ കെഎസ്ആർടിസി ഓഫീസിന് സമീപം താമസിക്കുന്ന ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ.എൻ അജയകുമാറാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ഫയർഫോഴ്‌സും, പോലീസും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി.

സംസ്ഥാന ബജറ്റ് ഐടി മേഖലയ്‌ക്ക് കൂടുതൽ ശ്രദ്ധ; കണ്ണൂരിൽ ഐടി പാർക്ക് സ്ഥാപിക്കും

keralanews state budget focuses on it sector an i t park will be set up in kannur

തിരുവനന്തപുരം:ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ ഐടി മേഖലയ്‌ക്ക് കൂടുതൽ ശ്രദ്ധ നൽകാൻ തീരുമാനം.കണ്ണൂരിൽ ഐടി പാർക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു.ഇതിന് പുറമേ സംസ്ഥാനത്ത് നാല് ഐടി ഇടനാഴികൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.മഹാമാരിക്കാലത്ത് വലിയ അഭിവൃദ്ധിയുണ്ടായ മേഖലയാണ് ഐടി. ഇവിടെ തൊഴിലവസരങ്ങളുടെ അത്ഭുതകരമായ വളർച്ചയാണ് ഉണ്ടായത്. ഇത് പരിഗണിച്ച് നിലവിൽ ആറ് വരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികൾ സംസ്ഥാനത്ത് സർക്കാർ സ്ഥാപിക്കും. ഈ നാല് ഇടനാഴികളും സംസ്ഥാനങ്ങളിലെ പ്രധാന ഐടി കേന്ദ്രങ്ങളിൽ നിന്നും ഉത്ഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ വിമാനത്താവളം വികസിച്ചതോടെ ഐടി വ്യവസായത്തിൽ കൂടുതൽ സാദ്ധ്യതകൾ ഉണ്ടാകും. ഈ സാഹചര്യത്തിൽ കണ്ണൂരിൽ പുതിയ ഐടി പാർക്ക് നിർമ്മിക്കും. ഇടനാഴി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലത്ത് അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ ഐടി സൗകര്യം ഒരുക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഐടി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി വർദ്ധിപ്പിക്കും. ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ വികസിപ്പിക്കും. ഇതിനായി കിഫ്ബി വഴി 100 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്‌ട്ര വിമാനയാത്രകള്‍ക്കുള‌ള വിലക്ക് നീക്കി;സര്‍വീസുകള്‍ 27 മുതൽ പുനരാരംഭിക്കും

keralanews ban on international flights has been lifted and services will resume from the 27th

ന്യൂഡൽഹി:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ വിലക്കുകൾ പിൻവലിച്ച് അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ പൂർണമായും പുനരാരംഭിക്കുന്നു. ഈ മാസം 27 ആം തീയതി മുതൽ വിമാന സർവ്വീസുകൾ വീണ്ടും ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 20 നാണ് അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട് വിദേശത്ത് കുടുങ്ങിക്കിടന്നവരെ രാജ്യത്ത് എത്തിക്കാൻ വന്ദേഭാരത് വിമാന സർവ്വീസ് കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. 2020 ജൂലൈ മുതലായിരുന്നു ഇത്. കൊറോണ വ്യാപനത്തിൽ അയവുവന്നതിനെ തുടർന്ന് ആഭ്യന്തര വിമാന സർവ്വീസുകൾ പുന:രാരംഭിച്ചെങ്കിലും അന്താരാഷ്‌ട്ര വിമാന സർവ്വീസിനുള്ള നിയന്ത്രണം തുടരുകയായിരുന്നു. ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ചിട്ടുള്ള അന്താരാഷ്‌ട്ര കാർഗോ പ്രവർത്തനങ്ങളും, ഇന്ത്യയുമായി എയർ ബബിൾ കരാറിലേർപ്പെട്ട രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകളും മാത്രമാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്.രാജ്യത്ത് കൊറോണ വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമായതോടെ കഴിഞ്ഞ ഡിസംബർ 15 മുതൽ അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ ആലോചിച്ചിരുന്നെങ്കിലും അപ്പോഴേക്കും ഒമിക്രോൺ വ്യാപനം രൂക്ഷമായി.തുടർന്ന് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് ജനുവരി 31 വരെ ദീർഘിപ്പിച്ചിരുന്നു.

തിരുവനന്തപുരത്ത് മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിനിടെ നാല് പോലീസുകാർക്ക് കുത്തേറ്റു;രണ്ട് പേരുടെ നില ഗുരുതരം

keralanews four policemen were stabbed while arresting drug accused in thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിനിടെ നാല് പോലീസുകാർക്ക് കുത്തേറ്റു.കല്ലമ്പലം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ ശ്രീജിത്ത്, വിനോദ്, ചന്തു, ജയൻ എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ശ്രീജിത്തിന്റെയും വിനോദിന്റെയും നില ഗുരുതരമാണ്. ശ്രീജിത്തിന്റെ നട്ടെല്ലിനാണ് കുത്തേറ്റത്. സി പി ഒ വിനോദിന് കുത്തേറ്റത് ചുമലിലാണ്.തുടർന്ന് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളായ കടമ്പാട്ടുകോണം അനസിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസുകാരെ നേരത്തെ അക്രമിച്ചതിലടക്കം പ്രതിയാണ് ഇയാൾ.മയക്കുമരുന്ന് കേസ് ഉൾപ്പെടെ 20 ഓളം കേസുകളിലെ പ്രതിയാണ് അനസ്. ഇത്തരം കുറ്റവാളികളെ പിടികൂടുന്നതിന് വേണ്ടി പോലീസ് സ്‌റ്റേഷനിൽ പ്രത്യേകം പ്രവർത്തിക്കുന്ന സ്ക്വാഡാണ് ഇയാളെ പിടികൂടാൻ ചെന്നത്. എന്നാൽ പ്രതി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസുകാർ എത്തിയാണ് പ്രതിയെ പിടികൂടിയത്.ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് പാരിപള്ളി പോലീസ് കേസെടുത്തു.

സംസ്ഥാനത്ത് ഇന്ന് 1791 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;1871 പേർ രോഗമുക്തി നേടി

keralanews 1791 corona cases confirmed in the state today 1871 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1791 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂർ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ 72, പാലക്കാട് 70, മലപ്പുറം 67, കണ്ണൂർ 58, കാസർഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,135 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 100 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,374 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1692 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 74 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1871 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 211, കൊല്ലം 220, പത്തനംതിട്ട 120, ആലപ്പുഴ 126, കോട്ടയം 100, ഇടുക്കി 111, എറണാകുളം 377, തൃശൂർ 102, പാലക്കാട് 30, മലപ്പുറം 76, കോഴിക്കോട് 197, വയനാട് 56, കണ്ണൂർ 113, കാസർഗോഡ് 32 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 12,677 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

കണ്ണൂരിൽ ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട:ദമ്പതികൾ അറസ്റ്റിൽ

keralanews drug hunt in kannur couples arrested

കണ്ണൂർ: കണ്ണൂരിൽ ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട.സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് അറിയിച്ചു.കണ്ണൂർ സ്വദേശിയായ അഫ്‌സലും ഭാര്യ ബൾക്കീസുമാണ് അറസ്റ്റിലാകുന്നത്. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങുന്നത്. ഇവരുടെ കയ്യിൽ നിന്നും ഏകദേശം രണ്ട് കിലോയോളം എംഡിഎംഎ, 7.5 ഗ്രാം ഒപിഎം, 67 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് കണ്ടെത്തിയത്. ഒരു കോടിയ്‌ക്ക് മുകളിൽ വരുന്ന മയക്കുമരുന്നുകളാണിവയെന്നും പോലീസ് അറിയിച്ചു. ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ കണ്ണൂരിലേക്ക് തുണത്തരങ്ങളുടെ പാർസൽ എന്ന വ്യാജേനയാണ് ഇവർ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയത്.കണ്ണൂരിലെ പ്ലാസ ജങ്ഷനിലെ പാർസൽ ഓഫീസിൽ എത്തിച്ച് അവിടെ നിന്നും പ്രതികൾ സാധനം കൈപ്പറ്റുമ്പോഴാണ് പോലീസ് എത്തി പിടികൂടുന്നത്. അഫ്‌സലിന്റെ ഭാര്യ ബൾക്കീസിന് നേരത്തെ എടക്കാട് പോലീസ് സ്‌റ്റേഷനിൽ മറ്റൊരു മയക്കുമരുന്ന് കേസുണ്ടെന്ന് ജില്ലാ പോലീസ് കമ്മീഷ്ണർ ആർ ഇളങ്കോ വ്യക്തമാക്കി. വാട്‌സ്ആപ്പ് വഴിയാണ് പ്രതികൾ മയക്കുമരുന്നിന് ആവശ്യക്കാരെ കണ്ടെത്തുന്നത്.ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് ചെറിയ പൊതികളാക്കി എത്തിച്ച് നൽകും. പൊതി വഴിയരികിൽ ഉപേക്ഷിച്ച് പോകുന്ന രീതിയാണ് പ്രതികൾ സ്വീകരിച്ച് വന്നത്. കണ്ണൂരിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ ഇരുവരും. കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിപുലമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

തിരുവനന്തപുരത്ത് വീടിന് തീപിടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ വെന്തുമരിച്ചു

keralanews five died when house got fire in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം വർക്കല ചെറിന്നിയൂരിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു.  പുലർച്ചെയാണ് സംഭവം. വീട്ടുടമസ്ഥൻ ബേബി, ഭാര്യ ഷേർലി, മകൻ അഹിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ എട്ട് മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ മൂത്ത മകൻ നിഹിലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റി. രണ്ട് നില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്‌സും പോലീസും ചേർന്ന് തീയണച്ച്, വീട്ടിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.വർക്കല പുത്തൻ ചന്തയിൽ പച്ചക്കറി വ്യാപാരിയാണ് ബേബി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസി പ്രവർത്തിച്ചിരുന്നു. എന്നാൽ, വീടിന് മുൻവശത്ത് സൂക്ഷിച്ച മോട്ടർബൈക്കിൽ നിന്നാണ് തീ പടർന്നതെന്ന് സമീപവാസികൾ പറയുന്നു.അതേസമയം അഞ്ച് പേരും മരിക്കാനിടയായത് പുക ശ്വസിച്ചത് മൂലമാകാമെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നൗഷാദ് പറഞ്ഞു. പൊള്ളലേറ്റല്ല മരണം സംഭവിച്ചത്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ലെന്നും നൗഷാദ് അറിയിച്ചു.ബൈക്കിൽ നിന്ന് തീ പടർന്നല്ല അപകടം ഉണ്ടായത്. ഷോർട്ട് സർക്യൂട് എന്നാണ് പ്രാഥമിക നിഗമനം എന്നും കൂടുതൽ വിവരങ്ങൾ അറിയാൻ പരിശോധന ആരംഭിച്ചതായും ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വ്യക്തമാക്കി. തീപിടിത്തത്തിൽ വീടിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. മുറിക്കുള്ളിലെ എസികളും കത്തി നശിച്ചിട്ടുണ്ട്.