തിരുവനന്തപുരം:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ.മഞ്ചേരി സ്വദേശി അന്‍വർ, വേങ്ങര സ്വദേശി സെയ്തലവി എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. സ്വർണക്കടത്തിന് ഇവർ പണം മുടക്കിയതായി കണ്ടെത്തി.നേരത്തെ അറസ്റ്റിലായ റമീസിനെ ചോദ്യംചെയ്തതില്‍ നിന്നാണ് അന്‍വറിനെയും സെയ്തലവിയെയും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്നാണ് രേഖപ്പടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.സന്ദീപും റമീസുമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്മാർ എന്നാണ് കസ്റ്റംസിന്‍റെ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായത്. സ്വർണം കടത്താൻ വിവിധ മാർഗങ്ങൾ ആവിഷ്കരിക്കുന്നത് റമീസ് ആണ്. ജലാൽ മുഖേന സ്വർണക്കടത്തിന് പണം മുടക്കാൻ തയാറുള്ളവരെ കണ്ടെത്തുന്നു. ഈ പണം ഉപയോഗിച്ചാണ് സന്ദീപും റമീസും വിമാനത്താവളം വഴി സ്വർണം കടത്തുന്നത്. ലാഭവിഹിതം പണം മുടക്കിയവർക്ക് നൽകുന്നതും സ്വർണത്തിന് ആവശ്യക്കാരെ കണ്ടെത്തുന്നതും താഴെത്തട്ടിൽ വിതരണം ചെയ്യുന്നതും ജലാൽ ആണ്. അംജത് അലിയും മുഹമ്മദ് ഷാഫിയും സ്വർണക്കടത്തിന് ഫിനാൻസ് ചെയ്തവരിൽ ഉൾപ്പെടുന്നുവെന്നുമാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ കസ്റ്റംസിന് ലഭിച്ച വിവരം.അതേസമയം സന്ദീപിന്റെ ബാഗിൽ നിന്നും നിര്‍ണായക രേഖകള്‍ ലഭിച്ചു. പണമിടപാട് സംബന്ധിച്ച രേഖകളാണ് ലഭിച്ചത്. പണവും ഫിക്സഡ് ഡെപ്പോസിറ്റിന്‍റെ റെസിപ്റ്റും ബാഗിലുണ്ടായിരുന്നു. കോടതിയുടെ സാന്നിധ്യത്തില്‍ എന്‍ഐഎ ആണ് ഇന്നലെ സന്ദീപിന്റെ ബാഗ് പരിശോധിച്ചത്.
കോവിഡ് ചികിത്സയ്ക്ക് സഹായകരമായി കണ്ണൂർ മെഡിക്കൽ കോളേജിൽ അത്യാധുനികമാർഗം; പരിയാരം ടോമോഡാച്ചി
കണ്ണൂർ (പരിയാരം) : ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇനിമുതൽ കോവിഡ് രോഗികളെ നിരീക്ഷി ക്കാൻ അത്യാധുനിക റോബോട്ടായ ടോമോഡാച്ചിയും. സാങ്കേതികതയുടെ നാടായ ജാപ്പാനിൽ ടോമോഡാച്ചി എന്നാൽ സുഹൃത്ത് എന്നാണ് അർത്ഥം. ആൻഡ്രോയിഡ് വേർഷനിൽ ആട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഹൈ റെസലൂഷൻ ക്യാമറ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഈ റോബോർട്ട് സുഹൃത്ത്, രോഗിയുടെ വിവരങ്ങൾ അപ്പപ്പോൾ ഡോക്ടർക്കും നേഴ്‌സിനും കൈമാറും. ആട്ടോമറ്റിക്കായി രോഗിയുടെ ബെഡ് തിരിച്ചറിഞ്ഞ് വിവരങ്ങൾ ഡോക്ടറുടെ ശ്രദ്ധയിലേക്കായി അപ്പപ്പോൾ കൈമാറുന്ന സംസ്ഥാനത്തെ ആദ്യത്തെ റോബോട്ട് സംവിധാനമാണിത്.കോവിഡ് രോഗികളുടെ അടുത്തേക്ക് ആട്ടോമാറ്റിക്കായി പോവുന്ന വിധമാണ് ഈ റോബോട്ടിനെ ക്രമീകരിച്ചിരിക്കുന്നത്. ബെഡ് നമ്പർ സഹിതമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഹൈ റെസലൂഷൻ ക്യാമറ വഴി ഐ.സി.യു മോണിറ്ററിൽ തെളിയുന്ന വെന്റിലേറ്റർ ഗ്രാഫ്, ഇ.സി.ജി ഗ്രാഫ്, ബി.പി, ഓക്‌സിജൻ സാച്ചുറേഷൻ, ഹാർട്ട് റേറ്റ് ഉൾപ്പടെ ഡോക്ടർക്കും നേഴ്‌സിനും പുറത്തുനിന്നുതന്നെ നിരീക്ഷിക്കാൻ കഴിയും. രോഗിയുമായി അതത് ഘട്ടത്തിൽ പുറത്തുള്ള ഡോക്ടർക്കും കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്നു എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. മറ്റൊരു വിഭാഗത്തിലെ ഡോക്ടറുടെ കൂടി ചികിത്സ ആവശ്യമുള്ള രോഗിയാണെങ്കിൽ, ആ ഡോക്ടർ പി.പി.ഇ കിറ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളും സ്വീകരിച്ച് രോഗിയുടെ അടുത്തെത്തുമ്പോൾ ഡ്യൂട്ടി ഡോക്ടർ ഇല്ലെങ്കിലും ചികിത്സ സംബന്ധിച്ച വിശദാംശങ്ങൾ ബെഡ് നമ്പർ അമർത്തിയാൽ ടോമോഡാച്ചി വഴി ലഭ്യമാവുകയും ചെയ്യും. ഒരേ സമയം ഒന്നിലേറെ ഡോക്ടർമാരുടേയും നേഴ്‌സിംഗ് ജീവനക്കാരുടേയും ശ്രദ്ധ രോഗികൾക്ക് ലഭിക്കുന്നു എന്നതും രോഗിയുടെ ഇതുവരെയുള്ള ചികിത്സാകാര്യങ്ങൾ നിമിഷങ്ങൾക്കകം പുറ ത്തുനിന്നുൾപ്പടെ അറിയാൻ സാധിക്കുന്നു എന്നതും ഇതുവഴി സാധിക്കും. ദിനേന വിവിധ സമയങ്ങളിലായുള്ള സീനിയർ ഡോക്ടർമാരുടെ റൗണ്ട്‌സിന് പുറമേയാണ് റോബോട്ട് വഴിയുള്ള പൂർണ്ണസമയ നിരീക്ഷണവും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സാധ്യമാക്കുന്നത്. ജനുവരി അവസാനമാണ് ആദ്യമായൊരു കോവിഡ് സസ്‌പെക്ട് രോഗി പരിയാരത്തെതിയത്. ഇന്നുവരെ 164 പോസിറ്റീവ് രോഗികൾ ചികിത്സ തേടുകയുണ്ടായി. ജീവനക്കാരുടേയും ചികിത്സ തേടിയെത്തുന്ന മറ്റ് രോഗികളുടേയും സുരക്ഷ ഉറപ്പാക്കി കോവിഡ് രോഗികൾക്കായി പ്രത്യേക റൂട്ട് മാപ്പ് ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ നേരത്തേ ഒരുക്കിയിരുന്നു. നേരിട്ടിടപഴകുന്ന ജീവനക്കാർക്ക് പി.പി.ഇ കിറ്റ്, ഫേസ് ഷീൽഡ് ഉൾപ്പടെ യുള്ള സുരക്ഷാ സംവിധാനങ്ങൾ സർക്കാർ നിശ്ചയിച്ച വിധം കൃത്യമായി നടപ്പാക്കിയതിനാൽ ചികിത്സയ്ക്കിടെ ഇന്നുവരെ ഡോക്ട ർക്കോ, നേഴ്‌സിനോ മറ്റേതെങ്കിലും ജീവനക്കാർക്കോ അസുഖം പിടിപെട്ടിട്ടില്ല എന്നത് വലിയ ആശ്വാസമാണ്. കോവിഡ് ബാധിതർ സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തിൽ സാമൂഹ്യ അകലം ഉൾപ്പടെ പാലിച്ചും പൂർണ്ണ സമയം ഐ.സി.യു രോഗികളെ നിരീക്ഷിക്കുന്നതിനുമുള്ള മുൻകരുതൽ കൂടിയാണ് പരിയാരം ടോമോ ഡാച്ചി. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് നിർദ്ദേശ പ്രകാരം അഞ്ചരക്കണ്ടിയിലെ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രിൻസിപ്പാൾ ഡോ എ ബെൻഹാം, സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ എ എൻ അഭിജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തിങ്ക് ഫോ ടെക്കുമായി ചേർന്നാണ് ഇത്തരമൊരു റോബോർട്ട് തയ്യാറാക്കി നൽകിയത്. 2 ലക്ഷത്തോളം രൂപ ചെലവു വരുന്ന റോബോർട്ട്, ഇക്കോ ഗ്രീൻ കമ്പനിയാണ് സ്‌പോൺസർ ചെയ്തത്.
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 451 പേര്‍ക്ക് രോഗബാധ
തിരുവനന്തപുരം:സംസ്ഥാനത്ത് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണിത്. സമ്പര്‍ക്കത്തിലൂടെയാണ് 451 പേര്‍ക്ക് രോഗം ബാധിച്ചത്. 37 പേരുടെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 9 ആരോഗ്യപ്രവര്‍ത്തകര്‍ 9 ഡിഎസ്‌സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.196 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44 കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.602 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4880 പേർ ചികിത്സയിൽ. 2,60,356 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 82568 സാംപിളുകള്‍ ശേഖരിച്ചതില്‍ 78415 സാംപിളുകള്‍ നെഗറ്റീവ് ആയി.16 പ്രദേശങ്ങള്‍ കൂടി ഇന്ന് പുതിയതായി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 234 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.
സ്വർണ്ണക്കടത്ത് കേസ്;എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് പത്തുമണിക്കൂര്‍
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി.ചോദ്യം ചെയ്യൽ പത്ത് മണിക്കൂറോളം നീണ്ടു.ചോദ്യം ചെയ്യലിന് ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെ കസ്റ്റംസ് ശിവശങ്കറിനെ വീട്ടില്‍ തിരിച്ചെത്തിച്ചു. കസ്റ്റംസിന്‍റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാവുകയായിരുന്നു. ഇന്നലെ ആദ്യം സ്വർണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ ശിവശങ്കറിന്‍റെ വീട്ടിലെത്തിയിരുന്നു.മൂന്ന് ഉദ്യോഗസ്ഥരാണ് ശിവശങ്കറിന്‍റെ വീട്ടിലെത്തിയത്. ശിവശങ്കറിന്‍റെ പൂജപ്പുരയിലെ വീട്ടിൽ പത്ത് മിനിറ്റോളം ചെലവഴിച്ചതിനു ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഔദ്യോഗിക ബോർഡ് ഇല്ലാത്ത വാഹനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്.മാധ്യമങ്ങളോട് പ്രതികരിക്കാനും ഉദ്യോഗസ്ഥർ തയാറായില്ല.കസ്റ്റംസ് ഡി.ആര്‍.ഐ സംഘം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി.ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നല്‍കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ശിവശങ്കറുമായി കേസിലെ പ്രതികള്‍ക്കുണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നോ അതോ സ്വര്‍ണക്കടത്തുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ശിവശങ്കരന്‍റെ ഫ്ലാറ്റിൽ വെച്ച് ഗൂഢാലോചന നടന്നെന്ന സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. നയതന്ത്ര ബാഗിലൂടെ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയത് ശിവശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വെച്ചാണെന്ന സൂചനകൾ നേരത്തെ തന്നെ കസ്റ്റംസിന് ലഭിച്ചിരുന്നു. സ്വപ്നയ്ക്ക് ശിവശങ്കറുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഫ്ലാറ്റ് ഗൂഢാലോചനയ്ക്കായി ഉപയോഗിച്ചത്. എന്നാൽ ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് സരിത്ത് മൊഴി നല്കിയതായാണ് സൂചന.
സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്ക്;സമ്പർക്ക വ്യാപന തോത് 65 ശതമാനമായി ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്ക വ്യാപനം നിയന്ത്രണാതീതമാകുന്നു.സമ്പർക്ക വ്യാപനത്തിന്റെ തോത് 65 ശതമായി ഉയര്‍ന്നു. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമാകുകയാണ്.201 പേര്‍ക്ക് ഇന്നലെ ജില്ലയില്‍ രോഗം പിടിപെട്ടതില്‍ 181 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികള്‍ക്കും രോഗം സ്ഥിരീകരിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന കണക്കാണ് സംസ്ഥാനത്തെ സമ്പർക്കരോഗികളുടെ എണ്ണം.ജൂലൈ ആദ്യവാരങ്ങളില്‍ സമ്പർക്ക രോഗവ്യാപനത്തിന്റെ തോത് 9 ശതമാനം മാത്രമായിരുന്നു. ജൂലൈ 5ന് ഇത് 17 ശതമാനമായി ഉയര്‍ന്നു. ജൂലൈ 10ന് 49 ശതമാനവും ജൂലൈ 14ഓടെ ഇത് 65 ശതമാനമായും വര്‍ദ്ധിച്ചു. എല്ലാ ജില്ലകളിലും പ്രാദേശിക സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്നുണ്ട്. കൊറോണയുടെ മൂന്നാംഘട്ടം പിന്നിടുമ്പോൾ അടുത്ത ഘട്ടം സമൂഹവ്യാപനമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാളിയ നിലയിലാണ്. ജില്ലയില്‍ 794 പേരാണ് രോഗം ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. തീരദേശമേഖലകളില്‍ രോഗം പടരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.പൂന്തുറയില്‍ മാത്രം കഴിഞ്ഞ ഒരാഴ്ചയില്‍ 331 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിഴിഞ്ഞം, പുല്ലുവിള, പൂവാര്‍, പൂവച്ചല്‍, പാറശ്ശാല എന്നിവടങ്ങളിലേക്കും രോഗം വ്യാപിക്കുകയാണ്. സംസ്ഥാനമാകെയുള്ള തീവ്രബാധിത മേഖലകളുടെ എണ്ണം 35 ആയി. ഈ വര്‍ഷം അവസാനത്തോടെയല്ലാതെ രോഗവ്യാപനം കുറയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; 46 പേര്‍ക്ക് രോഗമുക്തി;എട്ടു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍;
കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ 12 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരമാണ്. ഒരാള്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ.കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 29ന് അബുദാബിയിൽ നിന്ന് ഇവൈ 8211 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 50കാരന്‍, ജൂലൈ 10ന് കുവൈറ്റില്‍ നിന്ന് കെയു 1727 വിമാനത്തിലെത്തിയ ആലക്കോട് തേര്‍ത്തല്ലി സ്വദേശി 54കാരന്‍, 11ന് സൗദി അറേബ്യയില്‍ നിന്നെത്തിയ വേങ്ങാട് സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശി 38കാരന്‍, ജൂലൈ ഒന്‍പതിന് ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 27കാരി, ജൂലൈ 11ന് എത്തിയ 19 വയസ്സുകാരായ രണ്ട് ചെമ്പിലോട് സ്വദേശികള്‍, മുംബൈയില്‍ നിന്ന് ജൂലൈ അഞ്ചിന് നേത്രാവതി എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ കണ്ണപുരം സ്വദേശി 25കാരി, ജൂലൈ 11ന് മംഗലാപുരത്ത് നിന്നെത്തിയ കരിവെള്ളൂര്‍ സ്വദേശി 50കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് സ്വദേശികളാണ്. അഗ്നി-രക്ഷാ സേന ഉദ്യോഗസ്ഥനായ കോടിയേരി സ്വദേശി 34കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 760 ആയി. ഇവരില്‍ 458 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇന്നലെ 46 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25294 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 242 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 78 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 35 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ എട്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 31 പേരും വീടുകളില്‍ 24884 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ എട്ടു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കരിവെള്ളൂര്‍ പെരളം- 4, അഞ്ചരക്കണ്ടി- 1, കോട്ടയം മലബാര്‍- 8, വേങ്ങാട്- 1, കണ്ണപുരം- 8, തലശ്ശേരി- 1 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ സമ്പർക്കം മൂലം രോഗബാധയുണ്ടായ കൂത്തുപറമ്പ്- 13, തലശ്ശേരി- 23 വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
സംസ്ഥാനത്ത് ആശങ്ക;ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 608 പേര്‍ക്ക്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
തിരുവനന്തപുരം:ആശങ്കയുണർത്തി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന.ഇന്ന് 608 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകർ 8, ബിഎസ്എഫ് 1, ഐടിബിപി 2 സിഎസ്എഫ് 2 എന്നിങ്ങനെയും രോഗം ബാധിച്ചു. 26 പേരുടെ ഉറവിടം അറിയില്ല.181 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
അതേസമയം കേരളം കോവിഡ് രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും അടുത്ത ഘട്ടം സമൂഹ വ്യാപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കോവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ് മാസമായിയെന്നും ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുകയാണെന്നും ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം കൈവരിക്കാനാകൂ എന്നാണ് ഒരു വിലയിരുത്തല്‍ എന്ന് അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറത്തുനിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം , ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുളള രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം. കേരളം മൂന്നാംഘട്ടത്തിലെത്തി നില്‍ക്കുന്നതായാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. അടുത്തത് സമൂഹവ്യാപനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പർക്കരോഗവ്യാപനം കൂടാന്‍ കാരണം നമ്മുടെ അശ്രദ്ധയാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക. പ്രതിരോധരംഗത്തെ മടുപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ കൊവിഡ് പകര്‍ച്ച കൂടിയപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു.
സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും പുറത്താക്കി
ജയ്‌പൂർ:രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കലാപമുയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി. ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും സച്ചിനെ മാറ്റിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്.രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി ഗോവിന്ദ് സിങ് ദൊസ്താരയെ നിയമിച്ചു.രാജസ്ഥാൻ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് സച്ചിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. അശോക് ഗെഹ്‍ലോട്ട്, കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല , അജയ് മാക്കൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.നിയമസഭാ കക്ഷിയോഗം വിട്ട് നിൽക്കുന്ന എം.എൽ.എമാർക്കെതിരെ യോഗത്തില്‍ പ്രമേയം പാസാക്കിയിരുന്നു. സച്ചിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അശോക് ഗഹ്‌ലോട്ടിന് കീഴിൽ മുന്നോട്ട് പോകാനാകില്ലെന്ന് സച്ചിൻ പൈലറ്റ് ക്യാമ്പിലെ എം.എൽ.എമാർ വ്യക്തമാക്കിയിരുന്നു.
2018 ഡിസംബര്‍ 17 മുതല്‍ രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിസിസി പ്രസിഡന്റ് എന്ന നിലയില്‍ കോണ്‍ഗ്രസ്സിനെ നയിച്ചത് സച്ചിന്‍ പൈലറ്റ് ആണ്. ടോങ്ക് മണ്ഡലത്തിലെ എംഎല്‍എയാണ്. തിരഞ്ഞെടുപ്പ് വിജയം മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്ന സച്ചിന്‍ പൈലറ്റ്, ഗെലോട്ടുമായി നിരന്തരം പോരിലായിരുന്നു.30 എംഎല്‍എമാരുടെ പിന്തുണ സച്ചിന്‍ പൈലറ്റ് വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും 16 പേരോളമാണ് സച്ചിനൊപ്പമുള്ളത് എന്നാണ് സൂചന. 17 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും തങ്ങള്‍ക്കൊപ്പമുണ്ടന്നാണ് ഇന്നലെ സച്ചിന്‍ വിഭാഗം അവകാശപ്പെട്ടത്. അശോക് ഗെലോട്ട് സ്വതന്ത്രരടക്കം 109 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇന്നലെ ജയ്പൂരിലെ വീട്ടില്‍ നടത്തിയ ശക്തി പ്രകടനത്തില്‍ 97 പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇരു വിഭാഗങ്ങളും അവകാശവാദങ്ങള്‍ പരസ്പരം തള്ളിക്കളഞ്ഞിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാം എന്ന് ദേശീയ നേതൃത്വം പറഞ്ഞിരുന്നെങ്കിലും നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാനോ അനുനയ ശ്രമങ്ങള്‍ക്കോ സച്ചിന്‍ പൈലറ്റ് വഴങ്ങിയിരുന്നില്ല.
സ്വർണ്ണക്കടത്ത് കേസ്;മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ശിവശങ്കരന്‍റെ ഫ്ലാറ്റിൽ വെച്ച് ഗൂഢാലോചന നടന്നെന്ന സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. എന്നാൽ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കില്ലെന്നാണ് സൂചന.സ്വർണം വാങ്ങിയ മൂന്ന് പേരെ ഇന്ന് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.അതേസമയം കരാർ ലംഘനം നടത്തിയതിന്‍റെ പേരിൽ കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പിഡബ്യൂസിക്ക് വക്കീല്‍ നോട്ടീസ് അയച്ചു.നയതന്ത്ര ബാഗിലൂടെ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയത് ശിവശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വെച്ചാണെന്ന സൂചനകൾ നേരത്തെ തന്നെ കസ്റ്റംസിന് ലഭിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡും നടത്തി.സിസിടിവി അടക്കുള്ള തെളിവുകൾ വെച്ച് സരിത്തിനെ കൂടുതൽ ചെയ്തതോടെയാണ് ഇക്കാര്യം സരിത്ത് സമ്മതിച്ചത്.നയതന്ത്ര ബാഗിലൂടെ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയത് ശിവശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വെച്ചാണെന്ന സൂചനകൾ നേരത്തെ തന്നെ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡും നടത്തി. സിസിടിവി അടക്കുള്ള തെളിവുകൾ വെച്ച് സരിത്തിനെ കൂടുതൽ ചെയ്തതോടെയാണ് ഇക്കാര്യം സരിത്ത് സമ്മതിച്ചത്.സ്വപ്നയും സന്ദീപുമായി പല തവണ ഇവിടെ വെച്ച് കൂടിക്കാഴ്ച നടത്തിയതായി സരിത്ത് സമ്മതിച്ചതായാണ് വിവരം.സ്വപ്നയ്ക്ക് ശിവശങ്കറുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഫ്ലാറ്റ് ഗൂഢാലോചനയ്ക്കായി ഉപയോഗിച്ചത്.എന്നാൽ ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് സരിത്ത് മൊഴി നല്കിയതായാണ് സൂചന. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം ഉടൻ നോട്ടീസ് നൽകാനാണ് കസ്റ്റംസിന്റെ നീക്കം. കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യുക.ഇന്ന് മൂന്ന് പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ ഇടനിലക്കാരൻ റമീസ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്.ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.ഇവർ മുമ്പ് സ്വർണക്കടത്തിൽ ഇടപ്പെട്ടിട്ടുള്ളവരാണെന്നാണ് സൂചന.
“ഉത്രയെ കൊന്നത് ഞാനാണ്”,മാധ്യമങ്ങൾക്ക് മുൻപിൽ പരസ്യമായി കുറ്റസമ്മതം നടത്തി സൂരജ്
കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പരസ്യമായി കുറ്റം സമ്മതിച്ച് സൂരജ്. ഉത്രയെ കൊന്നത് താനെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചല്‍ ഉത്ര കൊലക്കേസിലെ ഒന്നും രണ്ടും പ്രതികളായ സൂരജ്, പാമ്പു പിടിത്തക്കാരന്‍ ചാവരുകാവ് സുരേഷ് എന്ന സുരേഷ്‌കുമാര്‍ എന്നിവരെ കൂടുതല്‍ തെളിവെടുപ്പിനായി അഞ്ചല്‍ വനം വകുപ്പ് അധികൃതര്‍ അടൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് സൂരജ് മാധ്യമങ്ങളോട് കുറ്റം ഏറ്റുപറഞ്ഞത്. താന്‍ ആണ് ഉത്രയെ കൊന്നതെന്ന് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ക്യാമറകള്‍ക്കു മുന്നില്‍ സൂരജ് കുറ്റസമ്മതം നടത്തിയത്. മുന്‍പ് താനല്ല ഉത്രയെ കൊന്നതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സൂരജ്. എല്ലാം സത്യസന്ധമായി പോലീസിനോടു പറഞ്ഞിട്ടുണ്ടെന്ന് സുരേഷും പറഞ്ഞു. മുഖ്യ പ്രതികളായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും കല്ലുവാതുക്കല്‍ സ്വദേശി പാമ്പ് സുരേഷിനെയും വനം വകുപ്പ് തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. നേരത്തെ ഒരാഴ്ച പുനലൂര്‍ കോടതി തെളിവെടുപ്പിന് ഫോറസ്റ്റ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീട് മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇവരെ ഫോറസ്റ്റ് അധികൃതര്‍ ജയിലിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.മാര്‍ച്ച് രണ്ടിന് ഉത്രയെ അണലിയെ കൊണ്ടു കടിപ്പിച്ചെന്ന് സൂരജ് വനം വകുപ്പിനോടും സമ്മതിച്ചു. അടൂരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരന്‍ സുരേഷ് പാമ്പിനെ കൈമാറിയത്. ഫെബ്രുവരി 27നാണ് സുരേഷ് അണലിയെ വീട്ടിലെത്തിച്ച് നല്‍കിയത്.ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും പീഡിപ്പിച്ചിരുന്നു. ഉത്രയുടെ വീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നല്‍കിയിരുന്നു.ഉത്ര കൊലപാതക കേസില്‍ മാര്‍ച്ച് 24 ന് ആണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്.