പേട്ടയില്‍ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയില്‍

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയില്‍.കൊല്ലത്ത് നിന്നാണ് ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.കുട്ടിയെ ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടാണ് തട്ടിക്കൊണ്ടുപോയതെന്നും കുട്ടി ബഹളം ഉണ്ടാക്കിയതോടെ ഉപേക്ഷിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം.കുട്ടി കരഞ്ഞതോടെ വായ പൊത്തി പിടിക്കുകയും ഇതേ തുടര്‍ന്ന് കുഞ്ഞിന് ബോധം നഷ്ടപ്പെട്ടതോടെ ഓടയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ട്.പിടിയിലായ പ്രതി പോക്സോ കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന ആളാണ്.നൂറിലേറെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. എട്ടോളം കേസിലെ പ്രതിയാണ് ഇയാള്‍. നിരവധി മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്, കഴിഞ്ഞ ജനുവരി 12നാണ് ജയിലില്‍ നിന്നിറങ്ങിയത്. രണ്ടാഴ്ച മുന്‍പാണ് ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സംസ്ഥാന വ്യാപകമായി ഇരുപത് മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപമാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.കുട്ടിയും സഹോദരങ്ങളും നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാത്ഥിയുടെ മരണം; ഒന്നാം പ്രതി പിടിയിൽ

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രധാനപ്രതി അറസ്റ്റിൽ. കേസിലെ ഒന്നാംപ്രതിയും വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥിയുമായ പാലക്കാട് സ്വദേശി അഖിലിനെയാണ് വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.സംഭവത്തില്‍ കഴിഞ്ഞ ദിവസം ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശികളായ രെഹാന്‍ ബിനോയ് (20), എസ്.ഡി ആകാശ് (22), ആര്‍.ഡി ശ്രീഹരി(23), ഇടുക്കി സ്വദേശി എസ്. അഭിഷേക് (23), തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ് (23), വയനാട്, ബത്തേരി സ്വദേശി ബില്‍ഗേറ്റ്‌സ് ജോഷ്വ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18-നാണ് സിദ്ധാർത്ഥ് മരണപ്പെടുന്നത്. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥിന്റെ മരണം ആത്മഹത്യയെന്നാണ് കരുതിയിരുന്നത്. എന്നാൽ നാഷണൽ ആൻ്റി റാ​ഗിം​ഗ് സെല്ലിന് പരാതി ലഭിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.

പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസില്‍ വിദ്യാത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 6പ്രതികള്‍ കസ്റ്റഡിയില്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസില്‍ രണ്ടാം വർഷ ബിവി എസ്സി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥിനെ (20) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപാഠികളടക്കം ആറു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ബുധനാഴ്ച ഉച്ചയോടെയാണ് കേസില്‍ പുതുതായി പ്രതിചേർത്ത ആറുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, കേസില്‍ ആദ്യം പ്രതിചേർത്ത എസ്.എഫ്.ഐ. നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേർ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ സിദ്ധാർഥിനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു.വിദ്യാർത്ഥി ക്രൂരമർദനത്തിനിരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മരിക്കുന്നതിനിന് രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകള്‍ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. വടികൊണ്ട് അടിച്ചതിന്റെയടക്കം പാടുകളുമുണ്ട്. കഴുത്തിലെ മുറിവില്‍ അസ്വാഭാവികതയുണ്ട്. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവാണ്. തൂങ്ങിയതാണു മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജില്‍വെച്ച്‌ സിദ്ധാർഥന് ക്രൂരമർദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടർച്ചയായി മർദിച്ചെന്നും ആരോപണമുണ്ടായിരുന്നു.വിദ്യാർത്ഥി ക്രൂരമർദനത്തിനിരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.

അതേസമയം സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ടി. ജയപ്രകാശ് പറഞ്ഞു. മകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും പിതാവ് ആരോപിച്ചു.സഹപാഠികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അച്ഛൻ പറഞ്ഞു. മരിക്കുന്ന ദിവസവും ഫോണില്‍ സംസാരിച്ച സിദ്ധാർത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറയുന്നത്.വാലന്റൈൻസ് ദിനത്തില്‍ സീനിയർ വിദ്യാർത്ഥികള്‍ക്കൊപ്പം സിദ്ധാർത്ഥ് നൃത്തം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ സീനിയർ വിദ്യാർത്ഥികളായ എസ്‌എഫ്‌ഐ നേതാക്കള്‍ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് സഹപാഠികള്‍ തന്നെ അറിയിച്ചതെന്ന് അച്ഛൻ പറഞ്ഞു.ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 ന് വീട്ടിലേക്ക് വരാൻ ട്രെയിൻ കയറിയിരുന്നു. ഇതിനിടെ ഒരു സഹപാഠി ആവശ്യപ്പെട്ട പ്രകാരം തിരിച്ചുപോയെന്നാണ് സിദ്ധാർത്ഥൻ പറഞ്ഞതെന്ന് അമ്മ പറയുന്നു. എന്നും ഫോണില്‍ നന്നായി സംസാരിക്കുന്ന മകൻ തിരിച്ചുപോയ ശേഷം കാര്യമായൊന്നും സംസാരിച്ചില്ലെന്ന് അമ്മ പറഞ്ഞു.

ഗഗൻയാൻ ദൗത്യത്തിലെ അംഗങ്ങളുടെ പേരുകൾ പരസ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി;നാലം​ഗ സംഘത്തിൽ മലയാളിയും

തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിലെ അംഗങ്ങളുടെ പേരുകൾ പരസ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, വിം​ഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. നാല് പേർക്കും ആസ്ട്രോണൻ്റ് ബാഡ്ജ് പ്രധാനമന്ത്രി സമ്മാനിച്ചു.വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് സംഘത്തെ നയിക്കുക.പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. തിരഞ്ഞെടുക്കപ്പെട്ട നാല് പേരും വ്യോമസേന പൈലറ്റുമാരാണ്. കേന്ദ്രമന്ത്രി വി. മുരളീധരൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഇസ്രോ മേധാവി എസ്. സോമനാഥ്, മറ്റ് ശാസ്ത്രജ്ഞർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.കഴിഞ്ഞ 39 ആഴ്ചകളായി കഠിനമായ പരിശീലനത്തിലാണ് നാലം​ഗ സംഘം. 2019 അവസാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. ആദ്യം 25 പേരെ തിര‍ഞ്ഞെടുത്തു. പിന്നീട് 12 ആയി പട്ടിക ചുരുങ്ങുകയും ഏറ്റവുമൊടുവിലായി പട്ടിക നാല് പേരിലേക്ക് ചുരുങ്ങുകയായിരുന്നു. ഇവർ നാല് പേരെയും റഷ്യയിൽ അയച്ചാണ് പരിശീലനം നൽകിയത്. തിരിച്ച് വന്നതിന് ശേഷം അഡ്വാൻസ്ഡ് പരിശീലനം ഇന്ത്യയിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെയാണ് ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി പുറത്തുവിട്ടത്.നാഷണൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണ് മലയാളി പ്രാശാന്ത് സേനയുടെ ഭാഗമായത്. സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റാണ് അദ്ദേഹം.2025-ന്റെ രണ്ടാം പകുതിയിലാകും ​ഗ​ഗൻയാൻ ദൗത്യമെന്നാണ് വിവരം. വ്യോമമിത്ര എന്ന റോബോട്ടിനെ ബഹിരാകാശത്ത് എത്തിച്ചതിന് ശേഷമാകും മനുഷ്യരെ അയക്കുക. റോബോട്ടിനെ അയച്ച ശേഷം രണ്ട് ആളില്ലാ ദൗത്യങ്ങൾ കൂടി നടത്തും. പിന്നാലെയാകും തിരഞ്ഞെടുക്കപ്പെട്ടവരെ ബഹിരാകാശത്ത് എത്തിക്കുക.

കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷം രൂപ നഷ്ടപരിഹാരത്തുക നിരസിച്ച് അജീഷിന്റെ കുടുംബം; നടപടി ബിജെപി വിവാദമാക്കിയ സാഹചര്യത്തില്‍

വയനാട്: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബം കർണാടക സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക നിരസിച്ചു. നഷ്ടപരിഹാരം പ്രഖ്യാപിച്ചത് കർണാടകയില്‍ പ്രതിപക്ഷ കക്ഷിയായ ബിജെപി വിവാദമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. വിവാദമുണ്ടാക്കി പിടിച്ചു വാങ്ങേണ്ടതല്ല നഷ്ടപരിഹാരത്തുകയെന്നും കുടുംബം പ്രതികരിച്ചു.തീരുമാനം രേഖാമൂലം കര്‍ണാടക സര്‍ക്കാരിനെ അറിയിക്കും. വയനാട് എംപി രാഹുല്‍ ഗാന്ധി അജീഷിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം കര്‍ണാടക സര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 15 ലക്ഷം രൂപ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്.കര്‍ണാടക സര്‍ക്കാര്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന 15 ലക്ഷം രൂപ അജീഷിന്‍റെ കുടുംബത്തിന് നല്‍കാമെന്ന് അറിയിച്ചിരുന്നു. കര്‍ണാടക വനംവകുപ്പ് ബേലൂരില്‍നിന്ന് മയക്കുവെടി വെച്ച് പിടികൂടി ബന്ദിപ്പൂര്‍ വനത്തില്‍വിട്ട ബേലൂര്‍ മേഖ്നയെന്ന മോഴയാനയാണ് അജീഷിനെ ചവിട്ടിക്കൊന്നത്.കര്‍ണാടക സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെതിരെ കര്‍ണാടകയില്‍ ബിജെപി രംഗത്തെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുടുംബം തുക നിരസിച്ചത്.അജീഷിന്റെ കുടുംബത്തിന് കേരള സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റു സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തി. ധനസഹായത്തിനായി ഇടപെട്ട രാഹുല്‍ ഗാന്ധി എം പിക്കും കർണാടക സർക്കാറിനും നന്ദി അറിയിച്ച കുടുംബം, ബിജെപിയുടേത് വേട്ടക്കാരനൊപ്പം ഓടുകയും മുയലിനൊപ്പം കരയുകയും ചെയ്യുന്ന കാപട്യമാണെന്നും കുറ്റപ്പെടുത്തി.

കണ്ണൂരിൽ ദേശീയപാത പാലം നിർമാണം പുരോഗമിക്കുന്നു; വളപട്ടണം പുഴയ്ക്ക് കുറുകേ വമ്പൻ പാലം;727 മീറ്റർ നീളം;19 സ്പാനുകൾ

കണ്ണൂർ: ജില്ലയിൽ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപട്ടണം പുഴയ്ക്ക് കുറുകേ പാലത്തിന്‍റെ പ്രവർത്തിയും ദ്രുതഗതിയിലാണ്. പാപ്പിനിശേരി തുരുത്തിയിൽ നിന്നാരംഭിച്ച് ചിറക്കൽ കോട്ടക്കുന്നിൽ അവസാനിക്കുന്ന രീതിയിലാണ് പ്രവർത്തി.13.84 കിലോമീറ്റർ ദൂരത്തിലുള്ള കണ്ണൂർ ബൈപാസിൽ ഏറ്റവും വലിയ പാലമാണ് വളപട്ടണത്ത് നിർമാണം പുരോഗമിക്കുന്നത്. 727 മീറ്റർ നീളത്തിലുള്ള പാലത്തിന് പുഴയ്ക്ക് കുറുകെ 19 സ്പാനുകൾ ഉണ്ടാകും. പറശിനിക്കടവ് ബോട്ട് ടെർമിനലിനെയും ഹൗസ് ബോട്ട് സർവീസിനെയും മുന്നിൽ കണ്ടു പുഴയ്ക്ക് നടുക്കുള്ള ഒരു സ്പാനിന്‍റെ നീളം 55 മീറ്റർ ആയി വർധിപ്പിച്ചിട്ടുണ്ട്.വളപട്ടണം ഭാഗത്ത് പാലം നിർമ്മാണത്തിനുള്ള പൈലിങ് പ്രവർത്തി പൂർത്തിയായി തൂണുകൾ ഉയർന്നു തുടങ്ങി. ഏതാനും മറൈൻ പൈലുകൾ മാത്രമാണ് ഇനി നിർമിക്കാനുള്ളത്.പാപ്പിനിശ്ശേരി, കോട്ടക്കുന്ന് ഭാഗത്തെ നാട്ടുകാർക്ക് ഇരുകരകളിലേക്കും പോകാനും ഗതാഗത സൗകര്യത്തിനുമാണ് പാലത്തിന്‍റെ നീളം വർധിപ്പിച്ചത്. തളിപ്പറമ്പ് മുഴപ്പിലങ്ങാട് ബീച്ചിൽ പാപ്പിനിശ്ശേരി വേളാപുരത്ത് നിന്നും തുടങ്ങി ചാല വരെ എത്തുന്ന നിലയിലാണ് കണ്ണൂർ ബൈപാസ്. നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറങ്ങി;മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറങ്ങി. മാറ്റങ്ങള്‍ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി.ഇതില്‍ 20 പേര്‍ പുതിയതും 10 പേര്‍ നേരത്തെ പരാജയപ്പെട്ടവരും ആയിരിക്കണം. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് ക്യാമറ ഘടിപ്പിച്ചിരിക്കണം.15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറില്‍ ഡ്രൈവിംഗ് സ്കൂളുകൾ പരിശീലനം നൽകരുത്.ഓട്ടോമാറ്റിക് ഗിയര്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തരുത്.ഡ്രൈവിങ് പരിശീലകര്‍ കോഴ്സ് പാസായവരാകണം.കാല്‍പാദം കൊണ്ട് ഗിയര്‍‌ പ്രവര്‍ത്തിക്കുന്ന 95സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനത്തില്‍ ടെസ്റ്റ് നടത്തണം.ലേണേഴ്സ് ടെസ്റ്റും സമാന്തരമായി നിജപ്പെടുത്തും.

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി;ഭീതിയിൽ പ്രദേശവാസികൾ

തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി.എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലിയിറങ്ങിയത്. വീടിന് പിന്നിലെ തോട്ടത്തിൽ നിന്ന പശുക്കിടാവിനെ പുലി ആക്രമിച്ചു.പാതി ഭക്ഷിച്ച നിലയിലാണ് പശുവിന്റെ ജഡം ലഭിച്ചത്. സംഭവത്തിൽ വനം വകുപ്പ് ഉഗ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. ആഴ്ചകൾക്ക് മുമ്പ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം എന്നീ പ്രദേശങ്ങളിലും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. തോട്ടം തൊഴിലാളികൾ താമസിക്കുന്നിടങ്ങളിലും ആദിവാസി കോളനികളുടെ സമീപ പ്രദേശങ്ങളിലുമായി പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചുതുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു;ഭർത്താവ്‌ അറസ്റ്റിൽ

തിരുവനന്തപുരം: നേമം കാരയ്ക്കാമണ്ഡപത്ത് പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..വെള്ളായണി സ്വദേശി ഷമീറയും നവജാത ശിശുവും മരിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ കാരയ്‌ക്കമണ്ഡപത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന നയാസിനെ കസ്റ്റഡിയിൽ എടുത്തു.നയാസിന്റെ നിർബന്ധപ്രകാരമാണ് ഷെമീറ പ്രസവശുശ്രൂഷയ്ക്ക് ആശുപത്രിയിൽ പോകാതിരുന്നതെന്നാണ് അയൽവാസികളും ആശാ വർക്കർമാരും പൊലീസിൽ മൊഴി നൽകിയിരുന്നത്.ഇന്നലെ ഉച്ചക്കാണ് ഷെമീറയ്ക്ക് പ്രസവ വേദനയുണ്ടായയത്. അമിത രക്തസ്രാവമുണ്ടായ ഷെമീറ ബോധരഹിതയായി. ഉടൻ തന്നെ പ്രദേശവാസികൾ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മാതാവും കുഞ്ഞും മരിച്ചിരുന്നു.വീട്ടിൽ പ്രസവിക്കാൻ നയാസ് നിർബന്ധിച്ചെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഷെമീറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നയാസ് തങ്ങളോട് മോശമായി പെരുമാറിയെന്ന് ആശാവർക്കമാരും പൊലീസിനോട് പറഞ്ഞു.ഷെമീറ പാലക്കാട് സ്വദേശിനിയാണ്, നയാസ് തിരുവനന്തപുരം പൂന്തുറ സ്വദേശിയും. നയാസിന്റെ രണ്ടാം വിവാഹമാണിത്.

സംസ്ഥാനത്ത് കനത്ത ചൂട്;ആറ് ജില്ലകളിൽ യെല്ലോ അലർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ചത്തെ പുതിയ റിപ്പോർട്ടുകൾ പ്രകാരം ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം,തൃശൂർ, കോഴിക്കോട് , എറണാകുളം, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില വർധിക്കുക.സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ നൽകി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.