സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി;വലഞ്ഞ് പൊതുജനം

keralanews private bus strike started in the state

തിരുവനന്തപുരം: ചാർജ് വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസ്സുടമകൾ നടത്തുന്ന അനിശ്ചിതകാല സമരം തുടങ്ങി. കുറഞ്ഞനിരക്ക് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ആറുരൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ 10 പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. അടച്ചുപൂട്ടൽ സമയത്തെ നികുതികൾ ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. ഏകദേശം ഏഴായിരത്തോളം സ്വകാര്യ ബസുകൾ പണിമുടക്കിന്റെ ഭാഗമായിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ തീരുമാനിച്ചെങ്കിലും ആവശ്യത്തിന് ബസും ജീവനക്കാരും ഇല്ലാത്തത് തിരിച്ചടിയാണ്. പരീക്ഷാസമയമായതിനാല്‍ പണിമുടക്കില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് മന്ത്രി ആന്റണി രാജു അഭ്യര്‍ഥിച്ചു. എന്നാല്‍ , ആവശ്യങ്ങളുന്നയിച്ച്‌ നാലുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്കുപാലിക്കാത്തതുകൊണ്ടാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് ബസ്സുടമകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

keralanews indefinite private bus strike in the state from midnight today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം.ചാർജ് വർധനവ് ആവശ്യപ്പെട്ട് പല തവണ നിവേദനങ്ങൾ നൽകിയിട്ടും പരിഗണിക്കപ്പെടാത്തതിനെ തുടർന്നാണ് സമരം. ചാർജ് വർധിപ്പിച്ചില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് അഞ്ച് മാസം മുമ്പ് തന്നെ ബസുടമകൾ മന്ത്രിയെ അറിയിച്ചിരുന്നു. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെ ഉടമകൾ താൽകാലികമായി സമരം മാറ്റിവച്ചു. ഇതിനിടയിൽ പലതവണ മന്ത്രിയെ കണ്ട് ചർച്ച നടത്തിയെങ്കിലും ചാർജ് വർധനവ് പ്രാബല്യത്തിൽ വന്നില്ല. ബജറ്റിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്ന് ബസ്സുടമകൾ പറഞ്ഞു.മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ മിനിമം 6 രൂപയാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യം. ഒപ്പം അടച്ചുപൂട്ടൽ സമയത്തെ നികുതികൾ ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.അതേസമയം സമരം നടത്തി സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്നും അതിലൂടെ വർധനവ് നേടാമെന്നും കരുതേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ കെഎസ്ആർടിസി പല റൂട്ടുകളും വെട്ടിക്കുറച്ചിരിക്കുന്നതിനാൽ സമരം ആരംഭിക്കുന്നതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവർ പ്രതിസന്ധിയിലാകാനാണ് സാധ്യത.

കെ.റെയിൽ;കല്ലായിൽ വീണ്ടും സംഘർഷം; സർവ്വെ കല്ല് പിഴുത് കല്ലായി പുഴയിലെറിഞ്ഞു; സംഘർഷത്തിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണയ്‌ക്ക് മർദനമേറ്റു

keralanews k rail another clash at kallai survey stone piled up and thrown into the river

കോഴിക്കോട്:കെ.റെയിൽ പദ്ധതിക്കായി സർവ്വെകല്ല് സ്ഥാപിക്കുന്നതിനിടെ കല്ലായിയിൽ വീണ്ടും സംഘർഷം.സർവ്വെകല്ല് സ്ഥാപിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സമരസമിതിക്കാരും നാട്ടുകാരും തടഞ്ഞു. സംഘർഷത്തിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽകൃഷ്ണയ്‌ക്ക് മർദ്ധനമേറ്റു.വെസ്റ്റ് കല്ലായ്‌ കുണ്ടുങ്ങൽ, പള്ളിക്കണ്ടി ഭാഗത്ത് രാവിലെ പത്തുമണിയോടെ റവന്യൂഅധികൃതരും അസിസ്റ്റന്റ് കമ്മിഷണർ ബിനുരാജിന്റെ നേതൃത്വത്തിൽ പൊലീസും എത്തി സർവ്വെ നടത്താൻ ശ്രമിച്ചു. എന്നാൽ കെ.റെയിൽ വിരുദ്ധസമരക്കാരും നാട്ടുകാരും ബിജെപി, കോൺഗ്രസ് പ്രവർത്തകരും ഉൾപ്പെടെ കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ചു. റവന്യൂഭൂമിയിൽ കല്ലിട്ടശേഷം സ്വകാര്യഭൂമിയിലേക്ക് കടന്നതോടെ സംഘർഷമുണ്ടായി. പ്രതിഷേധക്കാർ സർവ്വെകല്ല് പിഴുത് കല്ലായി പുഴയിലെറിഞ്ഞു. പ്രതിഷേധം കനത്തതോടെ റവന്യൂ അധികൃതർ പിൻവാങ്ങി.എന്നാൽ ഉച്ചയ്‌ക്കുശേഷം വീണ്ടുമെത്തിയ സംഘം സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി മുറ്റത്ത് കല്ല് സ്ഥാപിക്കാൻ ശ്രമിച്ചതോടെ നാട്ടുകാർ തടഞ്ഞു. കോതി റോഡിൽ സർവ്വെനടത്തി അടയാളപ്പെടുത്താൻ ശ്രമം നടത്തിയത് പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ സർവ്വേ നടത്താനാവാതെ രണ്ടാമതും പിൻവാങ്ങി. രണ്ടു ദിവസം മുൻപ് സർവ്വേ നടത്താൻ എത്തിയിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു.

കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

keralanews accused in the murder of house wife in kodungalloor found died

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏറിയാട് സ്വദേശി റിയാസിനെ ഇന്ന് രാവിലെ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.വ്യാഴാഴ്ച രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി റിൻസി ഇന്നലെയാണ് മരിച്ചത്. റിൻസിയുടെ കൊലപാതകത്തിൽ റിയാസിനെ പോലീസ് തിരയുകയായിരുന്നു. റിൻസിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു റിയാസ്.കുടുംബകാര്യങ്ങളിൽ അനാവശ്യമായി കൈകടത്തിയ റിയാസിനെ റിൻസി വിലക്കുകയും  പിന്നീട് ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ ജോലിയിൽ തിരിച്ചെടുക്കമെന്ന് ആവശ്യപ്പെട്ട് റിയാസ് യുവതിയെ നിരന്തരം ശല്യം ചെയ്തു. എന്നാൽ റിൻസി ഇതിനു തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന  റിൻസിയെ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. തലയ്‌ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇളങ്ങരപ്പറമ്പിൽ നാസറിന്റെ ഭാര്യയാണ് മരിച്ച റിൻസി.

സംസ്ഥാനത്ത് ഇന്ന് 719 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 915 പേർക്ക് രോഗമുക്തി

keralanews 719 corona cases confirmed in the state today 915 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 719 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂർ 34, ആലപ്പുഴ 28, കണ്ണൂർ 28, മലപ്പുറം 22, പാലക്കാട് 20, വയനാട് 15, കാസർഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 106 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,315 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 660 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 51 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 915 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 138, കൊല്ലം 21, പത്തനംതിട്ട 77, ആലപ്പുഴ 41, കോട്ടയം 15, ഇടുക്കി 87, എറണാകുളം 137, തൃശൂർ 83, പാലക്കാട് 20, മലപ്പുറം 29, കോഴിക്കോട് 140, വയനാട് 45, കണ്ണൂർ 69, കാസർഗോഡ് 13 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 6148 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇന്ധന ലോറി ഉടമകൾ സമരത്തിലേക്ക്;ഇന്ധന വിതരണം തടസ്സപ്പെട്ടേക്കും

keralanews fuel lorry owners in the state will go on strike from monday fuel supply may be disrupted

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇന്ധന ലോറി ഉടമകൾ സമരത്തിലേക്ക്. എണ്ണക്കമ്പനികളായ  ബിപിസിഎല്‍, എച്ച്‌പിസിഎല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചു.അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതല്‍ സര്‍വീസ് പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്‌ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 13 ശതമാനം സര്‍വീസ് ടാക്സ് നല്‍കാന്‍ നിര്‍ബന്ധിതരായതിനാലാണ് നടപടിയെന്നാണ് വിശദീകരണം. നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന്‍ പറയുന്നു.കരാര്‍ പ്രകാരം സര്‍വീസ് ടാക്സ് എണ്ണക്കമ്പനികളാണ് നല്‍കേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാണ് ആവശ്യം.കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകള്‍ സമരത്തിലേക്ക് കടക്കുന്നത്.

കണ്ണൂർ വിമാനത്താവളത്തിൽ 40 ലക്ഷത്തിന്റെ സ്വർണം പിടികൂടി;കതിരൂർ സ്വദേശിനി പിടിയിൽ

keralanews 40 lakh gold seized at kannur airport kathirur resident arrested

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട.വിമാനത്താവളത്തിൽ നിന്നും പർദ്ദയ്‌ക്കും ഹിജാബിനും ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി.സംഭവത്തിൽ ഇന്ന് പുലർച്ചെ ഗൾഫിൽ നിന്നും വിമാനത്തിലെത്തിയ കതിരൂർ പൊന്യം സ്വദേശിനി റുബീന പിടിയിലായി. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം.വിമാനത്താവളത്തിലെ ചെക്കിങ് പോസ്റ്റിലെത്തിയപ്പോൾ പരിഭ്രമം കാണിച്ച യുവതിയെ രഹസ്യമുറിയിൽ വെച്ചു വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.തുടർന്നാണ് ഇവർ ദേഹത്ത് ഒളിപ്പിച്ച നിലയിലുള്ള സ്വർണം പിടികൂടിയത്. പിടിയിലായ യുവതി സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് വ്യക്തമാക്കി.

കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം;ഒരാൾ കൂടി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

keralanews four workers killed in landslide during building construction in kalamasseri one trapped under soil

കൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് തൊഴിലാളികൾ മരിച്ചു.വിവിധഭാഷ തൊഴിലാളികളാണ് മരിച്ചത്. ഒരാൾ കൂടി മണ്ണിനടിയിലുണ്ടെന്നാണ് വിവരം. ഇയാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.മണ്ണിനടിയിൽ കുടുങ്ങിക്കിടന്നിരുന്ന ആറ് പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തിരുന്നു. ഇതിലെ നാല് പേരാണ് മരിച്ചത്. കളമശ്ശേരിയിലെ ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം.കുഴിയിൽ നിന്ന് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ശരീരത്തിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. അഗ്നിശമന സേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ആശുപത്രിയിലെത്തിച്ച രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.

ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ

keralanews after waiting for six years kerala blasters reached the final of the indian super league

മഡ്ഗാവ്: ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കടന്നു. രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ജംഷെഡ്പൂരിനെ 1-1 ന് സമനിലയിൽ തളച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യപാദ മത്സരത്തിൽ ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയതോടെ ഇരുപാദങ്ങളിലുമായി ബാസ്റ്റേഴ്‌സ് 2-1 ന്റെ ലീഡുനേടിയാണ് ഫൈനൽ യോഗ്യത നേടിയത്.നാളെ നടക്കുന്ന ഹൈദരാബാദ് – എടികെ മത്സരത്തിലെ വിജയികളെ ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടും. 2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ഇതിനുമുമ്പ് ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്. മാര്‍ച്ച്‌ 20-ന് ഞായറാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ ആണ് ഐഎസ്‌എല്‍ ഫൈനല്‍ നടക്കുന്നത്. നീണ്ട രണ്ട് വര്‍ഷത്തിന് ശേഷമാണ് ഐ എസ് എല്ലില്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരെത്തുന്നത്.സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ 100% ഉപയോഗത്തിന് ഗോവ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകര്‍ ഒന്നുകില്‍ പൂര്‍ണ്ണമായി വാക്സിനേഷന്‍ നല്‍കേണ്ടതുണ്ട്, അവരുടെ അവസാന ഡോസില്‍ നിന്ന് കുറഞ്ഞത് 15 ദിവസത്തെ ഇടവേളയോ അല്ലെങ്കില്‍ പ്രവേശന സമയത്ത് 24 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് RT-PCR റിപ്പോര്‍ട്ട് നല്‍കുകയോ വേണം. എല്ലായ്‌പ്പോഴും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കും.

രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ആരംഭിച്ചു

keralanews vaccination of children between the ages of 12 and 14 years started in the country

ന്യൂഡൽഹി:രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ വാക്‌സിനേഷൻ ആരംഭിച്ചു. രാവിലെ 11.30 മുതൽ ഓരോ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. പൈലറ്റ് അടിസ്ഥാനത്തിലാണ് വാക്‌സിൻ വിതരണം.സ്‌പോട്ട് റജിസ്‌ട്രേഷൻ വഴിയാണ് വാക്‌സിൻ നൽകിയത്. ബയോ ഇ പുറത്തിറക്കിയ കോർബിവാക്സാണ് കുട്ടികൾക്ക് കുത്തിവെക്കുന്നത്. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസുകളായാണ് വാക്‌സിൻ നൽകുക. രാജ്യ വ്യാപകമായിട്ടാണ് ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഇന്ന് വാക്സിനേഷൻ ആരംഭിച്ചത്. വാക്‌സിൻ പ്രതിരോധത്തിലെ നിർണായക ദിനമെന്നാണ് ഈ ദിവസത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചത്. കേരളത്തിൽ 15 ലക്ഷത്തോളം കുട്ടികളാണ് ഈ പ്രായപരിധിയിൽ വാക്‌സിൻ സ്വീകരിക്കാനുള്ളത്. കേരളത്തിൽ കൂടാതെ കർണാടകയിലും കുട്ടികൾക്ക് വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. 20 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്‌സിൻ എടുക്കാൻ തയ്യാറായിരിക്കുന്നത്. ഇന്ന് വാക്‌സിനേഷൻ ആരംഭിച്ചതായും പരിപാടി ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകർ റെഡ്ഡി അറിയിച്ചു.60 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള കരുതൽ ഡോസ് വാക്‌സിൻ വിതരണവും ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്.