ഇരിട്ടി:ഇരിട്ടിയില്‍ സമ്പർക്കത്തിലൂടെ 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.വെള്ളിയാഴ്ച 9 പേര്‍ക്കു കോവിഡ് പോസിറ്റിവായി ഫലം വന്നതായി സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ചയാണ് അതിന് സ്ഥിരീകരണം വന്നത്. ഇതുകൂടാതെ ഞായറാഴ്ച ഒരു പായം സ്വദേശിക്കുകൂടി പരിശോധനാ ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരണം വന്നതോടെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സമ്പർക്കം മൂലം രോഗ ബാധിതരായവരുടെ എണ്ണം 11 ആയി.ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പായം സ്വദേശി കഴിഞ്ഞ 31 നാണ് ഇവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്കു പോയത്. ആദ്യം രോഗം സ്ഥിരീകരിച്ച പടിയൂര്‍ കൊശവന്‍ വയല്‍ സ്വദേശി ആശുപത്രിയില്‍ കിടന്ന കാലയളവില്‍ തന്നെയായിരുന്നു ഇയാളും ഇവിടെ കിടന്നിരുന്നത്.
കോവിഡ് സ്ഥിരീകരിച്ച രോഗിയെ ശുശ്രൂഷിച്ച ഡോക്ടറും 27 മുതല്‍ 7 വരെ കിടത്തി ചികിത്സയിലുണ്ടായിരുന്ന 69 പേരും ഇവരുടെ 39 കൂട്ടിരിപ്പുകാരും അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്വാറന്റീനില്‍ പോയിട്ടുണ്ട്. ഇനിയും കൂട്ടിരിപ്പുകാര്‍ ഉണ്ടെന്ന നിരീക്ഷണത്തെത്തുടര്‍ന്ന് ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് . ഈ കാലയളവില്‍ ഇവിടെ കിടത്തി ചികിത്സ വിഭാഗത്തില്‍ എത്തിയവരും ഇവിടെ ഉണ്ടായിരുന്ന രോഗികള്‍ക്ക് കൂട്ടിരിപ്പിനെത്തിയവരും താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗവുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രന്‍ അറിയിച്ചു.
27 മുതല്‍ 7 വരെ ആശുപത്രിയില്‍ എത്തിയവരോട് സ്വയം നിരീക്ഷണത്തില്‍ പോകാനും പനി , തൊണ്ടവേദന, ജലദോഷം, ചുമ , ശ്വാസതടസ്സം, രുചിക്കുറവ്, മണം തിരിച്ചറിയാത്ത അവസ്ഥ തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ അടിയന്തരമായി ടെസ്റ്റിന് വിധേയമാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയമുള്ളവര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . താത്പര്യമുള്ളവര്‍ ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാവുന്നതുമാണെന്ന് സൂപ്രണ്ട് അറിയിച്ചു. ആശുപത്രി പരിസരത്തുള്ള മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ മുഴുവന്‍ അടപ്പിച്ചു. താലൂക്ക് പരിധിയിലുള്ള ജന വിഭാഗങ്ങളും ജാഗ്രതയിലാവണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കുന്നുണ്ട്.
മഴക്കെടുതി; ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: കേരളം അടക്കം മഴക്കെടുതി രൂക്ഷമായ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച.മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിക്കും.ഇന്നലെ മഴക്കെടുതി വിഷയങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ഉള്‍പ്പടെ പങ്കെടുപ്പിച്ചായിരുന്നു അവലോകനം. അതിന് തുടര്‍ച്ചയായാണ് ഇന്നത്തെ യോഗം. യോഗത്തിന് ശേഷമായിരിക്കും നഷ്ട പരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. പ്രധാനമന്ത്രിയുടെ ദുരന്തമേഖലയിലേക്കുള്ള വ്യോമസന്ദര്‍ശനത്തിന്റെ കാര്യത്തിലും യോഗത്തില്‍ തീരുമാനമാകും.
കരിപ്പൂര്‍ വിമാന അപകടം;അപകട കാരണം ലാന്‍ഡിങ് സമയത്തെ അശ്രദ്ധയെന്ന് കണ്ടെത്തൽ
മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിന് കാരണം ലാന്‍ഡിങ് സമയത്തെ അശ്രദ്ധയെന്ന് പൊലീസിന്റെ കണ്ടെത്തല്‍. കരിപ്പൂര്‍ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് സമര്‍പ്പിച്ചു. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി, എയര്‍ക്രാഫ്റ്റ് ആക്‌ട് വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നത്.വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുമെന്നു ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അപകടകാരണവും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നതും അന്വേഷണ പരിധിയില്‍ വരും. അഡീഷനല്‍ എസ്പി ജി. സാബുവിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈഎസ്പി കെ. ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഎസ്പി എ. ഹേമലത, സിഐമാരായ പി. ഷിബു (കരിപ്പൂര്‍), കെ.എം. ബിജു (കൊണ്ടോട്ടി), അനീഷ് പി. ചാക്കോ (വേങ്ങര), എസ്‌ഐമാരായ കെ. നൗഫല്‍ (കരിപ്പൂര്‍), വിനോദ് വല്യത്ത് (കൊണ്ടോട്ടി) എന്നിവര്‍ സംഘത്തിലുണ്ടാകും.അപകടസ്ഥലത്ത് എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്‌എഫ് എഎസ്‌ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയാറാക്കിയത്.ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളും വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരുൾപ്പെടെ 18 പേരാണ് മരിച്ചത് അപകടത്തിൽ മരിച്ചത്.
പെട്ടിമുടി ഉരുൾപൊട്ടൽ;16 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 42 ആയി
ഇടുക്കി:രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ കാണാതായ 16 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. രാജമലക്ക് അടുത്ത് പെട്ടിമുടിയില്‍ നിന്ന് അരുണ്‍ മഹേശ്വര്‍ (34)ന്റെ മൃതദേഹമാണ് രാവിലെ കണ്ടെടുത്തത്. പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്.പൊലീസ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.തൃശ്ശൂരിൽ നിന്ന് ബൽജിയൻ മലിനോയിസ്, ലാബ്രഡോർ എന്നീ ഇനത്തിൽ പെട്ട നായ്ക്കളെ ഇതിനായി ഇടുക്കിയിലേക്ക് അയച്ചിരുന്നു.42 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ പെട്ടിമുടിയിലെ ദുരന്തസ്ഥലത്ത് നിന്നും കണ്ടെത്തിയത്. ആകെ 78 പേര്‍ അകപ്പെട്ട അപകടത്തില്‍ വെള്ളിയാഴ്ച്ച പതിനഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച്ച പതിനൊന്ന് പേരുടെ കൂടി മൃതദേഹങ്ങള്‍ പെട്ടിമുടിയിലെ ദുരന്തസ്ഥലത്ത് നിന്നും കണ്ടെത്തി. ഇതില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹങ്ങള്‍ നേമക്കാട് തന്നെ സംസ്കരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്‍റെ രണ്ട് ടീം പ്രദേശത്ത് ക്യാമ്പ് ചെയ്താണ് തിരച്ചില്‍ നടത്തുന്നത്.വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു.
ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു;രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ക്വാറന്റീനില്‍
കാസർകോഡ്:ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ക്വാറന്റീനില്‍ പോയി.അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് കോവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു.എന്നാൽ മുന്‍കരുതല്‍ എന്ന നിലയില്‍ ഇദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോഡുള്ള എംപി ഓഫീസും അടച്ചു. ക്വാറന്റീനില്‍ ആയതിനാല്‍ അടുത്ത പത്ത് ദിവസത്തേക്ക് എല്ലാ പരിപാടികളും റദ്ദാക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്:കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ ആണ് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ മരണപ്പെട്ട 18 പേരില്‍ ഒരാള്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം വിമാനാപകടവുമായി ബന്ധപ്പെട്ട് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന പറഞ്ഞു. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലെ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എല്ലാവരും മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തിനായി ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട 117 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. അതില്‍ തന്നെ മൂന്ന് പേരുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ചികിത്സയിലുള്ളതില്‍ ഇരുപത് പേര്‍ കുട്ടികളാണ്.പൈലറ്റുമാര്‍ രണ്ടു പേരും അപകടത്തില്‍ മരണപ്പെട്ടതിനാല്‍ ബ്ലാക്ക് ബോക്‌സും കോക്ക് പിറ്റ് റെക്കോഡറും പരിശോധിച്ചു അപകടകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ആന്ധ്ര-ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു.ഇതോടെ കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് ഡാമുകള്‍ പലതും നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും മഴ തുടര്‍ന്നാല്‍ ആശങ്കാകുലമായ സാഹചര്യമാകും ഉണ്ടാകുക. എല്ലാ ജില്ലകളിലും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയും നദികളില്‍ ജലനിരപ്പും കൂടാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവൻ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയർമാരുടെ കണ്ട്രോൾ റൂം പ്രവർത്തനം തുടങ്ങി. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്തു പള്ളത്തുള്ള ഡാം സേഫ്റ്റി ഓർഗനൈസേഷനിലുമുള്ള കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഡാമുകളിൽ സാറ്റലൈറ്റ് ഫോണുകൾ ഉൾപ്പടെയുള്ള സമാന്തര വാർത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
പയ്യാവൂരില്‍ ഉരുള്‍പൊട്ടി;പുഴകള്‍ കരകവിഞ്ഞു; ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി
കണ്ണൂര്‍: പയ്യാവൂര്‍ ചീത്ത പാറയില്‍ ഉരുള്‍പൊട്ടി വ്യാപക നാശം. പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ആളപായമില്ല.ഇതേത്തുടര്‍ന്ന് ശ്രീകണ്ഠാപുരം, ചെങ്ങളായി, പൊടിക്കളം തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറി.ശ്രീകണ്ഠാപുരം ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ചെങ്ങളായി മേഖലയില്‍ വീടുകളും വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകി പല ഭാഗത്തും വെള്ളംകയറി.പറശ്ശിനിക്കടവ് അമ്പലത്തിന്റെ നടവരെ വെള്ളം കയറി. അമ്പലത്തിന് സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. കഴിഞ്ഞ വര്‍ഷം വന്‍ നഷ്ടം സംഭവിച്ചതിനാല്‍ ഇത്തവണ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഭൂരിഭാഗവും വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.കോള്‍ തുരുത്തി, നണിച്ചേരി ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാനായി മീങ്കുഴി അണക്കെട്ട് വെള്ളത്തിനടിയിലായി.പേരാവൂരില്‍ കണിച്ചാര്‍ ടൗണ്‍, മലയോര ഹൈവേ എന്നിവിടങ്ങളില്‍ വെള്ളം കയറി.ചപ്പാരപ്പടവ് ടൗണിലും വെള്ളം കയറി. ഏഴോം തീരദേശ റോഡില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. പത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പെരുമ്പുഴയോരത്തെ വീട്ടുകാരേയും മാറ്റിപ്പാര്‍പ്പിക്കും. പെരളശേരി പഞ്ചായത്തില്‍ കോട്ടം, എടക്കടവ്, മാവിലായി കിലാലൂര്‍ പ്രദേശങ്ങളിലും വെള്ളം കയറി.
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം നല്‍കും
തിരുവനന്തപുരം:കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തിന്റെ സഹായധനം പ്രഖ്യാപിച്ചത്.വിമാനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു.പരിക്കേറ്റവരുടെ ചികിത്സ ചെലവ് സൗജന്യമായിരിക്കും.ചികിത്സയിൽ കഴിയുന്നവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് ചികിത്സ തുടരാം.ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.ചികിത്സ സംബന്ധമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്‌ണനും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഡിജിപിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.ഏഴ് സ്ത്രീകളും ഏഴ് പുരുഷന്‍മാരും നാല് കുട്ടികളും ഉള്‍പ്പെടെ 18 പേരാണ് അപകടത്തിൽ മരിച്ചത്. 23 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്. അപകടത്തില്‍ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവര്‍ 16 ആശുപത്രികളിലായി ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരിപ്പൂര്‍ വിമാനാപകടം; മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
ന്യൂഡൽഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. കേന്ദ്ര വ്യോമയാന മന്ത്രി മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ധനസഹായം പ്രഖ്യാപിച്ചത്.സാരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരുക്കുപറ്റിയവര്‍ക്ക് 50000 രൂപയുമടങ്ങുന്ന ധനസഹായം മന്ത്രി പ്രഖ്യാപിച്ചു. സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ഇടക്കാലാശ്വാസമായാണ് തുക നല്‍കുക.അപകട കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ബ്ലാക്ക് ബോക്‌സ് പരിശോധിച്ച ശേഷം മാത്രമേ അപകടത്തെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.വിമാനത്തിന്റെ രണ്ട് ബ്ലാക് ബോക്‌സ് കിട്ടിയിട്ടുണ്ട്. ഫ്‌ളൈറ്റ് റെക്കോര്‍ഡറും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം കാര്യങ്ങള്‍ പറയാം. സമയോചിതമായ ഇടപെടല്‍ ദുരന്തത്തിന്റെ ആക്കം കുറച്ചെന്നും വിമാനത്താവള അധികൃതരും പ്രാദേശിക ഭരണകൂടവും കൃതമായി ഇടപെടല്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.