ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കിലൂടെ വിദ്വേഷം പരത്തുന്ന പോസ്റ്റിട്ട സംഭവത്തില്‍ ബംഗളൂരുവില്‍ വന്‍ പ്രതിഷേധം. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിച്ചു. നിരവധി വാഹനങ്ങൾ നശിപ്പിച്ചു. ആക്രമികള്‍ക്ക് എതിരെ പോലീസ് നടത്തിയ വെടിവെയ്പില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. നിരവധി പോലീസുകാര്‍ക്കും പരിക്ക് പറ്റി.എംഎല്‍എ അഖണ്ഡേ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവാണ് വിദ്വേഷം പടര്‍ത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നാണ് എംഎല്‍എയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ശ്രീനിവാസ മൂര്‍ത്തിയുടെ വീടിനുമുന്നില്‍ ആളുകള്‍ തടിച്ചു കൂടുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. എംഎല്‍എയുടെ ബന്ധുവായ യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗര പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.110 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്ന് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂർത്തി അഭ്യര്‍ഥിച്ചു.
സംസ്ഥാനത്ത് ഇന്ന് 1417പേര്‍ക്ക് കോവിഡ്;1242 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ;1426 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1426 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1242 പേര്‍ക്ക് ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതില്‍ ഉറവിടം അറിയാത്ത 105 പേരുണ്ട്. വിദേശത്ത് നിന്ന് വന്ന 62 പേരും മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്ന 72 പേരും 36 ആരോഗ്യപ്രവര്‍ത്തകരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് ഇന്ന് അഞ്ചു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യ )68), കണ്ണൂര്‍ കോളയാട് സ്വദേശി കുംബമാറാടി (75), തിരുവന്തപുരം വലിയതുറ സ്വദേശി മണിയന്‍ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരണമടഞ്ഞത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസര്‍കോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4 എന്നിങ്ങനെയാണ്.
കണ്ണൂര്‍ ജില്ലയിലെ ഉളിക്കല്‍ പയ്യാവൂര്‍ മലയോര ഹൈവേയില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നു
കണ്ണൂര്‍:ജില്ലയിലെ മലയോര ഹൈവെയുടെ ഭാഗമായ ഉളിക്കല്‍ പയ്യാവൂര്‍ റോഡ് മുണ്ടാനൂര്‍ എസ്റ്റേറ്റിന് സമീപം ഇടിഞ്ഞു താഴ്ന്നു. ഇന്നലെ രാത്രി മുതല്‍ റോഡില്‍ ചെറിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഇന്ന് രാവിലെയോടെ വിള്ളല്‍ വികസിച്ച് റോഡിന്റെ ഒരു വശം പൂര്‍ണ്ണമായും തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു.റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.ചെറിയ വിള്ളല്‍ രൂപപ്പെട്ടപ്പോള്‍ തന്നെ ഇതുവഴിയുള്ള ഗതാഗതം ഭാഗിഗമായി നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍ റോഡിന്റെ ഒരു വശം താഴേക്ക് ഇടിഞ്ഞു താഴ്ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്. ഉളിക്കലിനും പയ്യാവൂരിനുമിടയില്‍ മുണ്ടാനൂര്‍ എസ്റ്റേറ്റിന് സമീപത്താണ് റോഡ് തകര്‍ന്നത്. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മുണ്ടാന്നൂര്‍ വാതില്‍മട പയ്യാവൂര്‍ റോഡിലൂടെ വഴി തിരിച്ചുവിട്ടിരിക്കുകയാണ്.അതേ സമയം നിര്‍മ്മാണത്തിലെ അപാകതയാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമായതെന്ന് ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും റോഡ് തകര്‍ന്നതിന് പിന്നില്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും പിഴവുകളുമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ശസ്ത്രക്രിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ രാഷ്ട്രപ്രതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്സിൻ നാളെ രജിസ്റ്റര്‍ ചെയ്യും
റഷ്യ:കൊറോണ വൈറസ് മൂലം നട്ടംതിരിഞ്ഞ ലോകത്തിന് റഷ്യയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. കോവിഡിനെതിരെ ഫലപ്രദമെന്ന് അവകാശപ്പെട്ട് റഷ്യ വികസിപ്പിച്ച വാക്സിന്‍ നാളെ പുറത്തിറക്കും.ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് നാളെ പുറത്തിറക്കുന്നത്. കോവിഡ്-19 പ്രതിരോധവാക്സിന്‍ തയ്യാറായതായും ഓഗസ്റ്റ് 12ന് രജിസ്റ്റര്‍ ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിഡ്‌നെവ് ആണ് അറിയിച്ചത്.ഗമലയുടെ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖൈല്‍ മുറാഷ്‌കോ വ്യക്തമാക്കിയതായി സ്പുടിന്ക് ന്യൂസ് .കോം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാക്‌സിന്‍ എപ്പോള്‍ വിപണിയിലെത്തിക്കും എന്നത് ഗവേഷകരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുര്‍ദെന്‍കോ മെയിന്‍ മിലിറ്ററി ക്ലിനിക്കല്‍ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയില്‍ വാക്‌സിന്‍ ലഭിച്ചവര്‍ക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് വ്യക്തമായി. വാക്‌സിന് മറ്റ് പാര്‍ശ്വ ഫലങ്ങളില്ലെന്നും തെളിഞ്ഞു.എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം അതിസങ്കീര്‍ണമായ ഫേസ് 3 പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്‌സിനുകളില്‍ റഷ്യന്‍ വാക്‌സിന്‍ ഇടംനേടിയിട്ടില്ല.ഈ ആറ് വാക്‌സിനുകളില്‍ മൂന്നെണ്ണം ചൈനയില്‍ നിന്നും, ഒരെണ്ണം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചതും, ഒന്ന് ആസ്ട്രസെനേക്ക, മോഡേണ എന്നിവര്‍ വികസിപ്പിച്ചതും, ഒന്ന് ബയോടെക്ക്, ഫിഷര്‍ എന്നിവര്‍ സംയുക്തമായി വികസിപ്പിച്ചതുമാണ്.
അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്സിന്‍ തയ്യാറാക്കിയിട്ടുള്ളത്. വാക്സിന്‍ ഉപയോഗിച്ച് രാജ്യത്ത് എല്ലാവരെയും കോവിഡിനെതിരെ വാക്സിനേറ്റ് ചെയ്യാനാണ് പദ്ധതിയെന്നാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യന്‍ സര്‍ക്കാര്‍. ഇതിനു പിന്നാലെ വാക്സിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്സിനേഷന്‍ ക്യാംപയിനിലൂടെ ജനങ്ങള്‍ക്കെല്ലാം വാക്സിന്‍ ലഭ്യമാക്കാനാണ് പദ്ധതി.വാക്സിന്‍ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വർദ്ധിക്കുമ്പോൾ ചിലര്‍ക്ക് പനിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റസ്ബർഗ് പറഞ്ഞു. വാക്സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ തന്നെ സംശയം പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം കൂടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി ദേവസി (75) മരിച്ചു.ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഐ.സി യുവില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരണപ്പെട്ടത്.വയനാട് കാരക്കാമല സ്വദേശി എറമ്പയിൽ മൊയ്തുവും(59) കോവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
രാജമല ദുരന്തം;അഞ്ചാം ദിവസത്തെ തെരച്ചില്‍ ആരംഭിച്ചു;ഇനി കണ്ടെത്താനുള്ളത് 21 മൃതദേഹങ്ങള്‍
ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള അഞ്ചാം ദിവസത്തെ തെരച്ചില്‍ ആരംഭിച്ചു. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. അതില്‍ അധികവും കുട്ടികളാണ്. വീടുകള്‍ക്ക് സമീപത്തെ പുഴയിലേക്ക് ഒലിച്ചു പോയതിനാല്‍ പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും.പുഴയില്‍ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്.ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്ന് കുട്ടികള്‍ അടക്കം ആറുപേരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ 49 ആയി. കൊവിഡ് ഭീതി ഉള്ളതിനാല്‍ കര്‍ശന ജാഗ്രത പാലിച്ചാണ് തെരച്ചില്‍ നടക്കുന്നത്. വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തെരച്ചിലിന് തടസം സൃഷ്‌ടിക്കുന്നത്. ചെറുസ്‌ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് നീക്കം.പെട്ടിമുടിയില്‍ തെരച്ചിലിനെത്തിയ ആലപ്പുഴയില്‍ നിന്നുള്ള അഗ്നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതോടെ ഈ സംഘത്തെ പൂര്‍ണമായും നിരീക്ഷണത്തിലാക്കി.മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ്. ഇവരെ അവസാനമായി ഒരു നോക്ക് കാണാന്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബന്ധുക്കള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ആയിരത്തിലേറെ പേര്‍ എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ളവരെ ചെക്ക്പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്. നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും അൻപതിലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. ഇവര്‍ക്ക് ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും കൊവിഡ് പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
രാജമല ദുരന്തം;ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി;മരിച്ചവരുടെ എണ്ണം 49 ആയി
സ്വര്‍ണ്ണക്കടത്ത് കേസ്;സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജി എന്‍.ഐ.എ കോടതി തള്ളി
തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജി എന്‍.ഐ.എ കോടതി തള്ളി.സ്വര്‍ണക്കടത്തില്‍ സ്വപ്‌ന പങ്കാളിയാണെന്ന് പ്രഥമദൃഷ്‌ടിയാല്‍ തന്നെ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകര്‍ വാദിച്ചത്. കേസ് നികുതിവെട്ടിപ്പാണെന്നും യു.എ.പി.എ ചുമത്താനാവില്ലെന്നും വാദിച്ചിരുന്നു. എന്നാല്‍ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ എന്‍.ഐ.എ അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.വന്‍ സ്വാധീനങ്ങളുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദുര്‍ബലമാക്കുമെന്ന വാദമാണ് എന്‍.ഐ.എ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ആദ്യം ജോലി ചെയ്‌ത യു.എ.ഇ കോണ്‍സുലേറ്റിലും സ്വപ്‍നക്ക് സ്വാധീനുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. ഇതുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിക്കുമെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു.കേസിൽ യുഎപിഎ വകുപ്പുകൾ നിലനില്‍ക്കുമോ എന്നതിന്‍റെ നിയമവശങ്ങൾ കോടതി പരിശോധിച്ചിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷ തകർക്കാനുള്ള ശ്രമം നടത്തിയതിനാൽ പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്നാണ് എന്‍.ഐ.എ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സ്വപ്നയുടെ വാദം.
ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ്; പഞ്ചായത്ത് പൂര്‍ണമായി അടച്ചിടും
ഇരിക്കൂർ:ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ടി .വി. സുഭാഷ് ഉത്തരവിട്ടു.ഇരിക്കൂര്‍ പഞ്ചായത്തിനു പുറമെ, സമ്ബര്‍ക്കത്തിലൂടെ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ 43 ആം ഡിവിഷനും, കടമ്പൂർ 13, പടിയൂര്‍ കല്ല്യാട് 3, 7, ഇരിട്ടി 19, 33, ആറളം 2, 3, പായം 10, 18, കതിരൂര്‍ 5, 12, ശ്രീകണ്ഠാപുരം 22, പയ്യന്നൂര്‍ 15, മുഴക്കുന്ന് 2, കാങ്കോല്‍ ആലപ്പടമ്പ 5, മാടായി 18 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.അതേസമയം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പായം 3, പാനൂര്‍ 2, പെരിങ്ങോം വയക്കര 14, തില്ലങ്കേരി 12, മുഴക്കുന്ന് 2, കാങ്കോല്‍ ആലപ്പടമ്പ 11, മാടായി 18 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണുകളാക്കും.