കാസര്‍കോട് ഐസ് ക്രീം കഴിച്ച്‌ 16 കാരി മരിച്ച സംഭവം കൊലപാതകം;സഹോദരൻ പിടിയിൽ

keralanews death of 16 year old girl in kasarkode is murder brother arrested

കാസര്‍കോട്: കാസര്‍കോട് ബ്ളാലില്‍ മരിച്ച പതിനാറുകാരി ആന്‍മേരിയുടേത് കൊലപാതകമെന്ന് പൊലീസ്. സഹോദരന്‍ ആല്‍ബിന്‍ ഐസ് ക്രീമില്‍ വിഷം കലര്‍ത്തി ആന്‍മേരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ശര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് ആന്‍മേരിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നിലഗുരുതരമാകുകയുമായിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് ആന്‍മേരി മരിച്ചത്. പിന്നീടാണ് കുട്ടിയെ ഐസ്ക്രീമില്‍ വിഷം കലര്‍ത്തി ഇരുപത്തിരണ്ടുകാരനായ സഹോദരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അച്ഛനും അമ്മയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രഹസ്യ ബന്ധങ്ങള്‍ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നാണ് പൊലീസ് പറയുന്നത്. സഹോദരന്‍ ആല്‍ബില്‍ വെള്ളരിക്കുണ്ട് പൊലീസിന്‍റ കസ്റ്റഡിയിലാണ്.ആല്‍ബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതാണ് കേസില്‍ നിര്‍ണായകമായത്. കുടുബംത്തിലെ ഒരാള്‍ക്ക് മാത്രം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നത് ഡോക്ടര്‍മാരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ആല്‍ബിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.അച്ഛനും അമ്മയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ ബെന്നിയുടെ നില അതീവഗുരുതരമാണ്.

ഡൽഹിയിൽ കനത്ത മഴ;വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാന നഗരം; ഗതാഗത സ്തംഭനം

keralanews heavy rain in delhi traffic interupted

ന്യൂഡൽഹി:ഡൽഹിയിൽ കനത്ത മഴ.വ്യാഴാഴ്ച രാവിലെ മുതല്‍ നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ കനത്തമഴ അനുഭവപ്പെടുകയാണ്. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമാവുന്നത് .മഴയെത്തുടര്‍ന്ന് ദ്വാരക മേഖലയിലെ അണ്ടര്‍പാസിലും ദില്ലി റെയില്‍‌വേ സ്റ്റേഷന് സമീപമുള്ള പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അണ്ടര്‍പാസില്‍ വെളളം കയറിയത് വാഹനഗതാഗതത്തെ ബാധിച്ചു. പ്രദേശത്ത് ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുകയാണ്.മിക്ക സ്ഥലങ്ങളിലും ഇടിമിന്നലോടുകൂടിയ തീവ്രമഴ ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൂടുതലും ദില്ലി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, റോഹ്തക്, ജിന്ദ്, നര്‍വാന, മെഹാം, ഗുരുഗ്രാം, മനേസര്‍, ഗാസിയാബാദ്, ഫരീദാബാദ്, പല്‍വാള്‍, ഹോഡാല്‍, ബുലന്ദഷാര്‍, ഗുലോത്തി, എന്നിവിടങ്ങളിലാണ് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയിലും രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കിട്ടിയിരുന്നു.

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ്; എന്‍ഐഎ സംഘം വീണ്ടും സെക്രട്ടറിയേറ്റില്‍

keralanews thiruvananthapuram gold smuggling case n i a team visied again in secretariate

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം വീണ്ടും സെക്രട്ടറിയേറ്റിലെത്തി.സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുക്കാനാണ് എന്‍ഐഎ സെക്രട്ടറിയേറ്റ് സന്ദര്‍ശിച്ചത്.നയതന്ത്ര ബാഗുകള്‍ സംസ്ഥാനത്തിന്റെ അറിവോടെ എത്ര തവണ കടത്തി എന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍ഐഎ സംഘം പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും എന്‍ഐഎ ചര്‍ച്ചനടത്തി.മന്ത്രി കെ ടി ജലീല്‍ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തു എന്ന ആരോപണത്തില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് എന്‍ഐഎ സംഘം സെക്രട്ടറിയേറ്റില്‍ വീണ്ടുമെത്തുന്നത്.ഇത് രണ്ടാം തവണയാണ് എന്‍ഐഎ സംഘം സെക്രട്ടറിയേറ്റില്‍ എത്തുന്നത്. മാര്‍ച്ച്‌ നാലിന് യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ പേരിലുള്ള നയതന്ത്ര ബാങ്കിലൂടെ 6000 മതഗ്രന്ഥങ്ങള്‍ എത്തിച്ചുവെന്നും അത് ഉന്നത വിദ്യാഭാസ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സി ആപ്ടിന്‍റെ ഓഫീസില്‍ എത്തിച്ചുവെന്നുമാണ് കണ്ടെത്തല്‍. ഡിപ്ലോമാറ്റിക് ബാഗ് വഴി മത ഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കസ്റ്റംസിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ല. യു എ ഈ കോണ്‍സുലേറ്റ് മതഗ്രന്ഥം നല്‍കിയെന്ന് മന്ത്രി സമ്മതിച്ചിരുന്നു.രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര ഡിപ്ലോമാറ്റിക് പാഴ്‌സലുകള്‍ വന്നു എന്നതടക്കമുള്ള വിവരങ്ങള്‍ അറിയിക്കണം എന്നാവശ്യപ്പെട്ടാണ് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാത്തതിന് ബിഎസ് എന്‍ എല്ലിനും കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു.

രാജമല ദുരന്തം;ഇനി കണ്ടെത്താനുള്ളത് 15 പേരെ;മുഖ്യമന്ത്രിയും ഗവർണറും ഇന്ന് സ്ഥലം സന്ദർശിക്കും

keralanews rajamala tragedy 15 people to find out chief minister and governor will visit the place

മൂന്നാർ:രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. 7 കുട്ടികൾ അടക്കം 15 പേരെ ആണ് ഇനി കണ്ടെത്താനുള്ളത്. പെട്ടിമുടിയാറിലും ഗ്രേവൽ ബാങ്കിലുമാണ് ഇപ്പോൾ കൂടുതൽ തിരച്ചിൽ നടത്തുന്നത്. ലയങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് കഴിഞ്ഞ രണ്ട് ദിവസവും മൃതദേഹങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. അപകടത്തിൽ പെട്ട 55 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. 12 പേർ രക്ഷപ്പെട്ടിരുന്നു. അതേസമയം രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് മുഖ്യമന്ത്രിയും ഗവർണറും തിരിച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട സംഘം, മൂന്നാർ ആനച്ചാലിൽ എത്തി. റോഡ് മാർഗം പെട്ടിമുടിയിലേക്ക് പോവുകയാണ്. സന്ദർശനം കഴിഞ്ഞ് മൂന്നാർ ടീ കൗണ്ടിയിൽ ഉന്നതതല യോഗത്തിൽ പങ്കെടുത്തശേഷം രണ്ട് മണിയോടുകൂടി സംഘം മടങ്ങും. തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഇന്ന് പെട്ടിമുടി സന്ദർശിക്കുന്നുണ്ട്.

പൂജപ്പുര ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed 59 inmates at poojappura Jail

തിരുവനന്തപുരം:പൂജപ്പുര ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ജയിലിലെ 99 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.പരിശോധന നടത്തിയതിൽ  പകുതിയിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലിലെ എല്ലാ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കും.നിലവില്‍ 1200 തടവുകാരാണ് ജയിലിലുള്ളത്. കഴിഞ്ഞ ദിവസം വിചാരണ തടവുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പല ബ്ലോക്കുകളില്‍ നിന്നുള്ള തടവുകാരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന 71 കാരനായ വിചാരണ തടവുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വ്യക്തിയുടെ രോഗ ഉറവിടം വ്യക്തമല്ല.ഇതാദ്യമായാണ് പൂജപ്പുര ജയിലില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്.ജയിലില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കുന്നതിനായി വലിയ രീതിയിലുളള ക്രമീകരണം ജയില്‍ അധികൃതര്‍ ചെയ്തിരുന്നതാണ്. ഇവയെല്ലാം മറികടന്നാണ് പൂജപ്പുരയില്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസ്;ഫൈസല്‍ ഫരീദിനെ ചോദ്യംചെയ്തു; എന്‍ഐഎ സംഘം ദുബായിൽ നിന്ന് മടങ്ങി

keralanews gold smuggling case n i a questioned faisal fareed

ദുബായ്:നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ഫൈസൽ ഫരീദിനെ ചോദ്യംചെയ്തു.അബുദാബിയിലായിരുന്നു ചോദ്യം ചെയ്യൽ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സംഘം ബുധനാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങി.കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ എന്‍.ഐ.എ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഫൈസല്‍ ഫരീദിന്റെ വിലാസത്തില്‍ നിന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് പാഴ്‌സല്‍ അയച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. സ്വപ്ന സുരേഷും സരിത്തുമടക്കം ഇന്ത്യയിലുള്ള പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിഞ്ഞു.അബുദാബിയിൽ നിന്ന് ഇന്ന് വെളുപ്പിനാണ് രണ്ടംഗ സംഘം ഡല്‍ഹിക്ക് തിരിച്ചത്. ദുബൈയിലും അബുദാബിയിലും മൂന്ന് ദിവസം അവശ്യമായ തെളിവുകള്‍ ശേഖരിച്ചാണ് എന്‍ഐഎ ടീം മടങ്ങിയത്. മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല. രഹസ്യ സ്വഭാവം നിലനിര്‍ത്തിയാണ് സംഘം തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ചു മടങ്ങിയത്. ഇത് മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല. എന്നാല്‍, കേസിലെ നിര്‍ണായക കണ്ണിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.അബുദാബി പൊലീസിന്റെ ഭാഗത്തുനിന്നും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സഹായം ലഭിച്ചിച്ചിരുന്നു.

രാജമല ഉരുള്‍പൊട്ടല്‍;മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

keralanews rajamala landslide three more deadbodies found

മൂന്നാര്‍: രാജമല ഉരുള്‍പൊട്ടലില്‍ ഇന്നുച്ചവരെ നടത്തിയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. രണ്ടുകുട്ടികള്‍ അടക്കം മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി.നബിയ (12), ലക്ഷണശ്രീ (10), സുമതി (50) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്.അതില്‍ ഏഴുപേര്‍ കുട്ടികളാണെന്ന് ദേവികുളം സബ് കലക്റ്റർ പ്രേം കൃഷ്ണന്‍ അറയിച്ചു.ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ആറാം ദിവസവും തിരച്ചില്‍ തുടരുകയാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം;തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയക് കുമാര്‍ അന്വേഷിക്കും

keralanews cyber attack against media workers thiruvananthapuram range d i g will investigate

തിരുവനന്തപുരം:സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ അക്രമങ്ങൾക്കെതിരെ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയക് കുമാര്‍ അന്വേഷിക്കും.സൈബര്‍ പോലീസ്, സൈബര്‍ സെല്‍, സൈബര്‍ ഡോം വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തിരഞ്ഞെടുക്കാം. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന് ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം രൂക്ഷമാണ്. വനിതാ മാധ്യമപ്രവര്‍ത്തകരേയും തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നുണ്ട്. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ കുടുംബാംഗങ്ങള്‍ക്ക് നേരേയും ആക്ഷേപം ഉന്നയിക്കുന്നുണ്ട്. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിശദ  അന്വേഷണം നടക്കുന്നത്.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അഞ്ചുപേർ മരിച്ചു

keralanews five died when moving bus got fire in karnataka

ബംഗളൂരു:കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് ചിത്രദുര്‍ഗ ഹൈവേ നാലില്‍ വെച്ച്‌ തീപിടിച്ചത്. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് പൊള്ളലേറ്റ് മരിച്ചത്. 27 യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.ബസില്‍ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹിരിയുര്‍ പൊലീസ് അറിയിച്ചു.എന്‍ജിന്‍ തകരാര്‍ കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

രാജമല ദുരന്തം; തെരച്ചില്‍ ആറാം ദിവസത്തിലേക്ക്; ഇനി കണ്ടെത്താനുള്ളത് 19 പേരെ

keralanews rajamala tragedy search continues for the sixth day 19 bodies to find out

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചില്‍ ആറാം ദിവസമായ ഇന്നും തുടരുന്നു.രാവിലെ എട്ട് മണി മുതല്‍ തെരച്ചില്‍ ആരംഭിച്ചു. 19 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി.ഇനി കണ്ടെത്താനുള്ളതില്‍ കൂടുതല്‍ കുട്ടികളാണ്. ഒന്‍പത് കുട്ടികളെ കണ്ടെത്താനുണ്ടെന്ന് ഇടുക്കി സബ് കലക്‌ടര്‍ പ്രേംകൃഷ്‌ണന്‍ പറഞ്ഞു.മൃതദേഹങ്ങള്‍ ഒലിച്ചുപോയിരിക്കാന്‍ സാധ്യതയുള്ളതിനാൽ പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്.പുഴകളുടെ പരിസരത്തും മറ്റ് സമീപ സ്ഥലങ്ങളിലും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.കാലാവസ്ഥ അനുകൂലമായതിനാല്‍ കൂടുതല്‍ പേരെ ഇന്നു കണ്ടെത്താന്‍ സാധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇടുക്കിയിലടക്കം മലയോര മേഖലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി മഴ വളരെ കുറവാണ്. ലയങ്ങളുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ തെരച്ചില്‍ നടത്താനാണു തീരുമാനം. അവസാന ആളെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിലും ഉരുള്‍പൊട്ടലില്‍ വന്നു പതിച്ച വലിയ പാറക്കൂട്ടങ്ങള്‍ തെരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്. സ്ഫോടക വസ്തുക്കള്‍ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച്‌ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ ചില മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരുന്നു. ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെവന്നാല്‍ ശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടിവരും. ആവശ്യമെങ്കില്‍ മൃതദേഹം ഡിഎന്‍എ ടെസ്റ്റിനു വിധേയമാക്കാമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിരുന്നു.