ന്യൂഡല്‍ഹി: കേരളം പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള പഴയ കണക്കുകള്‍ കൂടി ചേര്‍ത്താണ് രാജ്യമാകെയുള്ള കോവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധന കാണിച്ചത്.അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ കേരളം കൊവിഡ് കണക്ക് പുറത്തുവിട്ടത്.ഇത് രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നും കേന്ദ്രം വിമര്‍ശിച്ചു. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍ കേരളത്തിന് കത്തയച്ചു.കോവിഡ് ബാധിതരുടെ കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കത്തയച്ചത്.രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് പ്രതിദിന കോവിഡ് കണക്കുകളുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു തീരുമാനം.
മീനിലെ മായം;സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്‌തമാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താൻ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തതുമായ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നിർദ്ദേശം നൽകിയത്. നെടുങ്കണ്ടത്തെ ആറ് പോയിന്റുകളില്‍ നിന്നും ശേഖരിച്ച 8 സാമ്പിളുകൾ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഉടുമ്പൻചോല ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാർ, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ 6 വിൽപന കേന്ദ്രങ്ങളിൽ നിന്നാണ് മത്സ്യ സാമ്പിളുകൾ ശേഖരിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി.തൂക്കുപാലത്ത് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ നിന്ന് മീൻ വാങ്ങിയവർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. മീനിന്റെ തലയും ചില ഭാഗങ്ങളും കഴിച്ച വീട്ടിലെ രണ്ട് പൂച്ചകൾക്കും പൂച്ചക്കുട്ടികൾക്കും ചില പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന് അവർ സ്ഥലത്തെ വെറ്റിറിനറി സർജനെ ഇക്കാര്യം അറിയിച്ചു. അടുത്ത ദിവസം ഒരു പൂച്ച ചത്തു. ഇതേ കാലയളവിൽ തന്നെ മത്തി മീൻ കഴിച്ച് പൂച്ച ചത്തതായി അയൽവാസികളിൽ ഒരാൾ പരാതിപ്പെട്ടു. ഭക്ഷ്യവിഷബാധയോ സീസണൽ വൈറസോ ആകാം പൂച്ചകളുടെ മരണത്തിന് കാരണമെന്ന് നെടുങ്കണ്ടം വെറ്റിറിനറി സർജൻ അറിയിച്ചു. അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി മെഡിക്കൽ ഓഫീസറും റിപ്പോർട്ട് ചെയ്തു. തുടർന്നാണ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടിയന്തരമായി അന്വേഷിച്ച് സാമ്പിളുകൾ ശേഖരിച്ച് തുടർ നടപടികൾ സ്വീകരിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം തേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍;കാവ്യയേയും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍.തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോള്‍ ചെന്നൈയില്‍ ആണെന്നാണ് കാവ്യ മറുപടി നല്‍കിയതെന്നും അടുത്ത ആഴ്ച നാട്ടില്‍ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകളില്‍ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സംബന്ധിച്ച ചില വിവരങ്ങൾ ദിലീപിന്റെ ഭാര്യാ സഹോദരൻ സൂരജിന്റെ ഫോണിൽ നിന്നും ലഭിച്ചതായും പോലീസ് അറിയിച്ചു.ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. അതേസമയം കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കാൻ ബാർ കൗൺസിൽ തീരുമാനിച്ചു. അഭിഭാഷകരായ ബി. രാമൻപിള്ള, ഫിലിപ്പ് ടി വർഗ്ഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നോട്ടീസ് അയക്കാനാണ് ബാർകൗൺസിൽ തീരുമാനിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമാണ് നടപടി.
സംസ്ഥാനത്തെ കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചു;മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചു. ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. മാസ്‌കും ആൾക്കൂട്ട നിയന്ത്രണവും പാലിച്ചില്ലെങ്കിൽ ഇനി കേസെടുക്കില്ല. രണ്ട് വർഷത്തിലേറെ കാലമായി സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചിരിക്കുന്നത്.കേന്ദ്ര നിര്‍ദ്ദേശത്തെിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. മാസ്‌ക് ധരിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം തുടരണമെന്നും സാമൂഹിക അകലവും പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമപ്രകാരം ഒട്ടേറെ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസമായി 500ൽ താഴെ പ്രതിദിന രോഗികളാണ് റിപ്പോർട്ട് ചെയ്യാറുള്ളത്. സംസ്ഥാനത്ത് ഇന്ന് 291 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്.
ആശങ്ക വിതച്ച് അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ എക്‌സ്ഇ വകഭേദം;ആദ്യ കേസ് മുംബൈയിൽ
മുംബൈ: ഇന്ത്യയിലെ ആദ്യ ഒമിക്രോണ്‍ എക്‌സ്‌ഇ (Omicron XE) വകഭേദം മുംബൈയില്‍ സ്ഥിരീകരിച്ചു.കൊറോണ വൈറസിന്റെ അതിവ്യാപന ശേഷിയുള്ള വകഭേദമാണ് എക്‌സ്ഇ. ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനി (ബി.എം.സി) ലാണ് രോഗബാധ സ്ഥിരീകരിച്ചത്.50 വയസുള്ള സ്ത്രീക്ക് രോഗലക്ഷണങ്ങളില്ലെന്നും കോവിഡ് വാക്സിന്‍ എടുത്തിരുന്നതായും ബി.എം.സി അറിയിച്ചു.കൊറോണ സ്ഥിരീകരിച്ച 230 പേരുടെ സാമ്പിളുകൾ മുംബൈ നഗരസഭ സീറോ സർവ്വെയ്‌ലൻസിനായി അയച്ചിരുന്നു. ഇതിൽ ഒന്നിലാണ് എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ചത്. ഇതിന് പുറമേ കൊറോണയുടെ കാപ്പ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു വകഭേദം ബാധിച്ചവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങൾ ഒന്നും പ്രകടമാക്കാത്ത ഇവരെ ആരോഗ്യപ്രവർത്തകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.പുതിയ വകഭേദത്തിന് ഒമിക്രോണിനെക്കാള്‍ വ്യാപനശേഷി ഉണ്ടെന്നാണ് വിലയിരുത്തല്‍. ബിഎ 1, ബിഎ 2 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ് ഇ. ലോകമെങ്ങും പടര്‍ന്നു കഴിഞ്ഞ ബിഎ 2 വകഭേദത്തേക്കാള്‍ 10 ശതമാനം വ്യാപനശേഷി കൂടുതലാണ് എക്സ് ഇക്ക്.ബ്രിട്ടണിലാണ് കൊറോണയുടെ എക്‌സ്ഇ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ജനുവരി 16നായിരുന്നു ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ ബ്രിട്ടണിൽ 600 ലധികം പേർക്ക് വൈറസിന്റെ എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചവരിൽ 21 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒൻപത് പേരും ഇരു വാക്‌സിനുകളും സ്വീകരിച്ചവരാണ്. ബാക്കിയുള്ളവർ വാക്‌സിൻ സ്വീകരിക്കാത്തവരാണ്.
കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്ന് വീണ് രണ്ട് മരണം
കണ്ണൂർ: കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്ന് വീണ് രണ്ട് മരണം.ചക്കരക്കല്‍ ആറ്റടപ്പയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ദാരുണ സംഭവമുണ്ടായത്.വീടിന്റെ ഉടമസ്ഥനായ ആറ്റടപ്പ സ്വദേശി കൃഷ്ണന്‍, നിര്‍മ്മാണ തൊഴിലാളിയായ പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകര്‍ന്നു വീഴുകയായിരുന്നു. നിലവിലുള്ള വീടിന്റെ മുകളിലത്തെ നിലയില്‍ നിര്‍മ്മാണം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബീം ദേഹത്ത് വീണതിനെ തുടര്‍ന്ന് ഏറെ നേരം പണിപ്പെട്ടാണ് ലാലുവിനെ പുറത്തെടുത്തത്. എന്നാല്‍ ലാലുവിന് മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കൃഷ്ണന്‍ മരിച്ചത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം; മിനിമം ചാർജ് 10 രൂപ; ഓട്ടോയ്‌ക്ക് മിനിമം കൂലി 30 രൂപ; ടാക്‌സി ചാർജും വർധിപ്പിക്കും; വിദ്യാർത്ഥി കൺസെഷനിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം. മിനിമം ചാർജ് പത്ത് രൂപയാക്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി. ഓട്ടോയ്‌ക്ക് മിനിമം ചാർജ് 30 രൂപയാക്കാനും യോഗത്തിൽ തീരുമാനിച്ചു. അതേസമയം വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.കമ്മീഷനെ നിയോഗിച്ച് വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വർധിപ്പിക്കുന്നതിൽ പരിശോധന നടത്തും. ശേഷം മാത്രമേ കൺസെഷൻ വർധനയിൽ തീരുമാനമുണ്ടാകൂവെന്ന് ആന്റണി രാജു അറിയിച്ചു.ബസ് യാത്ര നിരക്കിൽ മിനിമം ചാർജിന് ശേഷമുള്ള ഓരോ കിലോമീറ്ററിലും ഒരു രൂപയാകും ഈടാക്കുക. ഓട്ടോയ്‌ക്ക് മിനിമം ചാർജ് വർധിപ്പിച്ചെങ്കിലും വെയ്റ്റിംഗ് ചാർജിന് മാറ്റമില്ല. മിനിമം കൂലി 30 രൂപയാക്കുമ്പോൾ പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാം. 30 രൂപയ്‌ക്ക് രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കാമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.1500 സിസിക്ക് താഴെയുള്ള ടാക്‌സി കാറുകൾക്ക് അഞ്ച് കിലോമീറ്റർ വരെ 175 രൂപയായിരുന്നു നിരക്ക്. ഇത് 200 രൂപയായി വർധിപ്പിക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്‌സിക്ക് 200 രൂപയിൽ നിന്നും മിനിമം ചാർഡ് 225 രൂപയായും ഉയർത്തി. ചാർജ് വർധനവ് സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.
സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു; ഇരുപതോളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നു
തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. നാളെ രാത്രി 12 മണി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പാൽ, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബസ്, ടാക്സി, ഓട്ടോ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണമായും നിശ്ചലമായി.പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ബാങ്കിംഗ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കരുതെന്ന് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങൾ അടച്ചിടണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കര്‍ഷകസംഘടനകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക, അവശ്യപ്രതിരോധസേവനനിയമം പിന്‍വലിക്കുക, കോവിഡ് കാലപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. പണിമുടക്കിന് മുന്നോടിയായി റേഷന്‍കടകളും സഹകരണബാങ്കുകളും കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ബസ് സമരം പിന്‍വലിച്ചിരുന്നുവെങ്കിലും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബസ് ഉടമകള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പല സ്വകാര്യ ബസുകളും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം സര്‍വീസ് നടത്തിയെങ്കിലും അര്‍ധരാത്രിയോടെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. അതേ സമയം കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ചെന്നൈയില്‍ നഗരത്തില്‍ ഓട്ടോ, ടാക്സി സര്‍വീസുകളും പതിവുപോലെ സര്‍വീസ് തുടരുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡിഎംകെ അനുകൂല ട്രേഡ് യൂണിയനായ ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷനടക്കം സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ ജീവനക്കാര്‍ പ്രത്യക്ഷ സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്.
സ്വകാര്യ ബസ് സമരം പിൻവലിച്ചു;തീരുമാനം മുഖ്യമന്ത്രിയുമായി ബസ്സുടമകൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ
തിരുവനന്തപുരം:സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ചയ്ക്ക് പിന്നാലെയാണ് തീരുമാനം.ഗതാഗത മന്ത്രിയുമായും ബസ് ഉടമകളുടെ സംഘടന ചര്‍ച നടത്തിയിരുന്നു. മാര്‍ച് 30ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ബസ് സമരം പിന്‍വലിച്ചത്.ബസ് ചാർജ് വർദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയ സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോകുന്നില്ലെന്ന് ബസ് ഉടമകൾ അറിയിച്ചു.മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ് ആറ് രൂപയാക്കുക, ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഒരു രൂപ നിരക്ക് നിശ്ചയിക്കുക, നികുതി ഇളവ് നല്‍കുക തുടങ്ങിയവയാണ് പ്രധാനമായി ഉടമകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.ചാർജ് വർദ്ധന ആവശ്യപ്പെട്ട് ബസ് ഉടമകൾ കഴിഞ്ഞ നാല് ദിവസമായി സമരം തുടരുകയാണ്. ഇതേ തുടർന്ന് ജനങ്ങൾ വലിയ ബുദ്ധിമുട്ട് ആണ് നേരിടുന്നത്. ഇതോടെയാണ് മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയത്. അതേസമയം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പൊതു പണിമുടക്കില്‍ പങ്കെടുക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.
മാർച്ച് 31 ന് മുന്‍പായി പാന്‍- ആധാര്‍ ലിങ്ക് ചെയ്തില്ല എങ്കില്‍ 10000 രൂപ വരെ പിഴ ഈടാക്കും
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിര്‍ദ്ദേശപ്രകാരം 2022 മാര്‍ച്ച് 31 ന് മുന്‍പായി നിങ്ങളുടെ ആധാര്‍ നമ്പരും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യണം. കോവിഡ് മഹാമാരി കണക്കിലെടുത്ത്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍, ദീര്‍ഘിപ്പിച്ചിരുന്നു. 2021 സെപ്റ്റംബർ 30ന് മുന്‍പായി ആധാര്‍ പാന്‍ ലിങ്ക് ചെയ്യണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, പിന്നീട് കോവിഡ് മഹാമാരി മൂലം സമയപരിധി നീട്ടുകയായിരുന്നു. ഒടുവിലത്തെ നിര്‍ദേശം അനുസരിച്ച് 2022 മാർച്ച് 31 ആണ് ആധാര്‍ പാന്‍ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി.ബാങ്ക് അക്കൗണ്ട് തുറക്കുക, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ഓഹരികള്‍ വാങ്ങുക, കൂടാതെ 50,000 രൂപയില്‍ കൂടുതല്‍ പണമിടപാടുകള്‍ നടത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി അനുസരിച്ച് പാന്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത സാഹചര്യത്തില്‍ 10,000 രൂപ പിഴ ഈടാക്കാം.ആധാര്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാകും. പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ഇത്തരത്തില്‍ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്‌സൈറ്റ് മുഖാന്തിരവും ഇത്തരത്തില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സ്റ്റാറ്റസ് പരിശോധിക്കുക. പാൻ കാർഡ് ഉടമകൾ ഇത് ചെയ്തില്ലെങ്കിൽ ഓരോ നിയമലംഘനത്തിനും 10,000 രൂപ പിഴ ഈടാക്കാം.