ന്യൂഡല്‍ഹി:മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് എന്‍.ഐ.എ അന്വേഷണം. വിദേശനാണ്യ ചട്ടം ലംഘിച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ മന്ത്രിക്കെതിരെ അന്വേഷണം നടത്തുക. നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട് എന്നാണ് നിയമം.എന്നാല്‍ ഇത് ജലീല്‍ നേടിയിരുന്നില്ല. നിയമലംഘനം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് അഞ്ചു ലക്ഷം രൂപയുടെ സഹായം സ്വീകരിച്ചുവെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. അതേസമയം സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തെ കെ.ടി ജലീല്‍ സ്വാഗതം ചെയ്തു.ഏത് അന്വേഷണത്തിനും ആയിരംവട്ടം തയാറെന്ന് മന്ത്രി ജലീല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷണം നടത്താം. മടിയില്‍ കനമില്ലാത്തവന് ആരെപ്പേടിക്കാനാണെന്നും ജലീല്‍ ചോദിച്ചു.
കാസര്‍കോട് തോണി മുങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കാസര്‍കോട്: പെരുബള പുഴയില്‍ തോണി മുങ്ങി കാണാതായ യുവാവിനെ്റ മൃതദേഹം കണ്ടെത്തി. ശനിയഴ്ച രണ്ടരമണിയോടെ മൃതദേഹം പെരുബള പാലത്തിന് സമീപത്ത് വെച്ച് കണ്ടെത്തിയത്.കുന്നുമ്മല്‍ നാസറിന്റെ മകന് നിയാസാണ് (23) ശനിയാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ കാണാതായത്. ശക്തമായ ഒഴുക്കില്‍ പെട്ടതാണെന്നാണ് സംശയിക്കപ്പെട്ടിരുന്നത്. നിയാസ് അടക്കം നാല് പേരാണ് എഞ്ചിന് ഘടിപ്പിച്ച ഫൈബര്‍ തോണിയില്‍ ഉണ്ടായിരുന്നത്. നിയാസാണ് എഞ്ചിന് നിയന്ത്രിച്ചിരുന്നത്. യുവാവിന് ഇക്കാര്യത്തില്‍ വലിയ പരിചയം ഇല്ലാത്തത് കൊണ്ട് പെരുബള പാലത്തിന്റെ തൂണിലിടിച്ച് തോണി മറിയുകയായിരുന്നു. മറ്റ് മൂന്ന് പേര് നീന്തി കരയ്ക്ക് കയറിയെങ്കിലും നിയാസിനെ കാണാതാവുകയായിരുന്നു.ഫയര്‍ ഫോഴ്സും പൊലീസും നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉത്ര വധക്കേസ്;സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തു
കൊല്ലം:അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
സ്ത്രീധന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇവരെ പുനലൂര്‍ കോടതിയില്‍ ഇന്ന് ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇവരെ പലതവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. വീട്ടിലെത്തിയാണ് ക്രൈബ്രാഞ്ച് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. നേരത്തെ ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമം ചുമത്തിയിരുന്നു.ഫെബ്രുവരി 26നാണ് മാനസിക ആരോഗ്യ പ്രശ്നങ്ങളുള്ള ഉത്രയെ കൊല്ലാനായി ഭർത്താവ് സൂരജ് പാമ്പു പിടുത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങിയത്. ഉത്രയുടെ വീട്ടിൽ വച്ച് കിടന്നുറങ്ങുമ്പോൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു.
പെട്ടിമുടിയോട് യാത്ര പറഞ്ഞ് ‘കുവി’;പുതിയ ദൗത്യത്തിനായി ഇനി പൊലീസിലേക്ക്
രാജമല:ദുരന്ത ഭൂമിയിൽ നിന്നും കളിക്കൂട്ടുകാരി ധനുഷ്കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായ പെട്ടിമുടിയോട് വിടപറയുന്നു.ഇനി പുതിയ റോളില്‍ കുവി ഇടുക്കി ഡോഗ് സ്ക്വാഡിനൊപ്പം ഉണ്ടാകും.ഇന്നലെ വൈകിട്ടാണ് കുവിയെ പൊലീസ് പെട്ടിമുടിയില്‍ നിന്ന് കൂട്ടികൊണ്ട് പോയത്.കഴുത്തില്‍ പുതിയ ടാഗ് അണിയിച്ച് പെട്ടിമുടിക്കാര്‍ തന്നെ കുവിയെ യാത്രയാക്കി.ദുരന്തഭൂമിയില്‍ അവശനായി അലഞ്ഞ് നടന്ന കുവിയെ ഏറ്റെടുക്കാന്‍ ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകന് അജിത് മാധവ് നേരത്തെ അനുമതി തേടിയിരുന്നു, കുവിയെ വീട്ടിലെത്തിച്ച് പരിപാലിക്കാനായിരുന്നു അജിത് ഉദ്ദേശിച്ചിരുന്നത്, എന്നാല്‍ കുവിയെ ജില്ലാ ഡോഗ് സ്ക്വാഡിനൊപ്പം വിടാനായിരുന്നു അധികൃതരുടെ തീരുമാനം. ഡോഗ് സ്ക്വാഡിലെ നായകള്‍ക്കൊപ്പം കുവിക്കും ഇനി പ്രത്യേക പരിചരണം ലഭിക്കും.ദുരന്ത ഭൂമിയിലെ എട്ട് ദിവസത്തെ തിരച്ചിലിന് ശേഷമാണ് കുവി തന്റെ കളിക്കൂട്ടുകാരിയായ ധനുഷ്കയെ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയെത്താതിരുന്നിടത്തേക്ക് കുവി അവരെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.ദുരന്തത്തില്‍ അകപ്പെട്ട ഉടമസ്ഥതരയും വീട്ടിലെ കളിക്കൂട്ടുകാരിയെയും തിരഞ്ഞു നടന്ന കുവി സ്നേഹത്തിന്റെയും കടപ്പാടിന്റെയും പര്യായമായി മാറിയിരുന്നു.
ലൈഫ് മിഷന് പദ്ധതി;ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചു
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചു.ലൈഫ് പദ്ധതിയില്‍ കേന്ദ്രാനുമതി നേടിയെങ്കില്‍ ഇത് സംബന്ധിച്ച ഫയല്‍ ഹാജരാക്കണം,റെഡ് ക്രസന്റ് വഴിയുള്ള പദ്ധതിക്ക് അനുമതി കിട്ടിയിരുന്നെങ്കിൽ അത് സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കണം, കരാര്‍ തുക കൈമാറ്റം ചെയ്തത് സംബന്ധിച്ച നിയമോപദേശവും മിനിറ്റ്സും ഉള്‍പ്പെടെ രേഖകള്‍ കൈമാറണമെന്നുമാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ ലഭിച്ച കമ്മിഷന് തുകയുടെ പങ്ക് പറ്റിയെന്ന സംശയത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരുകോടിയിലധികം രൂപ മറ്റാര്‍ക്കോ വേണ്ടിയാണെന്നും ഇത് ആര്‍ക്കെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. കമ്മിഷന് തുകയില്‍ വ്യക്തത വരുത്താനായി യുണീടാക്ക് ഉടമയെ ഇഡി വീണ്ടും ചോദ്യം ചെയ്യും.20 കോടി രൂപയുടെ ലൈഫ് മിഷന് പദ്ധതിയില്‍ നാല് കോടി 30 ലക്ഷം രൂപ കമ്മിഷന് തുകയായി കൊടുത്തു എന്നായിരുന്നു യുണീടാക്ക് ഉടമ സന്തോഷ് ഈപ്പന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൊടുത്തമൊഴിയില്‍ വ്യക്തമാക്കിയത്. ഇതില്‍ 3 കോടിയിലേറെ രൂപ സ്വപ്നയും സരിത്തും സന്ദീപും യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും കരാറില്‍ ഇടപെട്ട ഈജിപ്ഷ്യന്‍ പൗരനും വീതിച്ചെടുക്കുകയായിരുന്നു. ബാക്കിവന്ന ഒരു കോടിയാണ് സ്വപ്ന ലോക്കറില്‍ സൂക്ഷിച്ചത്. ബിനാമി ഇടപാടില്‍ മറ്റാര്ക്കോവേണ്ടിയാണ് ഈ തുക സൂക്ഷിച്ചതെന്നും അത് ആര്‍ക്കുവേണ്ടിയാണെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ വിലയിരുത്തല്‍. സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരാകാം തുകയുടെ പങ്ക് പറ്റിയതെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിനാണ് എന്‍ഫോഴ്സ്മെന്റ് തയ്യാറെടുക്കുന്നത്.
ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍ രത്ന;ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം
ന്യൂഡൽഹി:ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍ രത്ന.റിയോ പാരാലിംപിക്സ് സ്വര്‍ണ ജേതാവ് മാരിയപ്പന് തങ്കവേലു, ലോക ഗുസ്തി ചാംപ്യന്‍ഷിപ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസ് സ്വര്‍ണം നേടിയ മനിക ബത്ര, ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവരാണ് ഇത്തവണ രോഹിത് ശര്‍മയ്ക്ക് പുറമേ ഖേല്‍ രത്നയ്ക്ക് അര്‍ഹരായവര്‍.ക്രിക്കറ്റില്‍ സച്ചിന് തെന്‍ഡുല്‍ക്കറിനും എം.എസ്.ധോണിക്കും വിരാട് കോലിക്കും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് രോഹിത്.കഴിഞ്ഞ വർഷം ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും തിളങ്ങാൻ രോഹിത്തിന് കഴിഞ്ഞിരുന്നു. ഏകദിന ഫോർമാറ്റിൽ 2019ല്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും രോഹിത്തായിരുന്നു.ക്രിക്കറ്റ് താരങ്ങളായി ഇശാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവരുള്‍പ്പെടെ 29 പേര് അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായി.മലയാളി ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പ് ഉള്‍പ്പടെ അഞ്ചുപേരാണ് ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹരായത്. 2000 സിഡിനി ഒളിബിക്സില്‍ മത്സരിച്ച ജിന്‍സി ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ റിലേ സ്വര്‍ണം നേടിയ റിലേ ടീമില്‍ അംഗമായിരുന്നു.ജിന്‍സി ഫിലിപ്, ശിവ കേശവന് (അര്‍ജുന) എന്നിവരാണു പട്ടികയിലെ മലയാളികള്‍. ജൂഡ് ഫെലിക്സ് (ഹോക്കി), ജസ്പാല്‍ റാണ (ഷൂട്ടിങ്) എന്നിവരുള്‍പ്പെടെയുള്ളവര്‍ ദ്രോണാചാര്യ പുരസ്കാരം നേടി.പാതി മലയാളി ശിവകേശവന് അര്‍ജുന പുരസ്കാരം വൈകി വന്ന അംഗീകാരമാണ്. ശീതകാല ഒളിംപിക്സില്‍ തുടര്‍ച്ചയായി 6 തവണ പങ്കെടുത്തിട്ടുള്ള ശിവകേശവന് ശീതകാല ഒളിംപിക്സില്‍ ലൂജ് ഇനത്തിലാണ് പങ്കെടുത്തത്. ഈ ഇനത്തില്‍ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനാണു ശിവ. ഫൈബര്‍ ഗ്ലാസുകൊണ്ടുള്ള തളികയില്‍ മഞ്ഞിലൂടെ അതിവേഗം നീങ്ങുന്ന മത്സരമാണു ലൂജ്.തലശ്ശേരി സ്വദേശി സുധാകരന് കേശവനാണു ശിവയുടെ പിതാവ്. അമ്മ ഇറ്റലിക്കാരിയാണ്.
കോവിഡ് രോഗ വ്യാപനം രണ്ട് വര്‍ഷത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ:കോവിഡ് രോഗ വ്യാപനം രണ്ട് വര്‍ഷത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ശക്തമാക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടുണ്ട്.മാസ്ക് ധരിക്കുന്നത് മുതല്‍ ജനക്കൂട്ടത്തെ ഒഴിവാക്കുന്നത് വരെ, ആരോഗ്യ നടപടികള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ മറികടക്കാന്‍ ലോകത്തിന് കഴിയുകയുള്ളൂ എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറയുന്നു.1918-ല്‍ റിപ്പോര്‍ട്ട് ചെയ്ത സ്പാനിഷ് ഫ്ളൂ മറികടക്കാന്‍ രണ്ടുവര്‍ഷമെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാല്‍ അന്നത്തേതില്‍ നിന്ന് വിഭിന്നമായി സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ചുരുങ്ങിയ സമയത്തിനുളളില്‍ വൈറസ് വ്യാപനം തടയാന്‍ സഹായിക്കുമെന്നും ടെഡ്രോസ് പറഞ്ഞു.’ഇക്കാലത്ത് ആളുകള്‍ പരസ്പരം ബന്ധപ്പെടാനുളള സാഹചര്യങ്ങള്‍ കൂടുതലായതിനാല്‍ വൈറസ് വ്യാപനത്തിനുളള സാധ്യതയും കൂടുതലാണ്. അതേസമയം, നമുക്കത് തടയാനുളള സാങ്കേതികതകളുണ്ട്, തടയാനുളള അറിവുണ്ട്’, ടെഡ്രോസ് പറഞ്ഞു.സ്പാനിഷ് ഫ്ളൂ ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്. 22.7 ദശലക്ഷം ആളുകളെ കൊറോണ വൈറസ് ബാധിച്ചപ്പോള്‍ ഏകദേശം എട്ടുലക്ഷത്തോളം പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘പിപിഇയുമായി ബന്ധപ്പെട്ട അഴിമതി, എന്നെ സംബന്ധിച്ചിടത്തോളം അത് കൊലപാതകത്തിന് തുല്യമാണ്. കാരണം പിപിഇ കിറ്റ് ധരിക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിചെയ്യുന്നത് അവരുടെ ജീവനുതന്നെ വെല്ലുവിളിയുയര്‍ത്തിയേക്കാം. അത് അവര്‍ പരിപാലിക്കുന്ന ആളുകളുടെ ജീവനും ഭീഷണി ഉയര്‍ത്തും, അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
പത്തനംതിട്ട:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി അലക്സാണ്ടര്‍ (76 ) ആണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഇദ്ദേഹം കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ മരണം 9 ആയി.അതേസമയം അതേസമയം കൊവിഡ് മരണ സംഖ്യ 200 കടന്നു. ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത് 64 മരണങ്ങളാണ്.203 മരണങ്ങളില്‍ 132 പേരും അറുപതു വയസിനു മുകളിലുള്ളവരാണ്. 7 പേര് 18 – 40 നുമിടയില്‍ പ്രായമുളളവരും 52 പേര് 41 നും 59 നുമിടയിലുള്ളവരുമാണ്. 24.63 % പേര്‍ക്കും രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. 64.53% പേര്‍ക്ക് പ്രാദേശിക സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.
ഇടുക്കി മറയൂരില്‍ യുവതിയെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി
ഇടുക്കി:മറയൂരില്‍ യുവതിയെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി.പാണപ്പെട്ടിക്കുടിയില്‍ ചന്ദ്രിക (34) ആണ് മരിച്ചത്. സഹോദരിയുടെ മകന് കാളിയപ്പനാണ് വെടിവച്ചത്.സംഭവവുമായി ബന്ധപ്പെട്ട് കാളിയപ്പന്, സുഹൃത്ത് മണികണ്ഠന്, മാധവന് എന്നിവരെ മറയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.കാളിയപ്പന്റെ സുഹൃത്ത് മണികണ്ഠന് ചന്ദനകേസിലെ പ്രതിയാണ്. ഇയാളെ ചന്ദന വില്‍പ്പനയുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് വാച്ചറായ ചന്ദ്രികയുടെ സഹോദരന് ഒറ്റികൊടുത്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.ഇന്നലെ രാത്രി പത്തുമണിയോടെ മദ്യ ലഹരിയില്‍ മൂന്ന് പേരും ചേര്‍ന്ന് നാടന്‍ തോക്കുമായി കുടിയിലേയ്ക്ക് പോകുകയായിരുന്നു. ഈ സമയം കുടിയുടെ സമീപത്തുള്ള കപ്പ തോട്ടത്തില്‍ കാവല്‍ കിടന്നിരുന്ന ചന്ദ്രിക ഇവരെ തടയുകയുകയായിരുന്നു. തുടര്‍ന്നാണ് ചന്ദ്രികയെ കയ്യില്‍ കരുതിയിരുന്ന തോക്കുപയോഗിച്ച് കൊലപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന ഇവരെ നാട്ടുകാര്‍ തന്നെ തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയായിരുന്നു.
കോവിഡിനെതിരായ ഓക്സ്ഫഡ് വാക്സിന് ഇന്ത്യയില്‍ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചതായി സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍
ന്യൂഡൽഹി:കോവിഡിനെതിരായ ഓക്സ്ഫഡ് വാക്സിന് ഇന്ത്യയില്‍ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചതായി സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പുരുഷോത്തമന് സി നമ്പ്യാർ.രണ്ടും മൂന്നും ഘട്ടം പരീക്ഷണങ്ങളാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിച്ചിരിക്കുന്നത്. 1500 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുക.മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വില്‍ക്കാനുള്ള അനുമതി തേടും.പരീക്ഷണം വിജയിക്കാനായാല്‍ ഡിസംബറില്‍ തന്നെ വാക്സിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വില്ക്കാന് ഇപ്പോള്‍ കഴിയില്ല. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കി അനുമതി കിട്ടിയ ശേഷമേ വില്പന തുടങ്ങാനാകൂ എന്നും സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പറഞ്ഞു.അടുത്ത ജൂണോടെ എല്ലാവര്ക്കും വാക്സിന് നല്‍കാനാകുമെന്നും, പ്രാഥമികമായി മരുന്ന് പുനെയിലാകും ഉത്പാദിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.പുനെ, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പ്രധാനപരീക്ഷണകേന്ദ്രങ്ങള്‍. ദില്ലി എയിംസ്, സേഥ് ജിഎസ് മെഡിക്കല്‍ കോളേ, മുംബൈ, കെഇഎം ആശുപത്രി, മുംബൈ, ജിപ്മെര്‍ ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര് മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരാവുക. സമ്മതപത്രം എഴുതി വാങ്ങിയാകും പരീക്ഷണത്തിന് വിധേയരാക്കുക. നേരത്തെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്കാന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് തീരുമാനിച്ചിരുന്നു. വാക്സിന് വേഗത്തില്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ പുതിയ കരാറിന്റെ ഭാഗമായി, ഇന്ത്യക്കും താഴ്ന്നഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും 10 കോടി വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സിറം ഇൻസ്റിറ്റ്യൂട്ടിനുണ്ടായിരിക്കും.