കണ്ണൂർ കതിരൂരിൽ ബോംബ് നിർമാണകേന്ദ്രത്തിൽ സ്ഫോടനം;രണ്ട് പേർക്ക് പരിക്കേറ്റു

keralanews two injured when bomb blast in kannur kathiroor

കണ്ണൂര്‍:കൂത്തുപറമ്പ് കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ രണ്ട് പേര്‍ക്ക് പരിക്ക്. രണ്ട് പേരെയും തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കൈയ്ക്കും മുഖത്തിനുമാണ് പരിക്കേറ്റത്. ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.തലശേരി ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പാലാരിവട്ടം പാലം പുതുക്കി പണിയുന്നതിന് അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും

keralanews apex court will hear the governments appeal seeking permission to renovate the palarivattom bridge in two weeks

ന്യൂഡൽഹി:പാലാരിവട്ടം പാലം പുതുക്കി പണിയുന്നതിന് അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കരാറുകാര്‍ക്ക് സുപ്രീം കോടതി സമയം നല്‍കി. ജസ്റ്റിസ് ആര്‍ എഫ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. പാലത്തിന്‍റെ ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തണമെന്ന ഹൈകോടതി വിധി ചോദ്യം ചെയ്താണ് കേരളം ഹരജി നൽകിയിരിക്കുന്നത്. തല്‍സ്ഥിതി തുടരണമെന്ന മുൻ ഉത്തരവ് ഭേദഗതി ചെയ്യണമെന്നും തകര്‍ന്ന പാലം പൊളിച്ച് പുതിയത് പണിയാൻ അടിയന്തിരമായി അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച പ്രത്യേക അപേക്ഷയും കോടതി പരിഗണിച്ചിരുന്നു.2016ൽ നിര്‍മിച്ച പാലാരിവട്ടം പാലത്തിൽ 2018 ആകുമ്പോഴേക്ക് വിള്ളൽ പ്രത്യക്ഷപ്പെടുകയായിരുന്നു. പാലത്തിന്‍റെ ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണിയുടെ സാധ്യത തേടണമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ഹരജിയിൽ കേരള ഹൈകോടതി ഇടക്കാല ഉത്തരവിട്ടിരുന്നത്. ഇത് ചോദ്യം ചെയ്താണ് കേരളം സുപ്രീംകോടതിയിൽ അപ്പീൽ ഹരജി നൽകിയിരുന്നത്. ഹരജി പരിഗണിച്ച ജസ്റ്റിസ് ആര്‍ എഫ് നരിമാൻ അധ്യക്ഷനായ ബഞ്ച് തല്‍സ്ഥിതി തുടരണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ ഈ വർഷം കമ്മീഷൻ ചെയ്യുന്നതോടെ പാലാരിവട്ടത്ത് വലിയ ഗതാഗത സ്തംഭനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ പ്രത്യേക അപേക്ഷയിൽ അടിയന്തിരമായി പാലം പണിയാൻ അനുമതി നൽകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് കരാറുകാരും ഇതിനെ എതിര്‍ത്ത് കേരളവും ഇന്നലെ വീണ്ടും കോടതിയെ സമീപിച്ചിരുന്നു.

തമിഴ്നാട്ടിൽ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി;9 മരണം

keralanews blast in crackers factory in tamilnadu nine died

തമിഴ്നാട്:തമിഴ്നാട്ടിലെ കടലൂരിൽ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തിൽ 9 പേർ മരിച്ചു. പടക്ക നിർമാണശാല പൂർണമായും കത്തിയമര്‍ന്നു.മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണെന്നാണ് പ്രാഥമിക നിഗമനം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എത്ര പേര്‍ പടക്കശാലയിലുണ്ടായിരുന്നു എന്ന് വ്യക്തമല്ല. ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ തമിഴ്നാട്ടിലെ കടലൂരിലെ വെടിക്കെട്ട് ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. കട്ടുമന്നാര്‍കോയിലിന് അടുത്തുള്ള ലൈസന്‍സുള്ള യൂണിറ്റാണ് ഇത്. അഗ്‌നിരക്ഷാ സേനസംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകടകാരകാരണം വ്യക്തമായിട്ടില്ല. ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെ കുറിച്ച്‌ പരിശോധിക്കുന്നതായും കടലൂര്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം;രണ്ടു പേര്‍ കൂടി പിടിയില്‍

keralanews venjaramood double murder two more caught

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ രണ്ടു പേര്‍കൂടി പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള മദപുരം സ്വദേശി ബിജു (ഉണ്ണി), ഇയാളുടെ സുഹൃത്ത് പുല്ലംപാറ സ്വദേശി അന്‍സര്‍ എന്നിവരാണ് വെമ്പായം നൂറേക്കറിനു സമീപത്തു നിന്ന് ഇന്നലെ രാത്രി വൈകി പൊലീസ് പിടിയിലായത്.സംഭവത്തില്‍ ഇതുവരെ ഒന്‍പത് പ്രതികളാണ് പിടിയിലായത്. ഉണ്ണിയെയും അന്‍സറിനെയും പ്രത്യേക കേന്ദ്രത്തിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്. ഉണ്ണിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമാകും അന്‍സറിന്റെ അറസ്റ്റ്. കൊലപാതകത്തിന് മറ്റൊരുടെയെങ്കിലും നിര്‍ദേശം ലഭിച്ചിരുന്നോ, ഒളിവില്‍ പോകാന്‍ ആരെല്ലാം സഹായിച്ചു തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിയുന്നത്.നേരത്തെ അറസ്റ്റിലായവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ നല്‍കും.മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയാകും തെളിവെടുപ്പ് ആരംഭിക്കുക.കൊലപാതകശേഷം പ്രതികളായ സനലിനെയും സജീവിനെയും വാഹനത്തിൽ രക്ഷപ്പെടാന്‍ സഹായിച്ചത് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക പ്രീജയാണെന്ന് പൊലീസ് പറഞ്ഞു. പ്രീജ ചിട്ടിപിടിച്ച പണം ഇരുവര്‍ക്കും നല്‍കിയതായും അന്വേഷണസംഘം കണ്ടെത്തി. ഇതില്‍ 13,500 രൂപ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികളുടേതെന്നു കരുതുന്ന വസ്ത്രങ്ങളും വെട്ടാനും കുത്താനും ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. നെടുമങ്ങാട് ആനാടിന് അടുത്തുള്ള മൊട്ടക്കാവിലെ റബര്‍ തോട്ടത്തില്‍ നിന്നാണ് രണ്ട് ഷര്‍ട്ട് കിട്ടിയത്. ഷര്‍ട്ടും ആയുധങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.രാഷ്ട്രീയ കൊലപാതകത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് ഇടപെടലും പരിശോധിക്കുന്നുണ്ട്.ചിലരുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇവരുടെ രണ്ടുമാസത്തെ ഫോണ്‍വിവരങ്ങളാണ് ശേഖരിക്കുന്നത്.

ബെംഗളൂരു മയക്കുമരുന്ന് കേസ്;അന്വേഷണം കേരളത്തിലേക്ക്; പ്രതി അനൂപ് മുഹമ്മദിന് കൊച്ചി കേന്ദ്രീകരിച്ചും ശൃംഖല

keralanews bengalooru drugs case investigation to kerala accused anoop muhammed have network based in cochi

ബംഗളുരു: മയക്കുമരുന്ന് കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ( എന്‍സിബി). നിലവില്‍ മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി റിജീഷ് രവീന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിലേക്കും എത്തുന്നത്. മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നത് ബിനീഷ് കൊടിയേരിക്ക് പങ്കാളിത്തമുള്ള ഹയാത്ത് ഹോട്ടലില്‍ വച്ചാണെന്നാണ് റിജീഷ് മൊഴി നല്‍കിയിട്ടുള്ളത്.റിജീഷിന്റെ മൊഴിയിലുള്ള വിവരങ്ങള്‍ ബിനീഷിനുമേല്‍ വലിയ കുരുക്കുണ്ടാക്കുന്നതാണ്. ബിനീഷും ധര്‍മ്മടം സ്വദേശിയായ അനസും ചേര്‍ന്ന് ബംഗളുരുവില്‍ നടത്തിയിരുന്ന പണമിടപാട് സ്ഥാപനവും മയക്കുമരുന്നു കച്ചവടത്തിന് പണം മുടക്കിയതായും എന്‍സിബി സംശയിക്കുന്നുണ്ട്. 2015ല്‍ തുടങ്ങിയ ബി ക്യാപ്പിറ്റല്‍ ഫിനാന്‍സ് കമ്പനിയാണ് ഇപ്പോള്‍ സംശയ നിഴലിലുള്ളത്.ഈ സാഹചര്യത്തിലാണ് അന്വേഷണം കേരളത്തിലേക്ക് എത്തുന്നത്. കേസിലെ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദിന് ഒന്നാം പ്രതിയായ കന്നട സീരിയല്‍ നടി ഡി അനിഖയെ പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശിയായ ജിംറിന്‍ ആഷിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജിംറിന്‍ ആഷിയുടെ ഫോട്ടോ എന്‍സിബിക്ക് ലഭിച്ചെങ്കിലും കൃത്യമായ വിലാസം ലഭ്യമായിട്ടില്ല.

അതേസമയം പ്രതി അനൂപ് മുഹമ്മദിന് കൊച്ചി കേന്ദ്രീകരിച്ച്‌ വന്‍ ലഹരി മരുന്ന് ശൃംഖല ഉള്ളതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മലയാള സിനിമാ രംഗത്തെ യുവാക്കളും ലഹരി മരുന്നിന്റെ വിതരണക്കാരെന്ന് വിവരം. അനൂപ് മുഹമ്മദിന്റെ മൊഴിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.പ്രതികളുടെ മൊബൈല്‍ ഫോണുകളും ടെലഗ്രാം മെസേജുകളും അന്വേഷണ സംഘം പരിശോധിച്ചു. മലയാള സിനിമാ രംഗത്തെ എട്ട് യുവാക്കള്‍ക്ക് പ്രതികള്‍ മൂന്ന് വര്‍ഷമായി ലഹരി എത്തിച്ചു നല്‍കിയതിന്റെ തെളിവുകള്‍ ലഭിച്ചു. അനൂപ് മുഹമ്മദാണ് ലഹരി മരുന്ന് എത്തിച്ചു നല്‍കിയത്. ഈ എട്ട് യുവാക്കളെ ഉപയോഗിച്ച്‌ ലഹരിക്കടത്തിന് കൂടുതല്‍ കണ്ണികളെ സംഘടിപ്പിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തി.ലഹരി കടത്തില്‍ കൊച്ചിയിലെ മൂന്ന് യുവതികളുടെ വിവരങ്ങള്‍ അറസ്റ്റിലായ അനിഘയുടെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അനിഘയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അനിഘയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അനൂപ് മുഹമ്മദിനുള്ള ബന്ധം എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുകയാണ്.

ഒക്ടോബറിൽ കോവിഡ് കേസുകൾ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

keralanews covid cases increases in october said pinarayi vijayan

തിരുവനന്തപുരം:സംസ്ഥാനത്ത് ഒക്ടോബറിൽ കോവിഡ് കേസുകൾ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പോസിറ്റീവ് കേസിൽ കുറവുണ്ടായി.ഓണാവധിയായതിനാൽ ടെസ്റ്റിന്റെ എണ്ണം കുറഞ്ഞതാണ് ഇതിനു കാരണം. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലായി.5ന് താഴെ നിർത്തണം. രണ്ട് ദിസമായി 8ന് മുകളിലാണ്.മൊത്തം കേസുകളുടെ 50 ശതമാനവും ഒരു മാസത്തിനുള്ളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബർ അവസാനത്തോടെ കേസ് വീണ്ടും വർധിക്കുമെന്നും അദ്ദേഹം  പറഞ്ഞു.കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേരീതിയിൽ കേസ് വർധന ഉണ്ടായില്ല.ഈ സമയത്ത് പതിനായിരത്തിനും 20,000 ഇടയിൽ കേസ് വരുമെന്നായിരുന്നു കരുതിയിരുന്നത്.അതു പിടിച്ചു നിർത്താൻ സാധിച്ചു.  ജനം പരിധിയിൽ കൂടുതൽ ജാഗ്രത പുലർത്തി.നമ്മുടെ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചു.അതേസമയം രോഗ വ്യാപനം വർധിച്ചു. ഓണാഘോഷത്തിന് ആളുകൾ നാട്ടിലെത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ച അതുകൊണ്ടുതന്നെ പ്രധാനമാണ്. കൂടുതൽ ലോക്ഡൗൺ ഇളവുകൾ വന്നു.എല്ലാകാലത്തും അടച്ചിട്ടു പോകാൻ സാധിക്കില്ല. സംസ്ഥാനവും ഉചിതമായ ഇളവുകൾ നൽകുന്നു.വ്യക്തിപരമായ ചുമതലായി മാറുകയാണ് കോവിഡ് വ്യാപനം തടയുന്നത്. ഏറ്റവും അധികം കരുതലോടെ വയോജനങ്ങളെ പരിപാലിക്കണം.അടുത്ത 14 ദിവസം ശ്രദ്ധിക്കണം. ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. രോഗവ്യാപനം ഉണ്ടായിട്ടുണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വയോജനങ്ങളിലേക്ക് വ്യാപനം കൂടിയാൽ മരണനിരക്ക് കൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് 14 ദിവസം ക്വാറന്റൈനും ഓൺലൈൻ രജിസ്‌ട്രേഷനും തുടരും

keralanews 14 days quarantine and online registration compulsory for those coming to kerala from other states

തിരുവനന്തപുരം:ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് 14 ദിവസം ക്വാറന്റൈനും ഓൺലൈൻ  രജിസ്‌ട്രേഷനും തുടരുമെന്ന് സംസ്ഥാന സർക്കാർ.ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് പാസ് ഉൾപ്പെടെയുള്ള നിബന്ധനകളെല്ലാം കേന്ദ്രസർക്കാർ പിൻവലിച്ചെങ്കിലും കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് ജാഗ്രതാ പോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ തുടരാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.യാത്രക്കാരുടെ വിവരങ്ങൾ അറിയാനും ക്വാറന്റൈൻ ഉറപ്പുവരുത്താനും മാത്രമാണ് രജിസ്റ്റേഷനെന്നും യാത്രാനുമതി തേടേണ്ടതില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.കേന്ദ്രസർക്കാർ പുതിയ ഇളവുകൾ പ്രഖ്യാപിച്ചതോടെ പല സംസ്ഥാനങ്ങളും ക്വാറന്റൈൻ കാലാവധി ചുരുക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്.എന്നാൽ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ക്വാറന്റൈനിൽ ഇളവ് നൽകേണ്ട എന്നതാണ് കേരളത്തിന്റെ തീരുമാനം.

മരിച്ചിട്ട് 39 ദിവസം; പത്തനംതിട്ടയിൽ വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും

keralanews repostmortem of mathai died in forest department custody done today 39days after death

പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സി.ബി.ഐയുടെ ആവശ്യപ്രകാരം ഫോറൻസിക് വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.പ്രതിഷേധങ്ങൾക്കും നാടകീയതകൾക്കും ഒടുവിലാണ് ചിറ്റാർ സ്വദേശി പി.പി മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചത്.അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിച്ച ടേബിളിലാണ് ഇന്ന് പോസ്റ്റ്മോർട്ടം നടക്കുക. നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് വിദഗ്ധരുടെയും നേത്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് നടക്കുന്ന പോസ്റ്റ്മോർട്ടം ക്യാമറയിൽ ചിത്രീകരിക്കും.കേസ് അന്വേഷിക്കുന്ന സിബിഐ സംഘം റീപോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് നേരത്തെ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും സംസ്ഥാന സർക്കാരിന് കത്ത് അയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയ് 28ന് വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ച നിലയിലാണ് മത്തായിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മത്തായിയുടെ മരണകാരണമെന്നായിരുന്നു വിശദീകരണം. ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല.എന്നാൽ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ഭാര്യ ഷീബയും ബന്ധുക്കളും മൃതദേഹം സംസ്കരിക്കാൻ തയ്യാറാവാതെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.തുടർന്ന് കോടതിയെ സമീച്ച കുടുംബം ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരം സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് ഇവർ നിലപാടിൽ മാറ്റം വരുത്തിയത്.പോസ്റ്റ്മോർട്ടത്തിന് ശേഷം പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ മൃതദേഹം സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ വീട്ടിലെത്തിച്ച ശേഷം വൈകിട്ട് 3ന് കട്ടച്ചിറ കുടപ്പന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം സംസ്കരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ്; 1950 പേർക്ക് രോഗമുക്തി

keralanews 1553 covid cases confirmed in kerala today and 1950 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 160 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 131 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 118 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 93 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 91 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 87 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 74 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 58 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 44 പേര്‍ക്കും, വയനാട് ജില്ലയില്‍ 18 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 299 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 122 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 90 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 10, കോഴിക്കോട് ജില്ലയിലെ 4, കണ്ണൂര്‍ ജില്ലയിലെ 3, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 2 വീതവും, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1950 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 343 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 212 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയില്‍ 22 നിന്നുള്ള പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 209 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 68 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 210 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 186 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 137 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 167 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 31 വരെ തിരിച്ചടവു മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്; ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി

keralanews loans under morotorium till august 31st not to declared as non performing asset

ഡല്‍ഹി : തിരിച്ചടവു മുടങ്ങിയതിന് കഴിഞ്ഞ മാസം 31ന് വരെ കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടില്ലാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടണമെന്നും കൂട്ടുപലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഉത്തരവ്.ബാങ്കുകളുടെ താത്പര്യം കണക്കിലെടുത്താണ്, മൊറട്ടോറിയം കാലത്തു തിരിച്ചടവു നീട്ടുന്ന വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.ബാങ്കുകള്‍ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വായ്പാ തിരിച്ചടവിന് അടിയന്തര ആശ്വാസം എന്ന നിലയിലാണ് മൊറട്ടോറിയം ക്രമപ്പെടുത്തിയിരിക്കുന്നതെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുള്ളതാണെന്ന്, ബെഞ്ചിനു നേതൃത്വം നല്‍കിയ അശോക് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ ദുരന്ത നിവാരണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് സഹായകരമായ നടപടികളെടുക്കാന്‍ ബാങ്കുകളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. പലിശ നിരക്കു കുറയ്ക്കല്‍, വായ്പാ കാലാവധി ദീര്‍ഘിപ്പിക്കല്‍, പിഴച്ചാര്‍ജ് ഒഴിവാക്കല്‍, മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കു വരെ നീട്ടല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബാങ്കുകള്‍ക്കു തീരുമാനമെടുക്കാം.ഓരോ മേഖലയ്ക്കുമായി പ്രത്യേകമായി തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാരും റിസര്‍വ് ബാങ്കും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞപ്പോള്‍ ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്റെ പരാതിയെന്നായിരുന്നു കോടതിയുടെ പ്രതികരണം. ജീവിതം കൂടുതല്‍ പ്രതിസന്ധിയായവര്‍ക്ക് എന്ത് ആശ്വാസമാണ് നല്‍കാനാവുക എന്ന് കോടതി ആരാഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാങ്ക് പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട സമിതി രൂപീകരിക്കുമെന്ന് ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.