സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകള്‍ എന്‍.ഐ.എ. വീണ്ടെടുത്തു

keralanews n i a recovered phone chats of swapna suresh with celebrities

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകള്‍ എന്‍.ഐ.എ. വീണ്ടെടുത്തു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സ്വപ്ന ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എന്‍.ഐ.എ.യ്ക്ക് ലഭിച്ചിരിക്കുന്നത്.ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാനായി പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് എന്‍.ഐ.എ.ഇക്കാര്യങ്ങള്‍ എന്‍.ഐ.എ.യുടെ കേസ് ഡയറിയിലുണ്ടെന്നാണ് അറിയുന്നത്. ഇത് കൂടാതെ സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എന്‍.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിങ്ങിനു പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ്‌ കരുതുന്നത്. ഉന്നതന്റെ മകന്‍ സ്വപ്നയുടെ ബിസിനസില്‍ പങ്കാളിയാണെന്നുമാണ് എന്‍.ഐ.എ. കണ്ടെത്തിയിരിക്കുന്നത്.അതേസമയം സ്വപ്‌നാ സുരേഷിന് ഒരു മന്ത്രി പുത്രന്‍ വിരുന്നൊരുക്കിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നു. സ്വപ്നയും മന്ത്രി പുത്രനും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് വിവരം. മന്ത്രി പുത്രന്‍ സ്വപ്നയ്ക്ക് വിരുന്നൊരുക്കിയതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം.

സെൽഫി എടുക്കുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്നും കടലിൽ വീണ് കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

keralanews dead body of baby went missing in sea while his mother was taking selfie were found

ആലപ്പുഴ:സെൽഫി എടുക്കുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്നും കടലിൽ വീണ് കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്‍ – അനിത മോൾ ദമ്പതികളുടെ ഇളയ മകന്‍ ആദികൃഷ്ണയുടെ മൃതദേഹമാണ് ലഭിച്ചത്.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.തൃശൂരില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിര ജങ്ഷനിലെ ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവിെന്‍റ വീട്ടില്‍ എത്തിയതായിരുന്നു അനിതയും കുടുംബവും.ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉച്ചഭക്ഷണത്തിനുശേഷം ബിനു വാഹനത്തില്‍ അനിതയെയും കുട്ടികളെയും കൂട്ടി ആലപ്പുഴ ബീച്ചില്‍ എത്തി. വിജയാപാര്‍ക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടല്‍ തീരത്തേക്ക് പോകാന്‍ അനുവദിച്ചില്ല. വാഹനവുമായി ഇവര്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫിസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്ത് എത്തി.ബിനു വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയസമയം അനിത കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടല്‍ പ്രക്ഷുബ്ധമായിരുന്നു. തീരത്തുനിന്ന് കുട്ടികളുമായി സെല്‍ഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റന്‍ തിരയില്‍ പെട്ട് നാലുപേരും കടലിലേക്ക് വീണു. കരച്ചില്‍ കേട്ട് ബിനു എത്തി അനിതമോളെയും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരെന്‍റ മകനെയും രക്ഷിച്ചു. അനിതമോളുടെ ൈകയില്‍നിന്ന് ആദികൃഷ്ണ തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫോണ്‍, കാറിെന്‍റ താക്കോല്‍ എന്നിവയും നഷ്ടമായി.പൊലീസും ലൈഫ് ഗാര്‍ഡും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ആദ്യ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ തിരയും ഒഴുക്കും കാരണം കണ്ടെത്താന്‍ സാധിച്ചില്ല. തിങ്കളാഴ്ച അഗ്നിശമന സേന, കോസ്റ്റല്‍ പൊലീസ്, സൗത്ത് പൊലീസ്, കുട്ടിയുടെ ബന്ധുക്കള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ വള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും തടസ്സമാവുകയായിരുന്നു.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്ച്ചകളിലും പ്രവര്‍ത്തിക്കും

keralanews govt offices in the state will founction on saturdays

തിരുവനന്തപുരം:സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി മുതൽ ശനിയാഴ്ച്ചകളിലും പ്രവര്‍ത്തിക്കും.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച ഒഴിവു നല്‍കിയ തീരുമാനം പിന്‍വലിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ പൊതുഭരണവകുപ്പാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. നിലവില്‍ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേര്‍ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്.ശനിയാഴ്ച പ്രവൃത്തിദിവസമാക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇരുപത്തിരണ്ടാം തീയതി മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും ഓഫീസുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങണമെന്നുമാണ് നിര്‍ദേശം. ലോക്ക് ഡൗണ്‍ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച്‌ ഏതാണ്ട് എല്ലാ മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന് നിലപാട് പൊതുഭരണ വകുപ്പ് സ്വീകരിച്ചത്.ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാത്തത് വിവിധ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും വിലയിരുത്തലുണ്ട്.

വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 3 പേരെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

keralanews three from one family found dead inside the house in varkkala

കൊല്ലം:വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 3 പേരെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.അച്ഛനും അമ്മയും മകളുമാണ് മരിച്ചത്.മേല്‍ വെട്ടൂര്‍ ശ്രീലക്ഷ്മിയില്‍ ശ്രീകുമാര്‍ (58) ഭാര്യ മിനി ( 50 )ശ്രീലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചയോടെയാണ് മരണം നടന്നതെന്നാണ് പ്രാഥമിക വിവരം.പുലര്‍ച്ച 3.30 ഓടെ വീട്ടില്‍ നിന്നും നിലവിളി കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു. വീടിന്റെ മുകളിലത്തെ നിലയില്‍ തീ പടര്‍ന്നതോടെ ഇവര്‍ അഗ്നിശമന സേനയെ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സും പോലീസും എത്തിയെങ്കിലും മൂന്നു പേരും മരിച്ച നിലയിലായിരുന്നു.മിനിയുടേയും ശ്രീലക്ഷ്മിയുടേയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ മുറിക്കുള്ളിലായിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലായിരുന്നു ഉണ്ടായിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ 20 വര്‍ഷമായി ശ്രീകുമാര്‍ ഡിഫന്‍സിലെ കരാര്‍ ജോലി ഏറ്റെടുത്ത് നടത്തുന്ന കോണ്‍ട്രാക്ടര്‍ ആണ്. ഇപ്പോള്‍ ശംഖുമുഖത്ത് എയര്‍ഫോഴ്സ് പണികള്‍ നടത്തി വരികയായിരുന്നു. ശ്രീലക്ഷ്മി ഗവേഷക വിദ്യാര്‍ത്ഥിയാണ്. ഇവര്‍ക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. പെട്രോള്‍ ഒഴിച്ചാകാം ആത്മഹത്യ എന്നാണ് സൂചന. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കൊറോണ വൈറസ് വികസിപ്പിച്ചത് വുഹാനിലെ ലാബില്‍ നിന്ന്;നിര്‍ണായക തെളിവുകളുമായി ചൈനീസ് വൈറോളജിസ്റ്റ്

keralanews corona virus was developed from a lab in wuhan chinese virologist with conclusive evidence

ബെയ്ജിങ്: കൊറോണ വൈറസ് വികസിപ്പിച്ചത് ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നാണെന്ന നിര്‍ണായക തെളിവുകളുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലി മെങ് യാന്‍.ഇതിനു ശാസ്ത്രീയവും സുവ്യക്തവുമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഹോങ്കോങ്ങില്‍ ജോലി ചെയ്യുന്ന ലി വ്യക്തമാക്കി. ജനിതക ഘടനയുടെ അനുക്രമം എന്നത് മനുഷ്യരിലെ വിരലടയാളം പോലെയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇതു നിസാരമായി കണ്ടുപിടിക്കാം. ഈ തെളിവുകള്‍ ഉപയോഗിച്ചാണ് വുഹാനിലെ ലാബില്‍ കൃത്രിമമായി സൃഷ്ടിച്ചതാണ് വൈറസെന്ന് താന്‍ വ്യക്തമാക്കുന്നതെന്നും ലി.വൈറസ് പ്രകൃതിയില്‍ നിന്നു താനെ രൂപപ്പെട്ടതല്ല. സിസി45, ഇസഡ്‌എക്‌സ്41 എന്നീ മാരക കൊറോണ വൈറസുകളെ കണ്ടെത്തുകയും സൂക്ഷിക്കുകയും ചെയ്യുന്ന ചൈനാ മിലിറ്ററി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആധാരമാക്കിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ലി വെളിപ്പെടുത്തി. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുമെന്നും, ഇതിന്റെ പ്രഭവസ്ഥാനം മാര്‍ക്കറ്റല്ലെന്ന് വ്യക്തമാണ്.സുരക്ഷാ ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് യുഎസിലേക്കു പലായനം ചെയ്ത ലി, കഴിഞ്ഞ പതിനൊന്നിന് ‘ലൂസ് വിമന്‍’ എന്ന ബ്രിട്ടിഷ് സംവാദപരിപാടിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.ഹോങ്കോങ് സ്‌കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്ന് ഇമ്യൂണോളജിയിലും വൈറോളജിയിലും ഗവേഷണം പൂര്‍ത്തിയാക്കി ഡോ. ലി കഴിഞ്ഞ ഡിസംബര്‍- ജനുവരി മാസങ്ങളിലായി ചൈനയില്‍ പടരുന്ന ‘പുതിയ ന്യുമോണിയ’യെക്കുറിച്ചു രണ്ടു ഗവേഷണങ്ങള്‍ നടത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റ് കൂടിയായ തന്റെ മുതിര്‍ന്ന ഗവേഷകനോട് ഇക്കാര്യം പങ്കുവച്ചു. എന്നാല്‍, ഇക്കാര്യം ആരോടും പറയേണ്ടെന്നും പുറത്തുപറഞ്ഞാല്‍ ജീവന്‍ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ചൈനീസ് ഭരണകൂടത്തെ അത്രയേറെ ഭയമാണ്. സര്‍ക്കാരും ഡബ്ല്യുഎച്ച്‌ഒയുമായി സഹകരിച്ച്‌ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ, ഒന്നുമുണ്ടായില്ല. അതു ചൈനയുടെ പുതുവത്സരസമയമായിരുന്നു. ചൈനയിലേക്കും തിരിച്ചും വലിയ തോതില്‍ ആളുകള്‍ യാത്ര ചെയ്യുന്ന സമയം. വൈറസ് പടരാന്‍ ഏറ്റവും സാധ്യതയുള്ള കാലം. മാനവരാശിയെയും ആഗോള ആരോഗ്യത്തെയും ബാധിക്കുന്ന കാര്യമായിട്ടും ചൈനീസ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അതിര്‍ത്ഥം ഈ വൈറസ് ബാധ കരുതിക്കൂട്ടി നിര്‍മിച്ചതാണെന്ന് വിശ്വസിക്കേണ്ടി വരുമെന്നും ലി പറഞ്ഞു.

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും റമീസിനും ആശുപത്രിയില്‍ ഒരേസമയം ചികിത്സ; ജയില്‍ മേധാവി റിപ്

keralanews treatment at one time to accused in gols smuggling case swapana suresh and ramees jail cheif seek report
തൃശൂർ:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും റമീസിനും ആശുപത്രിയില്‍ ഒരേസമയം ചികിത്സ നല്‍കിയ സംഭവത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.രണ്ടുപേരുടെയും ആരോഗ്യവിവരങ്ങള്‍ സംബന്ധിച്ച്‌ ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂരിലെ സുരക്ഷ ജയില്‍ സൂപ്രണ്ടിനും വനിതാ ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കി. സ്വപ്ന സുരേഷ് നെഞ്ചുവേദനയെ തുടര്‍ന്നും റമീസ് വയറുവേദനയെ തുടര്‍ന്നുമാണ് ആശുപത്രിയിലെ ചികിത്സ തേടിയത്. ഇരുവരുടെയും ഒരേസമയത്തുളള ആശുപത്രിവാസം വിവാദമായതോടെയാണ് ജയില്‍ മേധാവി വിശദവിവരങ്ങള്‍ തേടിയത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലും വനിതാ ജയിലിലുമായി കഴിഞ്ഞിരുന്ന ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നേരത്തെ ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ച സ്വപ്‌ന ആശുപത്രി വിട്ടിരുന്നു. ചികിത്സയില്‍ തുടരാന്‍ മതിയായ ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സ്വപ്നയെ വിയ്യൂര്‍ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് വീണ്ടും നെഞ്ചുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സ്വപ്നക്ക് പിന്നാലെ റമീസിനെ ഇന്നലെയാണ് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. കസ്റ്റംസ് സംഘം റമീസിനെ ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതാണ് റമീസിനെ ആശുപത്രിയിലാക്കാന്‍ കാരണം. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; സെക്രട്ടറിയേറ്റിലെ 40 സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കും

keralanews thiruvananthapuram gold smuggling case footage from 40 security cameras in the secretariat will be checked

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിലെ 40 സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കും.മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റ് പ്രധാന മന്ദിരത്തിലെയും കന്‍റോണ്‍മെന്‍റ് ഗേറ്റ് ഭാഗത്തെയും ക്യാമറകളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ഈ ഭാഗങ്ങളില്‍നിന്നുള്ള 40 ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തിത്തുടങ്ങാനും എന്‍.ഐ.എ. പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.
ക്യാമറകളുടെ വിന്യാസം സംബന്ധിച്ച രൂപരേഖ പരിശോധിച്ചശേഷമാണ് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ഇക്കാര്യം പൊതുഭരണ വകുപ്പിനെ അറിയിച്ചത്. സെക്രട്ടേറിയറ്റിലുള്ള 82 ക്യാമറകളില്‍നിന്നുള്ള ഒരുവര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തണമെങ്കില്‍ 1.4 കോടി രൂപ ചെലവാകുമെന്നാണു കണ്ടെത്തിയത്.എന്നാല്‍ ഇതിന്‍റെ പകുതിയോളം ക്യാമറകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 70 ലക്ഷം രൂപയോളം ചെലവുവരുമെന്നാണ് വിലയിരുത്തല്‍. ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സംഭരണ സംവിധാനങ്ങള്‍ വാങ്ങാന്‍ ഉടന്‍ ടെന്‍ഡര്‍ വിളിക്കും. അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു മാസത്തിലധികം സമയം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ മരിച്ചു

keralanews actor and dubbing artist prabhish chakkalakal died

കൊച്ചി:ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍(44) മരിച്ചു. കൊച്ചിയിലായിരുന്നു സംഭവം.കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയാണ് പ്രഭീഷ് കുഴഞ്ഞുവീണത്.ആശുപത്രിയില്‍ എത്തിക്കാനായി അഭ്യര്‍ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.അദ്ദേഹം ഒ‌ട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്.ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ടെലിഫിലിമില്‍ സായിപ്പിന്റെ വേഷത്തില്‍ അഭിനയിക്കുകയിരുന്നു പ്രഭീഷ്.തന്റെ വേഷം അഭിനയിച്ചതിന് ശേഷമാണ് അദ്ദേഹം കുഴഞ്ഞു വീണത്.അഭിനയിക്കുന്നതിനിടെ നാക്ക് ഉണങ്ങിയെന്നും, കുറച്ച്‌ വെള്ളം വേണമെന്നും കൂടെയുണ്ടായിരുന്ന വീഡിയോ ഗ്രാഫര്‍ സുജിത്തിനോട് ആവശ്യപ്പെട്ടു. വെള്ളം കൊടുത്തയുടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാനായി അഭ്യര്‍ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.ജെഎസ്ഡബ്ല്യു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ്. സിഎസ്‌എസ് സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിക്കുന്നു. പിതാവ്: ചക്കാലക്കല്‍ സി.പി. ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാന്‍സി. മകള്‍: ടാനിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയില്‍ നടക്കും.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പതിനായിരത്തോളം പ്രമുഖരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

keralanews report that china monitoring tens of thousands of dignitaries including the president and prime minister

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രസിഡന്‌റ് സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സുപ്രീം കോടതി ജഡ്ജി എ എം ഖാന്‍വില്‍ക്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കര, വ്യോമ, നാവിക സേനകളുടെ മേധാവികള്‍, ലോക്പാല്‍ ജസ്റ്റിസ് പി സി ഘോഷ്, സിഎജി ജി സി മുര്‍മു, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ രാജ്യത്തെ പ്രധാന ഭരണഘടനാപദവികളിലുള്ളവര്‍ ചൈനയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്.ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ചൈനയിലെ ഷെന്‍സണ്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സെന്‍ഹ്വ ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന കമ്പനിയുടെ നിരീക്ഷണത്തിലാണിവര്‍. ചൈനീസ് ഗവണ്‍മെന്റുമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും അടുത്ത ബന്ധമുള്ളതാണ് ഈ ടെക്‌നോളജി കമ്പനി. ബിഗ് ഡാറ്റ ഉപയോഗിച്ചുള്ള ഹൈബ്രിഡ് വാര്‍ഫെയര്‍ ആണ് ചൈന നടത്തുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്‌റെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് പറയുന്നു. 10,000ത്തിലേറെ ഇന്ത്യന്‍ പ്രമുഖ വ്യക്തികളും സംഘടനകളുമാണ് ചൈനയുടെ നിരീക്ഷണവലയത്തിലുള്ളത്. വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്ള, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവര്‍ ഇതിലുള്‍പ്പെടുന്നു. ഉന്നത ബ്യൂറോക്രാറ്റുകള്‍, ജഡ്ജിമാര്‍, സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികള്‍, ശാസ്ത്രജ്ഞര്‍, അക്കാഡമീഷ്യന്‍സ്, മാധ്യമപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ല വിരമിച്ചവരും നിലവില്‍ രംഗത്തുള്ളവരുമായ കായികതാരങ്ങള്‍, മതനേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, പണത്തട്ടിപ്പ് കേസുകളിലേയും അഴിമതി കേസുകളിലേയും പ്രതികള്‍, ഭീകരബന്ധമുള്ളവര്‍, ലഹരിമരുന്ന്, സ്വര്‍ണ, ആയുധക്കടത്ത് കേസുകളിലെ പ്രതികള്‍ തുടങ്ങിയവരും ചൈനീസ് നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും കുടുംബാംഗങ്ങളും രത്തന്‍ ടാറ്റ, മുകേഷ് അംബാനി തുടങ്ങിയ വ്യവസായികളും ചൈനീസ് നിരീക്ഷണത്തിലാണ്.ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിന് ഇടയിലാണ് ചൈനയുടെ വന്‍ നിരീക്ഷണം. ചൈനീസ് ഇന്റലിജന്‍സുമായും മിലിട്ടറി, സെക്യൂരിറ്റി ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന കമ്പനിയാണ് സെന്‍ഹുവ. ഓവര്‍സീസ് കീ ഇന്‍ഫര്‍മേഷന്‍ ഡാറ്റ ബേസില്‍ ആണ് ഇന്ത്യന്‍ വിവരങ്ങളുള്ളത്. ചൈന ഇത്തരത്തില്‍ കമ്പനികളിലൂടെയോ വ്യക്തികളിലൂടെയോ മറ്റ് രാജ്യങ്ങളിലെ വിവരങ്ങള്‍ തേടുന്നില്ല എന്നാണ് ചൈനീസ് എംബസിയുടെ വിശദീകരണം. അതേസമയം സെന്‍ഹുവ കമ്പനിയുടെ ക്ലൈന്റ് ആണോ ചൈനീസ് ഗവണ്‍മെന്റ് എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ എംബസി വൃത്തങ്ങള്‍ തയ്യാറായില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കര്‍ശന നിയന്ത്രണത്തില്‍ പാര്‍ലമെന്റ് വർഷകാല സമ്മേളനത്തിന് തുടക്കം;ചൈനീസ് പ്രകോപനവും കോവിഡ് പ്രതിസന്ധിയും ചര്‍ച്ചയാവും

keralanews parliament begins monsoon session under tight control chinese provocation and covid crisis discussed

ന്യൂഡൽഹി:കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും ഗായകന്‍ പണ്ഡിറ്റ് ജസ്‌രാജ്, മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി അജിത് ജോഗി, മധ്യപ്രദേശ് ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ടന്‍, യു.പി മന്ത്രിമാരായിരുന്ന കമല്‍ റാണി, ചേതന്‍ ചൗഹാന്‍ മുന്‍ കേന്ദ്രമന്ത്രി രഘുവംഗശ പ്രസാദ് സിംഗ്, മറ്റ് അംഗങ്ങള്‍ക്കും ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് ലോക്‌സഭ ചേരുന്നത്.ലോക്സഭ ഒരു മണിക്കൂർ നിർത്തിവെച്ച ശേഷം നടപടി ക്രമങ്ങളിലേക്ക് കടക്കും. നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപതി ബിൽ, നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ബിൽ എന്നിവ പാസാക്കും.പാർലമെന്റ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത വർഷകാല സമ്മേളനമാണ് ഇത്തവണത്തേത്.സമ്മേളനത്തില്‍ രാജ്യസഭയുടെ ചോദ്യോത്തരവേളയും സ്വകാര്യബില്ലും ഉണ്ടായിരിക്കില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സമ്മേളനത്തില്‍ ഇപ്രാവശ്യം ചോദ്യോത്തരവേളയോ സ്വകാര്യ ബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാകില്ലെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിലും വ്യക്തമാക്കുന്നുണ്ട്. കോവിഡ് നിർദേശങ്ങള്‍ പാലിച്ച് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളതിനാല്‍ 9 മണി മുതല്‍ 1 മണി വരെ ലോക്സഭയും വൈകീട്ട് 3 മുതല്‍ 7 വരെ രാജ്യസഭയും ചേരും. ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ രാജ്യസഭയും വൈകീട്ട് ലോക്സഭയുമായിരിക്കും.പാര്‍ലമെന്റില്‍ എല്ലാ സുപ്രധാന വിഷയങ്ങളിലും ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടാകുമെന്ന് സഭയിലേക്ക് പ്രവേശിക്കും മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് സഭ ചേരുന്നത്. ഒരുഭാഗത്ത് കൊറോണയും മറുഭാഗത്ത് ചുമതലകളുമുണ്ട്. ചുമതലകളുടെ മാര്‍ഗമാണ് നമ്മുടെ എം.പിമാര്‍ തെരഞ്ഞെടുത്തത്. അവരെ അഭിനന്ദിക്കും നന്ദിപറയുകയും ചെയ്യുന്നു. രാവിലെയും ഉച്ചകഴിഞ്ഞുമായി ലോക്‌സഭയും രാജ്യസഭയും ചേരും. ശനി, ഞായര്‍ അവധിയില്ലാതെ സഭ ചേരുകയാണ്. എല്ലാ അംഗങ്ങള്‍ക്കും അതിനോട് യോജിപ്പാണ്.മറ്റേതൊരു രാജ്യത്ത് എത്തുന്നതിനു മുന്‍പ് കൊറോണയ്‌ക്കെതിരെ ഫലപ്രദമായ വാക്‌സിന്‍ കൊണ്ടുവരാനാണ് നമ്മുടെ ശ്രമം. അതിനുള്ള പരിശ്രമത്തിലാണ് ശാസ്ത്രജ്ഞരും. എല്ലാവരേയും ഈ മഹാമാരിയില്‍ നിന്നു രക്ഷിക്കുകയാണ് ലക്ഷ്യം. രാജ്യം സൈന്യത്തിനു പിന്നില്‍ അടിയുറച്ചുനില്‍ക്കുമെന്ന ശക്തമായ സന്ദേശവും എല്ലാ അംഗങ്ങളും വ്യക്തമാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോഡി പറഞ്ഞു.

അതേസമയം, ഈസ്‌റ്റേണ്‍ ലഡാക്കില്‍ ചൈനയുടെ കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളായ അധിര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ലീഗ് അംഗങ്ങളും സമാനമായ വിഷയത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നീറ്റ് പരീക്ഷയിലുള്ള ആശങ്കഗയില്‍ 12 കുട്ടികള്‍ ജീവനൊടുക്കാനിടയായ സംഭവം ചര്‍ച്ച ചെയ്യണമെന്ന് ഡി.എം.കെയും സി.പി.എമ്മും നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെടുന്നു.ഡൽഹി കലാപത്തിലെ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയെ ഉൾപ്പെടുത്തിയതിൽ സിപിഎം പ്രതിഷേധിക്കും. എ എം ആരിഫ്, കെ കെ രാകേഷ് എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.സ്വർണക്കടത്ത് കേസ് വിശദാംശങ്ങള്‍ ധനമന്ത്രാലയത്തോട് കോണ്‍ഗ്രസ് എംപിമാർ ആരാഞ്ഞു.45 ബില്ലുകളും 2 ധനകാര്യ ഇനങ്ങളും അടക്കം 47 ഇനങ്ങളാണ് പരിഗണനയ്ക്ക് വരുന്നത്. ചോദ്യോത്തര വേള ഇല്ല. 30 മിനിട്ടാണ് ശൂന്യവേള. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള എംപിമാർക്കേ സമ്മേളനത്തില്‍ പങ്കെടുക്കാനാകൂ.