പാലക്കാട്:സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ലാത്തിച്ചാര്‍ജ്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജിനിടെ വി.ടി. ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.ബല്‍റാമിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ജലീലിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും പ്രക്ഷോഭം കടുപ്പിക്കുകയാണ്. യുവമോര്‍ച്ച കോട്ടയത്തു നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിലും പൊലീസ് ലാത്തി വീശി. മൂന്ന് റൗണ്ട് ജലപീരങ്കി ഉപയോഗിച്ചു. ബാരിക്കേഡ് മറി കടക്കാന്‍ ശ്രമിച്ച രണ്ടു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ജലീലിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ച സമയത്ത് എന്‍.ഐ.എ ഓഫീസിനിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം മുന്നില്‍ കണ്ട് ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചി എന്‍.ഐ.എ ഓഫീസില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.കോട്ടയത്തും കൊല്ലത്തും കോഴിക്കോട്ടും നടന്ന പ്രതിഷേധത്തില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് കെ.എസ്.യു പ്രതിഷേധ മാര്‍ച്ച് നടത്തി.എന്‍.ഐ.എ ആസ്ഥാനത്തേക്ക് ബി.ജെ.പി യുവമോര്‍ച്ചയും മാര്‍ച്ച് നടത്തി. കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്ന എന്‍.ഐ.എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് മാര്‍ച്ച്.
ചോദ്യം ചെയ്യലിന് അർദ്ധരാത്രിയിൽ എത്തട്ടെ എന്ന് ജലീൽ; എന്‍ഐഎ വിസമ്മതിച്ചപ്പോള്‍ മന്ത്രി വരവ് പുലര്‍ച്ചെ അഞ്ചരയ്ക്ക് ആക്കി
കൊച്ചി: എന്‍ഐഎ നോട്ടീസ് കിട്ടിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് അര്‍ദ്ധരാത്രിയില്‍ എത്തട്ടെ എന്ന് മന്ത്രി കെ ടി ജലീല്‍ എൻഐഎ യോട് ആവശ്യപ്പെട്ടതായി സൂചന.എന്നാല്‍ ഉദ്യോഗസ്ഥര്‍ ആവശ്യം തള്ളിയതിനെ തുടര്‍ന്നായിരുന്നു രാവിലെ ആറു മണിക്ക് എത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള ശ്രമം പക്ഷേ ഫലവത്തായില്ല. അര്‍ദ്ധരാത്രിയില്‍ എത്താമെന്ന മന്ത്രിയുടെ മറുപടി എന്‍ഐഎ തള്ളിയപ്പോള്‍ രാവിലെ ആറു മണിക്ക് എത്തുന്നതിനുള്ള അനുമതി ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. ഇതോടെയാണ് പുലര്‍ച്ചെ കൊച്ചിയിലെ ഓഫീസില്‍ എത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കി മുന്‍ എംഎല്‍എ, എ എം യൂസഫിന്റെ കാറിലാണ് ജലീല്‍ എന്‍ഐഎ യുടെ കടവന്ത്രയിലെ ഓഫീസില്‍ എത്തിയത്. രാത്രി തന്നെ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച് കളമശ്ശേരി റെസ്റ്റ് ഹൗസില്‍ രാവിലെ നാലു മണിയോടെ എത്തിയ മന്ത്രി സ്വന്തം വാഹനം അവിടെ ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു എന്‍ഐഎയുടെ ഓഫീസിലേക്ക് എത്തിയത്.ആലുവ മുന്‍ എംഎല്‍എയും, സിപിഎം നേതാവുമായ എ എം യൂസഫിന്റേതാണ് വാഹനം.തന്നെ പുലര്‍ച്ചെ വിളിച്ച് മന്ത്രി വാഹനം ആവശ്യപ്പെടുകയായിരുന്നു എന്നാണ് വാഹനം വിട്ടു നല്‍കിയത് സംബന്ധിച്ച് എ.എം. യൂസഫ് നല്കിയ പ്രതികരണം. ബുധനാഴ്ച രാത്രി 1.30ടെയാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടത്. കളമശ്ശേരി റസ്റ്റ് ഹൗസിലേക്ക് പുലര്‍ച്ചെയോടെ ഡൈവറുമായി വാഹനം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്‍ഐഎ ഓഫീസിലേക്ക് രാവിലെ പോവേണ്ടതുണ്ടെന്ന് അറിയിച്ചിരുന്നു എന്നും യൂസഫ് മാധ്യമങ്ങളോട് പറഞ്ഞു.യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ പാഴ്സല്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് കൈപ്പറ്റി എന്ന ആരോപണത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത്. എന്‍ഫോഴ്സമെന്റിന് ജലീല്‍ നല്കിയ മൊഴി എന്‍ഐഎ പരിശോധിക്കുന്നുണ്ട്. സ്വര്‍ണക്കടത്തോ മറ്റ് ഹവാല ഇടപാടുകളോ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ മറവില്‍ നടന്നിട്ടുണ്ടോ എന്നാണ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. കോണ്‍സുലാര്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് താന്‍ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റിയത് എന്നാണ് ജലീലിന്റെ വിശദീകരണം.
കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു
കണ്ണൂർ:കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു.ശ്രീകണ്ഠാപുരം മേഖലയിലെ മലപ്പട്ടം ട്ടത്താണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ടു നശിപ്പിച്ചത്. ഓഫീസിലുണ്ടായ ഉപകരണങ്ങള്‍ മുഴുവന്‍ കത്തി നശിച്ചു. ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറിയിലെ പുസ്തകങ്ങള്‍ വലിച്ചു വാരി തീയിട്ടു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ഓഫീസിനകത്തുള്ള മുപ്പതോളം കസേരകള്‍ ഇരുന്നൂറോളം പുസ്തകങ്ങള്‍, മറ്റു ഫര്‍ണിച്ചറുകള്‍,പാര്‍ട്ടി രേഖകള്‍ എന്നിവയാണ് കത്തിനശിച്ചത്. ഓഫീസിനകത്തേക്ക് പെട്രോള്‍ കുപ്പിയെറിഞ്ഞാണ് തീ കൊളുത്തിയത്. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. സിപിഎം അക്രമ രാഷ്ട്രീയം തുടരുന്നതിന്റെ തെളിവാണ് മലപ്പട്ടം മണ്ഡലം കമ്മിറ്റി ഓഫീസ് തീവെച്ചതിനു പിന്നില്‍ തെളിയുന്നതെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി ആരോപിച്ചു.
അടിസ്ഥാന രഹിതമായ വാർത്തകൾ നൽകി അപകീര്‍ത്തിപ്പെടുത്തുന്നു;മാധ്യമങ്ങള്‍ക്കെതിരെ ദിലീപ് കോടതിയില്‍
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകൾ നൽകി മാധ്യമങ്ങൾ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന പരാതിയുമായി നടൻ ദിലീപ് കോടതിയില്‍.നടന്റെ പരാതിയില്‍ 10 മാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.നടിയെ ഉപദ്രവിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതവും തെറ്റും അപകീര്‍ത്തികരവുമാണെന്നാണ് ദിലീപിന്റെ പരാതി.രഹസ്യ വിചാരണയില്‍ കോടതിയുടെ ഉത്തരവുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുള്ളൂ എന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ പരാതി. ഹര്‍ജി 22 ന് പരിഗണിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വെയ്ക്കുന്നത് ആറുമാസം കൂടി തുടരാന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വെയ്ക്കുന്നത് ആറുമാസം കൂടി തുടരാന്‍ മന്ത്രിസഭ തീരുമാനം.നേരത്തേയുള്ള അഞ്ചുമാസത്തെ ശമ്പള പിടിത്തം അവസാനിച്ച സാഹചര്യത്തിലാണ് ആറുമാസം കൂടി സാലറി കട്ട് തുടരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ മാറ്റി വെച്ച അഞ്ച് മാസത്തെ ശമ്പളം ഏപ്രിലില്‍ പിഎഫില്‍ ലയിപ്പിക്കും.20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കാനും തീരുമാനിച്ചു. 5 വര്‍ഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാല്‍ കല്‍പ്പിത രാജി ആയി പരിഗണിക്കും.നിലവില്‍ അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തില്‍ ഇത് ബാധകമല്ല.കഴിഞ്ഞ അഞ്ച് മാസം പിടിച്ച തുക പണമായി തിരിച്ചു നല്കിയാല് 2500 കോടി രൂപയുടെ അധിക ബാധ്യത വരും. ഇതിനാലാണ് പിടിച്ച തുക ഏപ്രില്‍ ഒന്നിന് പിഎഫില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്.പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും.പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. മാറ്റിവയ്ക്കുന്ന ശമ്പളത്തിന് ‘കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്കീം’ എന്ന് പേര് നല്‍കാനാണ് തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.പി.എഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ 1-നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നല്‍കും.ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്തംബര്‍ മാസം മുതല്‍ അനുവദിക്കാനും തീരുമാനിച്ചു.
സെക്രട്ടറിയേറ്റിലെ തീപിടുത്തം; അട്ടിമറിയല്ലെന്ന് ഉദ്യോഗസ്ഥസമിതി കണ്ടെത്തല്‍
തിരുവനന്തപുരം:സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നില്‍ അട്ടിമറി ശ്രമമില്ലെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ടേബിള്‍ ഫാനില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഡോക്ടര്‍ എ. കൗശികന് അധ്യക്ഷനായ സമിതി വ്യക്തമാക്കുന്നു.പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപ്പിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിലിരിക്കുന്നതിനാല്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലിരിക്കുന്ന തീപിടുത്തം ആസൂത്രണമാണെന്ന തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദഗ്ധ പരിശോധനയ്ക്കായി അന്വേഷണ സമിതിയെ നിയോഗിച്ചത്. തീപിടുത്തത്തില്‍ 25 ഫയലുകള്‍ മാത്രമാണ് കത്തിയത്. ഈ ഫയലുകള്‍ തന്നെ പൂര്‍ണമായും നശിച്ചിട്ടില്ലെന്നും സമിതി വ്യക്തമാക്കുന്നു.ഗസറ്റ് വിജ്ഞാപനവുമായി ബന്ധപ്പെട്ട ഫയലുകളും അതിഥി മന്ദിരങ്ങളില്‍ മുറി വാടകയ്ക്ക് എടുത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ഫയലുകളുമാണ് കത്തിയതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. തീപ്പിടുത്തത്തിന് കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായിരുന്ന ടേബിള്‍ ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയെന്ന് ഉറപ്പിക്കുകയാണ് ഡോ.എ കൗശിഗന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘവും.നേരത്തെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും,ഫയര്‍ ഫോഴ്സും സമാനമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്.
മന്ത്രി കെ.ടിജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു
കൊച്ചി: മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.ഐ ചോദ്യം ചെയ്യുന്നു. പുലര്‍ച്ചെ ആറുമണിയോടെയാണ് മന്ത്രി ചോദ്യം ചെയ്യലിനായി എന്‍.ഐ.എ ഓഫിസിലെത്തിയത്.ഇന്നലെ രാത്രിയാണ് മന്ത്രി തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്. എസ്കോട്ടില്ലാതെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര. എന്നാല്‍ മുന്‍ സി.പി.എം എം.എല്‍.എ എ.എം യൂസുഫിന്റെ കാറില്‍ അതീവ രഹസ്യമായിട്ടായിരുന്നു മന്ത്രി എന്‍.ഐ.എ ഓഫിസിലെത്തിയത്. കഴിഞ്ഞ ദിവസം എന്‍.ഐ.എ അദ്ദേഹത്തിന് നോട്ടിസ് നല്‍കിയിരുന്നു.പുലര്‍ച്ചെ ഒന്നരക്കാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടതെന്ന് യൂസുഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. കളമശ്ശേരി ഗസ്റ്റ് ഹൗസില്‍ വാഹനമെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ജലീല്‍ എത്തുന്നതിന് മുന്നോടിയായി എന്‍.ഐ.എ ഓഫിസില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പെടുത്തിയിരുന്നു. പ്രതിഷേധം മുന്‍കൂട്ടി കണ്ട് ഓഫിസിന്റെ നാലു പ്രവേശന കവാടങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് പ്രദേശത്ത് വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്.സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. നേരത്തെ തന്നെ മന്ത്രിയുടെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തുമെന്ന സൂചന ഉണ്ടായിരുന്നു.മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവർക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്.ജലീല്‍ എന്‍.ഐ.എക്ക് മുന്പില് ഹാജരായത് സ്വാഭാവിക നടപടിയായി മാത്രമേ കണക്കാക്കാനാകൂ എന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് പറഞ്ഞു. അന്വേഷണത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് പ്രശ്നം. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും വിജയരാഘവന് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് കോവിഡ്;2263 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 153 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3562 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 642 , കോഴിക്കോട് 455, എറണാകുളം 301, ആലപ്പുഴ 297, കൊല്ലം 285, മലപ്പുറം 281, തൃശൂര്‍ 254, കണ്ണൂര്‍ 215, പാലക്കാട് 202, കോട്ടയം 186, പത്തനംതിട്ട 184, കാസര്‍ഗോഡ് 112, വയനാട് 92, ഇടുക്കി 56 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്‍ 9, എറണാകുളം 8, മലപ്പുറം 7, തൃശൂര്‍ 4, കൊല്ലം 3, കാസര്‍ഗോഡ് 2, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2263 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 418, കൊല്ലം 26, പത്തനംതിട്ട 157, ആലപ്പുഴ 120, കോട്ടയം 131, ഇടുക്കി 21, എറണാകുളം 371, തൃശൂര്‍ 220, പാലക്കാട് 117, മലപ്പുറം 257, കോഴിക്കോട് 155, വയനാട് 12, കണ്ണൂര്‍ 179, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 32,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 84,608 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,037 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,87,958 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,079 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2987 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ബാലഭാസ്കറിന്റെ മരണം;നാല് സാക്ഷികൾ നുണപരിശോധനക്ക് സമ്മതം അറിയിച്ചു
തിരുവനന്തപുരം:ബാലഭാസ്കറിന്റെ മരണത്തില്‍ നുണപരിശോധനക്ക് നാല് സാക്ഷികൾ കോടതിയെ സമ്മതം അറിയിച്ചു. പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, കലാഭവൻ സോബി , ഡ്രൈവര്‍ അര്ജുന് എന്നിവരാണ് സമ്മതം അറിയിച്ചത്.തിരുവനന്തപുരം സിജെഎം കോടതിയെയാണ് പ്രതികള്‍ നുണപരിശോധനക്ക് സമ്മതം അറിയിച്ചത്. നാല് പേരെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.നാല് പേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നാല് പേരും ഇന്ന് നേരിട്ട് ഹാജരായി നിലപാട് അറിയിക്കാനാണ് ചീഫ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നത്. ബാലഭാസ്കറിന്റെ അപകട മരണത്തിന് ശേഷം പ്രകാശന് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായതോടെ ഇരുവര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി ബാലഭാസ്കറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.അപകട സമയത്ത് വാഹനമോടിച്ചിരുന്നതായി കരുതുന്ന അര്ജ്ജുന് പിന്നീട് മൊഴിയില്‍ മലക്കം മറിഞ്ഞു. സംഭവം കൊലപാതകമാണെന്നാണ് അപകടത്തിന്റെ ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി സി.ബി.ഐ സംഘത്തിന് മൊഴി നല്‍കിയത്. ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നാല് പേര്‍ക്കും നുണപരിശോധന നടത്താന്‍ സി.ബി.ഐ തീരുമാനിച്ചത്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്:മുഖ്യപ്രതി കെ.ടി റമീസിന് ജാമ്യം
കൊച്ചി:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.2 ലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും ഒപ്പം തന്നെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കും വരെയോ അല്ലെങ്കില്‍ മൂന്ന് മാസം വരെയങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പാസ്പോര്‍ട്ട് കെട്ടിവക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.കസ്റ്റംസ് രജിസ്റ്റര്‍ ചെയത് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും എന്‍.ഐ.എയുടെ കേസില്‍ കസ്റ്റഡി തുടരുന്നതിനാല്‍ റമീസിന് പുറത്തിറങ്ങാന്‍ ആവില്ല. സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രകനാണ് കെ.ടി റമീസ്.