കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കൂള്‍ബാര്‍ മാനേജര്‍ അറസ്റ്റില്‍

keralanews coolbar manager arrested in the incident of girl died after eating shawarma in kasargod cheruvathoor

കാസർകോട്: കാസർഗോഡ് ചെറുവത്തൂരിൽ ഷവര്‍മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂള്‍ബാര്‍ മാനേജര്‍ പടന്നയിലെ തായൽ ഹൗസ് അഹമ്മദിനെയാണ് ചന്ദേര പോലീസ് അറസ്റ്റ് ചെയ്യതത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്പോയിന്റ് മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനസ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെ നേരത്തെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.കേസിൽ പ്രതിചേർക്കപ്പെട്ട സ്ഥാപന ഉടമ പിലാ വളപ്പിൽ കുഞ്ഞഹമ്മദിന് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ആലോചനയുണ്ട്. കുഞ്ഞഹമ്മദ് കേസിൽ നാലാം പ്രതിയാണ്. കഴിഞ്ഞ ദിവസമാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയിന്റില്‍നിന്ന് ഷവര്‍മ കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ(16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. 31 പേരെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ ഐഡിയൽ ഫുഡ് പോയിന്റ് സ്ഥാപനം ജില്ലാ ഭരണകൂടം ഇടപെട്ട് അടപ്പിച്ചിരുന്നു. ഫുഡ് പോയിന്റിന്റെ കാർ തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. വാൻ കത്തിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ആരോഗ്യമന്ത്രി വീണ ജോർജ്ജ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കാസർകോട് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു; 17 പേർ ചികിത്സ തേടി

keralanews student ate shawarma dies of food poisoning 17 people sought treatment

കാസർകോട്:ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.ചെറുവത്തൂരിലെ മട്ടലായിയിലെ നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ ദേവാനന്ദ (16) യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ 17 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ നില ഗുരുതരമാണ്.ചെറുവത്തൂരിലെ  ഐഡിയൽ കൂൾബാർ ആന്റ് ഫുഡ് പോയിന്റ് എന്ന കൂൾബാറിൽ നിന്നും ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമ്മ കഴിച്ച ശേഷം അസ്വസ്ഥതകൾ നേരിട്ട കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി ഇവിടെ നിന്നും ഭക്ഷണം കഴിച്ചത്. കരിവള്ളൂർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ദേവനന്ദ. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഫുഡ് സേഫ്റ്റി ലെെസൻസ് ഇല്ലാതെയാണ് കൂൾബാർ പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കൂൾബാർ അടച്ചുപൂട്ടിയിട്ടിട്ടുണ്ട്.അതേസമയം സംഭവത്തില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പി സി ജോർജ് അറസ്റ്റിൽ;ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

keralanews p c george arrested with non bailable offenses

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 153 എ 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. വിദ്വേഷ പ്രചാരണത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ്.തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാമ്പിൽ വെച്ചാണ് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം വഞ്ചിയൂരിലുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും.ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയാണ് പൊലീസ് പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്ബോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജിനെതിരായ പരാതിയില്‍ പറയുന്നു.അതേസമയം കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും അന്വേഷണത്തിന് സഹകരിക്കുമെന്നും പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് വ്യക്തമാക്കി.

മതവിദ്വേഷ പ്രസംഗം;പിസി ജോർജ്ജ് പോലീസ് കസ്റ്റഡിയിൽ

keralanews alleged controversial remarks p c george under police custody

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റിഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ പുലര്‍ച്ചെ എത്തിയായിരുന്നു കസ്റ്റിഡിലെടുത്തത്.ഡി.ജി.പി. അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രിയാണ് പി.സി.ജോര്‍ജിനെതിരെ കേസെടുത്തത്. യൂത്ത് ലീഗ് ഉള്‍പ്പെടെ ഡി.ജി.പി.ക്ക് പരാതിനല്‍കിയിരുന്നു.ഹരിദ്വാർ മോഡൽ പ്രസംഗമാണ് പി.സി ജോർജ്ജ് നടത്തിയതെന്നായിരുന്നു യൂത്ത് ലീഗിന്റെ ആരോപണം. പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞിരുന്നു. ലീഗ് നേതാവ് കെപിഎ മജീദും പി.സി ജോർജ്ജിനെതിരെ രംഗത്തെത്തിയിരുന്നു.വർഗീയത ആളിക്കത്തിക്കാൻ ആണ് ജോർജ് ശ്രമിക്കുന്നതെന്നും മുൻകൂട്ടി തീരുമാനിച്ച പ്രസ്താവനയാണ് നടത്തിയതെന്നും ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടിരുന്നു.ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്വന്തം വാഹനത്തിലാണ് പി.സി.ജോര്‍ജിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. പോലീസുകാര്‍ക്കൊപ്പം മകന്‍ ഷോണ്‍ ജോര്‍ജും ഈ വാഹനത്തിലുണ്ട്.മുസ്ലിങ്ങള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരേ വിദ്വേഷപ്രസംഗവുമായി പി.സി. ജോര്‍ജ് സമ്മേളനത്തിനിടെ രംഗത്തെത്തിയിരുന്നു. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ വൈരമുണ്ടാക്കുന്ന തരത്തിലാണ് പി.സി.ജോര്‍ജ് പ്രസംഗിച്ചിട്ടുള്ളത്. മുസ്ലിങ്ങള്‍ അവരുടെ ഹോട്ടലുകളിലും മറ്റും വരുന്ന ഇതര മതസ്ഥര്‍ക്ക് വന്ധ്യത വരുത്തുന്നതിന് തുള്ളിമരുന്ന് ആഹാരപദാര്‍ത്ഥങ്ങളില്‍ ചേര്‍ത്തു നല്‍കുന്നവെന്നടക്കം പ്രസംഗത്തില്‍ പറഞ്ഞുവെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കെ-റെയിൽ കല്ലിടലിനെതിരെ കണ്ണൂർ ധർമടത്ത് പ്രതിഷേധം;സാധാരണക്കാരെ കൊന്നിട്ട് വേണോ വികസനമെന്ന് പ്രതിഷേധക്കാർ

keralanews protest against k rail stoning in kannur dharmadam

കണ്ണൂർ: കെ-റെയിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് സംഘർഷം.കല്ലിടാൻ വേണ്ടി രാവിലെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ നാട്ടുകാരും വീട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകളാണ് പ്രതിഷേധ രംഗത്തുണ്ടായിരുന്നത്.ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.സാധാരണക്കാരെ കൊന്നിട്ട് വേണോ വികസനം. വീടിന്റെ പേരിൽ നിരവധി കടബാദ്ധ്യതകൾ ഉണ്ട്. ആ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ എന്ത് ചെയ്യും. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി സമാധാനം പറയേണ്ടി വരും. മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ സത്യഗ്രഹമിരിക്കും’ എന്നിങ്ങനെ വീടുകളിൽ നിന്ന് പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകൾ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ധർമ്മടം പഞ്ചായത്തിൽ കെ റയിൽ സർവേ കല്ല് സ്ഥാപിക്കാനായില്ല. സർവേ നിർത്തി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. നേരത്തെ തന്നെ വലിയ രീതിയിൽ ഇവിടെ പ്രതിഷേധം നടന്നിരുന്നു. നേരത്തെയും ഇവിടെ കല്ലിട്ടിരുന്നു. എന്നാൽ ഇത് പിഴുതെറിയുകയായിരുന്നു. ഈ സ്ഥലത്താണ് ഇപ്പോൾ വീണ്ടും കല്ലിട്ടത്. കല്ല് സ്ത്രീകൾ തന്നെ രംഗത്തെത്തി പിഴുതു മാറ്റുകയും ചെയ്തു. പോലീസുമായുണ്ടായ വാക്കേറ്റത്തിനിടെ ഒരു സ്ത്രീയ്‌ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും; ഉപയോഗം കുറയ്‌ക്കണമെന്ന് കെഎസ്‌ഇബി

keralanews state will still have power regulation today kseb wants to reduce usage

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രിക്കുമെന്ന് കെഎസ്‌ഇബി. 15 മിനിറ്റ് നേരമുള്ള വൈദ്യുതി നിയന്ത്രണം ഇന്ന് കൂടി തുടരുമെന്ന് കെഎസ്‌ഇബി ചെയര്‍മാന്‍ ബി.അശോക് അറിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കുറവ് വൈദ്യുതി പ്രതിസന്ധിയുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് തിരിച്ചുവരാന്‍ പോകുന്നുവെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കണം. 20 രൂപ നിരക്കില്‍ പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതോടെ 50 കോടി രൂപയുടെ വരെ കടബാദ്ധ്യതയാണ് കെഎസ്‌ഇബിയ്‌ക്കുണ്ടാവുക. ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ഈ ബാദ്ധ്യത ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് മെയ് 31 വരെ തുടരുമെന്നും അശോക് അറിയിച്ചു. രാത്രി ആറരയ്‌ക്കും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. കഴിഞ്ഞ വര്‍ഷത്തെ പോലെ ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നതെന്നും അശോക് വ്യക്തമാക്കി.

ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐ എന്‍ എസ് കാബ്ര കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തെത്തി

keralanews indian navy ship ins kabra arrives at kannur azheekal port

കണ്ണൂർ: ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐ എന്‍ എസ് കാബ്ര കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തെത്തി.ഇതാദ്യമായാണ് ഒരു പടക്കപ്പല്‍ അഴീക്കലില്‍ എത്തുന്നത്.പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കപ്പലിന് വളരെ വേഗത്തില്‍ സഞ്ചരിക്കാനും ആഴം കുറഞ്ഞ പ്രദേശത്ത് എത്തിച്ചേരാനും കഴിയും. പൊതുജനങ്ങള്‍ക്ക്കപ്പല്‍ കാണാനും അറിയാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11 മണി വരെ കപ്പല്‍ അഴീക്കല്‍ തുറമുഖത്ത് ഉണ്ടാവും.

തഞ്ചാവൂരിൽ രഥോത്സവത്തിനിടെ ഷോക്കേറ്റ് ഉണ്ടായ അപകടത്തിൽ 11 പേർ മരിച്ചു

keralanews eleven killed in electocution during temple chariot procession in thanjavoor

ചെന്നൈ:തഞ്ചാവൂരിൽ ക്ഷേത്രത്തിലെ രഥഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു.മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. കാളിമേടിന് സമീപമുളള ക്ഷേത്രത്തിലായിരുന്നു അപകടം ഉണ്ടായത്.ഇന്ന് പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം. രഥം വളവിൽ തിരിക്കുന്നതിനിടെ പിന്നോട്ട് എടുത്തപ്പോഴാണ് അപകടം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ രഥത്തിന്റെ മുകൾഭാഗം തട്ടുകയായിരുന്നു. രഥത്തിൽ 30 അടിയോളം ഉയരത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു. വൈദ്യുത പ്രവാഹത്തിൽ രഥത്തിലുണ്ടായിരുന്നവർ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു.10 പേർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ 13 പേരെ തഞ്ചാവൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെ പരിക്കേറ്റവർക്ക് ഒപ്പം ഉണ്ടായിരുന്ന 13 കാരനും മരിക്കുകയായിരുന്നു.രഥം ഏറെക്കുറെ പൂർണമായി കത്തിയ നിലയിലാണ്. ജില്ലാ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊറോണ നിയന്ത്രണങ്ങൾ നീങ്ങിയതിനാൽ വലിയ തിരക്കായിരുന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. അതേസമയം മരണമടഞ്ഞവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഓഫീസ് അറിയിച്ചു.

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു

keralanews vehicles registered in the name of the mentally challenged will be exempted from tax says transport minister antony raju

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു.ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയുള്ളവര്‍ക്കാണ് ഇളവ് അനുവദിക്കപ്പെടുക.സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ ബോര്‍ഡ് 40% ഭിന്നശേഷി ശുപാര്‍ശ ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഭിന്നശേഷിക്കാരുടെ ഏഴ് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്കാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്.ഇതോടെ ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യമാണ് മാനസികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൂടി ലഭ്യമാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി;മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി പിഴ

keralanews use of masks tightened again in the state fine levied for not wearing mask

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി.മാസ്‌ക് ഉപയോഗം നിർബന്ധമാക്കി  സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മാസ്‌ക് നിർബന്ധമാക്കാനുള്ള തീരുമാനം. സംസ്ഥാനത്തെയും, രാജ്യത്തെയും, കൊറോണ സാഹചര്യങ്ങൾ സംസ്ഥാന ദുരന്തനിവാരണ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാസ്‌ക് ഉപയോഗം കർശനമാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു സ്ഥലങ്ങൾ, കൂടിച്ചേരലുകൾ, തൊഴിലിടങ്ങൾ, യാത്രാ വേളകളിൽ എല്ലാം നിർബന്ധമായും മാസ്‌ക് ധരിക്കണം. ഇത് ലംഘിച്ചാൽ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷം മാസ്‌ക് ഉപയോഗം തുടരാൻ ആരോഗ്യമന്ത്രി വീണാ ജോർജും നിർദ്ദേശിച്ചിരുന്നു.കൊറോണ കേസുകൾ കുറയാൻ ആരംഭിച്ചതോടെ സംസ്ഥാനം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഇതേ തുടർന്ന് മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കേണ്ടെന്നും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ രാജ്യത്ത് വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കാൻ ആരംഭിച്ചതോടെ കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കുകയായിരുന്നു.