സംസ്ഥാനത്ത് ഉള്ളി, സവാള വില കുതിക്കുന്നു; ഇനിയും വര്‍ധിക്കുമെന്ന് വ്യാപാരികള്‍

keralanews onion price incerasing in the state

കൊച്ചി: സംസ്ഥാനത്ത് ഉള്ളി, സവാള വില കുതിക്കുന്നു.ദിനംപ്രതി അഞ്ച് രൂപ വീതമാണ് രണ്ടിനും വര്‍ധിക്കുന്നത്.ഈ മാസം ആദ്യം കിലോയ്ക്ക് 35 രൂപയായിരുന്നു ഉള്ളി വിലയെങ്കില്‍ ഇന്നലത്തെ ചെറിയ ഉള്ളിയുടെ ചില്ലറ വില്‍പന വില 95-98 രൂപയായി.സവാള കിലോയ്ക്ക് 80 രൂപയ്ക്കാണ് ഇന്നലെ ചില്ലറ വില്‍പന നടന്നത്. ഉള്ളിയും സവാളയും കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയാണ് വില വര്‍ധനയ്ക്ക പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി വില ഇനിയും വര്‍ധിക്കുമെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. പുതിയ കൃഷിയിറക്കിയാലും വിളവെടുത്ത് മാര്‍ക്കറ്റിലെത്താന്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ മാസമെങ്കിലുമാകുമെന്ന് ഇവര്‍ പറയുന്നു. ജിഎസ്ടി വിഭാഗത്തിന്റെ റെയ്ഡില്‍ പ്രതിഷേധിച്ച്‌ മഹാരാഷ്ട്രയിലെ മൊത്തവ്യാപാരികള്‍ ഗോഡൗണുകള്‍ അടച്ചിട്ടതും വില വര്‍ദ്ധനയില്‍ പ്രതിഫലിച്ചിട്ടുണ്ട്.നിലവില്‍ ലഭിക്കുന്ന ഉള്ളിയുടെ ഗുണനിലവാരവും കുറവാണ്. 100 കിലോഗ്രാം സവാള കൊണ്ടുവന്നാല്‍ അതില്‍ 15 കിലോഗ്രാമും ചീഞ്ഞതാണെന്നു വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞവര്‍ഷ അവസാനം ഉള്ളി വില കിലോയ്ക്ക് 200 രൂപയോളം അടുത്തിരുന്നു.

കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ച സംഭവം;പൊലീസ് അന്വേഷണം തുടങ്ങി

keralanews covid patient dies while undergoing treatment at kalamassery government medical college police started investigation

കൊച്ചി: കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്റെ മരണ സമയത്തെ ആശുപത്രിയിലെ ഡ്യൂട്ടി ഷിഫ്റ്റ് പൊലീസ് ആവശ്യപ്പെട്ടു.ആശുപത്രിയിലെ ഡോക്ടേഴ്‌സിന്റേയും ഇതര ജീവനക്കാരുടേയും മൊഴിയെടുക്കും.സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായോ എന്നാണ് അന്വേഷണം.ഹാരിസിന്റെ ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം ശരിവച്ച ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.അതിനിടെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം തുടരുകയാണ്.ആരോഗ്യ ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളും സൂപ്രണ്ടും ഇന്നലെ നിഷേധിച്ചിരുന്നു. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ഹൃദയ സ്തംഭനം ഉണ്ടായാണ് ഹാരിസ് മരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.ശബ്ദസന്ദേശത്തില്‍ പറയുന്ന നഴ്സിങ് ഓഫീസര്‍ ഒരു മാസത്തിലേറെയായി അവധിയിലായിരുന്നുവെന്നും, കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നും ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍ ‌വ്യക്തമാക്കി. ശബ്ദസന്ദേശത്തെ ശരിവെച്ച ഡോക്ടര്‍ നജ്മയില്‍ നിന്നും ആശുപത്രി അധികൃതര്‍ വിശദീകരണം തേടിയിട്ടുണ്ട്.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി ഹാരിസാണ് ആശുപത്രി ജീവനക്കാരുടെ ചികിത്സാ വീഴ്ചയെ തുടര്‍ന്ന് മരണപ്പെട്ടത്. ഓക്‌സിജന്‍ ലഭിക്കാതെയാണ് രോഗി മരിച്ചതെന്ന് നഴ്‌സിംഗ് ഓഫീസര്‍ വെളിപ്പെടുത്തുന്ന ശബ്ദു സന്ദേശം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.അതേസമയം സംഭവത്തില്‍ മെഡിക്കല്‍ കോളേജ്‌ അധികൃതരെ പിന്തുണച്ച്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ ഉള്ള ഗൂഢ ലക്ഷ്യമാണ് ആരോപണത്തിന് പിന്നിലെന്ന് വിമര്‍ശിച്ചു.

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7375 പേർക്ക് രോഗമുക്തി

keralanews 6591 covid cases confirmed today in kerala 7375 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 885, കോഴിക്കോട് 735, മലപ്പുറം 692, എറണാകുളം 438, ആലപ്പുഴ 574, കൊല്ലം 556, കോട്ടയം 430, തിരുവനന്തപുരം 324, പാലക്കാട് 242, കണ്ണൂര്‍ 372, പത്തനംതിട്ട 195, കാസര്‍ഗോഡ് 139, വയനാട് 80, ഇടുക്കി 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 16, തിരുവനന്തപുരം 13, കൊല്ലം 6, മലപ്പുറം 5, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 4 വീതം, പത്തനംതിട്ട, കോട്ടയം 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 360, കൊല്ലം 746, പത്തനംതിട്ട 301, ആലപ്പുഴ 286, കോട്ടയം 404, ഇടുക്കി 85, എറണാകുളം 974, തൃശൂര്‍ 760, പാലക്കാട് 271, മലപ്പുറം 1093, കോഴിക്കോട് 1029, വയനാട് 113, കണ്ണൂര്‍ 544, കാസര്‍ഗോഡ് 409 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1206 ആയി.

പാലത്തായി കേസ്; ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

keralanews palathayi rape case high court order to change investigation team lead by i g sreejith

കൊച്ചി: ബിജെപി നേതാവ് പ്രതിയായ കണ്ണൂർ പാലത്തായി ബാലികാ പീഡനക്കേസില്‍ നിലവിലുള്ള അന്വേഷണ സംഘത്തെ മുഴുവന്‍ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. സംഘത്തിലുള്ള മുഴുവന്‍ ആളുകളെയും മാറ്റി രണ്ടാഴ്ചക്കകം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.അന്വേഷണച്ചുമതലയുള്ള ഐ.ജി എസ് ശ്രീജിത്തിനെ മാറ്റണം. ഐജി റാങ്കില്‍ കുറയാത്ത പുതിയ ഉദ്യോഗസ്ഥന്‍ തുടരന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കണം. അന്വേഷണ സംഘത്തെ മാറ്റണമെന്ന ഇരയുടെ മാതാവിന്റെ ഹരജിയിലാണ് നടപടി.നിലവിലുള്ള അന്വേഷണസംഘം കേസിനെ അട്ടിമറിച്ചുവെന്നും പ്രതിക്ക് സഹായകമായ അന്വേഷണമാണ് നടത്തിയതെന്നുമാണ് കുട്ടിയുടെ മാതാവ് കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയില്‍ പറഞ്ഞത്. കട്ടിയുടേതായി നല്‍കിയ പല മൊഴികളും യഥാത്ഥത്തില്‍ കുട്ടി നല്‍കിയിട്ടില്ല.കുട്ടിയുടെ മൊഴികളൊന്നും പോക്‌സോ നിയമത്തിന്റെ സെക്ഷന്‍ 24 പ്രതിപാദിക്കുന്ന തരത്തില്‍ ഓഡിയോ റിക്കോര്‍ഡ് നടത്താതിരിക്കുകയും കോടതിയില്‍ സമര്‍പ്പിച്ച മൊഴിയില്‍ മാറ്റം വരുത്തുകയും ചെയ്തു. 24.04.2020ല്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കുട്ടിയുടെ മൊഴി എടുക്കുന്നത് 80 ദിവസത്തിന് ശേഷം കുറ്റപത്രം നല്‍കുന്നതിന്റെ തലേന്ന് മാത്രമാണ്. പ്രതിയുടെ കസ്റ്റഡി വാങ്ങാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായില്ല.കുട്ടിയുടെയും പ്രധാന സാക്ഷിയുടെയും സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയും കോടതിയില്‍ സമര്‍പ്പിച്ചില്ല. കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചില്ല. മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടറെ സാക്ഷി പട്ടികയില്‍ ചേര്‍ത്തില്ല. കുട്ടിക്കെതിരെ ഐ.ജി യുടേതായ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. പ്രതിയോട് കുട്ടികള്‍ക്കും പിടിഎയ്ക്കും വിരോധമുണ്ടായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ഈ കേസില്‍ യാതൊരു ആവശ്യവുമില്ലാത്ത മൊഴികള്‍ കോടതിയില്‍ സമര്‍പ്പിച്ച്‌ പോക്‌സോ ഒഴിവാക്കി കുറ്റപത്രം നല്‍കി പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കി. കുട്ടിയുടെ മൊഴി തെറ്റായി എഴുതിച്ചേര്‍ത്ത് കുട്ടി കള്ളം പറയുന്നതായി കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി. കുട്ടിക്ക് മോറല്‍ സപ്പോര്‍ട്ട് നല്‍കാന്‍ എന്ന പേരില്‍ പോലീസ് ചുമതലപ്പെടുത്തിയ കൗണ്‍സിലര്‍മാര്‍ കുട്ടിയോട് അശ്ശീലം സംസാരിക്കുകയും പ്രതിക്കെതിരെ മൊഴി പറയുന്നതില്‍ നിന്ന് കുട്ടിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അന്വേഷണ സംഘത്തിനെതിരെയും കൗണ്‍സിലര്‍മാര്‍ക്കെതിരെയും മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും മാതാവ് നൽകിയ ഹർജിയിൽ പറയുന്നു.

ലൈഫ് മിഷൻ കേസില്‍ സിബിഐക്കു തിരിച്ചടി;സ്റ്റേ നീക്കില്ല

keralanews high court rejected petition of cbi seeking cancelation of stay

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തിന്റെ ഭാഗികമായി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെ വ്യക്തമാക്കി.കോടതി ഉത്തരവു പ്രകാരമുള്ള ഭാഗിക സ്‌റ്റേ അന്വേഷണത്തിനു തടസ്സമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ അപേക്ഷ നല്‍കിയത്. ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു മാസത്തെ ഭാഗിക സ്‌റ്റേയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഏര്‍പ്പെടുത്തിയത്.ലൈഫ് മിഷന്‍ സിഇഒ യുവി ജോസ് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്. ലൈഫ് മിഷനെതിരായ അന്വേഷണം സ്‌റ്റേ ചെയ്തതിനൊപ്പം നിര്‍മാണ കമ്പനിയായ യൂണിടാക്കിന് എതിരെ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.ലൈഫ് മിഷനെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കിയതിലൂടെ കേസില്‍ മുന്നോട്ടുപോവാനാവുന്നില്ലെന്നാണ് ഹര്‍ജിയില്‍ സിബിഐ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. എതിര്‍ സത്യവാങ്മൂലം തയാറായിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ സത്യവാങ്മൂലം പോലും കൊടുക്കാതെ എങ്ങനെ ഹര്‍ജി പരിഗണിക്കുമെന്ന ചോദ്യമെത്തി. അതുകൊണ്ട് ഈ ഹര്‍ജി തള്ളുകയാണെന്നും അറിയിച്ചു.എതിര്‍ സത്യവാങ്മൂലം തയ്യാറാക്കിയ ശേഷം വീണ്ടും കോടതിയെ സിബിഐയ്ക്ക് സമീപിക്കും. ഇതിനും അനുമതി കൊടുത്തു. സിബിഐയുടേത് വെറും പബ്ലിക് സ്റ്റണ്ടാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിശ്വനാഥനും വാദിച്ചു. ഇതിലും വാദ പ്രതിവാദം നടന്നു. അടുത്ത തവണ സിബിഐ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകും.ലൈഫ് മിഷന്‍ ഇടപാടില്‍ വിദേശ സംഭാവനാ ചട്ടത്തിന്റെ (എഫ്‌സിആര്‍എ) ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസില്‍ എഫ്‌സിആര്‍എ നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ വാദിച്ചു.ഇതു പരിഗണിച്ചാണ് അന്വേഷണം സ്‌റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവ്. കേസില്‍ എഫ്‌സിആര്‍എ ബാധകമാവുമെന്നു സ്ഥാപിക്കാന്‍ സിബിഐയ്ക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

അമിതമായി ഗുളിക കഴിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സജന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു

keralanews transgender sajana shaji tried to commit suicide by overdosing on pills

കൊച്ചി:വഴിയരികില് ബിരിയാണി കച്ചവടം നടത്തി വന്നിരുന്ന ട്രാന്സ്ജെൻഡർ യുവതി സജന ഷാജിയെ അമിതമായി ഗുളിക കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിരിയാണി വില്ക്കാനെത്തിയ തന്നെ വില്പന നടത്താനാനുവദിക്കാതെ ചിലർ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് കേരളത്തില് ഏറെ ചർച്ചയായിരുന്നു.തുടർന്ന് വലിയ പിന്തുണയാണ് പൊതു സമൂഹത്തിൽ നിന്ന് സജനയ്ക്ക് ലഭിച്ചത്. പലരും ഇവർക്ക് സാമ്പത്തിക സഹായവുമായി രംഗത്തു വന്നു.എന്നാൽ ഇതിന് പിന്നാലെ സജനയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ പറയുന്ന കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചുകൊണ്ട് ചിലർ രംഗത്തെത്തുകയായിരുന്നു.ഇവർ ഫേസ്ബുക്ക് വീഡിയോ വഴി സജനയും സുഹൃത്തുക്കളും ചേർന്ന് പണം സമാഹരിക്കാനായി നടത്തിയ നാടകമായിരുന്നെന്ന നിലയിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിവാദങ്ങളിൽ മനം നൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.നിലവിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

വാളയാർ മദ്യദുരന്തം;മരണം അഞ്ചായി; ചികിത്സയിലിരുന്ന 22 കാരന്‍ മരിച്ചു

keralanews walayar alcohol tragedy death toll rises to five

പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍ ആണ് അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. കഞ്ചിക്കോട് ചെല്ലന്‍കാവ് മൂര്‍ത്തി, രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് നേരത്തെ മരിച്ചത്.മരിച്ചവരെല്ലാം തൊഴിലാളികളാണ്. രാമന്‍ ഞായറാഴ്ച രാവിലെയും അയ്യപ്പന്‍ ഉച്ചയോടെയുമാണ് മരിച്ചത്. ശിവനെ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടുമുറ്റത്തെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.തിങ്കളാഴ്ച രാവിലെ ശിവനെ മരിച്ച നിലയില്‍ കണ്ടതോടെയാണ് മദ്യദുരന്തമെന്ന സംശയം ഉയരുന്നത്.അതിനിടെ ആശുപത്രിയില്‍നിന്ന് ആരുംകാണാതെ ഇറങ്ങിപ്പോയ മൂര്‍ത്തിയെ ഉച്ചയോടെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തെ കച്ചവടസ്ഥാപനത്തിനുമുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഇവരെല്ലാം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും കോളനി നിവാസികള്‍ പറഞ്ഞു. ഒന്‍പതു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.നാഗരാജന്‍ (26), തങ്കമണി (47), രുക്മിണി (52), കമലം (42), ചെല്ലപ്പന്‍ (75), ശക്തിവേല്‍, കുമാരന്‍ (35), മുരുകന്‍ (30) എന്നിവരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ചെല്ലങ്കാവ് ആദിവാസി കോളനിയിലുള്ളവരാണ് മരിച്ചത്.സ്പിരിറ്റോ , സാനിറ്റൈസറോ മദ്യത്തില്‍ ചേര്‍ത്തെന്നാണ് സംശയം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അടക്കം ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകു. ലഹരിക്ക് വീര്യം കൂട്ടാന്‍ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7,469 പേർക്ക് രോഗമുക്തി

keralanews 5022 covid cases confirmed in the state today 7469 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ്. സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിിണറായി വിജയന്‍ അറിയിച്ചു.മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4257 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 647 പേരുടെ രോഗ ഉറവിടം അറിയില്ല.59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 14, തിരുവനന്തപുരം 12, തൃശൂര്‍, മലപ്പുറം 8 വീതം, കാസര്‍ഗോഡ് 6, എറണാകുളം 4, കണ്ണൂര്‍ 3, കോട്ടയം 2, കൊല്ലം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.മലപ്പുറം 862, കോഴിക്കോട് 669, എറണാകുളം 398, തൃശൂര്‍ 518, തിരുവനന്തപുരം 357, കൊല്ലം 373, ആലപ്പുഴ 333, കണ്ണൂര്‍ 279, പാലക്കാട് 121, കോട്ടയം 155, കാസര്‍ഗോഡ് 101, വയനാട് 50, പത്തനംതിട്ട 30, ഇടുക്കി 11 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1670, കൊല്ലം 627, പത്തനംതിട്ട 182, ആലപ്പുഴ 338, കോട്ടയം 200, ഇടുക്കി 53, എറണാകുളം 978, തൃശൂര്‍ 1261, പാലക്കാട് 347, മലപ്പുറം 298, കോഴിക്കോട് 1022, വയനാട് 128, കണ്ണൂര്‍ 72, കാസര്‍ഗോഡ് 293 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1182 ആയി.

സ്വർണ്ണക്കടത്ത് കേസ്;എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

keralanews gold smuggling case high court stayed arrest of m sivasankar

കൊച്ചി:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.കസ്റ്റംസ് കേസിലാണ് ഈ മാസം 23 വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്.കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.കേസ് 23 ആം തിയതി വീണ്ടും പരിഗണിക്കും. ഇഡി കേസിലെ ജാമ്യ ഹര്‍ജിയിലും അന്ന് തീരുമാനം വരും. കസ്റ്റംസ് തന്നെ ക്രിമിനലിനെ പോലെ പരിഗണിക്കുന്നുവെന്ന വാദവുമായാണ് ശിവശങ്കരൻ ഹൈക്കോടതിയെ സമീപിച്ചത്.കസ്റ്റംസ് പകവീട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. ഏതു കേസിലാണ് ചോദ്യം ചെയ്യലെന്ന നോട്ടീസ് പോലും കസ്റ്റംസ് നല്‍കിയിരുന്നില്ല. അറസ്റ്റിനുള്ള ശ്രമമാണ് കസ്റ്റംസ് നടത്തിയത്. നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ കോടതിയില്‍ നല്‍കാന്‍ തയാറാണെന്ന് കസ്റ്റംസ് അറിയിച്ചു. 23നകം തെളിവുകള്‍ ഹാജരാക്കുമെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്നും ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാമെന്നും ശിവശങ്കര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം, ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് അറിയിച്ച കസ്റ്റംസ് അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും കോടതിയില്‍ പറഞ്ഞു. വെള്ളിയാഴ്ചത്തെ വാദം അതുകൊണ്ട് തന്നെ നിര്‍ണ്ണായകമാണ്.സ്വര്‍ണവും ഡോളറും കടത്തിയതുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ മൊഴികള്‍ പരസ്പരവിരുദ്ധവും അവിശ്വസനീയവുമെന്നു കസ്റ്റംസ് വിലയിരുത്തുന്നുണ്ട്.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് പിണറായി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

keralanews high court has rejected a petition filed by the pinarayi government against privatisation of the management of the thiruvananthapuram international airport

കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാറും കെ എസ് ഐ ഡി സി യും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും ടി ആര്‍ രവിയും അടങ്ങുന്ന ബഞ്ചാണ് തള്ളിയത്. വിമാനത്താവള നടത്തിപ്പിന് കൈമാറാനുള്ള നടപടി നയപരമായ തീരുമാനമാണന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു.ഉയര്‍ന്ന തുക ക്വോട്ട് ചെയ്തവര്‍ക്ക് ടെന്‍ഡര്‍ നല്‍കില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതിനാല്‍ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാനാവില്ലന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.ടെന്‍ഡര്‍ നടപടിയുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാന്‍ ആകില്ല. ഒരു എയര്‍പോര്‍ട്ട് ന്റെ ലാഭം മറ്റൊരു എയര്‍പോര്‍ട്ട് ലേക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന സര്‍ക്കാര്‍ വാദവും ശരിയല്ല. ലേല നടപടികള്‍ അദാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയത് ആണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.വിമാനത്താവളങ്ങള്‍ പാട്ടത്തിനു കൊടുക്കാന്‍ തീരുമാനിച്ചത് പൊതു ജന താല്‍പ്പര്യാര്‍ത്ഥമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു.മുന്‍പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. മുന്‍പരിചയമുള്ള സര്‍ക്കാരിനെ അവഗണിച്ച്‌, സര്‍ക്കാരിന്റെ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് പൊതുതാല്‍പ്പര്യത്തിന് എതിരാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചെങ്കിലും ഇതെല്ലാം കോടതി തള്ളിക്കളഞ്ഞിരുന്നു.ഒരുയാത്രക്കാരന് 168 രൂപ ഫീ വാഗ്ദാനം ചെയ്ത അദാനി 135 രൂപ വാഗ്ദാനം ചെയ്ത കെഎസ്‌ഐഡിസിയെ തോല്‍പിച്ചാണ് വിമാനത്താവള നടത്തിപ്പു സ്വന്തമാക്കിയത്.