ബിനീഷ് കോടിയേരിയുടെ ഭാര്യയെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നതായി ആരോപണം;ബന്ധുക്കൾ ഗെയ്റ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

keralanews bineesh kodiyeris relatives protest infront of stage alleging his wife under house arrest

തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിന് മുൻപിൽ ബന്ധുക്കളുടെ പ്രതിഷേധം. ബിനീഷിന്റെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും മക്കളുമാണ് എത്തിയത്. വീട്ടുകാരെ കണ്ടില്ലെങ്കില്‍ സത്യഗ്രഹമിരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞുങ്ങളും അസുഖമുള്ളവരും വീടിനകത്തുണ്ടെന്നും ഇവരെ കാണാതെ പോകില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇഡിയുടെ നടപടിക്കെതിരെ ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.അതേസമയം അകത്തേക്ക് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. അകത്തുള്ളവരെ കാണാന്‍ ഇപ്പോ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. അനുമതി നല്‍കുന്നതു വരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. ബന്ധുക്കളിലൊരാള്‍ താന്‍ അഭിഭാഷകയാണെന്ന് അറിയിച്ചിട്ടും കടത്തിവിടാനാവില്ലെന്ന നിലപാടാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.ബന്ധുക്കളെ ഇപ്പോള്‍ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിക്കുകയും അത് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ഇത് ഭീഷണിപ്പെടുത്തി പറയിച്ചതായാകാമെന്നും ബന്ധുക്കള്‍ പറയുന്നു. ഇതോടെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇവിടെ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പ്രതികരിച്ചു. ബന്ധുക്കള്‍ കൊണ്ടുവന്ന ഭക്ഷണം വീടിനകത്തെത്തിച്ചു. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂജപ്പുരയില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.റെയ്ഡിനിടെ അനൂപ് മുഹമ്മദിന്‍റെ ക്രഡിറ്റ് കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്നാണ് ഇഡി പറയുന്നത്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ഇഡി സംഘം കൊണ്ടുവെച്ചതാണെന്ന് ആരോപിച്ച് മഹസർ രേഖകളിൽ ഒപ്പു വെക്കാൻ ബിനീഷിന്‍റെ ഭാര്യ തയ്യാറായില്ല.ഇതോടെ രാത്രി മുഴുവനും ഈ നേരംവരെയും അന്വേഷണ ഉദ്യോഗസ്ഥരും വീട്ടില്‍ തുടരുകയാണ്.

കള്ളപ്പണം വെളുപ്പിക്കല്‍;ശി​വ​ശ​ങ്കറിന്റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു;ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

keralanews custody period of sivasankar ends today present today in court

കൊച്ചി:കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇ ഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.എന്നാല്‍ ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്സ്മെന്‍റ് അപേക്ഷ നല്‍കുമെന്നാണ് സൂചന. അതേസമയം, ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസും നടപടി ആരംഭിച്ചിട്ടുണ്ട് .കേസിലെ മറ്റ് പ്രതികളായ സരിത് ,സന്ദീപ്, സ്വപ്ന എന്നിവരെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് ഇഡിക്ക് കോടതി അനുമതി നൽകിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ കിട്ടുണമെന്നാണ് ഇഡിയുടെ ആവശ്യം.എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയെ ഇഡി കോടതിയില്‍ ശക്തമായി എതിര്‍ക്കും. ശിവശങ്കറിന്‍റെ സ്വത്ത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടവരുമെന്നാണ് ഇഡിയുടെ നിലപാട്.

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സംഘം റെയ്ഡ് നടത്തുന്നു

keralanews enforcement raid in the house of bineesh kodiyeri

തിരുവനന്തപുരം:ബംഗളൂരു മയക്കുമുരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രതി ചേര്‍ത്ത ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നു. ഇഡിക്കൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും റെയ്‌ഡിൽ പങ്കെടുക്കുന്നുണ്ട്.ബിനീഷ് കോടിയേരിയുടെ വീടിന് പുറമേ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിലും ബിനീഷിന്‍റെ ബിനാമിയെന്ന് കരുതുന്ന അബ്ദുൾ ലത്തീഫിന്‍റെ സ്ഥാപനത്തിലുമാണ് റെയ്ഡ് . അരുവിക്കര സ്വദേശി അൽ ജാസം അബ്ദുൽ ജാഫറിന്‍റെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്.ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്.മരുതംകുഴിയിലുള്ള കോടിയേരി എന്ന് പേരുള്ള ബിനീഷിന്റെ വീട്ടിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ അടക്കം ആറംഗ സംഘം പരിശോധനക്ക് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. സുരക്ഷാ ജീവനക്കാരനെ വിളിച്ചുവരുത്തി താക്കോല്‍ വാങ്ങിയാണ് വീട് തുറന്നത്. ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ മരുതംകുഴിയിലെ കോടിയേരി എന്ന് പേരുള്ള വീട്ടില്‍ നിന്ന് കുടുംബാംഗങ്ങള്‍ താമസം മാറിയിരുന്നു. ബിനീഷിന്‍റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് 5 കോടിയിലധികം രൂപ കൈമാറിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അന്വേഷണപരിധിയില്‍ കൊണ്ടുവരുന്നത്.ബെംഗളൂരുവില്‍ ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടരവെയാണ് സാമാന്തരമായി തിരുവനന്തപുരത്ത് പരിശോധനയ്ക്കും അന്വേഷണ സംഘം എത്തുന്നത്.

സ്പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ചുമത്തുന്നതില്‍ ഹൈക്കോടതിയുടെ സ്റ്റേ എല്ലാവര്‍ക്കും ബാധകമല്ല ; വിശദീകരണവുമായി പോലീസ്

keralanews high court stay on imposing fines based on speed camera footage does not apply to everyone

തിരുവനന്തപുരം :വേഗപരിധി ലംഘിച്ചതിന് സ്പീഡ് ക്യാമറാദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിഴ ചുമത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തത് പരാതിയുമായി കോടതിയില്‍ എത്തിയ ആളുടെ കാര്യത്തില്‍ മാത്രമാണെന്ന് പോലീസ്. ഇത് സംബന്ധിച്ച്‌ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പലതരത്തിലുള്ള പ്രചാരണങ്ങള്‍ വന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി കേരള പോലീസ് തന്നെ രംഗത്തെത്തിയത്.കൊല്ലം ജില്ലയിലെ കുളക്കടയില്‍ വേഗപരിധി ലംഘിച്ച വ്യക്തിക്ക് പിഴ അടയ്ക്കാന്‍ പോലീസിന്‍റെ ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്സ്മെന്‍റ് കണ്‍ട്രോള്‍ റൂം 2020 സെപ്തംബര്‍ 29 ന് ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ ആ വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും ഇതിന്‍മേലുള്ള നടപടി മൂന്നാഴ്ചത്തേയ്ക്ക് ഹൈക്കോടതി സ്റ്റേ ചെയ്യുകയുമാണ് ഉണ്ടായത്. ഈ ഇടക്കാല ഉത്തരവ് പരാതിക്കാരന് മാത്രമായിരിക്കും ബാധകം.പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ച പ്രസ്താവന നല്‍കാന്‍ ഹൈക്കോടതി ഗവണ്‍മെന്‍റ് പ്ലീഡറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്സ്മെന്‍റ് കണ്‍ട്രോള്‍ റൂമിന്‍റെ പതിവ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 8802 പേർക്ക് രോഗമുക്തി

keralanews 6862 covid cases confirmed in the state today 8802 cured
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6862 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര് 335, പത്തനംതിട്ട 245,കാസർകോട് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 107 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5899 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.തൃശൂർ 832, എറണാകുളം 575, കോഴിക്കോട് 814, ആലപ്പുഴ 754, തിരുവനന്തപുരം 467, കൊല്ലം 574, കോട്ടയം 507, മലപ്പുറം 440, പാലക്കാട് 221, കണ്ണൂർ 225, പത്തനംതിട്ട 168, കാസർകോഡ് 141, വയനാട് 109, ഇടുക്കി 42 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.73 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, എറണാകുളം 20 വീതം, കണ്ണൂര് 11, തൃശൂര്, കോഴിക്കോട് 5 വീതം, കാസർകോഡ് 4, പത്തനംതിട്ട 3, പാലക്കാട്, വയനാട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 563, കൊല്ലം 721, പത്തനംതിട്ട 279, ആലപ്പുഴ 656, കോട്ടയം 641, ഇടുക്കി 76, എറണാകുളം 865, തൃശൂർ 921, പാലക്കാട് 1375, മലപ്പുറം 945, കോഴിക്കോട് 922, വയനാട് 83, കണ്ണൂർ 477, കാസർകോഡ് 278 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,713 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 652 ഹോട്ട് സ്പോട്ടുകളാണുള്ളത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് സംഘം തിരുവനന്തപുരത്ത്;ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തുമെന്ന് സൂചന

keralanews enforcement directorate team in thiruvananthapuram may conduct raid in bineesh kodiyeris house

തിരുവനന്തപുരം:ബംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് സംഘം തിരുവനന്തപുരത്തെത്തി. എട്ട് അംഗ സംഘമാണ് തിരുവന്തപുരത്ത് എത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇഡി ആദായനികുതി വകുപ്പിന്റെ സംഘം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയേക്കും എന്നുള്ള സൂചനയുണ്ട്. മരുതംകുഴിയിലുള്ള വീട് ബിനീഷ് കോടിയേരിയുടെ പേരിലുള്ളതാണ്. കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് ബിനീഷും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്.ഈ വീടുകളില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തുമെന്നാണ് സൂചന. നിലവില്‍ ഈ വീട്ടില്‍ സെക്യൂരിട്ടി ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. ബിനീഷ് ബെംഗളൂരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിയിലായതോടെയാണ് കുടുംബാംഗങ്ങള്‍ ഇവിടെ നിന്നും പോയത്.കോടിയേരി ബാലകൃഷ്ണന്‍ അടുത്തിടെ വരെ കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. എകെജി സെന്ററിന് സമീപത്തായി പാര്‍ട്ടി ഫ്‌ളാറ്റ് അനുവദിച്ചതോടെയാണ് അതിലേക്ക് മാറിയത്. പ്രധാനമായും ബിനീഷിന്റെ ബിനാമി സ്വത്തുവകകള്‍ അന്വേഷിക്കാനാണ് ഇഡി സംഘം എത്തിയത്. ബിനീഷിന്റെ ബിനാമിയായി കരുതുന്ന കാര്‍ പാലസ് ലത്തീഫിനെ ഇഡി അറസ്റ്റ് ചെയ്‌തേക്കും. ലത്തീഫിന്റെ മുന്‍കൂര്‍ ജാമ്യം തേടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്താനാണ് ഇഡി സംഘത്തിന്റെ ഉദ്ദേശ്യം എന്നും അറിയുന്നു.ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനാണ് നീക്കം എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഇന്നലത്തെ ബിനീഷിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാര്‍ പാലസ് ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ് എന്ന് ഇഡി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഈ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് ഇഡി സംഘം തിരുവനന്തപുരത്ത് എത്തിയത്.മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലും പരിശോധന നടത്തിയേക്കും. ഈ സ്ഥാപനങ്ങളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഇഡി സംഘം എത്തിയിരിക്കുന്നത്. ഈ അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലേക്ക് കൂടി നീങ്ങും എന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്.

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് അനുമതി

keralanews lawyer given permission to meet bineesh kodiyeri

ബെംഗളൂരു:ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് അനുമതി. ബംഗളൂരു സെഷന്‍സ് കോടതിയാണ് അനുമതി നൽകിയത്. ഇന്ന് തന്നെ അഭിഭാഷൻ ബിനീഷിനെ കാണും. അതേസമയം ബിനീഷിനെ കാണാന്‍ അനുവദിക്കണമെന്ന് കാണിച്ച്‌ ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹരജി കോടതി ഇന്നലെ മാറ്റിവെച്ചു. തിയ്യതി പ്രഖ്യാപിക്കാതെയാണ് കര്‍ണാടക ഹൈക്കോടതി ഹരജി മാറ്റിവെച്ചത്. ജാമ്യാപേക്ഷയുള്ളതിനാല്‍ ഹരജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ബിനീഷിന്റെ അപേക്ഷ കോടതി തള്ളി. ബിനീഷിനെ അഞ്ച് ദിവസത്തേക്കാണ് ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടത്.

വയനാട്ടിൽ മാവോയിസ്റ്റ്-തണ്ടർബോൾട് ഏറ്റുമുട്ടൽ;ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

keralanews maoist thunderbolt clash in wayanad one killed

മാനന്തവാടി: വയനാട്ടില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റിനെ വധിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറത്തറ മീന്‍മുട്ടി വാളാരംകുന്നിലായിരുന്നു സംഭവം. 35 നും 40 നും ഇടയില്‍ പ്രായം വരുന്ന യുവാവാണ് കൊല്ലപ്പെട്ടത്,  മരിച്ചയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക വിവരം.വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് കേരള പോലീസിന്റെ സായുധ സേന വിഭാഗമായ തണ്ടര്‍ ബോള്‍ട്ട് പതിവ് പെട്രോളിംഗ് നടത്തുന്നതിനിടെ സായുധരായ മാവോയിസ്റ്റുകളുമായി മുഖാമുഖംവരികയും സ്വയരക്ഷയ്ക്ക് തണ്ടര്‍ബോള്‍ട്ട് സംഘം വെടിവയ്ക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചെന്ന് പറയുന്ന ഒരു തോക്കിന്‍റെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇരട്ടക്കുഴല്‍ തോക്കിന്‍റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. മാവോയിസ്റ്റ് ലഘുലേഖകളും പ്രദേശത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് പൊലീസ് ഏര്‍പ്പെടുത്തിയത്. സംഭവസ്ഥലത്തേക്ക് ഉന്നത പോലീസ് സംഘം എത്തുന്നുണ്ട് . പ്രദേശത്ത് ഇരുപതോളം മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. അവിടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കുറവായതിനാല്‍ സാറ്റലൈറ്റ് ഫോണ് വഴി പോലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് സൂചന.

2019 മാർച്ച് 31 ന് ശേഷമുള്ള വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ്-അറിയേണ്ടതെല്ലാം

keralanews high security number plate for vehicles after march 31st 2019 things need to know

തിരുവനന്തപുരം:നിങ്ങളുടെ വാഹനം 2019 മാർച്ച് 31ന് ശേഷമുള്ളതാണെങ്കിൽ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ളേറ്റിനെ(HSRP) കുറിച്ച് ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക:

1.2019 ഏപ്രിൽ 1 മുതലുള്ള എല്ലാ വാഹനങ്ങളിലും HSRP നിർബന്ധമാണ്.

2.ഈ വാഹനങ്ങൾക്കുള്ള HSRP വാഹന ഡീലർ അധിക ചാർജ് ഈടാക്കാതെ നിങ്ങൾക്ക് നൽകി വാഹനത്തിൽ ഘടിപ്പിച്ച് തരേണ്ടതാണ്.

3.അഴിച്ചു മാറ്റാൻ കഴിയാത്ത വിധം റീവെട്ട് ഫിറ്റിങ് വഴിയാണ് ഇത് വാഹനത്തിൽ പിടിപ്പിച്ചു നൽകുന്നത്.ഇത് ഡീലർ നിങ്ങൾക്ക് ഘടിപ്പിച്ച് നൽകേണ്ടതാണ്.

4.ഇരുചക്ര വാഹനങ്ങളിൽ മുന്നിലും പിറകിലുമായി രണ്ട് HSRP കൾ ഉണ്ടാകും.അതേസമയം കാറുകൾ മുതലുള്ള വാഹനങ്ങളിൽ ഈ രണ്ടിന് പുറമെ വിൻഡ് സ്‌ക്രീനിൽ പതിപ്പിക്കാൻ തേർഡ് നമ്പർ പ്ലേറ്റ്/ സ്റ്റിക്കറും ഉണ്ടാകും.

5.മുന്നിലെയും പിന്നിലെയും നമ്പർ പ്ളേറ്റുകൾക്ക് പ്രത്യേകം സീരിയൽ നമ്പർ ഉണ്ടാകും.ഇത് വാഹൻ സൈറ്റിൽ വേർതിരിച്ച് രേഖപ്പെടുത്തിയിരിക്കും.

6.ഒരു വാഹനത്തിൽ പിടിപ്പിച്ചിട്ടുള്ള HSRP യാതൊരു കാരണവശാലും ഇളക്കി മാറ്റാനോ മറ്റു വാഹനങ്ങളിൽ പിടിപ്പിക്കുവാനോ പാടുള്ളതല്ല.

7.അപകടങ്ങളോ മറ്റേതെങ്കിലും കാരണങ്ങളാലോ HSRP ക്ക് കേടുപാടുകൾ പറ്റിയാൽ ആ കേടുപറ്റിയ HSRP ഡീലർഷിപ്പിൽ തിരികെ നൽകി പുതിയ HSRP വാങ്ങാം.ഇതിന് വില നൽകേണ്ടതാണ്.ഇങ്ങനെ കേടുപറ്റി തിരികെ വന്ന HSRP കളെ കുറിച്ചുള്ള തെളിവ് സഹിതമുള്ള രേഖകൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും വാഹൻ സൈറ്റിൽ ഈ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ട ഉത്തരവാദിത്വവും അതാത് ഡീലർ/ HSRP ഇഷ്യുയിങ് ഏജൻസിക്കാണ്.

8.ടു വീലറിൽ ഏതെങ്കിലും ഒരു HSRP ക്ക് മാത്രമാണ് കേടുപറ്റിയതെങ്കിൽ ആ ഒരെണ്ണം മാത്രമായി തിരികെ നൽകി മാറ്റി വാങ്ങാവുന്നതാണ്.ആ ഒരെണ്ണത്തിന്റെ വില മാത്രം നൽകിയാൽ മതിയാകും.

9.കാർ മുതലുള്ള വാഹനങ്ങളിലും ആവശ്യമെങ്കിൽ ഒരു നമ്പർ പ്ലേറ്റ് മാത്രമായി മാറ്റി വാങ്ങാവുന്നതാണ്.എന്നാൽ ഇവിടെ അത്തരം സാഹചര്യത്തിൽ ഒരെണ്ണത്തിനെ കൂടെ വിൻഡ് സ്‌ക്രീനിൽ പതിപ്പിക്കേണ്ട തേർഡ് നമ്പർ പ്ലേറ്റ്/സ്റ്റിക്കറും കൂടെ വാങ്ങേണ്ടതാണ്.തേർഡ് നമ്പർ പ്ലേറ്റ്/സ്റ്റിക്കർ കേടായാൽ അത് മാത്രമായും മാറ്റി വാങ്ങാവുന്നതാണ്.

10.ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ആ വിവരം പോലീസിലറിയിച്ച് FIR രെജിസ്റ്റർ ചെയ്യേണ്ടതാണ്.ആ FIR പകർപ്പുൾപ്പെടെ നൽകിയാൽ മാത്രമേ പുതിയ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് നൽകുകയുള്ളൂ.

ക്രിമിനൽ പ്രവർത്തികൾക്കായി വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത്, ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് വാഹനത്തോളം പ്രധാന്യമുള്ള ഭാഗമാണ്. അത് ഇളക്കി മാറ്റുന്നതും നിയമ വിരുദ്ധമായ മാറ്റങ്ങൾ വരുത്തുന്നതും ഗുരുതര കുറ്റകൃത്യമാണെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

സ്പീഡ് ക്യാമറയിലെ ചിത്രം വെച്ച് നിയമലംഘനത്തിന് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

keralanews high court stays charging fine for traffic violation using picture in speed camera

കൊച്ചി: നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. അഭിഭാഷകനായ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.മോട്ടോർ വാഹന നിയമം പാലിക്കാതെ കേരളത്തിൽ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ.സിജു ഹൈക്കോടതിയെ സമീപിച്ചത്. മോട്ടോർ വാഹന നിയമം അനുസരിച്ച് ഒരോ റോഡിലും വിവിധ വാഹനങ്ങൾക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കി കൊണ്ട് ബോർഡുകൾ സ്ഥാപിക്കണം. എന്നാൽ കേരളത്തിൽ ഇത്തരം ബോർഡുകൾ വളരെ കുറവാണ്.പരമാവധി  വേഗതയെക്കുറിച്ച് അറിവില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ പാതകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറകളിൽ പതിയുകയും പിന്നീട് അമിത വേഗതയിലുള്ള ഡ്രൈവിംഗിന് പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് വാഹന ഉടമകൾക്ക് ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് സിജു കമലാസനൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.മോട്ടോർ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പോലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും സിജുവിൻ്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ചാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ മോട്ടോർ വാഹന ചട്ടമനുസരിച്ച് പിഴ ചുമത്തുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.