സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5983 പേര്‍ രോഗമുക്തി നേടി

keralanews 3593 covid cases confirmed today 5983 cured

തിരുവനന്തപുരം:സംസ്ഥാനത്ത്  ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3070 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 409 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 504, കോഴിക്കോട് 441, എറണാകുളം 298, തൃശൂര്‍ 417, ആലപ്പുഴ 345, തിരുവനന്തപുരം 224, കൊല്ലം 230, പാലക്കാട് 133, കോട്ടയം 203, കണ്ണൂര്‍ 99, കാസര്‍ഗോഡ് 66, വയനാട് 48, പത്തനംതിട്ട 35, ഇടുക്കി 27 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 11, കോഴിക്കോട് 5, തൃശൂര്‍, കണ്ണൂര്‍ 4 വീതം, കൊല്ലം 3, പാലക്കാട്, മലപ്പുറം, വയനാട് 2 വീതം, പത്തനംതിട്ട, കാസര്‍ഗോഡ് 1, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5983 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 452, കൊല്ലം 454, പത്തനംതിട്ട 147, ആലപ്പുഴ 792, കോട്ടയം 423, ഇടുക്കി 49, എറണാകുളം 827, തൃശൂര്‍ 904, പാലക്കാട് 429, മലപ്പുറം 560, കോഴിക്കോട് 618, വയനാട് 104, കണ്ണൂര്‍ 133, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 79,410 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ചെറുതന (കണ്ടൈന്മെന്റ് സോണ്‍ സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ മംഗലപുരം (സബ് വാര്‍ഡ് 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 612 ഹോട്ട് സ്പോട്ടുകളാണുള്ളത്.

റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ മകളുടെ അവകാശങ്ങള്‍ ​ഹനിക്കപ്പെട്ടിട്ടില്ല;ഇ ഡിക്കെതിരായ നടപടിയിൽ നിന്നും പിന്മാറി ബാലാവകാശ കമ്മീഷൻ

keralanews bineesh kodiyeris daughters rights not violated during raid child rights commission withdraws action against ed

തിരുവനന്തപുരം:എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ മകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. ഈ വിഷയത്തില്‍ ഇഡിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്നും പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്നും ബാലാവകാശ കമ്മീഷന്‍ അംഗം കെ നസീര്‍ പറഞ്ഞു.ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ വീട് റെയ്ഡ് ചെയ്യാനെത്തിയിരുന്നു. ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യാമാതാവുമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. നിരവധി മണിക്കൂറുകള്‍ നീണ്ടു നിന്ന റെയ്ഡ് കടുത്ത മാനസികസമ്മര്‍ദ്ദമുണ്ടാക്കിയെന്നും രണ്ടരവയസ്സുള്ള കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.ബിനീഷ് കോടിയേരിയുടെ ഭാര്യ പിതാവ് ബാലാവകാശ കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന്, ഉടന്‍ തന്നെ ബാലാവകാശ കമ്മീഷന്‍ അംഗങ്ങൾ വീട്ടിലെത്തി ഇവരെ സന്ദര്‍ശിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തു. ബാലാവകാശ കമ്മീഷന്‍റേത് പക്ഷപാതപരമായ നിലപാട് ആണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതിനെല്ലാം ഒടുവിലാണ്, ഇനി തുടര്‍നടപടിയില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.പരാതി അന്ന് തന്നെ തീര്‍പ്പാക്കിയെന്നാണ് കമ്മീഷന്റെ വിശദീകരണം. ബിനീഷ് കോടിയേരിയുടെ മകളെ നിയമവിരുദ്ധമായി തടവില്‍ വെച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിനെതിരെ കേസ് എടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.കേസ് എടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയ ബാലാവകാശ കമ്മീഷന്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു.എന്നാല്‍, കോടതിയുടെ സെര്‍ച്ച്‌ വാറന്റോടെ ബിനീഷ് കോടിയേരിയുടെ വീട് പരിശോധിച്ച ഇഡിയ്ക്കെതിരെ നടപടിയുമായി മന്‍പോട്ട് പോയാല്‍ അത് ബാലാവകാശ കമ്മീഷന് കുരുക്കാകുമെന്ന വിലയിരുത്തലിലാണ് നടപടിയില്‍ നിന്ന് പിന്‍മാറാന്‍ ബാലാവകാശ കമ്മീഷന്‍ തീരുമാനിച്ചത്.

ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസ്;മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

keralanews jewellery investment fraud case muslim league mla mc kamarudheen in police custody for two days

കാസർകോഡ്:ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.ഹോസ്ദുര്‍ഗ്ഗ് കോടതിയുടെയാണ് നടപടി.എംഎല്‍എ ഇന്ന്  ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ചുമത്തിയ വകുപ്പുകള്‍ ഒന്നും നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. ഇതോടെയാണ് രണ്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം 11ന് ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനം കൈക്കൊണ്ടത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നല്‍കുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു.കാസര്‍കോട് എസ്‌പി ഓഫിസില്‍ വച്ചാണ് എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കമറുദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ പറഞ്ഞു. ഏഴുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചന്ദേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. തൃക്കരിപ്പൂര്‍ ചന്തേര പൊലീസ് സ്റ്റേഷന്‍, പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലായാണ് എംഎല്‍എയ്‌ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംഎല്‍എയ്‌ക്കെതിരെ പരാതി ഉയര്‍ന്ന് ഒരു വര്‍ഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്. ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് മുസ്ലിം ലീഗ് നേതാവായ കമറുദ്ദീന്‍. അതേസമയം റിമാന്‍ഡിലായ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 112 ആയി. മാവിലകടപ്പുറം സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസ്.

യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസ്;മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

keralanews customs will question k t jaleel today in the case o distributing quran through uae consulate

കൊച്ചി:യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിൽ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ വാദം. കോണ്‍സുലേറ്റിന്‍റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടാതെ നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യമന്ത്രാലയം വഴിയേ ആശയവിനിമയം പാടുള്ളൂ. എന്നാല്‍ മന്ത്രി ജലീല്‍ ഇതെല്ലാം ലംഘിച്ചു. വിദേശ സംഭാവന നിയന്ത്രണചട്ടങ്ങളുടെ ലംഘനവുമുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നതിന് കൊച്ചിയില്‍ ഹാജരാകാന്‍ ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയത്.നേരത്തേ, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരില്‍ മന്ത്രി കെ ടി ജലീലിനെ എന്‍ ഐഎ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, പ്രതിയെന്ന നിലയിലല്ല, സാക്ഷിയെന്ന നിലയിലാണ് ചോദ്യം ചെയ്തതെന്ന് തെളിവുസഹിതം ജലീല്‍ പ്രസ്താവിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം ഷാജിയുടെ ഭാര്യ മൊഴി നല്കാൻ ഇ.ഡി ഓഫീസില്‍ എത്തി

keralanews case of illegal acquisition of property km shajis wife came to the ed office to give statement

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംഎല്‍എ കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ മൊഴി നല്‍കാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് എത്തിയത്.അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഇഡി ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് മാലൂര്‍ കുന്നില്‍ നിര്‍മിച്ച ആഡംബര വീടിനെ കുറിച്ച്‌ അറിയുന്നതിനായി ഭാര്യയെ വിളിപ്പിച്ചത്. ഭാര്യയുടെ പേരിലാണ് വീടുള്ളത്. പ്ലസ്ടു കോഴ വാങ്ങിയെന്ന് പറയുന്ന കാലഘട്ടത്തിലായിരുന്നു ഈ വീട് നിര്‍മിച്ചത്. വീട് സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ചും ഇത് വാങ്ങാനും വീട് നിര്‍മിക്കാനും ഉപയോഗിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇ ഡി ചോദിച്ചറിയും. ഭാര്യയുടെ പേരിലുള്ള മറ്റു സ്വത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ നേരത്തെ കോഴിക്കോട് നഗരസഭയില്‍ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിര്‍ദേശപ്രകാരം വീട്ടില്‍ പരിശോധന നടത്തിയ നഗരസഭ അധികൃതര്‍ അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വീട് പൊളിച്ചു കളയാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴ പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മയിലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. കെ.എം ഷാജിയുമായി ചേര്‍ന്ന് വേങ്ങേരിയില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്ന് ഇസ്മയില്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പേര്‍ ചേര്‍ന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് വീട് നിര്‍മ്മിച്ചത്.സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന് രേഖകളും കൈമാറിയെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു.

സമ്പൂര്‍ണ്ണ നയം മാറ്റവുമായി ബൈഡന്‍;തീരുമാനങ്ങള്‍ ഇന്ത്യക്കാര്‍ക്കും ഗുണകരമാകും

keralanews joe biden with complete policy change decisions will benefit indians also

ന്യൂയോർക്:അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ പൊളിച്ചെഴുതാന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍.ബൈഡന്‍ അധികാരമേറ്റാലുടന്‍ വരുന്ന മാറ്റങ്ങളെ സംബന്ധിച്ച് വൈറ്റ്ഹൗസ് വൃത്തങ്ങളാണ് സൂചന നല്കിയത്.പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാകും ട്രംപിന്റെ നയങ്ങള്‍ ബൈഡന്‍ തിരുത്തുക.കൊറോണ നയങ്ങളെ സമൂലമായി പുന:പ്പരിശോധിക്കുമെന്ന് പ്രചാരണ സമയത്തുതന്നെ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ ട്രംപിന്റെ നടപടി ബൈഡന്‍ റദ്ദാക്കും. മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും പിന്‍വലിക്കും.പാരീസ് ഉടമ്ബടിയില്‍ നിന്ന് പിന്‍മാറിയ നടപടി തിരുത്തും. ഉദ്യോഗസ്ഥ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ബൈഡന്റെ ഭാഗത്ത് നിന്നുണ്ടാകും. കുടിയേറ്റ നിയമങ്ങളിലും മാറ്റം വരുത്താന്‍ ബൈഡന്‍ ആലോചിക്കുന്നുണ്ട്. അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഗുണമുണ്ടാകുന്നതാണ് ബൈഡന്റെ കുടിയേറ്റ നയങ്ങളിലെ തിരുത്ത്.ജനുവരി 20നാണ് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത്.ബൈഡനും ട്രംപും പരസ്പ്പരം ഏറ്റുമുട്ടിയിരുന്നത് ഭരണരംഗത്തെ സമ്മര്‍ദ്ദങ്ങളുടെ പേരിലായിരുന്നു. നിരവധി ഉദ്യോഗസ്ഥര്‍ ട്രംപിന്റെ നയങ്ങളില്‍ പതിഷേധിച്ച് ജോലി ഉപേക്ഷിച്ചിരുന്നു. നൂറിലേറെ ജീവനക്കാര്‍ ഭരണരംഗത്ത് നിന്നും വിട്ടുനിന്ന നടപടികളും പുന:പ്പരിശോധിക്കുമെന്നാണ് സൂചന.

സെക്രട്ടറിയേറ്റിലെ തീപിടിത്തം ഷോര്‍ട്ട് സർക്യൂട്ട് മൂലമല്ല;രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി; അന്തിമ ഫോറന്‍സിക് റിപ്പോർട്ട് തയ്യാറായി

keralanews secretariat fire not due to short circuit two liquor bottles found final forensic report ready

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലെ തീപിടിത്തത്തില്‍ ദുരൂഹത തുടരുന്നു. തീ പിടിച്ച മുറിക്ക് സമീപത്തു നിന്നും രണ്ട് മദ്യകുപ്പികള്‍ കണ്ടെടുത്തു. ഇതിലെ മദ്യം ഉപയോഗിച്ചാണോ തീ കത്തിച്ചതെന്ന സംശയം സജീവമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഫോറന്‍സിക് പരിശോധനയില്‍ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കണ്ടെത്തിയിട്ടില്ല. ഇതോടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് ബംഗളൂരുവിലോ ഡല്‍ഹിയിലോ അയയ്ക്കാനാണ് തീരുമാനം. മുറിയിലെ ഫാന്‍ തീപിടിച്ച്‌ ഉരുകിയതിന് തെളിവ് കിട്ടുകയും ചെയ്തു.ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍നിന്നു രണ്ട് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടര്‍ എന്നിവ പരിശോധിച്ചിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനുകീഴിലെ പ്രോട്ടാകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന ചില ഫയലുകള്‍ കത്തിനശിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു തീപിടിത്തം. സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായി ഫയലുകള്‍ കത്തിനശിച്ചത് ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നായിരുന്നു സര്‍ക്കാരിന്റേയും അന്വേഷണസമിതികളുടേയും വിശദീകരണം. തീപിടുത്തത്തില്‍ നയതന്ത്രരേഖകള്‍ കത്തിനശിച്ചു എന്ന് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് പരാതി സമര്‍പ്പിച്ചിരുന്നു.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്;എം സി കമറുദ്ദീന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നത് തുടരുന്നു;ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും

keralanews fashion gold investment fraud case m c kamarudheen mls likely to be arrested

കാസര്‍കോട്:ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ എം.സി കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.ഇന്ന് രാവിലെ പത്തുമണി മുതല്‍ കാസര്‍കോട് എസ്.പി ഓഫിസില്‍ അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലില്‍ തട്ടിപ്പ് നടന്നതായി തെളിവ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം എഎസ്പി മാധ്യമങ്ങളോട് സ്ഥിരികരിച്ചിട്ടുമുണ്ട്.800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെന്നാണ് ആരോപണം. ജ്വല്ലറിയുടെ പേരില്‍ നിക്ഷേപമായി സ്വികരിച്ച പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ നിരവധി കേസുകള്‍ അദ്ദേഹത്തിനെതിരെ രജിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.ജ്വല്ലറി ജനറല്‍ മാനേജര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ കമ്പനിയിലെ 16 ഡയറക്ടര്‍മാരെയും ജീവനക്കാരെയും നേരത്തെ ചോദ്യംചെയ്തിരുന്നു. കൂടാതെ, കേസ് ഒത്തുതീര്‍ക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം മധ്യസ്ഥതക്ക് ഏല്‍പിച്ച കല്ലട്ര മാഹിന്‍ ഉള്‍പ്പെടെ 60 പേരെയും ഇതുവരെ ചോദ്യംചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബാങ്ക് പരിശോധനകളില്‍ നിന്നുമായി സുപ്രധാന രേഖകള്‍ കണ്ടെത്തിയെന്നും നിര്‍ണായക നടപടി ഉടന്‍ പ്രതീക്ഷിക്കാമെന്നും അന്വേഷണസംഘം സൂചന നല്‍കിയിരുന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed to governor arif muhammed khan

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച വിവരം ഗവര്‍ണര്‍ തന്നെയാണ് ട്വീറ്റ് ചെയ്‌തത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ഉടനെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാകണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ് അയച്ചു;തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

keralanews customs sent notice to k t jaleel present for questioning on monday

കൊച്ചി:മന്ത്രി കെ.ടി ജലീലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകി. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച എത്തിച്ചേരാനാണ് നിർദ്ദേശം. അനധികൃതമായി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിലാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്.തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം.ഈ സംഭവത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റംസ് അന്വേഷണം നടത്തിവരികയായിരുന്നു. എന്‍ഐഎയും ഇ.ഡി രണ്ട് തവണയും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്സല്‍ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നാണ് കണ്ടെത്തല്‍. നയതന്ത്ര പാഴ്സലില്‍ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ല എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചിരുന്നു. ജലീല്‍ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇതുവരെ കോണ്‍സുലേറ്റില്‍ വന്ന പാഴ്സലുകളില്‍ മതഗ്രന്ഥങ്ങള്‍ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പരാമര്‍ശമുണ്ട്. കോണ്‍സുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കേന്ദ്രത്തെ അറിയിച്ചു. ജലീലിനെതിരെ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അവശ്യപ്പെട്ടിരുന്നത്. റിപ്പോര്‍ട്ട് ധനമന്ത്രാലയത്തില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിക്കുന്നത്.