കര്‍ഷക പ്രക്ഷോഭം;കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുളള ഏഴാംഘട്ട ചര്‍ച്ച ഇന്ന് നടക്കും

keralanews farmers strike seventh phase of talks between the central government and farmers organizations will be held today

ന്യൂഡല്‍ഹി:കര്‍ഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കാൻ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുളള ഏഴാംഘട്ട ചര്‍ച്ച ഇന്ന് നടക്കും.വിജ്ഞാന്‍ ഭവനില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ചര്‍ച്ച നിശ്‌ചയിച്ചിരിക്കുന്നത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കും.പ്രക്ഷോഭം മുപ്പത്തിയഞ്ചാം ദിവസത്തില്‍ എത്തി നിൽക്കുമ്പോഴും വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടില്‍ സംയുക്ത സമരസമിതി ഉറച്ചുനില്‍ക്കുകയാണ്. സമരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ബഹുജന പിന്തുണ കര്‍ഷകര്‍ക്ക് കരുത്ത് പകരുകയാണ്. എന്നാല്‍, നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവില്ലെന്നും ഭേദഗതികളിന്മേല്‍ ചര്‍ച്ചയാകാമെന്നുമുളള നിലപാടിലാണ് കേന്ദ്രം.ഈ പശ്ചാത്തലത്തിലാണ് ഏഴാംഘട്ട ചര്‍ച്ച ഇന്ന് നടക്കുന്നത്. കര്‍ഷകരെ ഒത്തുതീര്‍പ്പിന്റെ പാതയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുറേക്കൂടി ദേദഗതികള്‍ കേന്ദ്രം മുന്നോട്ടുവച്ചേക്കുമെന്നും സൂചനയുണ്ട്.

ഇന്ത്യയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം 20 ആയി

keralanews number of people reporting genetically modified corona virus in India risen to 20

ന്യൂഡൽഹി:ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം 20 ആയി. ബ്രിട്ടണില്‍ കണ്ടെത്തിയ ഈ വൈറസ് പുതിയതായി 14 പേര്‍ക്ക് കൂടി കണ്ടെത്തിയതോടെയാണ് രോഗബാധിതരുടെ എണ്ണം ഇത്രയും ഉയര്‍ന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ബ്രിട്ടണില്‍ നിന്നുവന്ന ആറ് പേര്‍ക്ക് രോഗബാധയുള്ളതായി ആദ്യം തന്നെ സ്ഥിരീകരിച്ചിരുന്നു.എന്‍സിഡിസി ദല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും, ബെംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും, ഹൈദരാബാദ് സിസിഎംബിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കുമാണ് പുതിയതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്. എന്‍ഐജിബി കൊല്‍ക്കത്ത, എന്‍ഐവി പൂനെ, ഐജിഐബി ദല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരാള്‍ക്കുമാണ് ഈ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരിലുള്ളത്.രോഗം സ്ഥിരീകരിച്ചവരില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് വയസ്സുകാരിയും ഉള്‍പ്പെടും.യുകെയില്‍ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡിന്റെ പഴയ വകഭേദം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.ജനിതക മാറ്റം വന്ന കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരെ വെവ്വേറെ മുറികളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് പ്രത്യേകം സമ്പർക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇവരുമായി സമ്പർക്കമുണ്ടായ സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.നവംബര്‍ 25-നുശേഷം 33,000 പേരാണ് ബ്രിട്ടനില്‍നിന്നെത്തിയത്. ഇവരെ മുഴുവന്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാംപിളുകള്‍ ജനിതകഘടനാശ്രേണി നിര്‍ണയത്തിനായി രാജ്യത്തെ പത്ത് പ്രമുഖ ലാബുകളുടെ കണ്‍സോര്‍ഷ്യത്തിന് അയച്ചുകൊടുത്തു. അതിലാണ് 20 പേരില്‍ പുതിയതരം വൈറസ് ബാധ കണ്ടെത്തിയത്.വകഭേദം വന്ന വൈറസിന് പഴയതിനെ അപേക്ഷിച്ച്‌ വ്യാപനശേഷി 70 ശതമാനം കൂടുതലാണ്. ഒരാളില്‍നിന്ന് വളരെവേഗം മറ്റൊരാളിലേക്ക് പകരും. എന്നാല്‍, ഈ ഇനം വൈറസ് കൂടുതല്‍ മാരകമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ പൂര്‍ത്തിയായിവരികയാണ്. വാക്‌സിന് പുതിയ വകഭേദത്തെയും പ്രതിരോധിക്കാന്‍ കഴിയും എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.

പാലക്കാട് ദുരഭിമാനക്കൊല:പഠിച്ച് ജോലി നേടി അനീഷിന്റെ മാതാപിതാക്കളെ സംരക്ഷിക്കും; പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഹരിത

keralanews palakkad honour killing protect aneeshs parents after getting job accused should be given severe punishment said haritha

പാലക്കാട്: പാലക്കാട് തേങ്കുറിശിയിലെ ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത.”ഞാന്‍ ഇനി അനീഷിന്റെ വീട്ടില്‍ ജീവിക്കും.ഇവിടെയിരുന്ന് പഠിച്ച്‌ നല്ലൊരു ജോലി വാങ്ങി എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാന്‍ നോക്കും.പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയല്ല, അത് കൊടുക്കണം,” ഹരിത മാധ്യമങ്ങളോട് പറഞ്ഞു. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ആണ് കേസില്‍ പ്രധാനപ്രതി.ഹരിതയെ പഠിപ്പിക്കാനാണ് അനീഷിന്റെ കുടുംബത്തിന്റെ തീരുമാനം. സ്വന്തം മകളെ പോലെ ഹരിതയെ പഠിപ്പിക്കും, സംരക്ഷിക്കും. എന്നാല്‍, പഠനത്തിനായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും അനീഷിന്റെ കുടുംബം ആവശ്യപ്പെടുന്നു.ഹരിതയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ളയ്‌ക്കും കൊലയില്‍ പങ്കുണ്ടെന്നാണ് അനീഷിന്റെ കുടുംബത്തിന്റെ ആരോപണം. കുമരേശന്‍ പിള്ളയ്‌ക്ക് കൊലയില്‍ വ്യക്തമായ പങ്കുണ്ടെന്ന് അനീഷിന്റെ അച്ഛനും അമ്മയും പറഞ്ഞു. എന്നാല്‍, ആരോപണങ്ങളെല്ലാം കുമരേശന്‍ പിള്ള നിഷേധിച്ചു.തേങ്കുറിശ്ശി അനീഷ് കൊലപാതക കേസില്‍ പ്രതികളായ  പ്രഭുകുമാര്‍, സുരേഷ് എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളിലൊരാളായ പ്രഭുകുമാറിനെ കോയമ്പത്തൂരിൽ വച്ച്‌ പൊലീസ് പിടികൂടിയത്. കൃത്യം നടന്ന മണിക്കൂറുകള്‍ക്കകം ഒപ്പമുണ്ടായിരുന്ന ബന്ധു സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രണയിച്ച്‌ വിവാഹം കഴിച്ചതിനാണ് എലമന്ദം സ്വദേശി അനീഷിനെ ഭാര്യാവീട്ടുകാര്‍ കൊലപ്പെടുത്തിയത്. സാമ്പത്തികമായും ജാതീയമായും പിന്നാക്കം നില്‍ക്കുന്ന അനീഷ് മകളെ പ്രണയിച്ച്‌ വിവാഹം ചെയ്തതിലുളള സമ്മര്‍ദ്ദമാണ് കൃതൃത്തിലേക്ക് നയിച്ചതെന്നാണ് പ്രഭുകുമാര്‍ പൊലീസിന് നല്‍കിയ മൊഴി.

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം;പരാതിക്കാരി പോലീസ് കസ്റ്റഡിയില്‍

keralanews couples died during evacuation complainant remanded in police custody

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ പരാതിക്കാരി പോലീസ് കസ്റ്റഡിയില്‍.മരിച്ച ദമ്പതികളുടെ കുട്ടികളെ സന്ദര്‍ശിക്കാനായി ഇന്ന് വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പറഞ്ഞതിന് പിന്നാലെയാണ് പരാതിക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ ഇവർക്കെതിരേ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ് നടപടി. വസന്തയെ പോലീസ് വീട്ടിൽ നിന്നും മാറ്റുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. പരാതിക്കാരിയായ വസന്തയുടെ ഇടപെടല്‍ മൂലം ഹൈക്കോടതി വിധി വരാന്‍ പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെന്നാണ് മരിച്ച ദമ്പതികളുടെ മക്കളുടെ ആരോപണം. അതേസമയം ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഒരിക്കലും വസ്തു വിട്ടുനല്‍കില്ല, വേണമെങ്കില്‍ അറസ്റ്റ് വരിക്കാനും ജയിലില്‍ കിടക്കാനും തയ്യാറാണെന്നും വസന്ത മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.നിയമവഴി മാത്രമാണ് സ്വീകരിച്ചത്. വസ്തു തന്റേതെന്നു തെളിയിക്കും. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലും വിട്ടുകൊടുക്കില്ലെന്നും നിയമത്തിന്‍റെ മുന്നില്‍ മുട്ടുകുത്തിച്ചിട്ട് വിട്ടുകൊടുക്കാമെന്നും വസന്ത പറഞ്ഞു.

ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് ആ​ദ്യ​ഘ​ട്ടം ഫെ​ബ്രു​വ​രി​യി​ല്‍ പ്രവർത്തനസജ്ജമാകും

keralanews first phase of super speciality block in district hospital ready in february
കണ്ണൂർ:ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ആദ്യഘട്ടം ഫെബ്രുവരിയില്‍ പ്രവർത്തനസജ്ജമാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ അവലോകന യോഗത്തിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. മാസ്റ്റര്‍പ്ലാനിന്‍റെ ഭാഗമായി കിഫ്ബി വഴി 100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഫ്ബി വഴി 57.52 കോടി രൂപയാണ് അനുവദിച്ചത്. പുതിയ കാത്ത്‌ലാബിനായി കിഫ്ബി വഴി മൂന്നുകോടി രൂപയുടെയും ലക്ഷ്യ തുടങ്ങിയ വികസന പദ്ധതികള്‍ക്കായി എന്‍എച്ച്‌എം വഴി മൂന്നുകോടി രൂപയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിച്ച്‌ വരുന്നത്.കണ്ണൂര്‍ ജില്ലാ ആശുപത്രിയെ എല്ലാവിധ സൗകര്യങ്ങളുമുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.അഞ്ചു നിലകളുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കാണ് നിര്‍മിക്കുന്നത്. ഇതില്‍ നാലു നിലകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ രണ്ടുനിലകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കാനാണുദ്ദേശിക്കുന്നത്. കാത്ത് ലാബ്, ലിഫ്റ്റ്, അമ്മയും കുഞ്ഞിനും ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്ന ലക്ഷ്യപദ്ധതി എന്നിവയാണ് ആദ്യ ഘട്ടത്തില്‍ സജ്ജമാക്കുന്നത്.പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്ബോള്‍ വിവിധ സ്‌പെഷാലിറ്റി വിഭാഗങ്ങള്‍, ഐസിയുകള്‍, ഓപ്പറേഷന്‍ തിയറ്റര്‍ തുടങ്ങിയ വിപുലമായ സംവിധാനങ്ങളുണ്ടാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.നാരായണനായിക്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനില്‍കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ. രാജീവന്‍, ആര്‍എംഒ ഡോ.സി.വി.ടി. ഇസ്മായില്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

C+പോഡ് അൾട്രാ കോംപാക്ട് ഇലക്‌ട്രിക് കാര്‍ പുറത്തിറക്കി ടൊയോട്ട

keralanews toyota launched c plus pod ultra compact electric car
ഇലക്‌ട്രിക് കാര്‍ പുറത്തിറക്കി ടൊയോട്ട.മുതിര്‍ന്ന രണ്ട് പേര്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള ഒരു ‘അള്‍ട്രാ കോംപാക്‌ട്’ മൈക്രോ ഇലക്‌ട്രിക് കാറാണിത്. C+പോഡ് എന്നാണ് ടൊയോട്ടയുടെ പുതിയ ഉല്‍പ്പന്നത്തിന് പേര് നല്‍കിയിരിക്കുന്നത്.തുടക്കത്തില്‍ ജപ്പാനിലെ പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍, ഇലക്‌ട്രിക് വാഹനങ്ങള്‍ തങ്ങളുടെ ശ്രേണിയിലേക്ക് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മറ്റ് ഓര്‍ഗനൈസേഷനുകള്‍ തുടങ്ങിയവരെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.തുടർന്ന് 2022-ഓടെ C+പോഡിന്റെ സമ്പൂർണ അവതരണം നടത്താനാണ് ടൊയോട്ട പദ്ധതിയിട്ടിരിക്കുന്നത്.വെറും 2,490 മില്ലീമീറ്റര്‍ നീളം, 1,550 മില്ലീമീറ്റര്‍ ഉയരം, 1,290 മില്ലീമീറ്റര്‍ വീതിയുമാണ് വാഹനത്തിന്റെ അളവുകള്‍.കേവലം 3.9 മീറ്റര്‍ ടേണിംഗ് റേഡിയസാണ് C+പോഡിനുള്ളത് എന്നതും വളരെ ശ്രദ്ധേയമാണ്. ടോക്കിയോ പോലുള്ള നഗരങ്ങള്‍ക്ക് ഇത് അനുയോജ്യമായ ഒരു തെരഞ്ഞെടുപ്പാകുമെന്നതില്‍ സംശയവുമില്ല.9.06 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് മൈക്രോ ഇലക്ട്രിക് വാഹനത്തിന്റെ ഹൃദയം. റിയർ ആക്‌സിലിൽ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിനെ ബാറ്ററി ശക്തിപ്പെടുത്തുന്നു. മൊത്തം 12 bhp പവറും 56 Nm torque ഉം വികസിപ്പിക്കാൻ ഈ കാർ പ്രാപ്‌തമാണ്.ടൊയോട്ടയുടെ അവകാശവാദമനുസരിച്ച് C+പോഡിന് 150 കിലോമീറ്റർ മൈലേജാണുള്ളത്. 200V/16A വൈദ്യുതി വിതരണത്തിൽ അഞ്ച് മണിക്കൂറിനുള്ളിൽ കാറിന്റെ മുഴുവൻ ശേഷിയും ചാർജ് ചെയ്യാൻ കഴിയും. അതേസമയം സ്റ്റാൻഡേർഡ് 100V/6A പവർ സപ്ലൈയിൽ ചാർജിംഗ് സമയം 16 മണിക്കൂർ വരെ വേണ്ടിവരും.എക്‌സ്,ജി എന്നീ രണ്ട് വേരിയന്റുകളിലാണ് C+പോഡ് വില്‍പ്പനയ്ക്ക് എത്തുന്നത്. ബേസ് പതിപ്പിന് 1.65 യെന്‍ ആണ് മുടക്കേണ്ടത്. അതായത് ഏകദേശം 11.75 ലക്ഷം രൂപ. ജി വകഭേദത്തിന് 1.71 യെന്നാണ് വില. ഇത് ഏകദേശം 12.15 ലക്ഷം രൂപയോളം വരും.X വേരിയന്റിന് 670 കിലോഗ്രാം ഭാരവും G വേരിയന്റിന് 690 കിലോഗ്രാം ഭാരവുമാണുള്ളത്. വാഹനത്തിന്റെ ഭാരം കുറയ്ക്കാൻ ടൊയോട്ടയെ സഹായിച്ചത് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ബാഹ്യ പാനലുകളാണ്.നിലവില്‍ ടൊയോട്ട സ്വന്തം ഉല്‍പ്പന്ന നിരയില്‍ നിന്നുള്ള കാറുകളേക്കാള്‍ കൂടുതല്‍ മാരുതിയുടെ പുനര്‍നിര്‍മച്ച കാറുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. C+പോഡ് അള്‍ട്രാ കോംപാക്‌ട് ഇലക്‌ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചാല്‍ ടൊയോട്ടയ്ക്ക് തിളങ്ങാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടലുകള്‍.കാരണം രാജ്യത്ത് നിലവിൽ ഇവി വിപണിയിൽ ഇത്തരമൊരു മോഡൽ ലഭ്യമല്ല എന്നതുതന്നെയാണ്.

ബ്രിട്ടണില്‍ നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു

keralanews covid confirmed 18 people came to Kerala from britain samples were sent for expert examination

തിരുവനന്തപുരം:ബ്രിട്ടണില്‍ നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ആണോ ഇതെന്ന് അറിയാന്‍ സാമ്പിളുകൾ പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. രോഗവ്യാപനം വലിയതോതില്‍ ഉയര്‍ത്താന്‍ സാധിക്കുന്ന പുതിയ രോഗബാധ പടര്‍ന്നു പിടിക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കാനഡ, ജപ്പാന്‍, ലെബനന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഡെന്മാര്‍ക്ക്, സ്‌പെയ്ന്‍, സ്വീഡന്‍ നെതര്‍ലാന്‍ഡ്, എന്നിവിടങ്ങളിലെല്ലാം ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മനുഷ്യകോശത്തിലേക്കു കയറാനുള്ള ശേഷിയില്‍ കൂടുതല്‍ കരുത്തുനേടിയെന്നതാണ് ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസിന്റെ പ്രത്യേകത.ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത 70% അധികമായെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കേസുകള്‍ അമിതമായി വര്‍ദ്ധിക്കുന്നത് ആരോഗ്യമേഖയില്‍ പ്രതിസന്ധിക്ക് കാരണമാകുകയും മരണനിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്തേക്കും.പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രത കര്‍ക്കശമാക്കി.

കുടിയൊഴിപ്പിക്കല്‍ തടയാനുള്ള ആത്മഹത്യാ ഭീഷണി;ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

keralanews suicide threat to prevent eviction wife dies after husband

തിരുവനന്തപുരം:കുടിയൊഴിപ്പിക്കൽ തടയാനെത്തിയവർക്ക് മുൻപിൽ ആത്മഹത്യാ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നതിനിടെ ഗുരുതര പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ദമ്പതികൾ മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജന്‍ (47), ഭാര്യ അമ്പിളി(40) എന്നിവരാണു മരിച്ചത്‌. കഴിഞ്ഞ 22നുണ്ടായ ദുരന്തത്തില്‍ പൊള്ളലേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രാജന്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയും അമ്പിളി ഇന്നലെ വൈകിട്ടുമാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. രാജന്റെ മരണാനന്തരചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കവേയാണ്‌ അമ്പിളിയുടെയും മരണവാര്‍ത്ത എത്തുന്നത്‌.രാജന്‍ ആശാരി പണിക്കാരനായിരുന്നു.തന്റെ മൂന്നുസെന്റ്‌ പുരയിടം രാജന്‍ കൈയേറിയതായി കാണിച്ച്‌ അയല്‍വാസിയായ വസന്ത നല്‍കിയ പരാതിയിലാണ്‌ ഒഴിപ്പിക്കല്‍ നടപടി ഉണ്ടായത്‌.വസന്തയ്‌ക്ക്‌ അനുകൂലമായി ഉത്തരവിട്ട നെയ്യാറ്റിന്‍കര മുന്‍സിഫ്‌ കോടതി ഈ വസ്‌തുവില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ്‌ വ്യാപനകാലത്ത്‌ രാജന്‍ ഇവിടെ കുടില്‍കെട്ടി ഭാര്യയ്‌ക്കും മക്കള്‍ക്കുമൊപ്പം താമസമാക്കി. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ രണ്ടുമാസം മുന്‍പ്‌ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും രാജന്റെ എതിര്‍പ്പ്‌ മൂലം നടന്നില്ല. വീണ്ടും സ്‌ഥലമൊഴിപ്പിക്കാനായി കോടതി ഉത്തരവുമായി കോടതി ജീവനക്കാരെയും പോലീസിനെയും കൂട്ടി വസന്ത കഴിഞ്ഞ 22ന്‌ ഉച്ചയ്‌ക്കു രാജന്റെ വീട്ടിലെത്തി. ഇതോടെ ഭാര്യയെ ചേര്‍ത്തുപിടിച്ച്‌ ദേഹത്ത്‌ പെട്രോള്‍ ഒഴിച്ചശേഷം ലൈറ്റര്‍ കത്തിക്കുകയായിരുന്നു രാജന്‍.ആത്മഹത്യാഭീഷണി മുഴക്കിയ രാജന്‍ കത്തിച്ചുപിടിച്ച ലൈറ്റര്‍ പോലീസ്‌ തട്ടിമാറ്റിയപ്പോഴാണ്‌ തീപിടിച്ചതെന്നു വ്യക്‌തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌.മക്കളുടെ മുന്നില്‍വച്ചാണ്‌ ഇരുവരുടെയും ദേഹത്തേക്ക്‌ തീയാളിപ്പിടിച്ചത്‌.പോലീസിനെ പിന്തിരിപ്പിക്കാനാണ്‌ ആത്മഹത്യയ്‌ക്കു ശ്രമിച്ചതെന്നും ലൈറ്റര്‍ പോലീസ്‌ തട്ടിമാറ്റിയപ്പോഴാണ്‌ തീ ആളിപ്പടര്‍ന്നതെന്നുമാണ്‌ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്‌.തീ ആളിപ്പടര്‍ന്നു നിലത്തുവീണ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.രാജന്‌ 70 ശതമാനത്തോളവും അമ്പിളിക്ക് 40 ശതമാനവും പൊള്ളലേറ്റിരുന്നു.സംഭവത്തില്‍ ഗ്രേഡ്‌ എസ്‌.ഐ അനില്‍കുമാറിനും പൊള്ളലേറ്റിരുന്നു

സംസ്ഥാനത്ത് ഇന്ന് 3,047 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4,172 പേര്‍ക്ക് രോഗമുക്തി

keralanews 3047 covid cases confirmed in the state today 4172 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന്  3,047 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2707 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 275 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 478, കോഴിക്കോട് 387, എറണാകുളം 322, തൃശൂര്‍ 286, കോട്ടയം 227, പാലക്കാട് 83, ആലപ്പുഴ 182, തിരുവനന്തപുരം 112, കൊല്ലം 170, വയനാട് 150, ഇടുക്കി 104, കണ്ണൂര്‍ 87, പത്തനംതിട്ട 84, കാസര്‍ഗോഡ് 35 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 7, തിരുവനന്തപുരം, കണ്ണൂര്‍ 5 വീതം, പാലക്കാട് 4, എറണാകുളം 3, കൊല്ലം, കോഴിക്കോട് 2 വീതം, മലപ്പുറം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 262, കൊല്ലം 311, പത്തനംതിട്ട 203, ആലപ്പുഴ 203, കോട്ടയം 301, ഇടുക്കി 49, എറണാകുളം 536, തൃശൂര്‍ 676, പാലക്കാട് 301, മലപ്പുറം 629, കോഴിക്കോട് 417, വയനാട് 72, കണ്ണൂര്‍ 176, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 6,76,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2990 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്.2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 465 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കണ്ണൂർ ജില്ലയിൽ എട്ട്‌ നഗരസഭകളില്‍ അഞ്ചിലും എല്‍ഡിഎഫ്‌ അധികാരത്തിലേക്ക്‌

keralanews ldf comes to power in five of the eight municipalities in kannur district

കണ്ണൂര്‍: ജില്ലയില്‍ തെരഞ്ഞെടുപ്പ്‌ നടന്ന എട്ട്‌ നഗരസഭകളില്‍ അഞ്ചിലും എല്‍ഡിഎഫ്‌ അധികാരത്തിലേക്ക്‌.ആന്തൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ പി മുകുന്ദനെ(സിപിഐ എം) ഐകകണ്‌ഠേന തെരഞ്ഞെടുത്തു.നഗരസഭയിലെ ആകെയുള്ള 28 സീറ്റുകളും എല്‍ഡിഎഫാണ്‌ നേടിയത്‌.പയ്യന്നൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ കെ വി ലളിത(സിപിഐഎം) തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിലെ അത്തായി പത്മിനിയെ(കോണ്‍ഗ്രസ്‌) 28 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌. കെ വി ലളിതക്ക്‌ 35 വോട്ടും പത്മിനിക്ക്‌ ഏഴ്‌ വോട്ടും ലഭിച്ചു. സിപിഐ എം ഏരിയകമ്മിറ്റിയംഗവും മഹിളാഅസോസിയേഷൻ ജില്ലാകമ്മിറ്റിയംഗവുമായ ‌ ‌ കെ വി ലളിത രണ്ടാം തവണയാണ്‌ ചെയര്‍മാനാവുന്നത്‌.ആകെ 42 പേരാണ്‌ വോട്ട്‌ചെയ്‌തത്‌. ലീഗ്‌ വിമതല്‍ എം ബഷീന്‍ വോട്ടെടുപ്പില്‍ നിന്ന്‌വിട്ടുനിന്നു. എത്താന്‍ വൈകിയതിനാല്‍ ലീഗിലെ ഹസീന കാട്ടൂരിന്‌ വോട്ട്‌ ചെയ്യാനായില്ല.കൂത്തുപറമ്പ് നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ വി സുജാത (സിപിഐഎം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 28 സീറ്റുകളില്‍ 26 ലും എല്‍ഡിഎഫാണ്‌ വിജയിച്ചത്‌. തലശേരി നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ ജമുനറാണി(സിപിഐ എം )തെരഞ്ഞെടുക്കപ്പെട്ടു.ബിജെപിയിലെ ഇ ആശയെ 28 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌. ജമുനറാണിക്ക്‌ 36‌ വോട്ടും ആശയ്‌ക്ക്‌ 8‌ വോട്ടും ലഭിച്ചു. മുസ്ലീം ലിഗിലെ ടിവി റാഷിദ ആറ്‌ വോട്ട്‌ നേടി. 50 അംഗങ്ങളാണ്‌ വോട്ട്‌ചെയ്‌തത്‌. അസുഖത്തെ തുടര്‍ന്ന്‌ സിപിഐ എമിലെ തബസും ലീഗിലെ കെ പി അന്‍സാരിയും വോട്ട്‌ ചെയ്‌തില്ല.ഇരിട്ടി നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ കെ ശ്രീലത(സിപിഐ എം)തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ പി കെ ബല്‍ക്കീസിനെ(ലീഗ്‌) 11നെതിരെ 14 വോട്ടുകള്‍ നേടിയാണ്‌ കെ ശ്രീലത പരാജയപ്പെടുത്തിയത്‌.ശ്രീകണ്‌ഠപുരം നഗരസഭ ചെയര്‍മാനായി യുഡിഎഫിലെ ഡോ. കെ വി ഫിലോമിന തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ കെ വി ഗീതയെ (സിപിഐ എം) ആറ്‌ വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌. ആകെ പോള്‍ ചെയ്‌ത 30 വോട്ടുകളില്‍ കെ വി ഫിലോമിനക്ക്‌ ‌ 18 വോട്ടും കെ വി ഗീതക്ക്‌ ‌ 12 വോട്ടും ലഭിച്ചു. കെ വി ഫിലോമിന കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ജില്ലാ പഞ്ചായത്തംഗവുമാണ്‌.പാനൂര്‍ നഗരസഭ ചെയര്‍മാനായി യുഡിഎഫിലെ വി നാസര്‍(ലീഗ്‌) തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ കെ കെ സുധീര്‍കുമാറിനെ ഒൻപത് വോട്ടുകള്‍ക്കാണ് ‌പരാജയപ്പെടുത്തിയത്‌. വി നാസറിന്‌ 23‌ വോട്ടും കെ കെ സുധീര്‍കുമാറിന് 14 വോട്ടും ലഭിച്ചു.