തിരുവനന്തപുരം ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്, ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്.ഇവരെ ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഇവരുടെ രണ്ട് ആണ്മക്കളും വിദേശത്താണ്.സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവർക്ക് ഇല്ലായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം.ശ്യാമള നേരത്തെ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയക്കും.
ക്യൂആര്‍ കോഡ് വഴി ഓട്ടോക്കൂലി;സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡ് പാലക്കാട്ട്
പാലക്കാട്:സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡ് പാലക്കാട് പ്രവര്‍ത്തനം ആരംഭിച്ചു. പഴമ്പാലക്കോട് ഓട്ടോ സ്റ്റാന്‍ഡിലെ പത്ത് ഓട്ടോകളിലാണ് ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് ഓട്ടോക്കൂലി നല്‍കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഒട്ടിച്ച ക്യൂ ആര് കോഡ് മൊബൈല്‍ ഫോണ്‍ വഴി സ്കാന്‍ ചെയ്തു യാത്രക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം കൈമാറാം. യാത്രക്കാര്‍ക്ക് ചില്ലറ അടക്കമുള്ള പണം കൈയ്യില്‍ കരുതാതെ യാത്ര ചെയ്യാമെന്നുള്ളതാണ് ഈ പദ്ധതിയുടെ ഗുണം.ഇന്ത്യന്‍ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്.അതേസമയം സ്മാര്‍ട്ട് ഡ്രൈവര്‍മാരെ അഭിനന്ദിച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി.കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ നടത്തിയിരിക്കുന്നത് അഭിനന്ദനാര്‍ഹമായ നീക്കമാണെന്നും ഇത് എല്ലാവര്ക്കും മാതൃകയാക്കാമെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.ഓട്ടോ ഡ്രൈവര്‍മാരുടെ പടം അടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് കേന്ദ്രമന്ത്രി അഭിനന്ദിച്ചിരിക്കുന്നത്.
പാണത്തൂര്‍ ബസ് അപകടം;മരണസംഖ്യ ഏഴായി;അപകടത്തിനിടയാക്കിയത് ഡ്രൈവറുടെ പരിചയക്കുറവ്
കാസർകോഡ്:പാണത്തൂര്‍ പരിയാരത്ത് ഏഴ് പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവാണെന്ന് പ്രാഥമിക നിഗമനം.ഒരുപാട് വളവും തിരിവും ഇറക്കവും കയറ്റവും നിറഞ്ഞ ദുര്‍ഘട പാതയിലൂടെ ബസ് ഓടിച്ചുള്ള ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന.സുള്ള്യയില്‍നിന്നു പാണത്തൂര്‍ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിനു വന്ന സംഘമാണ് ഇന്നലെ ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ ഈശ്വരമംഗലത്തുനിന്നു കര്‍ണാടകയിലെ തന്നെ ചെത്തുകയത്തേക്കു പോകുകയായിരുന്നു ബസ്. അതിര്‍ത്തി കടന്ന് കേരളത്തിലേക്കു പ്രവേശിച്ച് പാണത്തൂര്‍ എത്തുന്നതിനു മൂന്നു കിലോമീറ്റര്‍ മുന്‍പായിരുന്നു അപകടം. നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ജോസ് എന്നയാളുടെ വീട്ടിലേക്കാണ് ബസ് പാഞ്ഞ് കയറിയത്. വീട് ഭാഗികമായി തകര്‍ന്നു.വീടിനുള്ളില്‍ ആളില്ലാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.അപകടത്തിൽ ഏഴുപേർക്കാണ് ജീവൻ നഷ്ടമായത്. കര്‍ണാടക സ്വദേശികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്.അര്‍ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകന് ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെല്‍നാട് സ്വദേശി രാജേഷ് (45) ബണ്ട്വാള്‍ സ്വദേശി ശശിധരപൂജാരി(43) പുത്തൂര്‍ സ്വദേശിനി സുമതി (50), പുത്തൂര്‍ സ്വദേശി ആദര്‍ശ് (14) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ മംഗലാപുരത്തെ ആശുപത്രിയിലും മറ്റുള്ളവര്‍ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്. കുറ്റിക്കോല്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാസർകോട് പാണത്തൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 6 പേർ മരിച്ചു;അപകടത്തിൽപെട്ടത് വിവാഹസംഘം സഞ്ചരിച്ച ബസ്
കാസർകോട്: പാണത്തൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 6 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാഹസംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സില്‍ 70 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു.കര്‍ണ്ണാടക പുത്തൂര്‍ ബള്‍നാട്ടെ പുത്തൂർ രാജേഷിന്റെ മകന് 14 വയസ്സുള്ള ആദര്‍ശാണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മറ്റ് അഞ്ചു പേരുടെയും മൃതദേഹം പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.ഈ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം നടന്നത്. കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും പാണത്തൂരിലേക്ക് വന്ന ബസ് ഇറക്കത്തില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് സമീപത്തുള്ള വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
രാജ്യത്ത് കോവിഡ് വാക്സിന് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും; ഡിസിജിഐയുടെ നിർണായക വാര്‍ത്താസമ്മേളനം രാവിലെ
ന്യൂഡല്‍ഹി:രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്സിന് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.അടിയന്തിര ഉപയോഗത്തിന് അനുമതി നല്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) ഇന്ന് അറിയിക്കും. രാവിലെ 11 മണിയ്ക്ക് ഡിസിജിഐ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡിനും തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്സിനും അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കണമെന്നാണ് വിദഗ്ധ സമിതി ഡിസിജിഐയ്ക്ക് ശുപാര്‍ശ നല്‍കിയത്. ആദ്യം കൊവിഷീല്‍ഡ് മാത്രമാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. തൊട്ടുപിന്നാലെയാണ് കഴിഞ്ഞ ദിവസം കൊവാക്സിനും അടിയന്തിര ഉപയോഗത്തിന് അനുമതി നല്കാന് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയത്.ബ്രിട്ടനില്‍ നിന്നുള്ള കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് രണ്ട് വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്നത്.കൊവാക്സിന്റെ 10 മില്യണ്‍ ഡോസുകള്‍ ഇതിനോടകം തയ്യാറായി കഴിഞ്ഞെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.പ്രതിവര്‍ഷം 300 മില്യണ്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇതില്‍ 100 മില്യണ്‍ ഡോസുകള്‍ ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും. കൊവിഷീല്‍ഡ് വാക്സിന്റെ അഞ്ച് കോടി ഡോസുകളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിരിക്കുന്നത്.
നെയ്യാറ്റിൻകരയിലെ തർക്കഭൂമി വിലകൊടുത്തുവാങ്ങി ബോബി ചെമ്മണ്ണൂർ; ദമ്പതികളുടെ മക്കൾക്ക് വീടുവെച്ചു നൽകും
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ദമ്പതികൾ തീകൊളുത്തി മരിക്കാനിടയായ ഭൂമി ഉടമ വസന്തയില്‍ നിന്ന് വിലകൊടുത്ത് വാങ്ങി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍.ദമ്പതികളുടെ മക്കള്‍ക്ക് ഇവിടെത്തന്നെ വീട് വെച്ചു നൽകുമെന്നും അദ്ദേഹം അറിയിച്ചു.കുട്ടികളെ തത്കാലം തന്റെ വീട്ടില്‍ താമസിപ്പിക്കുമെന്നും വീട് പണി പൂര്‍ത്തിയായാല്‍ അവരെ തിരികെ കൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.ഇന്ന് വൈകുന്നേരം അഞ്ചരയോടെ എഗ്രിമെന്റ് രാജന്റെ വീട്ടില്‍ വച്ച് ബോബി ചെമ്മണൂര്‍ രണ്ട് കുട്ടികള്‍ക്കും കൈമാറും. കുട്ടികള്‍ക്കായി വീട് ഉടനെ പുതുക്കി പണിയാനാണ് ബോബി ചെമ്മണൂരിന്റെ തീരുമാനം. വീട് പണി കഴിയുന്നതുവരെ കുട്ടികളുടെ മുഴുവന്‍ സംരക്ഷണവും അദ്ദേഹം തന്നെ ഏറ്റെടുക്കും. തര്‍ക്കമുന്നയിച്ച ആളില്‍ നിന്നും ആ ഭൂമി വാങ്ങി കുട്ടികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്താണ് ബോബി ചെമ്മണൂര്‍ കയ്യടി നേടുന്നത്.’തിരുവനന്തപുരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങളാണ് തന്നെ വിളിച്ചത്. ആ കുട്ടികള്‍ക്ക് ആ മണ്ണ് വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അങ്ങനെ ഞാന്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ഞാന്‍ ആ ഭൂമി വാങ്ങി.’ എന്നാണ് ബോബി ചെമ്മണൂര്‍ പറയുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട;25 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍ഗോഡ് സ്വദേശി കസ്റ്റംസ് പിടിയില്‍
കണ്ണൂര്‍:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണ്ണം പിടികൂടി.25 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി ഹാഫിസ് ആണ് ഇന്ന് കസ്റ്റംസ് പിടിയിലായത്.480 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 85 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച ദുബായില്‍ നിന്നെത്തിയ സബീര്‍ മൈക്കാരനില്‍ നിന്ന് 53 ലക്ഷം രൂപ മൂല്യമുള്ള 1038 ഗ്രാം സ്വര്‍ണ്ണവും വെള്ളിയാഴ്ച ദുബായില്‍ നിന്നെത്തിയ നാദാപുരം സ്വദേശി ആഷിഖ് മീരമ്ബാറയില്‍നിന്ന് 32 ലക്ഷം രൂപ മൂല്യമുള്ള 676 ഗ്രാം സ്വര്‍ണ്ണവുമായിരുന്നു കസ്റ്റംസ് പിടികൂടിയത്.
കാലാവസ്ഥ അനുകൂലമായതോടെ കേരള തീരത്ത് വീണ്ടും മത്തിയുടെ സാന്നിധ്യം;പിടിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് മുന്നറിയിപ്പ്
കൊച്ചി:കാലാവസ്ഥ അനുകൂലമായതോടെ കേരള തീരത്ത് വീണ്ടും മത്തിയുടെ സാന്നിധ്യം.. തെക്കന്‍ കേരളത്തിന്റെ വിവിധ തീരങ്ങളിലാണ് ചെറുമത്തികള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍, ഇവ പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ) മുന്നറിയിപ്പ് നല്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ പിടിക്കപ്പെട്ട മത്തിയുടെ വളര്‍ച്ച പരിശോധിച്ചപ്പോള്‍ ഇവ പ്രത്യുല്പാദന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് സി.എം.എഫ്.ആര്.ഐ ഗവേഷകര്‍ കണ്ടെത്തി. 14-16 സെ.മീ വലിപ്പമുള്ള ഇവ പൂര്‍ണ പ്രത്യുല്പ്പാദനത്തിന് സജ്ജമാകാന്‍ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, മുട്ടയിടാന്‍ പാകമായ വലിയ മത്തികള്‍ നിലവില്‍ കേരള തീരങ്ങളില്‍ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറവ് മത്തിയാണ് 2019-ല്‍ കിട്ടിയത് .44,320 ടണ്‍ എന്ന അളവ് കുറയാന്‍ കാരണം എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങളാണ് എന്ന് കണ്ടെത്തിയിരുന്നു. നിയമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ വലിപ്പം (എം.എല്‍.എസ്) 10 സെ.മീ ആണെങ്കിലും പ്രതികൂലവും അസാധാരണവുമായ നിലവിലെ സാഹചര്യം പരിഗണിച്ച് ഇപ്പോള്‍ ലഭ്യമായ മത്തിയെ പിടിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദ് പറഞ്ഞു.
സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു
കൊച്ചി:സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം മാത്രം റിലീസിംഗുള്പ്പടെ തീരുമാനിച്ചാല്‍ മതിയെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. മാനദണ്ഡങ്ങള്‍ പാലിച്ച് തിയേറ്ററുകള്‍ തുറക്കാന്‍ കഴിയുമോയെന്ന് ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്റെ അടിയന്തര യോഗം ചേരുമെന്ന് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. മാസങ്ങളായി അടച്ചിട്ടിരിക്കുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കേണ്ടിയും വരും. വന്‍നഷ്ടം സംഭവിച്ച ഉടമകള്‍ക്ക് ഇവ താങ്ങാന്‍ കഴിയുകയില്ല. ചൊവ്വാഴ്ച തിയേറ്ററുകള്‍ തുറക്കാന്‍ സാദ്ധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് പോളി വി ജോസഫ് പറഞ്ഞു. നിബന്ധനകള്‍ പാലിച്ച് തിയേറ്റര്‍ തുറക്കാന്‍ മുന്നൊരുക്കം നടത്താന്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിര്‍മാതാക്കളും, വിതരണക്കാരും, തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു.പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് നഷ്ടമാണ്.വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവുകിട്ടുമോയെന്ന് സര്‍ക്കാരിനോട് ആരാഞ്ഞ ശേഷമാകും തുടര്‍ തീരുമാനെന്നും സംഘടന അറിയിച്ചു.സിനിമാ സംഘടനയായ ഫിയോക്, നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീയേറ്റര്‍ ഉടമകളുടെയും സംയുക്ത സംഘടന കൂടിയാണ്.തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ചൊവ്വാഴ്ച തന്നെയാണ് ഫിയോക്കിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. അതിനുശേഷം നിര്‍മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു.
ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും;വൈദ്യുതി വിഛേദിക്കും
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും. കുടിശ്ശിക തീര്‍ക്കാത്തവരുടെ വൈദ്യുതി വിഛേദിക്കും.ഡിസംബര്‍ 31ന് മുമ്ബ് കുടിശ്ശിക തീര്‍ക്കാന്‍ കെഎസ്ഇബി നോട്ടീസ് നല്‍കിയിരുന്നു. ഇതിലും വീഴ്ചവരുത്തിയവരുടെ വൈദ്യുതി വിച്ഛേദിക്കാനാണ് നിര്‍ദ്ദേശം. വൈദ്യുതി ബില്ലുകള്‍ അടയ്ക്കണമെന്ന് കാട്ടി നല്കിയ നോട്ടീസിനെ തുടര്‍ന്ന് ചിലര്‍ ഇളവുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്ക് മൂന്നോ നാലോ ഇന്‍സ്റ്റാള്‍മെന്റുകളായി തുക അടയ്ക്കാന്‍ അനുമതിയും നല്കി. എന്നാല്‍ നോട്ടിസ് പൂര്‍ണമായും അവഗണിച്ചവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനാണ് തീരുമാനം.വാട്ടര്‍ അതോറിറ്റിയുടെ ബില്ലുകള്‍ അടയ്ക്കാന്‍ അദാലത്തുകള്‍ നടത്തുന്നുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ അധികവും ബില്‍ അടയ്ക്കുന്നവരാണ്. എന്നാല്‍ അദാലത്തില്‍ എത്താത്തവരും ഉണ്ട്. അത്തരം കുടിശ്ശികക്കാര്‍ക്കെതിരെ ആകും ആദ്യനടപടി. ലോഡ്ജുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകാത്തിനാല്‍ അത്തരക്കാര്‍ക്കും ഇളവുകള്‍ നല്‍കിയിട്ടുണ്ട്.