സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറ് മരണം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി; അഞ്ച് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു

keralanews six die in rains in the state one person went missing five houses completely destroyed

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയില്‍ ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 55 വീടുകള്‍ക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചു. ചീഫ് സെക്രട്ടറിയും വകുപ്പ് തലവന്മാരുമടക്കം ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, വിവിധ സേനാ മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നാളെ വരെ അതിതീവ്ര വഴ തെക്കന്‍, മധ്യ കേരളത്തില്‍ കേന്ദ്രീകരിക്കും. നാളെ കഴിയുന്നതോടെ അത് വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 200 മില്ലിലീറ്ററില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നു. തുടര്‍ച്ചയായ നാലു ദിവസം ഇത്തരത്തില്‍ മഴ ലഭിച്ചാല്‍ പ്രതിസന്ധി സൃഷ്ടിക്കും.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മഴവെള്ളപ്പാച്ചില്‍ എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം ആരംഭിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതും തയ്യാറെടുപ്പും ആവശ്യമാണ്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തീകരിക്കും. ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു സംഘങ്ങള്‍ മുന്‍കൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സേനയെ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡാമുകളില്‍ നിലവില്‍ വെള്ളം ഒഴുക്കി വിടേണ്ട സാഹചര്യമില്ല. ഡാം കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ പരിശോധിക്കുന്നുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചെറിയ അണക്കെട്ടുകളില്‍ നിന്നും നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കും.ഇന്നലെ വൈകിട്ട് മുതല്‍ തെക്കന്‍ കേരളത്തില്‍ വ്യാപകമഴയാണ് നാളെ വരെ അതിതീവ്രമഴ തെക്കന്‍- മധ്യ കേരളത്തിലുണ്ടാവും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. നാളെ കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണ് പ്രവചനം.

മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ വിവിധ വകുപ്പുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതി നേരിടാന്‍ ഒരുങ്ങാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. എഡിജിപിമാരായ എംആര്‍ അജിത്ത് കുമാറും, വിജയ് സാഖറെയും പൊലീസിസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.അടിയന്തര ഇടപെടലിന് മന്ത്രിമാര്‍ക്ക് ജില്ലാ ചുമതല നല്‍കിയിട്ടുണ്ട്. മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ആവശ്യമായ ക്രമീകരണം ഉണ്ടാക്കാന്‍ മൃഗസംരക്ഷണവകുപ്പിന് നിര്‍ദ്ദേശം നല്‍കി. വൈദ്യുതി ലൈനുകളുടേയും പോസ്റ്റുകളുടേയും സുരക്ഷാ പരിശോധന കെഎസ്‌ഇബി നിര്‍വഹിക്കും. പാലങ്ങളുടെ സുരക്ഷ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ ആവശ്യമായ ഇടത്ത് അതിനുള്ള സൗകര്യം ഒരുക്കും.സംസ്ഥാനത്ത് ആകെ ഏഴ് ക്യാംപുകളാണ് നിലവില്‍ ആരംഭിച്ചത്. നിലവില്‍ ഏഴ് ക്യാംപുകളിലായി 90 പേര്‍ തങ്ങുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി,വയനാട് ഒരോ ക്യാംപുകളും കോട്ടയത്ത് രണ്ട് ക്യാംപകളുമാണ് തുറന്നത്. ദുരന്തനിവാരണ അതോറിട്ടി അതാത് സമയത്ത് നല്‍കുന്ന മുന്നറിയിപ്പുകള്‍ എല്ലാവരും പാലിക്കണം. മഴ സാഹചര്യം പരിശോധിച്ച്‌ ജില്ലാ കളക്ടര്‍മാര്‍ക്ക് സ്‌കൂളുകള്‍ക്ക് അവധി നല്‍കാവുന്നതാണ്. നിലവില്‍ തെക്കന്‍ ജില്ലയിലെ സ്‌കൂളുകളില്‍ എല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴ; ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

keralanews heavy rain in the state leave for schools in seven districts

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ( ഓഗസ്റ്റ് 2 ന്) അവധി.മഴ തീവ്രമായതോടെ ഡാമുകളിലെ ഷട്ടറുകളും ഉയർത്തുന്നുണ്ട്. അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകുന്നുണ്ട്. അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ച് സെന്റീ മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. പമ്പാതീരത്ത് ജാഗ്രതാനിർദേശം നൽകി. മഴക്കെടുതിയിൽ ആറ് മരണങ്ങൾ സംഭവിച്ചു. 5 വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോര മേഖലകളിൽ വീണ്ടും മഴ കനത്തതോടെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 23 പേരെ മാറ്റി പാർപ്പിച്ചുകഴിഞ്ഞു.

കണ്ണൂര്‍ പാനൂരില്‍ അടച്ചിട്ടിരുന്ന കടമുറിയില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

keralanews steel bombs were also found in a closed shop in panur kannur

കണ്ണൂര്‍: പാനൂർ വള്ളങ്ങാട് അടച്ചിട്ടിരുന്ന കടമുറിയില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ ലഭിച്ചത്.സാധാരണ നിലയില്‍ നടത്തുന്ന പരിശോധനകളുടെ ഭാഗമായി ഇന്ന് രാവിലെ പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. കുറെകാലമായി പൂട്ടികിടക്കുന്ന കടയിൽ നിന്നാണ് ബോംബ് കണ്ടെടുത്തത്.ഇവിടെവെച്ച് ആരെങ്കിലും ബോംബ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നോയെന്നാണ് പോലീസിന്റെ സംശയം.ബോംബ് അടുത്ത കാലത്താണോ നിര്‍മിച്ചത് എന്നുള്‍പ്പെടെയുള്ള പരിശോധനകള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടി പൊലീസ് ആരംഭിച്ചു.സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോംബ് ലഭ്യമായതോടെ പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പരിശോധന തുടരാനാണ് പൊലീസ് നീക്കം

മഞ്ചേശ്വരത്ത് വന്‍ കുഴല്‍പ്പണ വേട്ട;ബസില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തു

keralanews black money seized in manjeswaram 36 lakh rupees which was being smuggled in a bus was seized

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയാണ് പിടികൂടിയത്.മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം കണ്ടെത്തിയത്.പണം കടത്തി കൊണ്ടു വന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാല്‍ ചോപഡെയെ അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. നേരത്തേയും ഇയാള്‍ രേഖകളില്ലാതെ പണം കടത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്. ഇത് നാലാം തവണയാണ് ഇത്തരത്തില്‍ കാസര്‍കോട്ടേക്ക് പണം കടത്തിയതെന്നാണ് ഇയാള്‍ പറയുന്നത്.

തിരുവനന്തപുരത്ത് കാണാതായ പെണ്‍കുട്ടിയെ റോഡരികിലെ പൊന്തക്കാട്ടില്‍ നിന്നും അബോധാവസ്ഥയില്‍ കണ്ടെത്തി

Silhouette Mensch mit Stempel Missing

തിരുവനന്തപുരം: കാണാതായ പെണ്‍കുട്ടിയെ റോഡരികിലെ പൊന്തക്കാട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.രാവിലെ ഒമ്പതരയോടെയാണ് വെമ്പായം പെരുമ്പൂരിലെ റോഡരികിൽ 12 വയസ്സുകാരിയെ തല പൊട്ടി ചോരയൊലിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.റോഡരികിലെ പൊന്തക്കാട്ടില്‍നിന്ന് എന്തോ ഞെരക്കം കേട്ടുനോക്കിയ വഴിയാത്രക്കാരനാണ് പെണ്‍കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ സമീപത്തെ വീട്ടിലെ സ്ത്രീകളെ വിളിച്ചുവരുത്തുകയായിരുന്നു. ഉടന്‍തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.റോഡരികില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി കഴിഞ്ഞദിവസം പോലീസിന് ലഭിച്ചിരുന്നു. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നത്. പോലീസ് രാത്രി മുതല്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും വിവരമൊന്നും കിട്ടിയിരുന്നില്ല. തുടര്‍ന്ന് രാവിലെയും അന്വേഷണം തുടരുന്നതിനിടെയാണ് പരിക്കേറ്റനിലയില്‍ പെണ്‍കുട്ടിയെ റോഡരികില്‍നിന്ന് കണ്ടെത്തിയത്.പെണ്‍കുട്ടിയെ കാണാതായത് എങ്ങനെയാണെന്നോ എന്താണ് സംഭവിച്ചതെന്നോ ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ വട്ടപ്പാറ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സംസ്ഥാനത്ത് ഓണത്തിന് 14 ഇന ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

keralanews food kits will be distributed in the state for onam says c m

തിരുവനന്തപുരം:സംസ്ഥാനത്ത് ഇക്കുറിയും ഓണത്തിന് റേഷൻ കടകൾ വഴി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യകിറ്റ് വിതരണത്തിനായി 425 കോടിയുടെ ചിലവ് സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കൊറോണ സംസ്ഥാനത്തെ പിടിമുറുക്കിയ സമയത്താണ് സംസ്ഥാന സർക്കാർ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. ഇത് നിരവധി പേർക്ക് പ്രയോജനം ചെയ്തു. രോഗവ്യാപനം കുറഞ്ഞതോടെ കിറ്റ് വിതരണം നിർത്തി. എന്നാൽ കഴിഞ്ഞ ഓണത്തിന് കിറ്റ് നൽകിയിരുന്നു. നിലവിൽ സർക്കാർ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. എങ്കിലും വരുന്ന ഓണത്തിന് കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ

keralanews onam exam in the state from august 24 to september 2

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നതില്‍ കൂടുതലും അഭ്യൂഹങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു.

സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയില്‍ പ്രതിഷേധം; കണ്ണൂരില്‍ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ റെയിൽ ഉപരോധിച്ചു

keralanews protest against ed action against sonia gandhi youth congress workers blocked railway in kannur

കണ്ണൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എതിരായ എന്‍ഫോഴ്സ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഉപരോധിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ല പ്രസിഡണ്ട് സുധീപ് ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത്. ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച്‌ നീക്കാന്‍ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സംഘര്‍ഷത്തിനിടയിൽ പ്രവര്‍ത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി.സോണിയാ ഗാന്ധിക്കെതിരെയുള്ള ഇഡി നടപടിയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായാണ് കോണ്‍ഗ്രസ് റെയില്‍വെ സ്റ്റേഷനുകളില്‍ തീവണ്ടി തടയല്‍ സമരം നടത്തിയത്.

മങ്കിപോക്‌സ്; ആശങ്കപെടാനുള്ള സാഹചര്യമില്ല;സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകൾ നെഗറ്റീവ്; ആരോഗ്യമന്ത്രി വീണാജോര്‍ജ്

keralanews monkeypox no cause for worry samples of everyone in the contact list negative health minister veena george

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തുടനീളം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. രോഗബാധിതരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനഫലം നെഗറ്റീവ് ആയതിനാൽ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.എല്ലാ ജില്ലകളിലും നിരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.14 ജില്ലകളിലും ഐസോലേഷന്‍ സൗകര്യമുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധനയും ഹെല്‍പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.68 രാജ്യങ്ങളിലാണ് മങ്കിപോക്‌സ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കേസുകൾ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധർക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനം നൽകിയിട്ടുണ്ട്. പരിശീലനം നൽകിയിട്ടുണ്ട്. വൈറൽ രോഗമായ മങ്കിപോക്‌സിന്റെ ആദ്യ കേസ് കൊല്ലം ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്.കണ്ണൂർ ജില്ലയിൽ നിന്നാണ് ഇന്ത്യയിലെ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തത്.ജൂലൈ 13 നാണ് ഇയാൾ കേരളത്തിലെത്തിയത്.കേരളത്തിലെ മൂന്ന് കേസുകൾ കൂടാതെ വിദേശ യാത്രയുടെ ചരിത്രമില്ലാത്ത ഡൽഹിയിൽ നിന്നുള്ള 34 കാരൻ ഡൽഹിയിൽ പോസിറ്റീവായി. ഇതോടെ രാജ്യത്തെ കേസുകളുടെ എണ്ണം നാലായി.

കണ്ണൂർ പിണറായിയിലെ ആർഎസ്എസ് പ്രവർത്തകന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

keralanews death o rss worker in pinarayi due to heart attack postmortem report

കണ്ണൂര്‍ പിണറായി പാനുണ്ടയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്ത്.ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചതെന്നും ശരീരത്തില്‍ പരിക്കുകളില്ലെന്നുമാണ് റിപ്പോര്‍ട്ട്. മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴിനൽകിയതായി സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു.പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.സി.പി.എം പ്രവർത്തകരുടെ മർദനത്തെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന് ആർഎസ്എസ് ആരോപിച്ചിരുന്നു.ഇന്ദിരാഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ജിംനേഷ് കുഴഞ്ഞു വീണ് മരിച്ചത്.പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതു സംബന്ധിച്ച തര്‍ക്കം ഇന്നലെ സിപിഐഎം ആര്‍എസ്‌എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിയത്. ഇതിനിടയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ കുഴഞ്ഞ വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കുന്നതിനിടയില്‍ മൂന്നരയോടെ മരണം സംഭവിച്ചു. എന്നാൽ സംഭവ സ്ഥലത്ത് ജിംനേഷിനും മർദനമേറ്റിരുന്നതായാണ് ബി.ജെ.പി ആരോപിക്കുന്നത്.