ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരുവർഷം.2020 ജനുവരി 30 നു കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ് ആദ്യരോഗബാധ സ്ഥിരീകരിച്ചത്.കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍നിന്നു തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു ആദ്യ രോഗി. തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ ചികിത്സയ്ക്കായി പ്രത്യേക സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയത്. കോവിഡ് ലക്ഷണങ്ങളായ തൊണ്ടവേദനയും ചുമയും മാത്രമായിരുന്നു പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ ചെെനയില്‍ നിന്നെത്തിയ ഈ വിദ്യാര്‍ഥിനി ഉടന്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടു. വിദ്യാര്‍ഥിനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണ് കോവിഡ് ബാധിതയായ പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ജനറല്‍ ആശുപത്രി പരിസരത്തുപോലും ജനം വരാത്ത സാഹചര്യമുണ്ടായി. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ആശങ്കയ്ക്കു വിരാമമുണ്ടായിരുന്നില്ല.ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.ആദ്യ കോവിഡ് കേസിനു ശേഷം ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. ഇപ്പോഴും കോവിഡ് പ്രതിസന്ധിക്ക് അയവായിട്ടില്ല.സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം ഇതിനോടകം 9,11,362 ആയി. 72,392 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 8,35,046 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,682 ആണ്. മരണനിരക്ക് കുറയ്‌ക്കാന്‍ സാധിച്ചതാണ് കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ഏറ്റവും വലിയ മികവായി എടുത്തുപറയുന്നത്. മരണസംഖ്യ കുറയ്‌ക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,815 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5647 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 455 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 830, കോഴിക്കോട് 679, കൊല്ലം 663, കോട്ടയം 572, തൃശൂര്‍ 476, പത്തനംതിട്ട 398, ആലപ്പുഴ 414, മലപ്പുറം 392, തിരുവനന്തപുരം 311, കണ്ണൂര്‍ 228, ഇടുക്കി 292, പാലക്കാട് 130, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തൃശൂര്‍ 10, കൊല്ലം 5, കോഴിക്കോട് 4, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, തിരുവനന്തപുരം, എറണാകുളം, വയനാട് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 376, കൊല്ലം 461, പത്തനംതിട്ട 418, ആലപ്പുഴ 244, കോട്ടയം 639, ഇടുക്കി 229, എറണാകുളം 711, തൃശൂര്‍ 588, പാലക്കാട് 821, മലപ്പുറം 799, കോഴിക്കോട് 670, വയനാട് 206, കണ്ണൂര്‍ 183, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3704 ആയി.
ഉയര്‍ന്ന പെന്‍ഷന്‍;ഹൈക്കോടതി വിധി ശരിവെച്ച ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി : ഉയര്‍ന്ന പെന്‍ഷന്‍ സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ വിധി ശരിവെച്ച സുപ്രീംകോടതിയുടെ ഉത്തരവ് പിന്‍വലിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ.) പുനഃപരിശോധനാ ഹര്‍ജിയിലാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. അതേസമയം, ഉയര്‍ന്ന പെന്‍ഷന്‍ ശരിവെച്ച കേരള ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ ഇല്ല. ഇതിനെതിരേ കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇ.പി.എഫ്.ഒ.യും നല്‍കിയ അപ്പീലുകളില്‍ ഫെബ്രുവരി 25-ന് പ്രാഥമിക വാദം നടക്കും.2018 ഒക്ടോബര്‍ 12-നാണ് ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഉറപ്പുവരുത്തുന്ന വിധി കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഈ വിധി സ്റ്റേ ചെയ്യണമെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അതെ സമയം അപ്പീലുകള്‍ പ്രാഥമിക വാദത്തിനായി മാറ്റുകയാണ് ചെയ്തതെന്നും പ്രസ്തുത വിധി സ്റ്റേ ചെയ്യാനാവില്ലെന്നും ജസ്റ്റിസ് ലളിത് വ്യക്തമാക്കി. അല്ലാത്തപക്ഷം പുനഃപരിശോധനാ ഹര്‍ജിയില്‍ നോട്ടീസയക്കേണ്ടിവരുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.ഇ.പി.എസ്സിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാന്‍ 15,000 രൂപയുടെ ശമ്പള പരിധിയുണ്ടായിരുന്നത് എടുത്തുകളയുകയാണ് ഹൈക്കോടതി ചെയ്തത്. ഇതോടെ മുഴുവന്‍ ശമ്പളത്തിനും ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ സാധ്യമാക്കുന്നതായിരുന്നു വിധി.2019 ഏപ്രില്‍ ഒന്നിന് സുപ്രീംകോടതി ഈ വിധി ശരിവെക്കുകയും ചെയ്തു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവാണ് നിലവില്‍ പിന്‍വലിക്കപ്പെട്ടത്.
കാഞ്ഞങ്ങാട്ട് ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി
കണ്ണൂർ:കാഞ്ഞങ്ങാട്ട് ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി.12 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തത്.പഴക്കമുള്ള കോഴിയിറച്ചി, മുട്ട, പോത്തിറച്ചി, ആട്ടിറച്ചി, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കടികള്‍, പഴകിയ എണ്ണ, തൈര് എന്നിവ ഹെല്‍ത് സ്‌ക്വാഡ് പിടിച്ചെടുത്തു. പരിശോധനയ്ക്ക് ഹെല്‍ത് സൂപര്‍വൈസര്‍ കെ പി രാജഗോപാലന്‍, ഒന്നാം ഗ്രേഡ് ജൂനീയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ ബീന വി വി, രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരായ സീമ പി വി, ബിജു അനൂര്‍ ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.
പാര്‍ലമെന്റില്‍ ബഡ്‌ജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു;പ്രതിപക്ഷം പ്രസംഗം ബഹിഷ്‌കരിച്ചു
ന്യൂഡല്‍ഹി: ബഡ്‌ജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുന്നത്. കാര്‍ഷിക നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിച്ചു. ഇടത് എം പിമാര്‍ സഭയ്‌ക്ക് മുന്നില്‍ ധര്‍ണ നടത്തുകയാണ്.കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. കാര്‍ഷിക നിയമങ്ങളില്‍ സുപ്രീംകോടതി തീരുമാനം എന്തായാലും അത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കും. സമാധാനപൂര്‍ണമായ സമരങ്ങളോട് യോജിക്കും. കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ അധികാരവും സൗകര്യങ്ങളും നല്‍കും. നിയമങ്ങളെ കുറിച്ചുളള തെറ്റിദ്ധാരണ നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും രാഷ്ട്രപതി പറഞ്ഞു.റിപ്പബ്ലിക് ദിനത്തിലെ അപമാനകരമായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ദേശീയ പതാകയെ അപമാനിച്ചത് ദൗര്‍ഭാഗ്യകരമാണ്. അഭിപ്രായ പ്രകടനത്തിന് ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുവെന്നും നിയമവും ചട്ടവും പാലിക്കണമെന്ന് ഭരണഘടന പഠിപ്പിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.കൊവിഡ് മഹാമാരിക്കിടെ നടക്കുന്ന ഈ ബഡ്‌ജറ്റ് സമ്മേളനം വളരെ പ്രധാനമാണ്. ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് നമ്മള്‍ പ്രവേശിക്കാന്‍ പോകുകയാണ്. ഇന്ത്യ ഐക്യത്തോടെ നിന്ന് പ്രതിസന്ധികള്‍ മറികടന്നിട്ടുണ്ട്. ഇനിയും രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധികള്‍ മറികടക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കർഷക സമരം;ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനുള്ള നടപടികളില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറി
ന്യൂഡല്‍ഹി: ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനുള്ള നടപടികളില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറി. കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ച് എത്തിയതോടെ തല്‍ക്കാലം നടപടി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതോടെ പൊലീസും കേന്ദ്രസേനയും സമരവേദിയില്‍ നിന്ന് പിന്മാറി.കര്‍ഷകരെ ഒഴിപ്പിക്കുന്നതിനായി വന്‍ പൊലീസ് സന്നാഹം ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുണ്ടായിരുന്നു. ജില്ലാ മജിസ്ട്രേട്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. അധികൃതരെ മടക്കി അയച്ച ശേഷം ദേശീയ പതാകയുമേന്തിയായിരുന്നു കര്‍ഷകരുടെ ആഹ്ലാദ പ്രകടനം.വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പുരിലെ സമരഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു കര്‍ഷകര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമരഭൂമിയില്‍നിന്ന് മടങ്ങില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ പലരെയും സമരഭൂമിയില്‍ വച്ച് തന്നെയാണ് നഷ്ടമായതെന്നും അത് അവരോട് ചെയ്യുന്ന തെറ്റാകുമെന്നും കര്‍ഷകര്‍ പറയുന്നു യുപി പൊലീസിന് പുറമേ കേന്ദ്രസേനയേയും സമരഭൂമിക്ക് ചുറ്റും വിന്യസിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗാസിപ്പുരിലേക്കുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ 12 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ടു യുവതികള്‍ പിടിയില്‍
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 12 ലക്ഷം രൂപ വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. കടവത്തൂര്‍ സ്വദേശിനികളായ രണ്ടു യുവതികളില്‍ നിന്നാണ് 233 ഗ്രാം സ്വര്‍ണം പിടികൂടിയത്.വ്യാഴാഴ്ച രാത്രി ഷാര്‍ജയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ചെക്കിംഗ് പരിശോധനയിലാണ് യുവതികളില്‍ നിന്നും ചെയിന്‍ രൂപത്തിലുള്ള സ്വര്‍ണം കസ്റ്റംസ് കണ്ടെത്തിയത്. തുടര്‍ന്നു ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോമാറ്റിക് തെര്‍മല്‍ സ്മാര്‍ട്ട് ഗേറ്റ് സ്ഥാപിച്ചു
കണ്ണൂർ:കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോമാറ്റിക് തെര്‍മല്‍ സ്മാര്‍ട്ട് ഗേറ്റ് സ്ഥാപിച്ചു.കോവിഡ് വ്യാപനം നിയന്ത്രണാതീതമായി മാറുന്ന സാഹചര്യത്തില്‍ കെ. സുധാകരന്‍ എം.പി മുൻകൈയെടുത്താണ് ഓട്ടോമാറ്റിക് തെര്‍മല്‍ സ്മാര്‍ട്ട് ഗേറ്റ് യാഥാർഥ്യമാക്കിയത്.വെള്ളിയാഴ്ച രാവിലെ 11ന് തെര്‍മ്മല്‍ സ്മാര്‍ട്ട് ഗേറ്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയില്‍തന്നെ ആദ്യമായാണ് ഒരു റെയില്‍വേ സ്റ്റേഷനില്‍ ഇത്തരം ഒരു സംവിധാനം നിലവില്‍ വരുന്നത്.ഈ സുരക്ഷ ഗേറ്റ് വഴി കടന്നുപോകുന്ന എല്ലാ യാത്രക്കാരുടെയും ഫോട്ടോ, ശരീര താപനില, എത്ര ആളുകള്‍ കടന്നുപോയി എന്നീ വിവരങ്ങള്‍ റെയില്‍വേ അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും കിട്ടും. ജനങ്ങള്‍ സ്റ്റേഷനില്‍ കൂട്ടംകൂടി നിന്ന് സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധന കഴിഞ്ഞ് പ്ലാറ്റ് ഫോമിലേക്ക് കയറുന്ന നിലവിലെ സാഹചര്യം മാറ്റാന്‍ ഈ സംവിധാനം ഉപയോഗപ്പെടും. കൂടാതെ, യാത്രക്കാരുടെ ഫോട്ടോ രേഖപ്പെടുത്തുന്നതുകൊണ്ട് ഭാവിയിലും സുരക്ഷാ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോൾ ഉദ്യോഗസ്ഥര്‍ക്ക് ഉപകാരപ്പെടും.കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ വന്ദേ ഭാരത് മിഷന്‍ ആരംഭിച്ചപ്പോള്‍ കെ. സുധാകരന്‍ എം.പി മുന്‍കൈയെടുത്ത് കണ്ണൂര്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലും ഇത്തരം സംവിധാനം സ്ഥാപിച്ചിരുന്നു.കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാലും റെയില്‍വേക്ക് യാത്രക്കാരുടെ നിയന്ത്രണത്തിന് അനുയോജ്യമായ തരത്തില്‍ ഉള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി സ്വയം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക സംവിധാനം ആണ് കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്.
കണ്ണൂരിൽ രണ്ടു മാസം മുൻപ് വിവാഹിതയായ അന്യസംസ്ഥാനക്കാരിയായ യുവതി സ്വര്‍ണാഭരണങ്ങളുമായി മുങ്ങി
കണ്ണൂര്‍: രണ്ടു മാസം മുൻപ് വിവാഹിതയായ അന്യസംസ്ഥാനക്കാരിയായ യുവതി സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയതായി പരാതി. യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് കവിണിശ്ശേരി സ്വദേശിയായ സുമേഷാണ് കണ്ണപുരം പൊലീസില്‍ പരാതി നല്‍കിയത്. അന്യസംസ്ഥാനക്കാരിയായ ഭാര്യ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയെന്നാണ് സുമേഷ് പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പഴയങ്ങാടി വലിയ വളപ്പില്‍ സുമേഷിന്റ ഭാര്യയായ ബീഹാര്‍ പാറ്റ്ന സ്വദേശിനി പിങ്കി കുമാരി (26)യെ കാണാനില്ലെന്നാണ് പരാതി.ഗള്‍ഫില്‍ സഹപ്രവര്‍ത്തകനായിരുന്ന ബീഹാര്‍ സ്വദേശി വഴിയാണ് സുമേഷ് യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലായതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഇരു വീട്ടുകാരുടെയും സമ്മത പ്രകാരം രണ്ട് മാസം മുൻപായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം സുമേഷ് ഗള്‍ഫിലേക്കു മടങ്ങി പോയി. അതിനുശേഷം പിങ്കി കുമാരി സുമേഷിന്‍റെ വീട്ടില്‍ ആണ് കഴിഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടുകാർ കാണാതെ പിങ്കി കുമാരി വീട് വിട്ട് ഇറങ്ങുകയായിരുന്നു. ഏറെ നേരവും വീട്ടില്‍ ആളനക്കമില്ലാതായതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് പിങ്കി കുമാരി വീട്ടില്‍ ഇല്ലെന്ന് മനസിലായത്. തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ വഴി ബന്ധപ്പെട്ടുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇതേത്തുടര്‍ന്ന് വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് വിവാഹ സമയത്ത് വധുവിന് വരന്റെ വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങളും വസ്ത്രങ്ങളും എടുത്താണ് ഇറങ്ങിപ്പോയതെന്ന് മനസ്സിലായി. തുടര്‍ന്ന് സുമേഷിനെ വിവരം അറിയിക്കുകയും കണ്ണപുരം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതി കേരള അതിര്‍ത്തി പിന്നിട്ടുവെന്നും കര്‍ണാടകത്തില്‍വെച്ച് ഫോണ്‍ ഓഫായതായും കണ്ടെത്തി. സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കര്‍ണ്ണാടകയിലും മറ്റ് പരിസരങ്ങളിലും ടവര്‍ ലൊക്കേഷന്‍ കാട്ടിയെങ്കിലും പിന്നാലെ ഫോണ്‍ ഓഫാകുകയായിരുന്നു.
സിഘുവില്‍ കർഷകർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍; വൈദ്യുതിക്ക് പിന്നാലെ ജലവിതരണവും റദ്ദാക്കി കേന്ദ്രം
ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരെ സിഘുവില്‍ നിന്ന് ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. സിംഘുവില്‍ താമസിക്കുന്ന പ്രദേശവാസികളുടെ നേതൃത്വത്തിലാണ് സമരഭൂമിയില്‍ പ്രതിഷേധം അരങ്ങേറിയത്.കര്‍ഷകര്‍ ഹൈവൈയില്‍ നിന്ന് പിന്‍മാറണമെന്നും 60 ദിവസമായി അടഞ്ഞുകിടക്കുന്ന റോഡുകള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 60 ദിവസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നൂറുകണക്കിന് കര്‍ഷകരാണ് സിംഘു അതിര്‍ത്തിയിലുള്ളത്. സിംഘു, ഗാസിപ്പൂര്‍ സമരവേദികളില്‍ നിന്ന് മൂന്ന് ദിവസത്തിനുളളില്‍ പിന്‍മാറണമെന്ന് നിര്‍ദേശിച്ച് കര്‍ഷകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.ബുധനാഴ്ച രാത്രി ജില്ലാ മജിസ്ട്രേറ്റും ഉന്നത പാലിസ് ഉദ്യോഗസ്ഥരും സമരഭൂമിയിലെത്തിയാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ഇതിനിടെ കര്‍ഷക സമരം പൊളിക്കാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഗാസിപുരിലെ സമര കേന്ദ്രത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നതിനായി ജലവിതരണം റദ്ദാക്കി. സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി ബന്ധം കഴിഞ്ഞ ദിവസം വിച്ഛേദിച്ചതിനു പിന്നാലെയാണ് അടുത്ത നടപടിയുണ്ടായിരിക്കുന്നത്.. വൈദ്യുതിയും ജലവിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ ഗാസിപൂരിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.