കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കും;ശനിയാഴ്ച രാജ്യവ്യാപകമായി വഴിതടയൽ സമരം നടത്താനൊരുങ്ങി കർഷക സംഘടനകൾ

keralanews farmers to intensify strike hold nation wide road block on saturday

ന്യൂഡൽഹി:കാർഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഫെബ്രുവരി ആറ് ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണിവരെ റോഡുകള്‍ തടയുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍(ആര്‍) പ്രതിനിധി ബല്‍ബീര്‍ സിങ് രജേവാല്‍ അറിയിച്ചു.കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഫെബ്രുവരി ആറിലെ പ്രതിഷേധമെന്നും സമരക്കാര്‍ അറിയിച്ചു.ഉപാധികൾ അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ പുനഃസ്ഥാപിക്കണമെന്നും ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുകയും സംഘര്‍ഷമുണ്ടാക്കിയെന്ന് ആരോപിച്ച്‌ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. വരുമാനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചോ തൊഴില്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചോ പരാമര്‍ശിക്കാത്ത ബജറ്റ്, തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 3459 covid cases confirmed in the state today 5215 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍കോട് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3136 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 247 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3760 ആയി. മലപ്പുറം 504, കോഴിക്കോട് 412, എറണാകുളം 410, കോട്ടയം 279, തിരുവനന്തപുരം 202, തൃശൂര്‍ 255, ആലപ്പുഴ 248, കൊല്ലം 247, പത്തനംതിട്ട 158, കണ്ണൂര്‍ 134, പാലക്കാട് 64, ഇടുക്കി 109, വയനാട് 82, കാസര്‍കോട് 32 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, കോഴിക്കോട് 5, തൃശൂര്‍ 4, തിരുവനന്തപുരം 3, കൊല്ലം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 255, കൊല്ലം 332, പത്തനംതിട്ട 266, ആലപ്പുഴ 493, കോട്ടയം 681, ഇടുക്കി 193, എറണാകുളം 908, തൃശൂര്‍ 523, പാലക്കാട് 273, മലപ്പുറം 517, കോഴിക്കോട് 390, വയനാട് 126, കണ്ണൂര്‍ 181, കാസര്‍കോട് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സ്വകാര്യ വാഹനങ്ങളുടെ ഉപയോഗ കാലാവധി ഇനി 20 വര്‍ഷം; വാണിജ്യ വാഹനങ്ങളുടേത് 15 വര്‍ഷവും;വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസി പ്രഖ്യാപിച്ചു

keralanews The service life of private vehicles is now 20 years and 15 years for commercial vehicles vehicle scraping policy announced

ന്യൂഡൽഹി:കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നവതരിപ്പിച്ച പൊതു ബജറ്റിൽ വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസിയും. സ്വകാര്യവാഹനങ്ങളുടെ ഉപയോഗ കാലാവധി 20 വര്‍ഷത്തേക്കും, വാണിജ്യവാഹനങ്ങളുടെത് 15 വര്‍ഷത്തേക്കും നിജപ്പെടുത്തുന്നതാണ് വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി. തുടർന്ന് ഇത്തരം വാഹനങ്ങൾ ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്‍ററുകളിൽ പരിശോധനക്ക് വിധേയമാക്കി പൊളിശാലകൾക്ക് കൈമാറും.പുതിയ നയം നടപ്പാക്കിയാൽ വായുമലിനീകരണവും പരിസ്ഥിതി ആഘാതവും കുറക്കാൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണവും എണ്ണ ഇറക്കുമതിയും കുറക്കാൻ സഹായിക്കും.ഒരുവാഹനം മൂന്നില്‍ കൂടുതല്‍ തവണ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെടുകയാണെങ്കില്‍ അത് നിര്‍ബന്ധമായും സ്‌ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസിയില്‍ പറയുന്നത്. 2022 ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാരിന്റെ സജീവപരിഗണനയിലുള്ള വിഷയമായിരുന്നെങ്കിലും, വരുമാനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയില്‍ നീട്ടികൊണ്ടുപോവുകയായിരുന്നു. രാജ്യത്തെ വാഹനമലിനീകരണത്തിന്റെ 65 ശതമാനവും വാണിജ്യവാഹനങ്ങളില്‍ നിന്നുണ്ടാകുന്നതാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.ഇന്ത്യന്‍ നഗരങ്ങളിലെ പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ 18,000 കോടി ചെലവഴിക്കും; 20,000 ബസുകള്‍ വാങ്ങിക്കും. കോവിഡ് മൂലം തകര്‍ച്ചയിലായ ബസ് വ്യവസായത്തിന് ഊര്‍ജ്ജമാകും. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരവും കൈവരും. അതേസമയം വെഹിക്കിള്‍ സ്‌ക്രാപ്പേജ് നയം ഇന്ധന ക്ഷമമായ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്നാണ് ധനമന്ത്രി പറഞ്ഞത്.സ്‌ക്രാപ് പോളിസിയിലൂടെ പുനരുപയോഗം ചെയ്യാന്‍ സാധിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുമെന്നും കണക്കാക്കുന്നുണ്ട്. ഇതിലൂടെ വാഹനങ്ങളുടെ വില 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റീലിനുള്ള എക്സൈസ് തീരുവയും 2021 ബജറ്റില്‍ കുറച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണിന് വില കൂടും; സ്വർണ്ണത്തിനും വെള്ളിക്കും വില കുറയും;പെട്രോളിനും ഡീസലിനും പുതിയ സെസ് ബാധകമെങ്കിലും വിലവര്‍ധനവ് ഉണ്ടാകില്ലെന്നും ധനമന്ത്രി

keralanews mobile phone price increase gold and silver price decrease new cess will be applicable to petrol and diesel but no increase in price

ന്യൂഡല്‍ഹി:പെട്രോളിനും ഡീസലിനും അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസ് (എഐഡിസി) ഈടാക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശം.എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ ഈ സെസിന്റെ പേരില്‍ ഇന്ധന വില കൂടില്ല.ലീറ്ററിന് രണ്ടര രൂപയും ഡീസല്‍ ലീറ്ററിന് നാലു രൂപയുമാണ് എഐഡിസിയായി ഈടാക്കുക.ചില ഉല്‍പന്നങ്ങള്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസിന് ഈടാക്കാൻ നിര്ദേശമുണ്ടെങ്കിലും ഇവ ഏർപ്പെടുത്തുമ്പോൾ ഉപഭോക്താവിന് അധിക ബാധ്യത വരാതിരിക്കാനും ശ്രദ്ധപുലര്‍ത്തിയിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.അതേസമയം, സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചു. സ്വര്‍ണത്തിനും വെള്ളിക്കും നിലവില്‍ 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും 2019 ജൂലൈയില്‍ കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തിയതിനാല്‍ ഇവയുടെ വില കുത്തനെ ഉയര്‍ന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മുൻപത്തെ നിലയിലാക്കാന്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.മൊബൈല്‍ ഫോണ്‍ വിലയിലും വര്‍ധനവുണ്ടാകും. കേന്ദ്രബജറ്റില്‍ വിദേശനിര്‍മ്മിത മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കുള്ള ഇറക്കുമതി ഇളവില്‍ മാറ്റം വരുത്തിയതോടെയാണ് വില കൂടാനുള്ള സാഹചര്യം ഉടലെടുത്തത്.മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യന്‍ നിര്‍മ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല.നികുതി ഇല്ലാതിരുന്ന ഘടകങ്ങള്‍ക്ക് 2.5 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിക്കുന്നത്. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബജറ്റില്‍ പറയുന്നു.ലെതര്‍, അമൂല്യ കല്ലുകള്‍, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകള്‍ എന്നിവയുടെ ഇറക്കുമതി ചുങ്കം കൂട്ടിയതിന്റെ ഫലമായി ഇവ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വില കൂടും. മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യന്‍ നിര്‍മ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല.

വില കൂടുന്നവ:

  • ലെതര്‍ ഉത്പന്നങ്ങള്‍
  • ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍
  • ഇലക്‌ട്രോണിക് ഉപകരണങ്ങള്‍
  • മൊബൈല്‍ ഫോണുകള്‍
  • അമൂല്യ കല്ലുകള്‍, രത്നങ്ങള്‍
  • സോളാര്‍ സെല്ല്

വില കുറയുന്നവ:

  • സ്വര്‍ണം , വെള്ളി
  • വൈദ്യുതി
  • ചെരുപ്പ്
  • ഇരുമ്പ്
  • സ്റ്റീല്‍
  • ചെമ്പ്
  • നൈലോണ്‍ തുണി

 

 

കേന്ദ്ര ബജറ്റ്;75 വയസുകഴിഞ്ഞവര്‍ നികുതി റിട്ടേൺ സമര്‍പിക്കണ്ട;രണ്ടരലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെയും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി

keralanews union budget those above 75 years of age not required to file tax returns and those with an annual income of up to 2.5 lakh are also exempted from income tax

ന്യൂഡൽഹി:കേന്ദ്ര ബജറ്റിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക നികുതി ഇളവുകൾ പ്രഖ്യാപിച്ചു. 75 വയസുകഴിഞ്ഞവര്‍ ഇനി മുതൽ നികുതി റിടേണ്‍ സമര്‍പിക്കണ്ട.പെന്‍ഷന്‍, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവര്‍ക്കാണ് ഈ ഇളവ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ പ്രഖ്യാപനം. രണ്ടരലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.വാര്‍ഷിക വരുമാനം 2,50,001 മുതല്‍ അഞ്ച് ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയടക്കണം. നികുതി പുനഃപരിശോധനയ്ക്കുള്ള സമയം മൂന്നു വര്‍ഷമാക്കി കുറച്ചു. നേരത്തെ ഇത് ആറ് വര്‍ഷമായിരുന്നു. പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്.നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കും. കോര്‍പ്പറേറ്റ് നികുതി ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്. നാനൂറോളം കസ്റ്റംസ് നികുതിയിളവുകള്‍ പിന്‍വലിക്കും. പുതിയ കസ്റ്റംസ് നികുതി ഘടന കൊണ്ടുവരും. ചെറുകിട നികുതിദായകര്‍ക്കായി തര്‍ക്ക പരിഹാര പാനല്‍ കൊണ്ടുവരും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു

കേന്ദ്ര ബജറ്റ്;കേരളത്തിന് വമ്പൻ പ്രഖ്യാപനങ്ങൾ; കൊച്ചി മെട്രോക്ക് 1957 കോടി;1100 കിലോമീറ്റർ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ

keralanews central budget big announcements for kerala 1957 crore for kochi metro 65000 crore for 1100 km nh development

ന്യൂഡൽഹി:കേന്ദ്ര ബജറ്റിൽ കേരളത്തിന് വമ്പൻ പ്രഖ്യാപനങ്ങൾ.കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് ബഡ്ജറ്റില്‍ ധനമന്ത്രി അനുവദിച്ചത്. ഇത് മെട്രോ വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. കൊച്ചി മെട്രോയ്ക്കൊപ്പം രാജ്യത്തെ മറ്റുചില മെട്രോ സര്‍വീസുകള്‍ക്കും ബഡ്ജറ്റില്‍ കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് (180 കിലോമീറ്റര്‍ ദൂരം) 63246 കോടിയും ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിനായി 40,700 കോടിരൂപയും നാഗ്പൂര്‍ മെട്രോയ്ക്ക് 5900 കോടിയുമാണ് അനുവദിച്ചിക്കുന്നത്.കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങും.കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പാരാദ്വീപ് തുറമുഖങ്ങള്‍ വികസിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിന് മാത്രമല്ല പശ്ചിമബംഗാളിനും നിര്‍ണായക പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. 675 കി.മി ദേശീയപാതയുടെ നിര്‍മ്മാണത്തിനായി പശ്ചിമ ബംഗാളില്‍ 25,000 കോടി രൂപ അനുവദിച്ചു.

ബജറ്റ് അവതരണം തുടങ്ങി;ഇത് രാജ്യത്തെ ആദ്യ പേപ്പര്‍ രഹിത ബജറ്റ്;പ്രതിഷേധവുമായി പ്രതിപക്ഷവും

keralanews budget presentation begins the first paperless budget in the country

ന്യൂഡല്‍ഹി:രാജ്യത്തെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നു.പൂര്‍ണമായും പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആണ്. ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിന് അനുമതി തേടി രാഷ്ട്രപതിയെ കണ്ടിരുന്നു. ബജറ്റിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നു. ഇതിന് ശേഷമാണ് അവതരണം തുടങ്ങിയത്.കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ ബജറ്റ് വിതരണം ഡിജിറ്റലാക്കിയത്.അതേസമയം ബജറ്റ് അവതരണം തുടങ്ങിയതോടെ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധവുമായി ആദ്യമെത്തിയത് പഞ്ചാബില്‍ നിന്നുള്ള എം.പിമാരാണ്. കറുത്ത ഗൌണ്‍ ധരിച്ചാണ് പഞ്ചാബില്‍ നിന്നുള്ള എംപിമാര്‍ ഇന്ന് പാര്‍ലമെന്‍റിലെത്തിയിട്ടുള്ളത്. അകാലിദള്‍, ആപ് എംപിമാരും പ്രതിഷേധിച്ചു.ഇത് വകവയ്ക്കാതെ നിര്‍മ്മലാ സീതാരാമന്‍ അതവരണം തുടങ്ങി. ആഗോള സമ്പത് വ്യവസ്ഥ തകര്‍ന്നപ്പോഴും രാജ്യം പിടിച്ചു നിന്നുവെന്നും കര്‍ഷകര്‍ക്കും അസംഘടിത വിഭാഗങ്ങള്‍ക്കും പണം എത്തിച്ചെന്നും ധനമന്ത്രി ആമുഖമായി അവകാശപ്പെട്ടു. കോവിഡ് പോരാട്ടത്തില്‍ ജയിച്ചുവെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. രണ്ട് വാക്‌സിനുകള്‍ കൂടി കോവിഡിനെ പ്രതിരോധിക്കാന്‍ ഉടന്‍ വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സമ്പത് വ്യവസ്ഥയെ വളര്‍ച്ചയിലേക്കാണ് നയിക്കാനാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.ബജറ്റ് വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

കരിപ്പൂർ വിമാനാപകടം;പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് ഒന്നര കോടി രൂപ നഷ്ടപരിഹാരം

keralanews two year old girl injured in karipur plane crash gets one and a half crore compensation

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് എയര്‍ ഇന്ത്യ ഒന്നര കോടി രൂപ നഷ്ടപരിഹാരം നല്‍കും.നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ കമ്പനി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചു.അപകടത്തിൽ കുട്ടിയുടെ പിതാവ് കുന്ദമംഗലം സ്വദേശി ഷറഫുദ്ധീൻ മരിച്ചിരുന്നു.വിമാനത്തില്‍ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന അമീനയ്ക്കും മകള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. അമീന ഷെറിനും മകളും മാതാപിതാക്കളും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് എത്രയും വേഗം നല്‍കാന്‍ ജസ്റ്റിസ് എന്‍ നഗരേഷ് ഉത്തരവിട്ടത്.മരിച്ചയാളുടെയും ഭാര്യയുടെയും നഷ്ടപരിഹാരം തീരുമാനിക്കാനുള്ള പൂര്‍ണ്ണ രേഖകള്‍ ലഭിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിന്‍റെ ഭാഗമായി ക്ലെയിം ഫോറം ഉടന്‍ നല്‍കുമെന്ന് ഹര്‍ജിക്കാരും ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് എത്രയും വേഗം അപേക്ഷ നല്‍കാനും പരിഗണിച്ച്‌ നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് കഴിഞ്ഞ ദിവസം 1,51,08,234 രൂപ നഷ്ടപരിഹാരം രണ്ടു വയസുകാരിക്ക് നല്‍കാമെന്ന് വിമാനക്കമ്പനി അറിയിച്ചത്.ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ വിമാനാപകടമുണ്ടായത്. ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിനീങ്ങിയായിരുന്നു അപകടം. പൈലറ്റും കോ-പൈലറ്റും ഉള്‍പ്പെടെ 21 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരുക്കേറ്റു.വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും വിമാന കമ്ബനി 1.19 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നമെന്നായിരുന്നു വിലയിരുത്തല്‍. യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട വിജ്ഞാപനം പ്രകാരമാണ് വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരിക.രാജ്യത്തെ നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മയാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്പ്രസ് വിമാനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 375 കോടി രൂപയുടെ ഇന്‍ഷുറന്‍സാണ് വിമാനത്തിനുള്ളത്. വിമാനടിക്കറ്റ് എടുക്കുമ്പോൾ തന്നെ സ്വാഭാവികമായി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി മുതൽ ഭക്ഷ്യക്കിറ്റിന് പകരം കൂപ്പണ്‍

keralanews coupon instead of food kit for school children in the state

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കിവരുന്ന ഭക്ഷ്യഭദ്രതാ പരിപാടിയില്‍ മാറ്റം വരുത്തി ഉത്തരവായി. കുട്ടികള്‍ക്ക് ഇതുവരെ നല്‍കിയിരുന്ന ഭക്ഷ്യക്കിറ്റുകള്‍ക്ക് പകരം ഇനി മുതൽ കൂപ്പണുകളാകും വിതരണം ചെയ്യുക. അരിയും സണ്‍ഫ്‌ളവര്‍ ഓയിലും ധാന്യങ്ങളും ഉപ്പും ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റുകളായിരുന്നു നേരത്തെ നൽകിയിരുന്നത്.ഇതിനു പകരമാണ് വീടിനടുത്തുള്ള മാവേലി സ്റ്റോറുകളില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാന്‍ പാകത്തില്‍ കൂപ്പണുകള്‍ വിതരണം ചെയ്യുന്നത്. പ്രീ പ്രൈമറി, പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പാചകച്ചെലവ് ഉള്‍പ്പെടെ 300 രൂപയുടെയും യു.പി വിഭാഗം കുട്ടികള്‍ക്ക് 500 രൂപയുടെയും കൂപ്പണുകളാണ് വിതരണം ചെയ്യുക. കിറ്റുകള്‍ സ്‌കൂളുകളില്‍ എത്തിച്ചുകൊടുക്കാനുള്ള മാവേലി സ്റ്റോറുകാരുടെ പ്രയാസം കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഇതനുസരിച്ച്‌ സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കുന്നത് വരെയുള്ള കാലയളവിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സാണ് കൂപ്പണായി വിതരണം ചെയ്യുക. കൂപ്പണുകളില്‍ സാധാരണ സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്യാറുള്ള ഭക്ഷ്യധാന്യത്തിന്റെ അളവും പാചകച്ചെലവ് തുകയും രേഖപ്പെടുത്തും. സപ്ലൈക്കോയുമായുള്ള ധാരണ അനുസരിച്ച്‌ കൂപ്പണ്‍ തുകയുടെ 4.07 % മുതല്‍ 4.87 % വരെയുള്ള തുകയ്ക്ക് കൂടി ഭക്ഷ്യവസ്തുക്കള്‍ ലഭിക്കും. ഈ അധ്യയനവര്‍ഷത്തെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ മുഴുവനായും കേന്ദ്രസര്‍ക്കാര്‍ ഇതിനകം വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി നല്‍കുന്ന ഭക്ഷ്യ കൂപ്പണുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് നമ്പർ കൂടി സ്‌കൂള്‍തലത്തില്‍ നല്‍കുന്ന കൂപ്പണില്‍ രേഖപ്പെടുത്തും.

രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും

keralanews aiswarya kerala yathra led by ramesh chennithala today in kannur kasarkode districts

കണ്ണൂർ:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും.രാവിലെ ഉദുമ മണ്ഡലത്തിലെ പെരിയയിലാണ് ആദ്യ സ്വീകരണം നല്‍കുക.കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ കുമ്പളയിൽ നിന്നാണ് ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കം കുറിച്ചത്. 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ഐശ്വര്യ കേരള യാത്ര 22 ന് തിരുവനന്തപുരത്ത് സമാപിക്കും.