ഭോപ്പാൽ:മധ്യപ്രദേശില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് 39 പേര്‍ മരിച്ചു.നിരവധി പേരെ കാണാതായി. സിദ്ധി ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെ 8.30 തോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.സിദ്ധിയില്‍ നിന്നും സത്‌നയിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. 60 പേര്‍ സഞ്ചരിച്ച ബസ് കനാലിലേയ്ക്ക് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ മുഴുവനും പ്രദേശത്തുള്ളവരാണെന്നാണ് വിവരം.യാത്രാമധ്യേ നിയന്ത്രണം വിട്ട വാഹനം കനാലിലേക്ക് പതിക്കുകയായിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ സേന ഉടന്‍ തന്നെ സ്ഥലത്തെത്തി ക്രെയിനിന്‍റെ സഹായത്തോടെ ബസ് പുറത്തെത്തിച്ചു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ സമീപത്തെ ബന്‍സാഗര്‍ ഡാമിലെ ജലമൊഴുക്കും നിര്‍ത്തി വച്ചിട്ടുണ്ട്. 32 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസില്‍ അമിത തിരക്ക് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഏകദേശം 54 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അതില്‍ ഏഴ് പേരെ രക്ഷാസംഘം രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാദൗത്യം തുടരുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.ചുയ്യ താഴ്വര വഴി പോകേണ്ടിയിരുന്ന ബസ് അവസാന നിമിഷം റൂട്ട് മാറ്റി ഇതുവഴി പോയതാണെന്നാണ് പൊലീസ് പറയുന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഡ്രൈവറുടെ വാക്കുകള്‍ അനുസരിച്ച് ട്രാഫിക് ജാം ഒഴിവാക്കുന്നതിനായാണ് ഈ വഴി തെരഞ്ഞെടുത്തതെന്നാണ് സൂചന.മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സമരം ശക്തമാക്കി ഉദ്യോഗാർത്ഥികൾ; സെക്രെട്ടറിയേറ്റിലേക്ക് ശവമഞ്ചം ചുമന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്
തിരുവനന്തപുരം:ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റ് പടിയ്ക്കലേക്ക് ശവമഞ്ചവും ചുമന്നുകൊണ്ടാണ് ഇന്ന് ഉദ്യോഗാര്‍ത്ഥികളുടെ സമരം.’ഓരോ ഫയലിലും ഓരോ ജീവിതമാണ്, ഇനിയൊരു അനു കേരളത്തിലുണ്ടാവില്ല’ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താണ് പ്രതിഷേധ മാര്‍ച്ച്. പത്ത് ദിവസത്തിലേറെയായി നിരാഹാര സമരം കിടന്നിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉള്ളവരാണ് ശവമഞ്ചം ചുമന്ന് പ്രതിഷേധിക്കുന്നത്.സെക്രട്ടറിയേറ്റിന് മുന്നിലൂടെ മുട്ടിലിഴഞ്ഞും യാചന നടത്തിയുമാണ് ഉദ്യോഗാർഥികൾ ഇന്നലെ നീതിയ്ക്കായി സമരം ചെയ്തത്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ത്രീകൾ അടക്കമുള്ള ഉദ്യോഗാർഥികൾ വിവിധ ജില്ലകളിൽ നിന്ന് സമര പന്തലിൽ എത്തുന്നത്. തസ്തിക സൃഷ്ടിക്കലിലൂടെ മാത്രമേ തങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂവെന്ന് എൽജിഎസ് ഉദ്യോഗാർഥികൾ വ്യക്തമാക്കുമ്പോൾ അത് പ്രയോഗികമല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ.
അതേസമയം ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരപ്പന്തലില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തി.ലാസ്റ്റ് ഗ്രേഡ് സര്‍വീസ് റാങ്ക് ലിസ്റ്റ് ഒന്നര വര്‍ഷം കൂടി നീട്ടണം. സി.പി.ഒ പട്ടികയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജി കോടതിയില്‍ എത്തുമ്പോൾ സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കണം. കോടതി അനുമതിയോടെ ഒരു വര്‍ഷം കൂടി നീട്ടണം. നാഷണല്‍ ഗെയിംസ് ജേതാക്കള്‍ക്കും ജോലി നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.എല്‍.ഡി.എഫ് സര്‍ക്കാര്‍ 134 റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കിയെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഓരോ വകുപ്പുകള്‍ തിരിച്ചുള്ള പട്ടിക വൈകാതെ പുറത്തുവിടും. 33 ലിസ്റ്റ് ഒന്നര വര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 200ല്‍ ഏറെ ആളുകള്‍ക്ക് കൂടി ജോലി കിട്ടിയേനെ. മുഴുവന്‍ ലിസ്റ്റുകളും പരിശോധിക്കുമ്പോൾ ആയിരത്തിലേറെ പേര്‍ക്ക് ജോലി കിട്ടുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സ്വകാര്യ വിപണിയില്‍ കോവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം; അടുത്ത ഘട്ട വിതരണവും സൗജന്യമാകാന്‍ സാധ്യത
ന്യൂഡൽഹി:സ്വകാര്യ വിപണിയില്‍ കോവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.വ്യാജ വാക്‌സിന്‍ എത്താനുള്ള സാധ്യത പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.അതിനിടെ വാക്‌സിന്റെ അടുത്ത ഘട്ട വിതരണവും സൗജന്യമാകാന്‍ സാധ്യത. ഇതുസംബന്ധിച്ച് ചര്‍ച്ച തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മൂന്നാം ഘട്ടത്തില്‍ 50 വയസ്സിനും അതിന് മുകളിലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആലോചിക്കുന്നത്.ഏതാണ്ട് 26 കോടി പേര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ മൂന്നാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനാകുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. സംസ്ഥാനങ്ങളുമായി കൂടി കൂടിയാലോചിച്ച ശേഷമായിരിക്കും സൗജന്യ വാക്‌സിനേഷനില്‍ തീരുമാനമെടുക്കുക എന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.രാജ്യത്ത് തിങ്കളാഴ്ച വരെ 85 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു.98,118 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. അടുത്ത മുന്‍ഗണനാ പട്ടികയില്‍പ്പെട്ടവര്‍ക്ക് മാര്‍ച്ചില്‍ വാക്‌സിന്‍ നല്‍കാനാകുമെന്നും കേന്ദ്രആരോഗ്യമന്ത്രി വ്യക്തമാക്കി.
തളിപ്പറമ്പിലെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; ആഭരണങ്ങളും കൗണ്ടറിലുണ്ടായിരുന്ന അയ്യായിരം രൂപയും കവര്‍ന്നു
കണ്ണൂര്‍:തളിപ്പറമ്പിലെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ശ്രീകോവില്‍ കുത്തിതുറന്ന് ആഭരണങ്ങളും കൗണ്ടറിലുണ്ടായിരുന്ന അയ്യായിരം രൂപയും കവര്‍ന്നു. തളിപ്പറമ്പ് മഴൂര്‍ ബലഭദ്രസ്വാമി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണം നടന്നതായി ശ്രദ്ധയില്‍ പെട്ടത്.സ്വര്‍ണം പൂശിയ അമ്പത്തിരണ്ട് വെള്ളി മോതിരങ്ങള്‍ മോഷണം പോയി. അതേസമയം,പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായില്ല. മോഷണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രണ്ടു ഇരുമ്പ് ദണ്ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. തളിപ്പറമ്പ് എസ് ഐ എ.കെ സജീഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് ജില്ലയിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. ചെറുവാടി പഴംപറമ്പിൽ മുഹ്സിലയാണ് മരിച്ചത് ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം.മുഹ്സില ഉറങ്ങിക്കിടക്കുമ്പോൾ ഷഹീര്‍ കഴുത്തറുക്കുകയായിരുന്നു. ഇവരുടെ മുറിയില്‍ നിന്നും പുലര്‍ച്ചെ വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഷഹീറിന്റെ മാതാപിതാക്കള്‍ വാതില്‍ തട്ടിവിളിച്ചെങ്കിലും ഷഹീര്‍ തുറക്കാന്‍ തയ്യാറായില്ല. പിന്നീട്ട് തൊട്ടടുത്ത വീട്ടിലെ ബന്ധുക്കളെ ഷഹീറിന്റെ മാതാപിതാക്കള്‍ വിളിച്ചുവരുത്തിയാണ് വാതില്‍ തുറന്നത്.വാതില്‍ തുറന്ന ഉടനെ ഷഹീര്‍ പുറത്തേക്ക് ഇറങ്ങിയോടി. അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നാണ് പുറത്തേക്ക് ഓടിയ ഷഹീറിനെ പിടികൂടിയത്. ബന്ധുക്കള്‍ അകത്ത് കയറി നോക്കിയപ്പോഴാണ് മുഹ്സില കൊല്ലപ്പെട്ട വിവരം അറിയുന്നത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മുഹ്സിലയുടെ ശരീരം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ആറ് മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.ഇരുവരും തമ്മില്‍ 10 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. വിവാഹത്തിന് ശേഷം ഷഹീര്‍ പുറത്തേക്ക് ഇറങ്ങാറേയില്ലായിരുന്നു എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.ഭാര്യയെ സംശയമുള്ള ഷഹീര്‍ ഇക്കാരണം പറഞ്ഞ് എല്ലായിപ്പോഴും വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഈ വഴക്ക് തന്നെയാണ് ഇപ്പോള്‍ കൊലപാതകത്തില്‍ കലാശിച്ചിരിക്കുന്നത്. ഇന്നലെയാണ് മുഹ്സില മലപ്പുറം എടവണ്ണ ഒതായിയിലെ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. വീട്ടില്‍ നിന്നും വരാന്‍ വൈകിയതിനെ സംബന്ധിച്ച് കൊല്ലപ്പെടുന്നതിന് മുൻപ് വഴക്കുണ്ടായിരുന്നതായാണ് വിവരം.ഷഹീറിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉള്ളത്. നടപടിക്രമങ്ങള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
പുസ്തകം വില്‍ക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി;കണ്ണൂരിൽ വില്ലേജ് ഓഫീസർ കസ്റ്റഡിയില്‍
കണ്ണൂർ:പുസ്തകം വില്‍ക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ കണ്ണൂരിൽ വില്ലേജ് ഓഫീസർ കസ്റ്റഡിയില്‍.പുഴാതി വില്ലേജ് ഓഫീസർ രഞ്ചിത്ത് (38) ആണ് കസ്റ്റഡിലായത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.വില്ലേജ് ഓഫിസറുടെ പള്ളിക്കുന്ന് പന്നേമ്പാറയിലെ വീട്ടില്‍ പുസ്തകം വില്‍ക്കാനെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇയാൾ കസ്റ്റഡിയിലായത്.
സംസ്ഥാനത്ത് കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് ആര്‍.ടി- പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍, ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ആന്റിജന്‍ ടെസ്റ്റില്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ കൂടി ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമായി നടത്തണം. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തില്‍ ആദ്യം തന്നെ രണ്ട് സാമ്പിളുകളും ശേഖരിക്കണം.ആന്‍റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഉടന്‍ തന്നെ രണ്ടാം സാമ്പിൾ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്‍റെ പുതിയ മാര്‍ഗനിര്‍ദേശം.കഴിഞ്ഞദിവസം ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5073 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 165 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 543, എറണാകുളം 378, കോഴിക്കോട് 281, കോട്ടയം 279, ആലപ്പുഴ 250, തിരുവനന്തപുരം 176, കൊല്ലം 190, തൃശൂര്‍ 168, കണ്ണൂര്‍ 102, പത്തനംതിട്ട 98, പാലക്കാട് 39, വയനാട് 68, ഇടുക്കി 39, കാസര്‍ഗോഡ് 40 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 6, കോഴിക്കോട് 5, കണ്ണൂര്‍ 4, എറണാകുളം 3, മലപ്പുറം 2, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5073 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 302, കൊല്ലം 801, പത്തനംതിട്ട 482, ആലപ്പുഴ 353, കോട്ടയം 489, ഇടുക്കി 104, എറണാകുളം 502, തൃശൂര്‍ 477, പാലക്കാട് 174, മലപ്പുറം 649, കോഴിക്കോട് 336, വയനാട് 104, കണ്ണൂര്‍ 231, കാസര്‍ഗോഡ് 69 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3998 ആയി. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 32 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നു;140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി
തിരുവനന്തപുരം: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി. പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെയാണ് 140 തസ്തികകള്‍. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം അധ്യായന ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കിക്കൊണ്ടാണ് വയനാട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ആദ്യ വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തസ്തികകള്‍ സൃഷ്ടിച്ചതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.1 പ്രിന്‍സിപ്പാള്‍, 6 പ്രൊഫസര്‍, 21 അസോ. പ്രൊഫസര്‍, 28 അസി. പ്രൊഫസര്‍, 27 സീനിയര്‍ റസിഡന്റ്, 32 ട്യൂട്ടര്‍/ ജൂനിയര്‍ റെസിഡന്റ് എന്നിങ്ങനെയാണ് 115 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്.വയനാട് ജില്ലയിൽ പുതിയ മെlക്കൽ കോളേജ് ആരംഭിക്കുന്നതിന് കിഫ്ബി വഴി 300 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. വയനാട് ഉൾപ്പെടെയുള്ള പുതിയ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സ്പെഷ്യാലിറ്റി സർവീസുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെ നിയോഗിക്കുന്നതാണെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.
സെക്രട്ടറിയേറ്റിന് മുന്നില്‍ നിയമനത്തിനായി മുട്ടിലിഴഞ്ഞ് സമരം ചെയ്‌ത് എല്‍ ജി എസ് റാങ്ക് ജേതാക്കള്‍;കനത്ത ചൂടിൽ കുഴഞ്ഞു വീണ് ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം:സെക്രട്ടറിയേറ്റിന് മുന്നില്‍ നിയമനത്തിനായി മുട്ടിലിഴഞ്ഞ് സമരം ചെയ്‌ത് എല്‍ ജി എസ് റാങ്ക് ജേതാക്കള്‍. പൊരിവെയിലില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ പലരും കുഴഞ്ഞുവീണു.എന്തുവന്നാലും തങ്ങളുടെ സഹനസമരം തുടരുമെന്നാണ് ഇന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചത്. കുഴഞ്ഞുവീണവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച സമരത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ ആത്മഹത്യാ ശ്രമം നടത്തിയതും മണ്ണെണ്ണ ദേഹത്തൊഴിച്ച് സമരം നടത്തിയതും വലിയ വിമര്‍ശനത്തിന് ഇടയാക്കി. തുടര്‍ന്ന് സഹനസമര രീതിയിലേക്ക് മാറിയ ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം അവരുടെ കുടുംബവുമൊത്ത് സമരം ചെയ്‌തിരുന്നു. ശയനപ്രദക്ഷിണമായിരുന്നു കഴിഞ്ഞ ദിവസത്തെ സമരമാര്‍ഗം.ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി നീട്ടുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങളോട് മന്ത്രിസഭാ യോഗത്തില്‍ അനുഭാവ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരക്കാര്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധം നടത്തിയത്.അതേസമയം, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പിഎസ്‌സിക്ക് വിട്ട തസ്തികകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നിര്‍മിതി കേന്ദ്രത്തില്‍ 16 പേരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ് സ്ഥിരപ്പെടുത്തുന്നത്. തുടര്‍നടപടിക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ടൂറിസം വകുപ്പിലും സ്ഥിരപ്പെടുത്തലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 90 താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഹയര്‍ സെക്കന്‍ഡറിയില്‍ പുതിയ വകുപ്പുകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന്, ചട്ടങ്ങള്‍ പാലിക്കുന്നവ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്ഥിരപ്പെടുത്താനുള്ള അപേക്ഷകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് മുഖ്യമന്ത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നേരത്തെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ ആറുമാസം നീട്ടിയിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ട നിലപാട്. ഇന്ന് മന്ത്രിസഭാ യോഗത്തിലെത്തിയ പകുതി അജണ്ടകള്‍ അടുത്ത ബുധനാഴ്ച ചേരുന്ന യോഗത്തില്‍ പരിഗണിക്കാനായി മാറ്റി.