രാജ്യത്ത് ആദ്യമായി പെട്രോള്‍വില മൂന്നക്കം പിന്നിട്ടു

keralanews petrol price croses three digit in the country first time

ന്യൂഡൽഹി:രാജ്യത്ത് ആദ്യമായി പെട്രോള്‍വില മൂന്നക്കം പിന്നിട്ടു.പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.രാജസ്ഥാനിലാണ് പെട്രോളിന്റെ വില ലിറ്ററിന് 100 പിന്നിട്ടത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ ഒ സി) പമ്പുകളിലാണ് പെട്രോള്‍ വില നൂറ് കഴിഞ്ഞ് കുതിക്കുന്നത്. ഇന്ന് രാവിലെയുണ്ടായ വിലക്കയറ്റത്തിന് ശേഷം ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 89.54 രൂപയും ഡീസലിന് 79.95 രൂപയുമാണ് വില. മുംബയില്‍ പെട്രോള്‍ വില ലിറ്ററിന് 96 രൂപയും ഡീസലിന് 86.98 രൂപയുമാണ്.നവംബര്‍ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയത്. 2018ല്‍ പെട്രോള്‍,ഡീസല്‍ വില കുതിച്ച്‌ കയറിയതോടെ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്‌ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണ കമ്പനികൾ ലിറ്ററിന് ഒരു രൂപ കുറയ്‌ക്കുകയും ചെയ്‌തിരുന്നു.ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്.

വാഹന രജിസ്ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാൻ കേന്ദ്രസർക്കാർ നീക്കം

keralanews central govt plans to make vehicle registration completely online

ന്യൂഡൽഹി: വാഹന രജിസ്ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാൻ കേന്ദ്രസർക്കാർ നീക്കം.ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയതായും ഈ അഭിപ്രായം ലഭിച്ചാല്‍ 14 ദിവസത്തിനകം അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയേക്കും.പുതിയ വാഹനം വാങ്ങുമ്പോൾ ആര്‍ടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന കാലങ്ങളായുള്ള നടപടിക്രമങ്ങള്‍ അന്തിമവിജ്‍ഞാപനം വരുന്നതോടെ അവസാനിക്കും . നിലവിലെ രീതി അനുസരിച്ച്‌ രജിസ്ട്രേഷനു മുന്നോടിയായി പുതിയ വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. എന്‍ജിന്‍, ഷാസി നമ്പറുകൾ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഈ പരിശോധന.എന്നാല്‍ ‘വാഹന്‍’ സോഫ്റ്റ് വേര്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ സംവിധാനത്തിലേക്കു രാജ്യം നീങ്ങിയതോടെ ഇത്തരം പരിശോധനകള്‍ അനാവശ്യമാണെന്നാണു കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.മുൻപ് വാഹനത്തിന്റെ വിവരങ്ങള്‍ ഷോറൂമുകളില്‍ നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് വാഹന്‍ സോഫ്റ്റ് വേറില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നത് . കമ്പനിയുടെ പ്ലാന്റില്‍നിന്നും ഒരു വാഹനം പുറത്തിറക്കുമ്പോൾ ന്നെ എന്‍ജിന്‍, ഷാസി നമ്പറുകൾ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ‘വാഹന്‍’ പോര്‍ട്ടലില്‍ എത്തിയിരിക്കും.ഷാസി വാങ്ങിയ ശേഷം ബോഡി നിര്‍മിക്കേണ്ടി വരുന്ന ബസ്, ലോറി പോലെയുള്ള വാഹനങ്ങള്‍ ഇപ്പോഴുള്ളതു പോലെ പോലെ ആര്‍ടി ഓഫീസില്‍ എത്തേണ്ടിവരും. ഇവയുടെ രജിസ്ട്രേഷന് ഓണ്‍ലൈന്‍ നടപടികള്‍ മാത്രം പോര എന്നതിനാലാണിത്. ഷാസിക്കുമാത്രമാണ് താത്കാലിക പെര്‍മിറ്റ് നല്‍കുന്നത് എന്നതിനാല്‍ ഇവ ആര്‍ടി ഓഫിസില്‍ കൊണ്ടുവരണം. വ്യവസ്ഥകള്‍ പാലിച്ചാണോ ബോഡി നിര്‍മിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന.അതെ സമയം വാഹനം വിറ്റാല്‍ ഉടമസ്ഥാവകാശകൈമാറ്റവും ഇനി ഓണ്‍ലൈന്‍ വഴിയാകും.പഴയ വാഹനത്തിന്റെ ആര്‍സി ബുക്ക് ഉള്‍പ്പെടെ രേഖകള്‍ ആര്‍ടി ഓഫിസില്‍ തിരിച്ചേല്‍പിക്കണമെന്ന വ്യവസ്ഥയ്ക്കും മാറ്റം വരുത്തും. ഇനിമുതല്‍ വാഹനം വില്‍ക്കുന്നയാള്‍ തന്നെ വാങ്ങുന്നയാള്‍ക്ക് നേരിട്ട് രേഖകള്‍ കൈമാറിയാല്‍ മതി.

വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

keralanews man died who attempts suicide in protest of disconnecting electricity

തിരുവനന്തപുരം:വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു.നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി സനിലാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സനില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയാണ് മരിച്ചത്.ബില്‍ കുടിശിക ഉണ്ടായിരുന്നതിനാല്‍ സനലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാന്‍ കെ‌എസ്‌ഇ‌ബി അധികൃതര്‍ ഇന്നലെ എത്തിയിരുന്നു. എന്നാല്‍ സനല്‍ വീട്ടില്‍ ഇല്ലായിരുന്നതിനാല്‍ ഇന്ന് പണം അടയ്ക്കാമെന്ന് അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി. എന്നാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടല്‍ കാരണം കെഎസ്‌ഇബി വൈദ്യുതി വിച്ഛേദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആശുപത്രിയില്‍ വച്ചാണ് സനില്‍ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ആരോപണം ഉന്നയിച്ചത്. താന്‍ മത്സരിച്ചതിലെ പ്രതികാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നിലെന്നായിരുന്നു സനിലിന്റെ ആരോപണം. പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായിരുന്നു സനില്‍.എന്നാല്‍ മാസങ്ങളുടെ വൈദ്യുതി കുടിശ്ശികയുണ്ടെന്ന് കെഎസ്‌ഇബി പറഞ്ഞു.ലോക്ഡൗണ്‍ ഇളവ് വന്നതിനുശേഷം കുടിശ്ശിക അടക്കാനുള്ള ഉപഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കി വൈദ്യുതി ബന്ധം വിഛേദിക്കുന്നത് പതിവാണെന്നും അത്തരത്തില്‍ കഴിഞ്ഞദിവസം പ്രദേശത്ത് പത്തിലധികം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു എന്നും കെഎസ്‌ഇബി അധികൃതരും വ്യക്തമാക്കി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2021-2022 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു

keralanews kannur corporation presented annual budget for the financial year 2021-2022

കണ്ണൂര്‍:കോര്‍പ്പറേഷന്‍ 2021-2022 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബജറ്റ് ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍ അവതരിപ്പിച്ചു.378,15,65,300 രൂപ വരവും 377,10,95,776/ രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.ബദല്‍ വരുമാന മാര്‍ഗമെന്ന നിലയില്‍ 100 കോടി രൂപ കടപ്പത്രത്തില്‍ കൂടി കണ്ടെത്താനുള്ള നിര്‍ദ്ദേശവും ബജറ്റിലുണ്ട്. 10 വര്‍ഷം കൊണ്ട് തിരിച്ചടക്കാവുന്ന രീതിയിലാണ് കടപ്പത്രം സ്വീകരിക്കുക.കേന്ദ്രസര്‍ക്കാര്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി കോര്‍പ്പറേഷന്‍ വികസനത്തിനായി കൊണ്ടുവന്ന പദ്ധതികള്‍ ബജറ്റില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. ജലദൗര്‍ലഭ്യം ഇപ്പോഴും അനുഭവിക്കുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ ബജറ്റില്‍ രണ്ട് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ സ്വന്തമായി സ്ഥലമുണ്ടെങ്കിലും വീട് വെക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് പ്രധാന്‍ മന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി നഗരസഭാ വിഹിതമായി രണ്ട് ലക്ഷം രൂപ നല്‍കും. സ്ഥലവും വീടുമില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ച്‌ നല്‍കാനും പദ്ധതിയുണ്ട്. ഇതിനായി മൂന്ന് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

വര്‍ഷങ്ങളുടെ പഴക്കമുള്ള കോര്‍പ്പറേഷന് പുതിയ കെട്ടിട സമുച്ഛയമെന്ന നിർദേശം ഇത്തവണത്തെ ബജറ്റിലും ഒന്നാമത്തെ നിർദേശമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും എത്രത്തോളം നടപ്പാക്കാന്‍ സാധിക്കുമെന്നതില്‍ ഇപ്പോഴും അവ്യക്തതയാണ്. കണ്ണൂര്‍ മുനസിപ്പാലിറ്റിയായിരുന്ന സമയത്ത് തന്നെ ഈ നിര്‍ദ്ദേശം നിലവിലുണ്ട്. എന്നാല്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റി കോര്‍പ്പറേഷനായി മാറിയിട്ടും ഇതുവരെ ടെണ്ടര്‍ നടപടിപോലും പൂര്‍ത്തിയായിട്ടില്ല. 25 കോടി രൂപയാണ് പുതിയ ആസ്ഥാനമന്ദിരത്തിനുള്ള നിര്‍മ്മാണ ചെലവായി കണക്കാക്കുന്നത്. മൃഗങ്ങളും കന്നുകാലികളും മറ്റ് വളര്‍ത്തുമൃഗങ്ങളും അലഞ്ഞ് തിരിയുന്ന നായ്ക്കളും ചത്താല്‍ സംസ്‌കരിക്കുന്നതിനുള്ള ആനിമല്‍ ക്രിമറ്റോറിയം നിർമാണത്തിനായി 10 ലക്ഷം രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. പയ്യാമ്പലത്തെ ആധുനിക ക്രിമറ്റോറിയത്തിനും ബജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിലവില്‍ രണ്ട്  ചേമ്പറുള്ള ക്രിമറ്റോറിയത്തിന്റെ പ്രവര്‍ത്തനം നടന്നു വരികയാണ്. ഇതിനു പുറമേ മൂന്ന് ചേമ്പറുള്ള ക്രിമറ്റോറിയം കൂടി നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. പയ്യാമ്പലത്ത് ഇപ്പോഴും പാരമ്പര്യ രീതീയില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിക്കുന്നത്. ശുചിത്വ നഗരം സുന്ദര നഗരം ക്യാമ്പയിനിന്റെ ഭാഗമായി നഗരശുചീകരണത്തിനായി യന്ത്രവല്‍കൃത വാഹനങ്ങള്‍ (മെക്കനൈസ്ഡ് വെഹിക്കിള്‍)വാങ്ങും. റോഡിലെ പൊടിപടലങ്ങളടക്കം വലിച്ചെടുക്കുന്ന സംവിധാനമാണ് നടപ്പിലാക്കുക. നഗരത്തിലെ റോഡുകളുടെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേക രീതിയിലുള്ള എക്‌സ്‌കവേറ്റര്‍ വാങ്ങും. ഒരു കോടി മൂപ്പത് ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. കക്കാട് പുഴയെ പുനരുജ്ജീവിപ്പിക്കുന്നതിനായും മറ്റ് ടൂറിസം സാധ്യതകള്‍ കണ്ടെത്തി നടപ്പാക്കുകയും ചെയ്യുന്നതിനായി ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.

സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി

keralanews government should be ready for discussions with the candidates on strike says oomen chandi

കണ്ണൂർ:സെക്രെട്ടറിയേറ്റിനു മുൻപിൽ സമരം നടത്തുന്ന പി എസ്.സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി.അവരെ കേള്‍ക്കാതെയാണ് മുഖ്യമന്ത്രി തന്നെ ആക്ഷേപിക്കുന്നത്.അധിക്ഷേപത്തില്‍ പരാതിയില്ല.മുൻപും നിരവധി അധിക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്.കല്ലെറിഞ്ഞപ്പോഴും പ്രതിഷേധിക്കാന്‍ നിന്നിട്ടില്ല.സമരക്കാരുമായി ചര്‍ച്ച നടത്തിയാല്‍ ആരാണ് അവരുടെ കാലുപിടിക്കേണ്ടത് എന്ന കാര്യം മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു.ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാട്ടിയത് യു.ഡി.എഫ് സര്‍ക്കാരാണ്. പകരം റാങ്ക് പട്ടിക നിലവില്‍ വരാതെ ഒറ്റ പി.എസ്.സി റാങ്ക് പട്ടികയും യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പി.എസ്.സിയുടെ ഒരു റാങ്ക്പട്ടികയുടെ കാലാവധി പരമാവധി മൂന്നു വര്‍ഷമാണ്. പുതിയ പട്ടിക വന്നിട്ടില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി കാലാവധി നീട്ടാന്‍ സര്‍ക്കാറിന് സാധിക്കും. ഇത്തരത്തില്‍ എല്ലാ റാങ്ക് പട്ടികകളും തന്‍റെ ഭരണകാലത്ത് നീട്ടിയിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.പി.എസ്.സി പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ കടന്നുകൂടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.ഇപ്പോള്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയത് യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസില്‍ പ്രതികളായ സി.പി.എമ്മിന്‍റെ വിദ്യാര്‍ഥി സംഘടനാ നേതാക്കളായിരുന്നു.ഒരു ലക്ഷം പേര്‍ എഴുതിയ പരീക്ഷയില്‍ പഠിക്കാന്‍ സമര്‍ഥരല്ലാത്ത ഈ നേതാക്കള്‍ക്കാണ് ആദ്യ രണ്ട് റാങ്കുകള്‍ കിട്ടിയത്. സംഭവം വിവാദമായതോടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി. പൊലീസിന്‍റെ നിരീക്ഷണത്തില്‍ വീണ്ടും പരീക്ഷ നടത്തിയപ്പോള്‍ ഈ നേതാക്കള്‍ക്ക് പൂജ്യം മാര്‍ക്കാണ് ലഭിച്ചത്.ഇതോടെ പി.എസ്.സി അവരെ അയോഗ്യരാക്കി. കേസില്‍ പ്രതികളായ മൂന്ന് പേരുടെ ജോലി നഷ്ടമായതിന്റെ പ്രതികാരമായാണ് മറ്റുള്ളവര്‍ക്കും ജോലി നല്‍കാത്തത്.ഇതാണ് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ തന്നോട് കരഞ്ഞു പറഞ്ഞത്. തട്ടിപ്പ് പുറത്തായതോടെ റാങ്ക് പട്ടിക ആറു മാസം മരവിപ്പിച്ചു. കിട്ടേണ്ട നീതി കിട്ടിയില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. ഉദ്യോഗാര്‍ഥികളോട് സംസാരിക്കാതെ മുഖ്യമന്ത്രിക്ക് ഇത് എങ്ങനെ മനസിലാകും. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളോട് മുഖ്യമന്ത്രി സംസാരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് മ​ല​യാ​ളി പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പി​ടി​യി​ലായി

keralanews two malayalee popuar front workers arrested with explosives in utharpradesh

ലക്നോ: സ്‌ഫോടക വസ്തുക്കളുമായി മലയാളികളായ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിലായി.പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശി അന്‍സാദ് ബദറുദീന്‍,കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ എന്നിവരെയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.അന്‍സാദിനെ കാണ്‍മാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം ഭാര്യ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഓര്‍ഗനൈസറാണ്.യുപിയിലെ വിവിധ മേഖലകളില്‍ ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ എത്തിയവരാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നിന്നും 250 കിലോ പഴകിയ മത്സ്യങ്ങള്‍ പിടികൂടി

keralanews 250kg stale fish seized from kozhikode central market

കോഴിക്കോട്: കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യം പിടികൂടി.പഴകിയ 250 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായ തെര്‍മോകോള്‍ ബോക്‌സുകളിലും കേടുവന്ന ഫ്രീസറുകളിലുമായാണ് മത്സ്യങ്ങള്‍ സൂക്ഷിച്ചിരുന്നത്.വി പി ഇസ്മയില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്റ്റാളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 4,937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;5439 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 4937 covid cases confired in the state today 5439 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4,937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം 373, മലപ്പുറം 345, പാലക്കാട് 217, കണ്ണൂര്‍ 182, വയനാട് 135, കാസര്‍കോട് 126, ഇടുക്കി 66 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,352 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 340 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 626, കൊല്ലം 540, പത്തനംതിട്ട 491, തൃശൂര്‍ 491, കോട്ടയം 431, കോഴിക്കോട് 407, ആലപ്പുഴ 361, തിരുവനന്തപുരം 250, മലപ്പുറം 322, പാലക്കാട് 118, കണ്ണൂര്‍ 143, വയനാട് 131, കാസര്‍കോട് 109, ഇടുക്കി 58 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.29 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, തൃശൂര്‍, പാലക്കാട് 3 വീതം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, വയനാട് 2 വീതം, കൊല്ലം, കോട്ടയം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5439 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 368, കൊല്ലം 331, പത്തനംതിട്ട 589, ആലപ്പുഴ 214, കോട്ടയം 699, ഇടുക്കി 113, എറണാകുളം 486, തൃശൂര്‍ 494, പാലക്കാട് 185, മലപ്പുറം 570, കോഴിക്കോട് 866, വയനാട് 150, കണ്ണൂര്‍ 267, കാസര്‍ഗോഡ് 107 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 2 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട്‌സ്‌പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടില്ല.

ഡോളർ കടത്ത് കേസില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് ജാമ്യം

keralanews unitac md santhosh eeppan got bail in dolar smuggling case

കൊച്ചി:ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെ ജാമ്യം നല്‍കാമെന്ന് കസ്റ്റംസ് അറിയിച്ചു.വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റംസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. സന്തോഷ് ഈപ്പനെ മെഡിക്കല്‍ പരിശോധനയ്ക്ക് അതിന് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.ഡോളര്‍ കടത്ത് കേസില്‍ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ മറ്റു പ്രതികള്‍ക്ക് കമ്മീന്‍ തുക നല്‍കിയിരുന്നു. ഈ തുക ഡോളറാക്കി മാറ്റിയതിന് പിന്നില്‍ സന്തോഷ് ഈപ്പനാണെന്ന് കസ്റ്റംസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.നിലവില്‍ നാല് പേരാണ് ഡോളര്‍ കടത്ത് കേസില്‍ പ്രതികളായിട്ടുള്ളത്. കേസില്‍ അഞ്ചാംപ്രതിയാണ് ഇപ്പോള്‍ സന്തോഷ് ഈപ്പന്‍. സരിത്ത്, സ്വപ്ന, സന്ദീപ്, ശിവശങ്കര്‍ എന്നിവരാണ് ആദ്യം പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്.

ദിഷ രവിയെ അറസ്റ്റ് ചെയ്തത് നിയമാനുസൃതം; നിയമത്തിന് ഇരുപത്തിരണ്ടുകാരിയെന്നോ അന്‍പതുകാരിയെന്നോ ഇല്ലെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്‌എന്‍ ശ്രീവാസ്തവ

keralanews disha ravis arrest is legal and doesnt differentiate between a 22 year old or 50 year old says delhi police commissioner s n shrivastava

ന്യൂഡല്‍ഹി: നിയമത്തിന് ഇരുപത്തിരണ്ടുകാരിയെന്നോ അന്‍പതുകാരിയെന്നോ ഇല്ലെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്‌എന്‍ ശ്രീവാസ്തവ.ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദഹം.ഇരുപത്തിരണ്ടുകാരിയെ അറസ്റ്റ് ചെയ്തതില്‍ പൊലീസിനു വീഴ്ച പറ്റിയെന്നൊക്കെ ആളുകള്‍ പറയുന്നതില്‍ ഒരു കാര്യവുമില്ല.ദിഷ രവിയെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.കര്‍ഷക സമരവുമായി ബന്ധപ്പെട്ട, പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബെര്‍ഗിന്റെ ട്വീറ്റാണ് ദിഷയ്ക്കെതിരായ കേസിന് ആധാരം. ജനുവരി 26ന് നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച്‌ ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് രേഖയില്‍ കര്‍ഷകസമരങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അവര്‍ ചെയ്യേണ്ടതുമായ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.വിവാദമായ ഈ കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് കേന്ദ്രത്തിന്റെയും പൊലീസിന്റെയും വാദം. ഇന്ത്യയെയും കേന്ദ്ര സര്‍ക്കാരിനെയും അന്താരാഷ്ട്രതലത്തില്‍ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു.ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ ദിഷ ടൂള്‍കിറ്റ് സമര പരിപാടികള്‍ പ്രചരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ടൂള്‍കിറ്റ് എഡിറ്റ് ചെയ്തുവെന്നതും അറസ്റ്റിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.