കൊച്ചി: മധ്യപ്രദേശിൽ പ്രളയത്തിൽപ്പെട്ട് മരിച്ച എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന് വിട നൽകി രാജ്യം.ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.പച്ചാളം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. നേരത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ഉച്ചയ്‌ക്ക് രണ്ടേകാലോടെയാണ് ക്യാപ്റ്റൻ നിർമ്മലിന്റെ ഭൗതികദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം വൈകിട്ട് മൂന്നരയോടു കൂടി മാമംഗലത്തെ ഭാഗ്യതാര നഗറിലെ വീട്ടിൽ എത്തിച്ചു. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി പിരാജീവ് അന്തിമോപചാരം അർപ്പിച്ചു.സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി പിരാജീവ് അന്തിമോപചാരം അർപ്പിച്ചു. ഹൈബി ഈഡൻ എംപി, ടിജെ വിനോദ് എംഎൽഎ, കളക്ടർ രേണു രാജ് തുടങ്ങി ജനപ്രതിനിധികളും ക്യാപ്റ്റൻ നിർമ്മലിന് അന്തിമോപചാരം അർപ്പിക്കുന്നതിനായി വീട്ടിലെത്തി.നിർമ്മൽ സഞ്ചരിച്ചിരുന്ന വാഹനം ഉൾപ്പെടെ രണ്ടു ദിവസം മുമ്പ് പ്രളയത്തിൽപ്പെടുകയായിരുന്നു. ജബൽപൂരിൽ നിന്നും ജോലി സ്ഥലമായ പച്മഡിലേയ്‌ക്ക് പോകുന്നതിനിടെയാണ് ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി നിർമലിനെ കാണാതാകുന്നത്.ച്മഡിൽ ചൈനീസ് കോഴ്‌സ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു നിർമൽ. ജബൽപൂരിൽ സൈന്യത്തിൽ ക്യാപ്റ്റനായ ഭാര്യയെ സന്ദർശിച്ച ശേഷം മങ്ങുമ്പോഴാണ് സഞ്ചരിച്ച വാഹനം പ്രളയത്തിൽപ്പെടുന്നത്.തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെ നിർമ്മൽ സഞ്ചരിച്ചിരുന്ന വാഹനം പട്‌നിയെന്ന സ്ഥലത്ത് ഉണ്ടായ പ്രളയത്തിൽ ഒഴുകിപ്പോയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഒരു കിലോമീറ്റർ മാറി നിർമലിന്റെ മൃതദേഹവും കണ്ടെടുത്തു.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍;കിറ്റിൽ തുണി സഞ്ചി അടക്കം പതിനാല് ഇനങ്ങള്‍
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കുള്ള ഓണ ഭക്ഷ്യ കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും. 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും.ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം അന്നേദിവസം തന്നെ ജില്ലാ കേന്ദ്രങ്ങളില്‍ വച്ച് ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിര്‍വഹിക്കുന്നതാണ്.തുണി സഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഓഗസ്റ്റ് 25, 26, 27 എന്നീ തീയതികളില്‍ പി.എച്ച്.എച്ച്(പിങ്ക്) കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം നടത്തും. സെപ്റ്റംബര്‍ 4, 5, 6, 7 എന്നീ തീയതികളില്‍ നിശ്ചയിക്കപ്പെട്ട തീയതികളില്‍ വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടകള്‍ക്കും കിറ്റ് വാങ്ങാവുന്നതാണ്. സെപ്റ്റംബര്‍ 4 ഞായറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും. സെപ്റ്റംബര്‍ 7-ാം തീയതിക്കു ശേഷം സൗജന്യ ഭക്ഷിക്കിറ്റുകളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം,മില്‍മ നെയ്യ് 50 മി.ലി.,ശബരി മുളക്പൊടി 100 ഗ്രാം,ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം,ഏലയ്ക്ക 20 ഗ്രാം,ശബരി വെളിച്ചെണ്ണ 500 മി.ലി.,ശബരി തേയില 100 ഗ്രാം,ശര്‍ക്കരവരട്ടി / ചിപ്സ് 100 ഗ്രാം,ഉണക്കലരി 500 ഗ്രാം,പഞ്ചസാര 1 കി. ഗ്രാം,ചെറുപയര്‍ 500 ഗ്രാം,തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 കി. ഗ്രാം,തുണി സഞ്ചി ഒരെണ്ണം എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇനങ്ങൾ.
കണ്ണൂര്‍ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കത്തി;ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
കണ്ണൂര്‍: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കത്തി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.കര്‍ണ്ണാടക ചീക്ക് മംഗ്ഗൂര്‍ സ്വദേശിയായ ഷംഷിര്‍ (25) ആണ് മരണപെട്ടത്.സുഹൃത്തായ കൂടെയുണ്ടായിരുന്ന ബൈക്ക് യാത്രികനായ മാലിക്ക് (26) നെ ഗുരുതരമായി പൊള്ളലേറ്റ് കണ്ണൂര്‍ പരിയാരം ഗവ: മെഡിക്കല്‍ കോളേജ് തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി- പാപ്പിനിശേരി കെ.എസ്.ടി.പി.റോഡിലാണ് അപകടമുണ്ടായത്.ഇരു വാഹനങ്ങളും പൂര്‍ണ്ണമായും പൂര്‍ണ്ണമായും കത്തി നശിച്ചു.വാഹനങ്ങള്‍ തമ്മിലുണ്ടായ ഇടിയെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ മോറാഴ സ്വദേശി രാധാകൃഷ്ണന്‍ ഇറങ്ങിയോടിയതിനാന്‍ അത്ഭുതകരമായി രക്ഷപെട്ടു. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. സ്വിഫ്റ്റ് കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് തന്നെ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചിരുന്നു.
കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ വിവാദ നിയമനം മരവിപ്പിച്ച് ഗവർണർ;നടപടി ചാൻസിലർ എന്ന അധികാരം ഉപയോഗിച്ച്
തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ പ്രിയവർഗീസ് ഉൾപ്പെട്ട വിവാദ നിയമനം മരവിപ്പിച്ച് ഗവർണർ.ചാന്‍സിലര്‍ എന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി.പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ നടപടി.താന്‍ ചാന്‍സിലര്‍ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ല എന്നും ചട്ടലംഘനങ്ങള്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന വൈസ് ചാന്‍സലറുടെ പ്രഖ്യാപനം.റിസർച്ച് സ്‌കോർ 651 ഉള്ള ജോസഫ് സ്‌കറിയയേയും 645 ഉള്ള സി ഗണേഷിനേയും തഴഞ്ഞ് എറ്റവും കുറഞ്ഞ റിസർച്ച് സ്‌കോറായ 156 മാത്രമുളള പ്രിയ വർഗീസിന് നിയമനം നൽകി എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഇതൊക്കെ കണക്കിലെ കളിയാണെന്നും തനിക്ക് എല്ലാ യോഗ്യതയും ഉണ്ടെന്നും വാദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ് പ്രിയ വർഗ്ഗീസ് രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. ചട്ടങ്ങള്‍ മറികടന്നാണ് പ്രിയ വര്‍ഗീസിന്റെ നിയമനം എന്ന ആരോപണവും വിമര്‍ശനങ്ങളും നിലനില്‍ക്കവെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്‍.തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപകയായിരുന്നു പ്രിയ വര്‍ഗീസ്. കഴിഞ്ഞ നവംബറിലാണ് മലയാളം ഡിപ്പാര്‍ട്ട്മെന്റിലെ ഒഴിവിലേക്ക് അഭിമുഖം നടത്തിയത് അതില്‍ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തു. ഇത് പിന്നീട് വിവാദമായി മാറുകയും നിയമനം നല്‍കാതെ താല്‍ക്കാലികമായി റാങ്ക് പട്ടിക മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ജൂലൈയില്‍ കൂടിയ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് റാങ്ക് പട്ടികയ്ക്ക് അംഗീകാരം നല്‍കി.
പുതിയ ലഗേജ് നിയമങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ;അധിക ബാഗേജ് കൊണ്ടുപോകുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടി വരും
ന്യൂഡൽഹി: പുതിയ ലഗേജ് നിയമങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.യാത്രയ്ക്കിടെ അധിക ബാഗേജ് കൊണ്ടുപോകുന്നതിന് ഇനി മുതൽ കൂടുതല്‍ പണം നല്‍കേണ്ടിവരും. യാത്രയ്ക്കിടെ ഇനി കൂടുതല്‍ ലഗേജ് ഉണ്ടെങ്കിൽ അത് ലഗേജ് വാനില്‍ ബുക്ക് ചെയ്യണം.ഏതെങ്കിലും യാത്രക്കാരന്‍ നിശ്ചിത മാനദണ്ഡത്തേക്കാള്‍ കൂടുതല്‍ ഭാരം വഹിക്കുന്നതായി കണ്ടെത്തിയാല്‍, അവരില്‍ നിന്ന് അധിക ഫീസ് ഈടാക്കും. യാത്രക്കാരന് 109 രൂപ നല്‍കി ലഗേജ് വാന്‍ ബുക്ക് ചെയ്യാം.40 കിലോ മുതല്‍ 70 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങള്‍ ട്രെയിന്‍ കമ്പാർട്ടുമെന്റിൽ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഓരോ കോച്ചിനും അനുസരിച്ച് ലഗേജുകള്‍ക്ക് റെയില്‍വേ പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് അധിക തുക നല്‍കാതെ 40 കിലോ വരെ ലഗേജ് കൊണ്ടുപോകാം. അതുപോലെ, എസി ടു ടയറില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 50 കിലോഗ്രാം വരെ ഭാരമുള്ള ലഗേജുകള്‍ കൊണ്ടുപോകാന്‍ അനുവാദമുണ്ട്, ഫസ്റ്റ് ക്ലാസ് എസിയില്‍ പരമാവധി 70 കിലോഗ്രാം വരെ. അധിക തുക നല്‍കി ഈ പരിധി 80 കിലോ വരെ വര്‍ധിപ്പിക്കാം.
രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ‘കേരള സവാരി’ക്ക് തുടക്കം; രാജ്യത്തിനാകെ മാതൃകയെന്ന് പിണറായി
തിരുവനന്തപുരം: രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കേരള സവാരിക്ക് തുടക്കമായി.തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.പുതിയ ഉദാരവല്‍ക്കരണ നയങ്ങള്‍ പരമ്പരാഗത തൊഴില്‍ മേഖലകളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തില്‍ ചൂഷണമില്ലാത്ത ഒരു വരുമാന മാര്‍ഗം മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഉറപ്പിക്കാന്‍ തൊഴില്‍ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരിയെന്ന് ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ചു കൊണ്ട് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമെന്നും പദ്ധതി ആരംഭിച്ചതിനു ശേഷം എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകത. ഓരോ ഡ്രൈവര്‍ക്കും പൊലീസ് ക്ലിയറന്‍സ് ഉണ്ടായിരിക്കും.അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായി കേരള സവാരി ആപ്പില്‍ ഒരു പാനിക്ക് ബട്ടണ്‍ സംവിധാനമുണ്ട് . ഡ്രൈവര്‍ക്കോ യാത്രികര്‍ക്കോ പരസ്പരം അറിയാതെ ഈ ബട്ടണ്‍ അമര്‍ത്താനാകും. ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ സേവനം വേഗത്തില്‍ നേടാന്‍ ഇത് ഉപകരിക്കും.കേരള സവാരി വെബ്‌സൈറ്റ് ഗതാഗത മന്ത്രി അഡ്വ ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ദിവാകരന്‍ ആദ്യ സവാരി ബുക്ക് ചെയ്ത് യാത്ര ചെയ്തു. കേരള സവാരി പ്രവര്‍ത്തനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ പ്രവർത്തനമാരംഭിച്ചു. കോള്‍ സെന്റര്‍ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച് അഭിപ്രായങ്ങളും പരാതികളും അറിയിക്കാവുന്നതാണ്. കേരള സവാരി ആപ്പ് ഇന്ന് അർധരാത്രി മുതല്‍ പ്ലേസ്റ്റോറില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങും. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ 541 വാഹനങ്ങളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 22 പേര്‍ വനിതകളാണ്. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 321 ഓട്ടോ റിക്ഷകളും 228 എണ്ണം കാറുകളുമാണ്.
പ്ലാനിങ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍വകുപ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് പദ്ധതിക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.
ചൊവ്വ ബൈപ്പാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കണ്ണൂർ: ചൊവ്വ ബൈപ്പാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.ഇരിട്ടി കീഴ്പ്പള്ളി വിയറ്റ്നാമിലെ ഇല്ലിക്കല്‍ ഹൗസില്‍ ഹാരിസ്(46) കണ്ണൂര്‍ കിഴുത്തള്ളിയിലെ അദ്വൈത്(19) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച്ച വൈകുന്നേരം നാലുമണിയോടെ ചാലക്കുന്ന് ബൈപ്പാസിലാണ് അപകടം നടന്നത്.ചാലഭാഗത്തു നിന്നും വരികയായിരുന്ന ഹാരിസിന്റെ ബൈക്കും താഴെചൊവ്വഭാഗത്തുനിന്നും വന്ന അദ്വൈതിന്റെ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിട്ടിക്കടുത്തെ മാടത്തിലെ തട്ടുകടയിലെ തൊഴിലാളിയാണ് ഹാരിസ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ ആവശ്യാര്‍ത്ഥം ഡോക്ടറെ കണ്ടു മടങ്ങവെയാണ് ഹാരിസ് അപകടത്തില്‍പ്പെട്ടത്. കീഴ്പ്പള്ളി വിയറ്റ്നാമിലെ പരേതനായ ഇല്ലിക്കല്‍ അലിയുടെയും ആസിയയുടെയും മകനാണ്. ഭാര്യ: ആരിഫ. മക്കള്‍: അയൂബ്, ആശിദ.മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം കീഴ്പ്പള്ളി പുതിയങ്ങാടിജുമാസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി. കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ ബി.ടെക് പഠിക്കുകയായിരുന്ന അദ്വൈത് ഞായറാഴ്‌ച്ച വൈകുന്നേരത്തോടെ തിരിച്ചു പോകാനിരിക്കെയാണ് അപകടമുണ്ടായത്.കോളേജിലേക്ക് പോകാന്‍ വേണ്ടുന്ന സാധനങ്ങള്‍ വാങ്ങി തിരിച്ചു പോകുംവഴിയാണ് അപകടം നടന്നത്. ന്യൂമാഹി സ്റ്റേഷനിലെ എസ്. ഐ അനിലിന്റെയും കാഞ്ഞിരോട് വില്ലേജ് ഓഫീസര്‍ സേനയുടെയും മകനാണ് അദ്വൈത്. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അദ്വൈതിന്റെ മൃതദേഹം ബന്ധുക്കള്‍ ഇന്ന് ഉച്ചയോടെ ഏറ്റുവാങ്ങി.
വായ്പ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡൽഹി: വായ്പ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ നിരവധി ബാങ്കുകള്‍ വായ്പ പലിശ നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്ബിഐ നിരക്കുകളില്‍ വീണ്ടും വര്‍ദ്ധനവ് വരുത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അര ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തിലായി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് വായ്പ പലിശ നിരക്കുകള്‍ പുതുക്കുന്നത്. ഇത്തവണ പലിശ നിരക്കില്‍ 20 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.കൂടാതെ, റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയും ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായതോടെ, ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 7.55 ശതമാനത്തില്‍ നിന്നും 8.05 ശതമാനമായി വര്‍ദ്ധിപ്പിച്ചു. റിപ്പോ നിരക്ക് അടിസ്ഥാനമായുള്ള പലിശ നിരക്ക് 7.65 ശതമാനമായി ഉയര്‍ത്തി. മുന്‍പ് 7.15 ശതമാനമായിരുന്നു പലിശ നിരക്ക്.
ആംബുലന്‍സില്‍ രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചു; ഓക്‌സിജൻ സിലിണ്ടർ കാലിയായിരുന്നെന്ന് കുടുംബത്തിന്റെ പരാതി
പത്തനംതിട്ട:ആംബുലന്‍സില്‍ രോഗി ഓക്‌സിജൻ കിട്ടാതെ മരിച്ചതായി പരാതി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. പടിഞ്ഞാറെ വെൺപാല സ്വദേശി രാജനാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന ഓക്‌സിജൻ തീർന്നുപോയതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.ഞായറാഴ്ച രാത്രി 12 മണിയോടെ വീട്ടില്‍വെച്ച് രാജന് ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കള്‍ അദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ആരോഗ്യ വകുപ്പിന്റെ തന്നെ ആംബുലന്‍സിലേക്ക് അദ്ദേഹത്തെ മാറ്റി. ഓക്‌സിജന്‍ സപ്പോര്‍ട്ട് ഉണ്ടായിരുന്ന ആംബുലന്‍സിലാണ് രോഗിയെ കിടത്തിയത്.എന്നാല്‍ യാത്ര പുറപ്പെടും മുൻപ് ആംബുലന്‍സിന്റെ ഡ്രൈവര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റിയെന്നാണ് രാജന്റെ മകന്‍ ഗിരീഷ് ആരോപിക്കുന്നത്. മൂന്ന് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നു. ഈ വിവരം ഡ്രൈവറെ അറിയിച്ചെങ്കിലും വാഹനം നിര്‍ത്താനോ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ തയ്യാറായില്ലെന്നാണ് പരാതി.അതേസമയം ഈ ആരോപണം ആംബുലന്‍സിന്റെ ഡൈവര്‍ ബിനോയ് തള്ളി.ഒന്നരയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗിയെ എത്തിച്ചുവെന്നും അര മണിക്കൂറിന് ശേഷമുള്ള പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചതെന്നുമാണ് ബിനോയ് പറയുന്നത്.
അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയും പുഴുവും; ജീവനക്കാർക്ക് വീഴ്ച പറ്റിയതായി ഹെൽത്ത് ഇൻസ്‌പെക്ടർ
തൃശൂർ : അങ്കണവാടിയിലെ കുടിവെള്ളത്തിൽ ചത്ത എലിയും പുഴുവും.ചേലക്കര പാഞ്ഞാൾ തൊഴുപ്പാടം അങ്കണവാടിയിലാണ് സംഭവം.സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തിയ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് വാട്ടർ ടാങ്കിൽ എലിയെയും പുഴുക്കളെയും കണ്ടത്. വെള്ളം കുടിച്ച വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.വാട്ടര്‍ടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഈ ടാങ്കില്‍ നിന്നും കുട്ടികള്‍ സ്ഥിരമായി വെള്ളമെടുക്കാറുണ്ട്.വാട്ടര്‍ പ്യൂരിഫയറിലെ വെള്ളം അഴുക്ക് അടിഞ്ഞ് ഇരുണ്ടനിറത്തിലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.പതാക ഉയര്‍ത്തലിനെത്തിയ രക്ഷിതാക്കളില്‍ ചിലര്‍ക്ക് വാട്ടര്‍ ടാങ്ക് കണ്ട് പന്തികേട് തോന്നിയപ്പോഴാണ് മുകളിലേക്ക് കയറി വാട്ടര്‍ടാങ്ക് പരിശോധിച്ചത്. നിലവിൽ കടുത്ത പ്രതിഷേധത്തിലാണ് രക്ഷകർത്താക്കൾ. പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ഗുരുതര വീഴ്ചയാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടെയിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.