ടൂൾകിറ്റ് കേസ്;അറസ്റ്റിലായ ദിഷ രവി‍ക്ക് ജാമ്യം‍

keralanews tool kit case disha ravi got bail

ന്യൂഡൽഹി :ടൂൾകിറ്റ് കേസിൽ സാമൂഹ്യ പ്രവർത്തക ദിഷ രവിക്ക് ജാമ്യം. ഒരു ലക്ഷം രൂപ വീതം രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് ദിഷക്ക് ജാമ്യം ലഭിച്ചത്. ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിഷ പുറത്തിറങ്ങുന്നത്.കഴിഞ്ഞ 13നാണ് ദിഷ അറസ്റ്റിലായത്.കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നാണ് ദല്‍ഹി പോലീസ് കോടതിയില്‍ അറിയിച്ചത്.റിപബ്ലിക് ദിനത്തിലെ അക്രമത്തിലേക്ക് നയിച്ചതില്‍ ടൂള്‍കിറ്റ് പങ്കുവഹിച്ചിട്ടുണ്ട് എന്നതില്‍ തെളിവുകളുണ്ടോ എന്നാണ് കോടതി ഡല്‍ഹി പൊലീസിനോട് ചോദിച്ചത്. മറുപടി ഹാജരാക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞിരുന്നില്ല.നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിഷക്ക് ബന്ധമുണ്ടെന്നായിരുന്നു പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. അതേസമയം നിഖിത ജേക്കബിനെയും ഷന്തനും മുളുക്കിനെയും കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചൊവ്വാഴ്ചയും ചോദ്യം ചെയ്തു.കാനഡയിലെ ഖാലിസ്ഥാന്‍ സംഘടനയാണ് ഈ ടൂള്‍കിറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നിലെന്നാണ് ഡല്‍ഹി പൊലീസിന്‍റെ പ്രാഥമിക നിഗമനം. എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലിങ്കിനെ ടൂള്‍കിറ്റ് എന്ന് വിശേഷിപ്പിച്ച്‌ ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ്;സംസ്ഥാനത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന് തുടക്കം

keralanews assembly elections vaccination of polling officials in the state begins

തിരുവനന്തപുരം:സംസ്ഥാനത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന് തുടക്കമായി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കും.സി ഇ ഒ ഓഫീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്ന് വാക്‌സിന്‍ നല്‍കുമെന്നും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ദ്രുതഗതയില്‍ പുരോഗമിക്കുന്നുവെന്നും ടികാറാം മീണ പറഞ്ഞു.15730 അധിക പോളിംഗ് ബൂത്തുകളാണ് വേണ്ടത്. ഇത് സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രശ്‌നബാധിത പോളിംഗ് ബൂത്തികളില്‍ സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടിയും ആരംഭിച്ചതായും 150 കമ്പനി കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും പക്ഷപാതപരമായ പ്രവര്‍ത്തനമുണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകും. കള്ള വോട്ടിന് ശ്രമിക്കുന്നവര്‍ക്കെതിരെയും മുഖം നോക്കാതെ നടപടി സ്വീകരിക്കും. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേസുകള്‍ ഉണ്ടെങ്കില്‍ അവര്‍ അതിന്റെ വിശദാംശങ്ങള്‍ 3 തവണ പരസ്യപ്പെടുത്തണമെന്നും എന്ത് കൊണ്ട് ഇതിലും നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിക്കൂടെ എന്ന ചോദ്യവും ഇത്തവണ പാര്‍ട്ടികളോട് ചോദിക്കുമെന്നും ടികാറാം മീണ പറഞ്ഞു.

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു

keralanews farmers agitation on the borders of delhi has entered its third month

ന്യൂഡൽഹി:കാർഷിക ബില്ലിനെതിരെ ഡല്‍ഹി അതിര്‍ത്തികളിൽ നടത്തുന്ന കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു.പ്രക്ഷോഭത്തിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ വ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത് തുടരുകയാണ്. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് രാജസ്ഥാനിലെ രണ്ട് കര്‍ഷക മഹാ കൂട്ടായ്മകളെ ഇന്ന് അഭിസംബോധന ചെയ്യും. ആള്‍ക്കൂട്ടമുണ്ടാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പരാമര്‍ശം കര്‍ഷകരെ അപമാനിക്കുന്നതാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.വിളവെടുപ്പ് സമയമായതിനാല്‍ സമരത്തില്‍ കര്‍ഷകരുടെ പങ്കാളിത്തത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കര്‍ഷകന്‍ ഗ്രാമത്തിലേക്ക് പോകുമ്പോൾ പകരം കര്‍ഷകര്‍ ആ ഗ്രാമത്തില്‍ നിന്ന് സമരഭൂമിയിലെത്തും. വിളകള്‍ നശിപ്പിക്കരുതെന്നും, ആത്മഹത്യക്ക് തുനിയരുതെന്നും കര്‍ഷക നേതാക്കള്‍ തുടര്‍ച്ചയായി അഭ്യര്‍ത്ഥന നടത്തുന്നുണ്ട്. എത്ര സമയമെടുത്താലും ശരി, കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ഈ മാസം 28ന് സിംഗുവില്‍ യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും.

കോവിഡ് വാക്‌സിൻ എടുത്ത ശേഷം വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ കുടുംബം പോലീസിൽ പരാതി നൽകി

keralanews family filed case in the incident of student died after receiving covid vaccine

കോഴിക്കോട്: കോവിഡ് വാക്‌സിൻ എടുത്തതിനു ശേഷം ബിഡിഎസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം.പരിയാരം മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.പരിയാരം മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായ കോഴിക്കോട് മാത്തോട്ടം അരക്കിണര്‍ കൃഷ്ണമോഹനത്തില്‍ മോഹനന്റെ മകള്‍ മിത മോഹന്‍‍ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.വാക്‌സിൻ എടുത്തതിനു ശേഷം തലവേദനയും ഛര്‍ദിയും തുടങ്ങി. കൂടെ വാക്സീന്‍ എടുത്ത പലര്‍ക്കും സമാന ലക്ഷണങ്ങളുണ്ടായിരുന്നു. രോഗം മാറാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ മിതയെ ഐസലേഷനിലേക്കു മാറ്റി. വാക്സീന്‍ എടുത്ത ശേഷമുള്ള  പ്രത്യാഘാതങ്ങളെ മെഡിക്കല്‍ കോളജ് അധികൃതര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നെന്നും ഇതാണു മരണത്തിലേക്കു നയിച്ചതെന്നും കുടുംബം പറയുന്നു.ആശുപത്രിയുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചത്. കോളജിലെ വിദ്യാര്‍ഥിനിയായതിനാല്‍ പ്രത്യേക പരിചരണം നല്‍കിയിരുന്നതായും അധികൃതര്‍ പറയുന്നു.

പ്ലസ്​ടു വിദ്യാര്‍ഥിനിയുടെ കൊലപാതകം;പ്രതിയെന്ന്​ സംശയിക്കുന്ന യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

keralanews murder of plus two student young man suspected to be the culprit was found hanged

ഇടുക്കി:ഇടുക്കി പള്ളിവാസലിൽ പ്ലസ് ടു വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് 150 മീറ്റര്‍ അകലെ ആളൊഴിഞ്ഞ വീടിന് മുന്നിലെ മരത്തിലാണ് പെൺകുട്ടിയുടെ ബന്ധുവായ അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളാണ് അരുൺ.നേരത്തെ ഇവിടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി അരുണ്‍ ഇവിടെയെത്തി ആത്മഹത്യാ ചെയ്തതാകാനാണ് സാധ്യത.പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം പൈപ്പ്ലൈനിനടുത്ത് വാടകക്ക് താമസിക്കുന്ന വണ്ടിത്തറയില്‍ രാജേഷിന്റെ മകള്‍ രേഷ്മയെ (17) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വള്ളക്കടവ്-പവര്‍ഹൗസ് റോഡരികിലെ കുറ്റിക്കാട്ടില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് രേഷ്മ.രേഷ്മയുടെ പിതാവിന്റെ അര്‍ധസഹോദരനാണ് നീണ്ടപാറ സ്വദേശിയായ വണ്ടിത്തറയില്‍ അരുണ്‍.ഇയാള്‍ രേഷ്മക്കൊപ്പം നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.മൃതദേഹം കണ്ടെത്തിയതിന് സമീപത്തുനിന്ന് രേഷ്മയുടെ സ്കൂള്‍ ബാഗും അരുണിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണിന്റെ കവറും ബാറ്ററിയും ലഭിച്ചു. സംഭവശേഷം അരുണിനെ കാണാതാവുകയായിരുന്നു. അരുണ്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി സൂചനയുണ്ട്. ഇയാള്‍ രാജകുമാരിയിലെ ഫര്‍ണിച്ചര്‍ കടയില്‍ ജീവനക്കാരനാണ്.അരുണ്‍ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. രാജകുമാരിയില്‍ വാടകക്ക് താമസിക്കുന്ന മുറിയില്‍നിന്നാണ് ആത്മഹത്യക്കുറിപ്പ് ലഭിച്ചത്.തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും കത്തില്‍ പറയുന്നു. രേഷ്മയോട് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളില്‍ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും എഴുതിയിട്ടുണ്ട്.കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസിന് അരുണിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അരുണിന്‍റെ മുറിയില്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അരുൺ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. അരുണിനായി ഡ്രോണ്‍ ഉൾപ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച പുലര്‍ച്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.

പ​ല ത​വ​ണ സ്വ​ര്‍​ണം ക​ട​ത്തി​യിട്ടുണ്ട്;മ​ന്നാ​റി​ല്‍​ നി​ന്നും അജ്ഞാത സംഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തിയുടെ വെളിപ്പെടുത്തല്‍

keralanews smuggled gold several time disclosure of young woman who was abducted by unknown group from mannar

പാലക്കാട്: പല തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മന്നാറില്‍ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യുവതിയുടെ വെളിപ്പെടുത്തല്‍. ഒടുവില്‍ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വര്‍ണമാണെന്നും, ഇത് വഴിയില്‍ ഉപേക്ഷിച്ചെന്നും യുവതി പോലീസിന് മൊഴി നല്‍കി.എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വര്‍ണം കടത്തിയെന്നും യുവതി പോലീസിനോട് സമ്മതിച്ചു. അതേസമയം തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പ്രാദേശിക സഹായം കിട്ടിയെന്നും അന്വേഷണസംഘം അറിയിച്ചു.മാന്നാര്‍ കുരട്ടിക്കാട് വിസ്മയ ഭവനത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അജ്ഞാത സംഘം വീട്  ആക്രമിച്ച ശേഷം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് ജില്ലയിലെ വടക്കുംചേരിയില്‍ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു.ഈ മാസം 19 നാണ് ബിന്ദു ദുബൈയിൽ നിന്നും അവസാനമായി മടങ്ങിയെത്തിയത്. അന്ന് ഒന്നരക്കിലോ സ്വർണം ഗൾഫിൽ നിന്നും കടത്തി. എന്നാലിത് എയർപോർട്ടിൽ തന്നെ ഉപേക്ഷിച്ചെന്നാണ് ബിന്ദു പൊലീസിന് നൽകിയ മൊഴി. അന്ന് വൈകിട്ട് തന്നെ വീട്ടിലെത്തിയ സ്വർണക്കടത്ത് സംഘത്തോട് സ്വർണം ഉപേക്ഷിച്ച വിവരം പറഞ്ഞു. ഇവർ മടങ്ങിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ വീടാക്രമിച്ച് ബിന്ദുവിനെ കടത്തുകയായിരുന്നു.ക്വാറന്‍റൈനില്‍ കഴിയുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍.തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിനോട് പറഞ്ഞിരിക്കുന്നത്.നാലംഗ സംഘമാണ് കടത്തിയത്. ഇവരെക്കുറിച്ചുള്ള വിവരം യുവതി പൊലീസിന് കൈമാറി. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ് പറഞ്ഞു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കര്‍ണാടകയില്‍ ജെലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനം;ആറുപേർ മരിച്ചു

keralanews six killed in gelatin stick blast in karnataka

ബംഗലൂരു : കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്‌ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ക്വാറികളില്‍ ഉപയോഗിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കര്‍ണാടകയില്‍ അനധികൃത ക്വാറികള്‍ക്കും സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുമെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെ പൊലീസിനെ ഭയന്ന് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടയാണ് അപകടം നടന്നത്. അതേസമയം നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച സ്ഫോടകവസ്തുക്കളാണ് അപകടമുണ്ടാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക മന്ത്രി സുധാകര്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആർടിസി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു;ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി

keralanews ksrtc employees strike started services disrupted

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം സംബന്ധിച്ച്‌ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സൂചനാ പണിമുടക്ക് തുടങ്ങി. സിഎംഡി ബിജു പ്രഭാകറും ജീവനക്കാരുടെ അംഗീകൃത യൂണിയനുകളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഇന്നലെ രാത്രി 12മണിക്ക് സമരം തുടങ്ങിയതിനാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പലതും വൈകിട്ടോടെ മുടങ്ങി. സമാധാനപരമായാണ് സമരമെന്നും ബസുകള്‍ തടയില്ലെന്നും യൂണിയനുകള്‍ അറിയിച്ചു.ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും (ടിഡിഎഫ്) ബിഎംഎസ് നേതൃത്വം നല്‍കുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല.

സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന ഷാഫി പറമ്പിലിന്റെയും ശബരിനാഥിന്റേയും ആരോഗ്യനില മോശമായി;ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം

keralanews health condition of shafi parambil and sabarinath who were on hunger strike infront of secretariat is critical doctors recommend transfer to hospital

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചു നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് എംഎല്‍എ മാരായ ഷാഫി പറമ്പിലിന്റെയും ശബരിനാഥിന്റെയും ആരോഗ്യനില മോശമായി.ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇന്ന് ഉച്ചയോടെ സമരപ്പന്തലിലെത്തി ഇരുവരേയും പരിശോധിച്ച ശേഷമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയത്. നിരാഹാരം ഒൻപത് ദിവസം കഴിഞ്ഞതോടെയാണ് എംഎല്‍എമാരുടെ ആരോഗ്യനില മോശമായത്. ഇരുവരെയും വൈകീട്ടോടെ സമരപ്പന്തലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും എന്നാണ് റിപ്പോര്‍ട്ട്.ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇരുവരും സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​നം; വി​വാ​ദ ക​രാ​ര്‍ റ​ദ്ദാ​ക്കി; അന്വേഷണം നടത്താൻ തീരുമാനം

keralanews deep sea fishing controversial contract canceled decision to investigate

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) ഒപ്പുവച്ച ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി. കോര്‍പ്പറേഷന്‍ എംഡി എന്‍.പ്രശാന്ത് ഒപ്പിട്ട കരാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റദ്ദാക്കാന്‍ തീരുമാനിച്ചത്.2,950 കോടി രൂപയ്ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 400 ട്രോളറുകളും അഞ്ച് മദർ വെസ്സലുകളും നിർമിക്കാൻ ഇഎംസിസിയുമായി കെഎസ്ഐഎൻസി ഉണ്ടാക്കിയ ധാരണാപത്രമാണ് റദ്ദാക്കിയത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ധാരണപത്രം ഒപ്പിട്ടതെന്നാണ് സർക്കാർ വിശദീകരണം.സർക്കാരിന്‍റെ മത്സ്യ നയത്തിന് വിരുദ്ധമായ ധാരണാപത്രം ഒപ്പിട്ടിട്ടും അറിയിച്ചില്ല എന്നതും ഗൗരവമായിട്ടാണ് സർക്കാർ കാണുന്നത്‌. ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. കരാര്‍ റദ്ദാക്കിയതിന് പുറമേ കരാറിലേക്കെത്തിയ സാഹചര്യം അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി.കെ.ജോസിനാണ് അന്വേഷണ ചുമതല. കെഎസ്ഐഎൻസി എംഡി എൻ പ്രശാന്തിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള ആലോചന സർക്കാർ തലത്തിലുണ്ട്. ഉദ്യോഗസ്ഥ തല അന്വേഷണം നടത്തി ആ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് നീക്കം.