ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്.അസമിലും പശ്ചിമ ബംഗാളിലും ഘട്ടം ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു. മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12നിറങ്ങും. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും.തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് നടക്കും. 12 മാര്‍ച്ച് 12ന് വിജ്ഞാപനം പുറത്തിറങ്ങും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 19 മാര്‍ച്ച്. കന്യാകുമാരി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒഴിവുള്ള സീറ്റുകളിലും ഏപ്രില്‍ 6ന് തിരഞ്ഞെടുപ്പ് നടക്കും. പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് നടക്കും.മാര്‍ച്ച് 12ന് വിജ്ഞാപനം പുറത്തിറങ്ങും.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 19. പശ്ചിമ ബംഗാളില്‍ 294 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തിയതികളിലാവും തിരഞ്ഞെടുപ്പ്.
വിദേശത്ത് നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം:വിദേശത്ത് നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളുടെ നിരക്ക് കുറച്ച് മൊബൈല്‍ ലാബുകള്‍ സെറ്റ് ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം.രോഗവ്യാപനം നിയന്ത്രിക്കാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് കൃത്യമായ ജാഗ്രതയുണ്ടാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വിദേശത്തുനിന്ന് വരുന്നവരെ പരിശോധനയിൽനിന്ന് ഒഴിവാക്കാതിരിക്കാൻ സാധിക്കില്ല. കോവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടാകാൻ സാഹചര്യമുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന നടത്തണം. വീട്ടിൽ ക്വാറന്‍റീനിൽ തുടരാം. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും വിദേശത്തുനിന്നെത്തുവർക്ക് കേന്ദ്രനിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആർ.ടി.പി.സി.ആർ പരിശോധന തുടങ്ങിയിരുന്നു. വിദേശത്തെ പരിശോധനക്ക് ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക് വിധേയമാകുന്നതിനെതിരെ എതിർപ്പും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
സെക്രെട്ടറിയേറ്റിനു മുൻപിൽ ഉദ്യോഗാര്‍ഥികള്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍;ചര്‍ച്ച നടത്താന്‍ മന്ത്രി എകെ ബാലനെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ ദിവസങ്ങളായി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എകെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇന്ന് തന്നെ ചര്‍ച്ച നടന്നേക്കും.ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി കാണിച്ച് ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച ഉദ്യോഗാര്‍ഥികള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് അറിയിച്ചത്.ഉദ്യോഗസ്ഥ പ്രതിനിധികളുമായി ഉദ്യോഗാര്‍ഥികള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെയാണ് സമരം ഒത്തുതീര്‍പ്പിക്കാന്‍ മന്ത്രിയെ നിയോഗിച്ച് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്.കഴിഞ്ഞ ശനിയാഴ്ച ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി കെ ജോസും എഡിജിപി മനോജ് എബ്രഹാമും നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളാണ് ഇന്നലെ ഉത്തരവായി വന്നത്. നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് ലിസ്റ്റില്‍നിന്ന് പരമാവധി നിയമനം നല്‍കുകയാണ് സര്‍ക്കാര്‍ നിലപാടെന്നാണ് ഉത്തരവില്‍ പറയുന്നത്.അതേസമയം സിപിഒ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയില്ല.സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പിഴവുണ്ടെന്ന് ആവര്‍ത്തിച്ചു കൊണ്ടാണ് സി.പി.ഒ റാങ്ക് ഹോള്‍ഡര്‍മാര്‍ സമരം മുന്നോട്ട് കൊണ്ടുപോകുന്നത്.സി.പി.ഒ റാങ്ക് ഹോള്‍ഡേഴ്‌സ് ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളിയാണ് ഉത്തരവിറക്കിയത്. റാങ്ക് ലിസ്റ്റില്‍ നിന്നു 74% നിയമനം നടത്തിയതയാണ് സര്‍ക്കാര്‍ വാദം. കാലാവധി കഴിഞ്ഞ ലിസ്റ്റ് പുനരുജ്ജീവിപ്പിക്കാനാകില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഉത്തരവിലുള്ളതെന്നാണ് സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ അറിയിക്കുന്നത്.
കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി:കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനം 4.30ന് നടക്കും.നേരത്തെ മാര്‍ച്ച് ഏഴിന് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേരളം, തമിഴ്നാട്,ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് ഇന്ന് പ്രഖ്യാപിക്കുക.കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലും ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന്‍റെ പരിഗണനയിലാണ്. നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 24ന് യോഗം ചേര്‍ന്നിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച യോഗത്തില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും, അഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍മാരും പങ്കെടുത്തിരുന്നു. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം, വോട്ടിംഗ് മെഷീനുകളുടെ വിതരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനം എന്നിവ ഉൾപ്പെടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുക.റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കരുത്. പോസ്റ്റൽ വോട്ട് ലിസ്റ്റ് സ്ഥാനാർഥികൾക്ക് കൂടി ലഭ്യമാക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.ഏപ്രിൽ 8നും 12നുമിടയിൽ തെരഞ്ഞെടുപ്പ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പോളിങ് സമയം ദീർഘിപ്പിക്കരുതെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് മേയ് മാസത്തിൽ മതിയെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.
വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി;കേരളത്തില്‍ ബാധകമല്ല
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധന, ജി എസ് ടി, ഇ-വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുളള ട്രാന്‍സ്‌പോര്‍ട്ട് സംഘടനകള്‍ ഒന്നും തന്നെ ബന്ദില്‍ പങ്കെടുക്കുന്നില്ല.രാത്രി എട്ട് മണിവരെ നടക്കുന്ന ബന്ദിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല്‍പതിനായിരത്തോളം സംഘടനകളില്‍ നിന്നായി എട്ട് കോടി പേര്‍ സമരത്തിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതോടെ കേരളം ഒഴികെയുളള സംസ്ഥാനങ്ങളില്‍ വിപണികള്‍ സ്‌തംഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. രാജ്യത്തെ 1500ഓലം സ്ഥലങ്ങളില്‍ ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് ഓണ്‍ലൈന്‍ വഴിയുള്ള സാധനം വാങ്ങലും നടക്കില്ല.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി;യാത്രക്കാരി കസ്റ്റഡിയില്‍
കോഴിക്കോട്:റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി.ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്ക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരിയായ തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശിനി രമണി പിടിയിലായി.കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സ്‌ഫോടകവസ്‌തുക്കള്‍ കൊണ്ടുവന്നതെന്നാണ് കസ്റ്റഡിയിലുള്ള സ്ത്രീ പൊലീസിനോട് പറയുന്നത്. എന്നാല്‍, പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തുകയാണ്..ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു രമണി. ഇവര്‍ സഞ്ചരിച്ച ട്രെയിനിന്റെ ഡി 1 കംപാര്‍ട്ട്‌മെന്റിലെ സീറ്റിന് അടിയില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ട്രെയിനുകളില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.
നാദാപുരത്ത് വീടിനകത്തു പൊള്ളലേറ്റു ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തില്‍ ബാക്കിയുണ്ടായിരുന്ന ഭാര്യയും മകനും കൂടി മരിച്ചു
നാദാപുരം: ചെക്യാട് കായലോട്ടുതാഴെ വീടിനകത്തു പൊള്ളലേറ്റു ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തില്‍ ബാക്കിയുണ്ടായിരുന്ന ഭാര്യയും മകനും കൂടി മരിച്ചു. കീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന (40), ഇളയ മകന്‍ സ്റ്റെഫിന്‍ (14) എന്നിവരാണ് ഇന്നലെ മരിച്ചത്. രാജു (45) ചൊവ്വാഴ്ചയും മൂത്ത മകന്‍ സ്റ്റാലിഷ് (17) ബുധനാഴ്ചയും മരിച്ചിരുന്നു. രാജുവിന്റേയും മൂത്തമകന്‍ സ്റ്റാലിഷിന്റേയും ചിതയെരിഞ്ഞു തീരും മുമ്പേയാണ് വ്യാഴാഴ്ച ഉച്ചയോടെ റീനയുടെ മരണവിവരം നാട്ടുകാരറിയുന്നത്.പോസ്റ്റുമോര്‍ട്ടത്തിനുള്ള നടപടിക്രമങ്ങള്‍ തീര്‍ത്ത് സംസ്കാര ചടങ്ങിന് കാത്തിരിക്കെ ഇളയ മകന്‍ സ്റ്റഫിനും മരണത്തിലേക്ക് നീങ്ങുകയായിരുന്നു. രാജുവും റീനയും തമ്മിലുള്ള ചെറിയ പിണക്കങ്ങള്‍ കടുംകൈക്ക് രാജുവിനെ പ്രേരിപ്പിച്ചെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.ഇത്രയും കൊടുംക്രൂരത കാട്ടാന്‍ തക്കവിധമുള്ള വിഷയങ്ങള്‍ ഒന്നുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദുരന്തദിവസം സമീപത്തെ വീട്ടില്‍ വിവാഹ ഒരുക്കങ്ങള്‍ക്ക് അയല്‍ വീട്ടുകാരോടൊപ്പം മക്കളുമൊന്നിച്ച് പോയി തിരിച്ചെത്തി കിടന്നുറങ്ങിയവരാണ് പുലര്‍ച്ചയോടെ തീഗോളമായി മാറിയത്.പ്രദേശത്തെ മിക്ക പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു റീനയും മക്കളും. എന്നാല്‍, രാജു പൊതുവെ നാട്ടുകാരുമായി അകലം പാലിക്കുന്ന പ്രകൃതക്കാരനായിരുന്നു. റീനയുടെയും സ്റ്റഫിന്റെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്‌ച സംസ്കരിക്കും.
കൊവിഡ് വ്യാപനം;ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമാവുകയും മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തിൽ ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍.ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറത്തിറക്കി.സംസ്ഥാനത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ പരിശോധന ഔട്ട് സോഴ്‌സ് ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളും സജ്ജമാക്കും. ഇതിനായി സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കി. 448 രൂപ മാത്രമായിരിക്കും ഇവിടങ്ങളില്‍ പരിശോധന നിരക്ക്. കൊവിഡ് പരിശോധന ഫലത്തില്‍ വീഴ്ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കും. 24 മണിക്കൂറിനുളളില്‍ പരിശോധനാ ഫലം നല്‍കണമെന്നും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. അതിന് കഴിഞ്ഞില്ലെങ്കിലും ലാബിന്റെ ലൈസന്‍സ് റദ്ദാക്കാനുളള നടപടികള്‍ സ്വീകരിക്കും.
സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍കോട് 141, പാലക്കാട് 112, വയനാട് 93, ഇടുക്കി 86 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 228 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 460, എറണാകുളം 393, കോട്ടയം 357, കണ്ണൂർ 247, കൊല്ലം 305, പത്തനംതിട്ട 270, ആലപ്പുഴ 272, മലപ്പുറം 257, തിരുവനന്തപുരം 197, തൃശൂർ 249, കാസർകോഡ് 125, പാലക്കാട് 49, വയനാട് 88, ഇടുക്കി 82 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 3, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് 2, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 234, പത്തനംതിട്ട 482, ആലപ്പുഴ 534, കോട്ടയം 676, ഇടുക്കി 146, എറണാകുളം 490, തൃശൂര്‍ 366, പാലക്കാട് 132, മലപ്പുറം 408, കോഴിക്കോട് 477, വയനാട് 117, കണ്ണൂര്‍ 165, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല.
കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു
തിരുവനന്തപുരം:പ്രമുഖ ഭാഷാപണ്ഡിതനും പത്മശ്രീ ജേതാവുമായ കവി വിഷ്ണു നാരായണന്‍ നമ്പൂതിരി(81) അന്തരിച്ചു.തിരുവനന്തപുരം തൈക്കാടുള്ള സ്വവസതിയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് 1.15 ഓടേയായിരുന്നു അന്ത്യം.സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1939 ജൂണ്‍ രണ്ടിന് തിരുവല്ലയിലെ ഇരിങ്ങോലില്‍ ശ്രീവല്ലി ഇല്ലത്തായിരുന്നു ജനനം. കോഴിക്കോട്, കൊല്ലം പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജ്, തലശ്ശേരി എന്നിവിടങ്ങളില്‍ കോളജ് അധ്യാപകനായിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1997ല്‍ മില്ലിനിയം കോണ്‍ഫറന്‍സ് അംഗമായിരുന്നു.പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങള്‍,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം, കവിതയുടെ ഡി.എന്‍.എ., അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളും ഗാന്ധിപുതിയ കാഴ്ചപ്പാടുകള്‍ സസ്യലോകം, ഋതുസംഹാരം എന്നീ വിവര്‍ത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ പുതുമുദ്രകള്‍, ദേശഭക്തി കവിതകള്‍, വനപര്‍വ്വം, സ്വാതന്ത്ര്യസമര ഗീതങ്ങള്‍ എന്നീ കൃതികള്‍ സമ്പാദനം ചെയ്യുകയും കുട്ടികള്‍ക്കായി കുട്ടികളുടെ ഷേക്‌സ്പിയര്‍ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്.2014ൽ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.