ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ പുലർച്ചെ നാല് മണിയോടെ ഉണ്ടായ ഉരുൾ പൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.ശക്തമായ മഴമൂലമുള്ള ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്.ചിറ്റടിച്ചാലിൽ സോമൻ എന്ന ആളുടെ വീടാണ് ഉരുൾപൊട്ടലിൽ തകർന്നത്. സോമൻ , അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്.ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആദ്യം അമ്മ തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അല്പ സമയത്തിന് ശേഷം കൊച്ചു മകൻ ദേവാനന്ദിന്റെ മൃതദേഹവും തിരച്ചിൽ സംഘത്തിന് ലഭിച്ചു.രുൾപൊട്ടൽ മൂലം പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാവുകയായിരുന്നു.മണ്ണിടിച്ചിൽ നടന്ന പ്രദേശത്ത് മണ്ണും കല്ലും നിറഞ്ഞതിനാൽ വളരെ ബുദ്ധിമുട്ടിയാണ് ജെ സി ബി ഉൾപ്പെടുന്ന തിരച്ചിൽ യന്ത്രങ്ങൾക്ക് ഇവിടേക്ക് എത്തിച്ചേരാൻ സാധിച്ചത്. കൂട്ടായ പരിശ്രമത്തിന് ശേഷം കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.മണ്ണിടിച്ചിൽ നടന്നതിന് തൊട്ടുമാറി നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ആ പ്രദേശത്തു കൂടി മണ്ണിടിച്ചിൽ ഉണ്ടാകാതിരുന്നത്കൊണ്ട് വലിയ അപകടം ഒഴിവായതായി നാട്ടുകാർ പറഞ്ഞു.
തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു;ഡോക്ടറുടെ അനാസ്ഥമൂലമെന്ന് ആരോപണം
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ സ്വദേശികളായ ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് ഇന്ന് ഉച്ചയോടെ മരിച്ചത്.സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.കൃത്യമായ പരിശോധന ഡോക്ട്ർമാർ നടത്തിയിരുന്നില്ല. കുഞ്ഞിന് അനക്കമുണ്ടോ എന്ന് പരിശോധിക്കുന്നതിലും വീഴ്ച സംഭവിച്ചുവെന്നും ബിജീഷ് പറയുന്നു. ഡോക്ടർമാർ പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ യുവതിക്ക് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിക്ക് പ്രത്യേക ശ്രദ്ധ നൽകണം എന്ന് പറഞ്ഞിട്ടും അവർ അത് കാര്യമാക്കിയിരുന്നില്ല. പിന്നാലെയാണ് കുഞ്ഞ് മരിച്ച വിവരം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റമോർട്ടം ചെയ്തു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷം പ്രതികരിക്കാമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.പ്രാഥമിക പരിശോധനയിൽ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്താനായിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു.കുഞ്ഞിന് ഗർഭാവസ്ഥയിൽ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്‌കാനിംഗുകളിൽ കുഴപ്പമൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ജനിച്ച് അൽപസമയത്തിന് ശേഷം തന്നെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും മരണകാരണമായി ഡോക്ടർ പറയുന്ന കാര്യങ്ങൾ വിശ്വസനീയമല്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
വടക്കൻ കേരളത്തിൽ കനത്ത മഴ; കണ്ണൂരിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം
കണ്ണൂർ: വടക്കൻ കേരളത്തിൽ കനത്ത മഴ.കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ. രണ്ട് ജില്ലകളിലും ഉരുൾപ്പൊട്ടലുണ്ടായതായി സംശയയമുണ്ട്. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിലെ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്.കോഴിക്കോട് വിലങ്ങാട് മേഖലയിലും ഉരുൾപൊട്ടിയതായി സംശയം ഉയർന്നിട്ടുണ്ട്. ഈ മേഖലയിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ വാണിമേൽ പുഴയിലും മലവെള്ളപ്പാച്ചിൽ ശക്തമാണ്.വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. നിലവൽ പേര്യ വനത്തിൽ നിന്ന് മലവെള്ളം ഒഴുകിയെത്തുകയാണ്. പ്രദേശവാസികൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളത്തിന്റെ അളവ് വർദ്ധിച്ചാൽ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടാകും.മലപ്പുറം കരുവാരക്കുണ്ടിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായി.കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചിൽ. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്;സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ കവര്‍ച്ച
കൊച്ചി: കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിലാണ് തട്ടിപ്പ് നടന്നത്.പണം വരാതിരിക്കാൻ പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ്.കളമശേരിയിലെ എടിഎമ്മില്‍ നിന്ന് 25,000ത്തോളം രൂപയാണ് ഒറ്റ ദിവസം കവര്‍ന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖം മറയ്‌ക്കാതെയാണ് മോഷണ ശ്രമം.കളമശ്ശേരി പ്രീമിയര്‍ കവലയില്‍ നടന്ന തട്ടിപ്പിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ 18,19 തീയതികളിലായി വ്യാപകമായി എടിഎമ്മുകളിൽ നിന്ന് പണം കവരുന്നതായി സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജരാണ് പോലീസിൽ പരാതി നൽകിയത്. ഇടപാടുകാരൻ കാർഡിട്ട് പണം വലിക്കാൻ ശ്രമിക്കുമ്പോൾ പണം വരുന്ന ശബ്ദം കേൾക്കുമെങ്കിലും പണം ലഭിക്കാതെ വരും. തുടർന്ന് ഇവർ പോകുമ്പോൾ മോഷ്ട്ടാവ് അകത്തു കയറി ബ്ലോക്ക് മാറ്റി പണമെടുക്കും. വിവിധ എടിഎമ്മുകളിൽ നിന്നായി 25000 രൂപ നഷ്ടമായതാണ് പരാതിയിൽ പറയുന്നത്.പതിനായിരം രൂപയ്ക്ക് മേൽ അക്കൗണ്ടിൽ നിന്ന് നഷ്ടമായവരിൽ ചിലർ പരാതിയുമായി ബാങ്കിനെ സമീപിക്കുകയും ബാങ്ക് മാനേജർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
കണ്ണൂര്‍ തലശ്ശേരിയില്‍ നിന്ന് കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി
കണ്ണൂര്‍: തലശ്ശേരിയില്‍ നിന്ന് കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി. താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ എന്നിവരെയാണ് കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇരുവരും കോയമ്പത്തൂര്‍ ടവര്‍ ലൊക്കേഷനിലുണ്ടെന്ന് ഇന്നലെ രാത്രി തന്നെ പോലീസ് മനസിലാക്കിയിരുന്നു.ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. രാവിലെ പത്ത് മണിയോടെ കോയമ്പത്തൂരില്‍ നിന്ന് തലശ്ശേരിയില്‍ എത്തിച്ചു. തലശ്ശേരിയില്‍ ഇവര്‍ നടത്തിയിരുന്ന സ്ഥാപനത്തിന് സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ച് സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കാണാതാകുന്നത്.ഫര്‍ണ്ണീച്ചര്‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടു വിടുന്നു എന്ന് കത്തെഴുതി വച്ചാണ് ഇവർ നാട് വിട്ടത്. നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകില്ലെന്ന് നഗരസഭയ്‌ക്കെതിരെ എഴുതിയ കത്തില്‍ പറയുന്നുണ്ട്. അതേസമയം ദമ്പതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി നഗരസഭാ പേഴ്‌സണ്‍ ജമുനാറാണി രംഗത്തെത്തി. കരുതിക്കൂട്ടി ആക്രമിക്കാന്‍ വേണ്ടിയാണ് ദമ്പതികള്‍ നാടുവിട്ടതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ
തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു.നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ബഷീറിന്റെ സഹോദരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ബഷീറിന്‍റെ കൈയില്‍ നിന്ന് നഷ്ടമായ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹത ഉണ്ട്. പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഉന്നത സ്വാധീനമുള്ള ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ സിബിഐ തന്നെ കേസ് അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷന്‍ പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കൂടാതെ, നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ യാതൊരു അന്വേഷണത്തിനും സാധ്യതയില്ല.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും സഹോദരന്‍ ഹർജിയിൽ പറയുന്നു.മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. പ്രോസിക്യൂഷനും പ്രതിക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
കേരളത്തിൽ ആറ് ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിലെ ആറ് ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇടുക്കി, കോഴിക്കോട്, മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് തീവ്രമഴക്ക് സാധ്യത. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാനാവില്ലെന്ന് കെഎസ്ആർടിസി; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
കൊച്ചി: സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ കഴിയില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി. എന്നാൽ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിന് കഴിഞ്ഞ തവണ ഹർജി പരിഗണിക്കുമ്പോൾ സിംഗിൾ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ സി.എം.ഡിയ്‌ക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെ.എസ്.ആർ.ടിസി 10 ദിവസം കൂടി അധിക സമയം ചോദിച്ചിരുന്നെങ്കിലും ഇതുവരെ ശമ്പളം നൽകാനായിട്ടില്ല. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെ.എസ്.ആർ.ടിസിക്ക് കോടതി അനുവദിച്ച അധിക സമയം 22 ന് അവസാനിച്ചിരുന്നു.
സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; വെള്ളിയാഴ്ചവരെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വരുന്ന നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും, വ്യാഴാഴ്ച കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്‌ക്ക് ശമനമുണ്ടാകും. വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ മാത്രമാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്.ഇന്ന് രാവിലെ മുതൽ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയാണ് ലഭിക്കുന്നത്.വരും മണിക്കൂറുകളിൽ മഴ ശക്തമായി തന്നെ തുടരും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി രണ്ടാം റാങ്കുകാരന്റെ ഹർജിയിൽ
കൊച്ചി: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു.പട്ടികയിലെ രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയയുടെ ഹർജിയിലാണ് നടപടി. പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. യുജിസിയെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദ്ദേശിച്ചു. കേസ് 31ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.പ്രിയ വര്‍ഗീസിന് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചപ്പോഴാണ് ജോസഫ് സ്‌കറിയ പട്ടികയില്‍ രണ്ടാമതായത്. അസോഷ്യറ്റ് പ്രൊഫസര്‍ നിയമനത്തിന് പരിഗണിച്ച ആറ് പേരില്‍ റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും പിന്നിലായിരുന്നു പ്രിയ വര്‍ഗീസ്. റിസര്‍ച്ച് സ്‌കോറില്‍ 651 മാര്‍ക്കോടെ ഒന്നാമതായിരുന്ന ജോസഫ് സ്‌കറിയ. 156 മാര്‍ക്ക് മാത്രമാണ് പ്രിയ വര്‍ഗീസിന് ഉണ്ടായിരുന്നത്. അഭിമുഖം കഴിഞ്ഞതോടെയാണ് ജോസഫ് സ്‌കറിയ രണ്ടാമതും പ്രിയ വര്‍ഗീസ് പട്ടികയില്‍ ഒന്നാമതും എത്തിയത്.