പത്തനംതിട്ട:റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച പെൺകുട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.പൂനെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് അഭിരാമി മരിച്ചത്. ചികിത്സയിലിരിക്കെ അഭിരാമിയ്‌ക്ക് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതോടെയാണ് മരണ ശേഷം സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. തെരുവ് നായയുടെ കടിയേറ്റ ശേഷം പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പെടെ അഭിരാമി എടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അഭിരാമി ചികിത്സയിൽ കഴിഞ്ഞിരുന്നത്.അതേസമയം ആശുപത്രി അധികൃതർ മതിയായ കരുതൽ നൽകിയിരുന്നില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. രാവിലെ കുട്ടിയ്‌ക്ക് ശക്തമായ പനി അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവഗണിക്കുകയായിരുന്നു. തെരുവ് നായയുടെ കടിയേറ്റതിന് ശേഷം അഭിരാമിക്ക് പ്രാഥമിക ചികിത്സ നൽകിയതിൽ വീഴ്ചയുണ്ടായെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
പത്തനംതിട്ട: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു.റാന്നി പെരുനാട് സ്വദേശിനിയായ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.കഴിഞ്ഞ മാസം 13 നാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. രാവിലെ പാൽ വാങ്ങാൻ പോയ പെൺകുട്ടിയെ തെരുവ്നായ ആക്രമിക്കുകയായിരുന്നു. കണ്ണിലും മുഖത്തും കാലിലും ഉൾപ്പെടെ എട്ട് ഇടത്താണ് കുട്ടിക്ക് കടിയേറ്റത്. അന്ന് തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്‌സിൻ എടുത്തു. വീണ്ടും രണ്ട് തവണ വാക്‌സിൻ സ്വീകരിച്ചിരുന്നു. നാലാമത്തെ ഡോസ് ഈ മാസം സ്വീകരിക്കാനിരിക്കെയാണ് കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം പാലോട് മലവെള്ളപ്പാച്ചിൽ; ഒഴുക്കില്‍പ്പെട്ട ആറു വയസുകാരി മരിച്ചു; അമ്മയ്ക്കായി തിരച്ചില്‍
തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ ഒഴുക്കില്‍പ്പെട്ട് കുട്ടി മരിച്ചു. ആറു വയസുകാരി അയിറയാണ് മരിച്ചത്.വൈകീട്ടോടെയായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്.കുട്ടിയുടെ അമ്മയെ കാണാതായി. നേരത്തെ അമ്മയേയും കുട്ടിയേയും കാണാതായെങ്കിലും കുട്ടിയെ പിന്നീട് കണ്ടെത്തുകയായിരുന്നു.കാണാതായ സ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ അകലെ നിന്നാണ് അയിറയെ കണ്ടെത്തിയത്. ഉടനെ പ്രാഥമിക ശ്രൂശകള്‍ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. മങ്കയം ആറിൽ വിനോദ സഞ്ചാരത്തിനായി എത്തിയവരുടെ സംഘത്തിൽപ്പെട്ടവരാണ് അമ്മയും മകനും. നെടുമങ്ങാട് സ്വദേശികളാണ് ഇവരെന്നാണ് പ്രാഥമിക വിവരം. മൂന്ന് കുടുംബത്തിൽ നിന്നുള്ള 10 അംഗ സംഘമായിരുന്നു എത്തിയത്.ആറിൽ കുളിക്കുന്നതിനിടെ പെട്ടെന്ന് മലവെള്ളം ഒഴുകിയെത്തുകയായിരുന്നു. 10 പേരിൽ ആറ് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ അമ്മയും കുഞ്ഞും ഒഴികെ ബാക്കി നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാണാതായ അമ്മയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.
സ്പീക്കർ എംബി രാജേഷ് മന്ത്രിയാകും; സ്പീക്കർ സ്ഥാനത്തേക്ക് എഎൻ ഷംസീർ
തിരുവനന്തപുരം: സ്പീക്കർ എംബി രാജേഷ് മന്ത്രിയാകും. എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നതോടെ വരുന്ന ഒഴിവിലേക്കാണ് എംബി രാജേഷ് മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. ഇതോടെ തലശേരി എംഎൽഎയായ എഎൻ ഷംസീർ നിയമസഭാ സ്പീക്കറാകും.ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നിർണായക തീരുമാനം. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പുകളാണ് എം വി ഗോവിന്ദൻ കൈകാര്യം ചെയ്തത്. ഇതേ വകുപ്പിലാണോ എം ബി രാജേഷിനെ ചുമതലപ്പെടുത്തുകയെന്നതിൽ വ്യക്തത വന്നിട്ടില്ല.അതേസമയം രാജി വെച്ച സജി ചെറിയാന്റെ ഒഴിവിലേക്ക് മന്ത്രിയുണ്ടാവില്ല.മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിൽ മാറ്റം വരുമെന്നാണ് സൂചന.അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയതോടെയാണ് എം വി ഗോവിന്ദൻ ചുമതലയേറ്റത്.
മലപ്പുറം പന്തല്ലൂരിൽ ഉരുൾപൊട്ടൽ; ഒരേക്കർ റബ്ബർ തോട്ടം ഒലിച്ചു പോയി
മലപ്പുറം: ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. ഒരേക്കറിലേറെ റബ്ബർ തോട്ടം ഒലിച്ചു പോയി. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഉരുൾപൊട്ടിയത് ജനവാസമേഖലയിൽ അല്ല എന്നതിനാൽ വലിയ അപകടം ഒഴിവായി.കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രദേശത്ത് വലിയ മഴയാണ് അനുഭവപ്പെട്ടത്. ഉരുൾപൊട്ടലിൽ ഒഴുകി എത്തിയ കല്ലുകളും മണ്ണും മരങ്ങളും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഉരുൾപൊട്ടിയതിന് പിന്നാലെ പ്രദേശത്തെ താമസക്കാരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മഴയ്‌ക്കിടെയാണ് ഉരുൾ പൊട്ടലുണ്ടായത്.
ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിൻ ഷിപ്പിയാർഡിൽ വെച്ച് നടന്ന ചടങ്ങിലാണ് പ്രതിരോധ സേനയ്‌ക്ക് കരുത്തേകുന്ന കപ്പൽ അദ്ദേഹം സമർപ്പിച്ചത്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , മുഖ്യമന്ത്രി പിണറായി വിജയൻ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനൊവാൾ എന്നിവർ ഐഎൻഎസ് വിക്രാന്തിന്റെ കമ്മീഷനിംഗ് ചടങ്ങിൽ പങ്കെടുത്തു.രാവിലെ 9.30 ഓടെ കൊച്ചിൻ ഷിപ്പിയാർഡിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്വീകരിച്ചു. നാവിക സേന ഗാർഡ് ഓഫ് ഓണർ നൽകി പ്രധാനമന്ത്രിയെ ആദരിച്ചു. തുടർന്ന് അദ്ദേഹം ഉദ്ഘാടനം നടക്കുന്ന വേദിയിലെത്തി.ഐഎൻഎസ് വിക്രാന്ത് വെറും ഒരു വിമാനവാഹിനി കപ്പൽ അല്ല പരിശ്രമത്തിന്റെയും പ്രതിബന്ധതയുടെയും പ്രതീകമാണ്. ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ പ്രതീകമാണ്. വെല്ലുവിളി എത്ര ദുഷ്‌കരമാണങ്കിലും അതിജീവിക്കാൻ കഴിയുമെന്നതിന് തെളിവ് കൂടിയാണ് വിക്രാന്ത് എന്ന് അദ്ദേഹം പറഞ്ഞു.മേക്ക് ഇൻ ഇന്ത്യ മാത്രമല്ല മേക്ക് ഫോർ വേൾഡ് ആണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സമുദ്ര സുരക്ഷയ്‌ക്ക് ഭാരരത്തിന്റെ ഉത്തരമാണ് വിക്രാന്ത് എന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.സ്വയംപര്യാപ്തതയുടെ പ്രതീകമാണിതെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നാവിക സേന മേധാവി അഡ്മിറൽ ആർ..ഹരികുമാർ ,ദക്ഷിണ നാവിക സേനകമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ ഹംപി ഹോളി, കൊച്ചിൻ ഷിപ്പി യാർഡ് ലിമിറ്റഡ് സി.എം.ഡി മധു എസ് നായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ക്യാനോപ്പിക്ക് നികുതി ചുമത്തരുത് – ഹൈക്കോടതി
കൊച്ചി : പെട്രോൾ പമ്പുകളിലെ ക്യാനോപ്പിക്ക് കെട്ടിട നികുതി ചുമത്തുന്നത് ബഹു.കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.
പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ്.ഗോപിനാഥ്.പി യുടെ സുപ്രധാനമായ ഉത്തരവുണ്ടായത്.
തങ്ങളുടെ അംഗങ്ങളായ ചിലരുടെ പെട്രോൾ പമ്പുകളിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്യാനോപ്പിക്ക് ടാക്സ് ചുമത്തി കൊണ്ട് നോട്ടീസ് അയച്ചതിനെ തുടർന്നാണ് പെട്രോൾ ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാർക്കു വേണ്ടി അഡ്വ. നന്ദഗോപാൽ.എസ്.കുറുപ്പ് ഹാജരായി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി
കൊച്ചി:രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി.ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷൻ ചെയ്യാനാണ് മോഡി കൊച്ചിയിലെത്തിയത്.വെള്ളിയാഴ്ച 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ കമ്മിഷൻ ചടങ്ങുകൾ. ഇന്ന് പ്രധാനമന്ത്രി കൊച്ചി മെട്രോ ദീർഘിപ്പിക്കലിന്റെയും കേരളത്തിലെ റെയിൽവേ വികസനപദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കും.വൈകുന്നേരം ആറിന് നെടുമ്പാശ്ശേരിയിൽ നടക്കുന്ന ബി.ജെ.പി. പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കും.സിയാൽ കൺവെൻഷൻ സെന്ററിലാണ് ദീർഘിപ്പിച്ച പേട്ട-തൃപ്പൂണിത്തുറ മെട്രോ പാതയുടെ ഉദ്ഘാടനം.എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.ഇരട്ടിപ്പിച്ച കറുപ്പന്തറ-കോട്ടയം-ചിങ്ങവനം പാതയും കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
കണ്ണൂർ ജില്ലയിൽ വൻ കഞ്ചാവ് വേട്ട;60 കിലോ കഞ്ചാവുമായി ഉളിക്കൽ സ്വദേശി പിടിയിൽ
കണ്ണൂർ: ജില്ലയിൽ വൻ കഞ്ചാവ് വേട്ട.60 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ഉളിക്കൽ സ്വദേശി ഇ റോയിയെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.എടക്കാട് നിന്നാണ് ഇയാൾ പിടിയിലാകുന്നത്.ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഷാഖിൽ എന്നയാൾ ഓടി രക്ഷപ്പെട്ടു. ഷാഖിലിന്റെ വീട്ടിൽ വില്പനക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് വില്പനക്കായി ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുന്നതിനിടയിലാണ് പിടിയിലായത്.
തൃശ്ശൂരിൽ പേവിഷബാധയേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം
തൃശൂർ: ചിമ്മിനിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ആദിവാസി സ്ത്രീ മരിച്ചു. കള്ളിചിത്ര കോളനിയിലെ പാറുവാണ് മരിച്ചത്. തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വയോധികയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആദിവാസി വിഭാഗക്കാരിയായ പാറു ഒരു മാസം മുൻപ് വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടിൽ വെച്ച് തെരുവ് നായയുടെ കടിയേൽക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപ് ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്. പേവിഷബാധ സംശയിച്ച വയോധികയെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു.നിരീക്ഷണത്തിലായിരുന്ന പാറു ഇന്നു വൈകീട്ടോടെ മരിക്കുകയായിരുന്നു. മറ്റു രണ്ട് പേരെ കൂടി നായ കടിച്ചിരുന്നെങ്കിലും ഇവര്‍ കുത്തിവയ്‌പെടുത്തിരുന്നു.