തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവർ ഇന്ന് കോടതിയിൽ ഹാജരായി. വി.ശിവന്‍കുട്ടി, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍ എന്നീ അഞ്ചു പ്രതികളാണ് ഇന്ന് കോടതിയില്‍ ഹാജരായത്. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചെങ്കിലും മന്ത്രിയുള്‍പ്പെടെയുള്ള അഞ്ചുപേരും കുറ്റം നിഷേധിച്ചു.അന്വേഷണസംഘം ഹാാജരാക്കിയ ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ വേണമെന്നാണ് പ്രതിഭാഗം കോടതിയില്‍ അവശ്യപ്പെട്ടത്.ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ പ്രതികള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നു പ്രോസിക്യൂഷനും നിലപാടെടുത്തു. ഇതോടെ പത്തു ദിവസത്തിനകം തെളിവുകൾ പ്രതിഭാഗത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു.ഇപി ജയരാജൻ അസുഖം കാരണം ഇന്ന് ഹാജരാകില്ലെന്ന് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു. എന്നാൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയരാജനെക്കൂടി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷമാകും വിചാരണ തീയതി പ്രഖ്യാപിക്കുക. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവവും നാശനഷ്ടങ്ങളുമുണ്ടായത്. 2.20 ലക്ഷം രൂപയുടെ പൊതുസ്വത്താണ് നശിപ്പിച്ചതെന്നാണ് കേസ്. അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതിനിടയിൽ വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന വി ശിവൻകുട്ടിയുടെ ഹർജി ഹൈക്കോടതി തള്ളി. കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നുവെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. അതുപോലെ തന്നെ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല.
മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക;യാത്രക്കാരെ ഒഴിപ്പിച്ചു
മസ്‌കറ്റ്: മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക.ഇതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചത്.എയർ ഇന്ത്യയുടെ IX 442 എന്ന വിമാനത്തിലാണ് പുക കണ്ടെത്തിയത്. വിമാനത്തിന്റെ ചിറകിൽ നിന്നും പുക ഉയരുന്നതായിട്ടാണ് കണ്ടെത്തിയത്. യാത്രക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ 14 പേർക്ക് പരുക്കേറ്റു. ടേക്ക് ഓഫിന് തൊട്ടു മുമ്പാണ് പുക കണ്ടത്. യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.144 യാത്രക്കാരും 6 കാബിൻ ക്രൂ അംഗങ്ങളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയർപ്പോർട്ട് അധികൃതർ അറിയിച്ചു.
ശാസ്താംകോട്ടയില്‍ ചത്ത നായക്ക് പേവിഷബാധ;രണ്ട് സ്ത്രീകളെയും വളർത്ത് മൃഗങ്ങളെയും കടിച്ചിരുന്നു
കൊല്ലം: ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഈ നായ രണ്ട് സ്ത്രീകളെയും വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു.ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രായമായ സ്ത്രീകളെയും ആട്, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളേയും കടിച്ചത്. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ഒരു വീടിന് മുന്നില്‍ ചത്ത നിലയില്‍ നായയെ കണ്ടെത്തിയത്. അപ്പോള്‍ മുതല്‍ പേവിഷബാധയുണ്ടെന്ന സംശയമുണ്ടായിരുന്നു.ഈ നായയുടെ കടിയേറ്റ സ്ത്രീകള്‍ ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെ എടുത്ത ശേഷം ചികിത്സയിലാണ്.അതേസമയം, സംസ്ഥാനത്ത് ഇന്നും നിരവധി പേർക്ക് തെരുവ് നായകളുടെ കടിയേറ്റിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 24 മണിക്കൂറിനിടെ 28 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. കണ്ണൂരിൽ തെരുവ് നായക്കൂട്ടം കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. കോട്ടയത്ത് നായയുടെ ആക്രമണത്തിൽ സ്‌കൂളിലേക്കു പോയ പ്ലസ് വൺ വിദ്യാർഥിനിക്കും സ്‌കൂട്ടർ മറിഞ്ഞ് അഭിഭാഷകനും പരിക്കേറ്റു. കഴിഞ്ഞ ദിവസം കോഴിക്കോട് ഫറോക്കിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചിരുന്നു.
സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തുടരും; ജാമ്യം ലഭിച്ചെങ്കിലും ഇ.ഡി. കേസ് നിലനില്‍ക്കുന്നതിനാല്‍ മോചിതനാകില്ല
ലക്നൗ: സുപ്രീം കോടതി ജാമ്യം അനുവദിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ലഖ്നൗവിലെ ജയിലില്‍ തുടരുമെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസ് ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണിത്.2020 ഒക്ടോബറില്‍ ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചുവെങ്കിലും ഇ.ഡി. കേസ് അന്വേഷണത്തില്‍ തീരുമാനം ആകാത്തതിനാല്‍ കാപ്പന് പെട്ടെന്ന് പുറത്തിറങ്ങാനാവില്ല.ഒരു ലക്ഷം രൂപയ്ക്കും ഒരാളുടെ ആള്‍ജാമ്യത്തിലുമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. സുപ്രീം കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.കലാപ ഗൂഢാലോചനയുടെ ഭാഗമായെന്നും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് സിദ്ദിഖ് കാപ്പന്‍, അഥികുര്‍ റഹ്‌മാന്‍, ആലം മസൂദ് എന്നിവരെ മഥുര പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ യു.എ.പി.എ. നിയമം, ഐ.ടി. നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്.എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദി ക്കുകയായിരുന്നു.ജയില്‍ മോചിതനായ ശേഷം അടുത്ത ആറാഴ്ച ഡല്‍ഹിയില്‍ തന്നെ തുടരണമെന്നും എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനം;കെ എസ് ആർ ടി സിക്ക് റെക്കോർഡ് വരുമാനം; പ്രതിദിന കളക്ഷൻ 8.4 കോടി കടന്നു
തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം.സെപ്റ്റംബർ 12 തിങ്കളാഴ്ചയാണ് കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകൾ സർവ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.പ്രതിദിന കളക്ഷൻ 5 കോടി നേടിയിരുന്ന സ്ഥാനത്താണ് ഇന്നലെ 8.4 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ. ഉത്സവ സീസണിൽ 7 കോടി രൂപവരെ കളക്ഷൻ നേടിയിട്ടുണ്ടെങ്കിലും
ഇതാദ്യമായാണ് ഇത്രയധികം നേടുന്നത്.സൗത്ത് സോൺ- 3.13 കോടി, സെൻട്രൽ സോൺ- 2.88 കോടി, നോർത്ത് സോൺ- 2.39 കോടി എന്നിങ്ങനെയാണ് വരുമാനം. പ്രതീക്ഷിത വരുമാനത്തിന്റെ 107.96 ശതമാനം നേടിയ കോഴിക്കോട് മേഖലയാണ് വരുമാനത്തിൽ മുന്നിൽ.ഡിപ്പോ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഡിപ്പോയാണ് ഏറ്റവുമധികം കളക്ഷൻ നേടിയത്. 52 ലക്ഷം രൂപയാണ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നുള്ള കളക്ഷൻ.ഇതിനൊപ്പം തന്നെ കെ-സ്വിഫ്റ്റിനും മികച്ച കളക്ഷൻ . 37 ലക്ഷം രൂപയാണ് സ്വിഫ്റ്റിന് മാത്രമായി ലഭിച്ചത്.
ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി
കോട്ടയം: ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി.ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണി മുതൽ നേവിയുടെ മുങ്ങൽ വിദഗ്ധരും, കോട്ടയത്ത് നിന്നുള്ള സ്‌കൂബാ ഡൈവിങ് ടീമും, ഫയർ ആന്റ് റെസ്‌ക്യു ടീമും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് അപകടം നടന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മൂന്ന് പേരാണ് ഇന്നലെ ഉണ്ടായ അപകടത്തിൽ മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് മുൻപ് തന്നെ പ്ലസ്ടു വിദ്യാർത്ഥിയായ ചെന്നിത്തല സ്വദേശി ആദിത്യൻ, ചെറുകോൽ സ്വദേശി ബിനീഷ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. നാലാമതൊരാൾ കൂടി അപകടത്തിൽ പെട്ടുവെന്ന സംശയം ഉയർന്നിരുന്നുവെങ്കിൽം ഇയാൾ പിന്നീട് നീന്തി രക്ഷപെട്ടുവെന്ന് സ്ഥിരീകരണം ഉണ്ടായി.അമ്പതോളം പേരാണ് അപകട സമയത്ത് പള്ളിയോടത്തിൽ ഉണ്ടായിരുന്നത്. തുഴച്ചിൽക്കാർ അല്ലാത്തവരും പള്ളിയോടത്തിൽ ഉണ്ടായിരുന്നു. മാവേലിക്കരയ്‌ക്ക് അടുത്ത് വലിയ പെരുമ്പുഴക്കടവിൽ ഇന്നലെ രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്.ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പുറപ്പെടാനൊരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. അച്ചൻകോവിലാറ്റിലെ പ്രദക്ഷിണത്തിനിടെയാണ് അപകടം സംഭവിച്ചത്. വള്ളം ആറ്റിലേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
തെരുവുനായ ശല്യം; മാസ് വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ആരംഭിക്കും; ഷെല്‍ട്ടറുകള്‍ ഒരുക്കും
തിരുവനന്തപുരം: തെരുവുനായശല്യം പരിഹരിക്കാന്‍ അടിയന്തര നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. നടപടിയുടെ ഭാഗമായി മാസ് വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ആരംഭിക്കുമെന്ന് തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ഒരു മാസം നീളുന്ന വാക്‌സിനേഷന്‍ യജ്ഞമാണ് നടത്തുക. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വാക്‌സിനേഷന്‍ യജ്ഞം. പേവിഷബാധ ഒഴിവാക്കലിനാണ് മുന്‍ഗണനയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെരുവുനായ ശല്യത്തെ നേരിടേണ്ടത് രണ്ടുതരത്തിലാണ്. അടിയന്തരമായ ചില നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. ജനങ്ങളുടെ ഭീതി സ്വാഭാവികമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം മാത്രം പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. അതിന് ദീര്‍ഘകാല നടപടികള്‍ കൂടി സ്വീകരിക്കേണ്ടതുണ്ട്. തെരുവുനായകളുടെ കടിയേല്‍ക്കുന്ന പലര്‍ക്കും പേവിഷബാധയുണ്ടാവുന്നതാണ് മരണകാരണമാകുന്നതെന്ന് മന്ത്രി പറഞ്ഞു.അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തത്. മറ്റുകാര്യങ്ങളെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫോർട്ട് കൊച്ചിയിൽ നാവിക സേനയുടെ പരിശീലനത്തിനിടെ കടലിൽവെച്ച് മൽസ്യത്തൊഴിലാളിക്ക് പരിക്കേറ്റു
കൊച്ചി: ഫോർട്ട് കൊച്ചിയിൽ നാവികസേനയുടെ പരിശീലനത്തിനിടെ മൽസ്യത്തൊഴിലാളിക്ക് വെടിയേറ്റു.ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സെബാസ്റ്റ്യൻ. ചെവിക്കാണ് വെടിയേറ്റത്.ഇദ്ദേഹത്തെ ഫോർട്ട് കൊച്ചി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാവികസേന പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയുടെ സമീപത്ത് വെച്ചായിരുന്നു സംഭവം. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റ്യൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു.ചെവിയിൽ നിന്ന് ചോരയൊലിക്കാൻ തുടങ്ങിയതോടെയാണ് വെടിയേറ്റതാവാം എന്ന നിഗമനത്തിലെത്തുന്നത്.സംഭവത്തിൽ കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു;കടിയേറ്റവരിൽ കുട്ടികളും; ആലുവയിൽ രണ്ട് പേരെ ആക്രമിച്ച നായ ചത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു.കാട്ടാക്കടയിൽ ഇന്ന് നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ആമച്ചൽ , പ്ലാവൂർ എന്നീ സ്ഥലങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. ബസ് കാത്തുനിന്ന രണ്ട് കുട്ടികൾക്കും ബസിൽ നിന്ന് ഇറങ്ങിയ ഒരു കുട്ടിക്കുമാണ് കടിയേറ്റത്. കുടാതെ ഒരു യുവതിയെയും നായ ആക്രമിച്ചു.തൃശൂരിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. അഞ്ചേരി സ്‌കൂളിന് സമീപത്ത് വച്ച് ഓട്ടോ ഡ്രൈവറായ സന്തോഷിനെയും മറ്റൊരു ബംഗാൾ സ്വദേശിയെയുമാണ് നായ ആക്രമിച്ചത്. സന്തോഷിന്റെ കണങ്കാലിലാണ് കടിയേറ്റത്/ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിനിടെ ആലുവയിൽ രണ്ട് പേരെ കടിച്ച നായ ചത്തു.നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് തെരുവ് നായയടെ കടിയേറ്റത്. റോഡരികിൽ കാറിന്റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഫനീഫയ്‌ക്ക് കടിയേറ്റത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്.
തിരുവനന്തപുരം പെരുമാതുറയിൽ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുമരണം
തിരുവനന്തപുരം: പെരുമാതുറയിൽ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുമരണം. വർക്കല സ്വദേശികളായ ഷാനവാസ്,നിസാം എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന പതിനഞ്ച് പേരെ രക്ഷപ്പെടുത്തി.25 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. അഞ്ച് തെങ്ങ് ഹാർബറിലെ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷപ്പെട്ടവരെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മുതലപ്പൊഴിയിൽ നിന്ന് പോയ വള്ളമാണ് അപകടത്തിൽ പെട്ടത്. അതേസമയം കേരളത്തില്‍ നാല് ജില്ലകളിൽ നാളെ അതിതീവ്രമഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.