കൊൽക്കത്ത:ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് ജില്ലകളിലെ 45 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 319 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. നാലാം ഘട്ട വോട്ടെടുപ്പിനിടെയില് ആക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണയുടെ സാഹചര്യത്തിൽ അവശേഷിക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഒറ്റ ദിവസം നടത്തണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സർവകക്ഷിയോഗം വിളിച്ചിരുന്നു.നാലാം ഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവെപ്പിലും സംഘർഷത്തിലും നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് നാലു ബൂത്തുകളിലെ പോളിംഗ് മാറ്റിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ആറാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 22നും ഏഴാംഘട്ടം ഏപ്രിൽ 26നും എട്ടാംഘട്ടം ഏപ്രിൽ 29നും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.
സംസ്ഥാനത്ത് ഇന്ന് 10,031 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;3792 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10,031 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തുമാണ് കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചത് .കോഴിക്കോട് 1560 പേർക്കും എറണാകുളത്ത് 1391 പേർക്കും കോവിഡ് ബാധിച്ചു. മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂർ 737, കണ്ണൂർ 673, കാസർകോട് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 221 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 641 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1523, എറണാകുളം 1335, മലപ്പുറം 849, കോട്ടയം 729, തിരുവനന്തപുരം 556, ആലപ്പുഴ 730, തൃശൂർ 715, കണ്ണൂർ 576, കാസർകോട് 596, പാലക്കാട് 226, കൊല്ലം 448, വയനാട് 334, ഇടുക്കി 277, പത്തനംതിട്ട 243 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.32 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 11, കാസർകോട് 5, തൃശൂർ 4, തിരുവനന്തപുരം 3, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 648, കൊല്ലം 80, പത്തനംതിട്ട 156, ആലപ്പുഴ 41, കോട്ടയം 269, ഇടുക്കി 123, എറണാകുളം 515, തൃശൂർ 245, പാലക്കാട് 62, മലപ്പുറം 278, കോഴിക്കോട് 464, വയനാട് 79, കണ്ണൂർ 298, കാസർകോട് 534 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 69,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 436 ഹോട്ട് സ്പോട്ടുകളാണുള്ളത്.
വാഹനങ്ങൾക്ക് ഇനി താത്കാലിക രജിസ്ട്രേഷൻ ഇല്ല; അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് ഷോറൂമിൽ നിന്നും നേരിട്ട് നിരത്തിലേക്ക്
തിരുവനന്തപുരം : വാഹനങ്ങൾക്ക് ഇനി താത്കാലിക രജിസ്ട്രേഷൻ ഇല്ല. പൂർണമായും ഫാക്ടറി നിർമ്മിത വാഹനങ്ങൾ ഇനി അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് നേരിട്ട് ഷോറൂമിൽ നിന്ന് നിരത്തിലിറക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് . വാഹന രജിസ്ട്രേഷൻ പൂർണമായും ഓൺലൈനായിട്ടായിരിക്കും ചെയ്യേണ്ടത്. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ടു.
നിര്‍ദേശങ്ങള്‍ ഇവയാണ്:
1. പൂര്‍ണ്ണമായും ഫാക്ടറി നിര്‍മ്മിത ബോഡിയോടു കൂടിയുള്ള വാഹനങ്ങള്‍ ആദ്യത്തെ രജിസ്ട്രേഷനു വേണ്ടി ആര്.ടി ഓഫീസുകളില്‍ ഹാജരാക്കേണ്ടതില്ല.
2. വാഹന ഡീലര്‍മാര്‍ വാഹനങ്ങളുടെ വില, രജിസ്ട്രേഷന് ഫീ, ടാക്സ്, രജിസ്ട്രേഷന് നടപടിക്രമങ്ങള്‍ എന്നിവ വ്യക്തമായി ഷോറൂമില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
3. ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കുമ്പോൾ അഡ്രസ് പ്രൂഫ്, ചാസിസ് പ്രിന്റ്, മറ്റ് രേഖകള്‍ തുടങ്ങിയവ വ്യക്തമായി സ്കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടുന്നതുമൂലം ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഡീലര്‍ ഉത്തരവാദിയായിരിക്കും
4. ഈ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും ഓഫീസില്‍ ഹാജരാക്കേണ്ടതില്ല. എന്നാല്‍ അപേക്ഷയുടെ ഫുള്‍ സെറ്റും അവ വാഹന കാലാവധി തീരുന്നതുവരെ സൂക്ഷിക്കാനാവശ്യമായ രേഖാമൂലുള്ള നിര്‍ദ്ദേശവും ഡീലര്‍ അപേക്ഷന് നല്‍കേണ്ടതാണ്.
5. ഓരോ പ്രവൃത്തി ദിവസവും വൈകുന്നേരം 4 മണി വരെ ഓഫീസിലെ പെന്‍ഡിംഗ് ലിസ്റ്റില്‍ കാണുന്ന പുതിയ രജിസ്ട്രേഷനുള്ള അപേക്ഷകള്‍ പരിശോധിച്ച് റാൻഡം അടിസ്ഥാനത്തില്‍ നമ്പർ അലോട്ട് ചെയ്യുന്നതായിരിക്കും. ഒരിക്കല്‍ അലോട്ട് ചെയ്ത നമ്പർ മാറ്റാനോ ക്യാന്‍സല്‍ ചെയ്യാനോ നിര്‍വ്വാഹമില്ലാത്തതാണ്.
6. ഫാക്ടറി നിര്‍മ്മിത ബോഡിയോടു വരുന്ന വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന്റെ ആവശ്യകത ഇല്ല. എന്നാല്‍ അന്യസംസ്ഥാനങ്ങളിലേക്ക് വില്പന നടത്തുന്ന വാഹനങ്ങള്‍ക്കും ഫാന്‍സി / ചോയ്സ് നമ്പർ ആഗ്രഹിക്കുന്നവര്‍ക്കും താല്‍ക്കാലിക രജിസ്ട്രേഷന് അനുവദിക്കുന്നതാണ്.
7. നമ്പർ റിസര്‍വേഷന്‍ ആവശ്യമുള്ള അപേക്ഷകരുടെ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുമ്പോൾ Choice number (Paid) എന്നുള്ളതും റിസര്‍വേഷന്‍ ആവശ്യമില്ലാത്ത അപേക്ഷകള്‍ക്ക് System Generated (Free) എന്നുള്ളതും സെലക്ട് ചെയ്ത് നല്‍കേണ്ടതാണ്. റിസര്‍വേഷന്‍ ആവശ്യമാണോ ഇല്ലയോ എന്നത് ഓരോ അപേക്ഷനില്‍ നിന്നും സ്വന്തം കൈപ്പടയില്‍ ഒരു രജിസ്റ്ററില്‍ എഴുതി വാങ്ങുന്നത് ഉചിതമായിരിക്കും.
8. ഫാന്‍സി / ചോയ്സ് നമ്പർ ആഗ്രഹിക്കുന്നവര്‍ക്ക് നല്കുന്ന താല്‍ക്കാലിക രജിസ്ട്രേഷന് ഉപയോഗിച്ച് കൊണ്ട് ഡീലര്‍ ഈ വാഹനങ്ങള്‍ വിട്ടു നല്കാന് പാടുള്ളതല്ല.എന്നാല്‍ അന്യസംസ്ഥാനത്തേക്ക് കൊണ്ടു പോകാനായി താല്‍ക്കാലിക രജിസ്ട്രേഷന് എടുത്ത വാഹനങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ അവയുടെ ഉടമ സ്വന്തം സംസ്ഥാനത്തു നിന്നും സ്ഥിരം രജിസ്ട്രേഷന് സമ്ബാദിക്കേണ്ടതാണ്.
9. ഓരോ വാഹനത്തിനും അലോട്ട് ചെയ്യപ്പെട്ട നമ്ബര്‍ HSRP നിര്‍മ്മിച്ച് വാഹനത്തില്‍ നിര്‍ദ്ദിഷ്ട രീതിയില്‍ ഘടിപ്പിച്ചതിനു ശേഷം മാത്രമേ അവ ഡീലര്‍ഷിപ്പില്‍ നിന്നും പുറത്തിറക്കാന്‍ പാടുള്ളൂ
10. രജിസ്ട്രേഷന് നമ്പർ ഘടിപ്പിക്കാതെ വാഹനം പുറത്തിറക്കുക , നമ്പർ റിസര്‍വേഷനു വേണ്ടി താല്‍ക്കാലിക രജിസ്ട്രേഷന് കരസ്ഥമാക്കി കാലാവധി കഴിഞ്ഞിട്ടും റിസര്‍വേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതിരിക്കുക , സീറ്റിന്റെ എണ്ണം, തരം തുടങ്ങി വാഹനത്തിലെ ഏതെങ്കിലും സ്പെസിഫിക്കേഷനില്‍ വ്യതിയാനം കാണപ്പെടുക തുടങ്ങിയവക്ക് M V act ലെ പിഴക്ക് പുറമെ നികുതിയുടെ നിശ്ചിത ശതമാനം കൂടി അധികമായി അടക്കേണ്ടി വരും.
11. 7 സീറ്റില്‍ കൂടുതലുള്ള വാഹനങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് ഗണത്തില്‍ അല്ലാതെ PSV for Personal use എന്ന തരത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍, അപേക്ഷകനില്‍ നിന്നും 200 രൂപ പത്രത്തില്‍ സത്യവാങ്ങ്മൂലം എഴുതി വാങ്ങി അപ് ലോഡ് ചെയ്യേണ്ടതും ഒറിജിനല്‍ ഫയലില്‍ സൂക്ഷിക്കേണ്ടതുമാണ്.
12. എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളിലും നിയമാനുസൃതമുള്ള റിഫ്ളക്ടീവ് ടേപ്പ് ഒട്ടിക്കേണ്ടതും വാഹനത്തിനുള്ളിലും പുറത്തും നിയമാനുസൃത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
13. ഓട്ടോറിക്ഷ ഒഴികെയുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് എന്നിവ വാഹന നിര്‍മ്മാതാവ് പിടിപ്പിച്ചിട്ടില്ലെങ്കില്‍ ഇവ ഡീലര്‍ഷിപ്പില്‍ നിന്നും ഘടിപ്പിച്ച് രേഖകള്‍ അപ് ലോഡ് ചെയ്തതിനു ശേഷം മാത്രം പുറത്തിറക്കേണ്ടതാണ്.
14. ഓട്ടോറിക്ഷകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ അംഗീകാരത്തോടു കൂടിയ മീറ്റര്‍ ഘടിപ്പിച്ചു സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്.
15. നാഷണല്‍ പെര്‍മിറ്റ് ഒഴികെയുള്ള ചരക്കു വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് മുന്‍പായി മുന്‍പിലും പിന്പിലും ഹൈവേ യെല്ലോ നിറത്തില്‍ പെയിന്റ് ചെയ്യേണ്ടതാണ്.
16. മേല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായോ ചേസിസ് നമ്പർ, എന്ജിന് നമ്പർ എന്നിവ തെറ്റായി രേഖപ്പെടുത്തിയോ റ്റാമ്പർ ചെയ്തോ രജിസ്ട്രേഷന് സമ്പാദിച്ചതായി കണ്ടെത്തിയാലോ ഡീലര്‍ഷിപ്പില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകളില്‍ അപാകതകള്‍ കണ്ടെത്തുകയോ ചെയ്യുന്ന പക്ഷം ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതടക്കുള്ള നിയമനുസൃത നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും
ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി
കൊച്ചി:ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ട് എഫ് ഐ ആറും ഹൈക്കോടതി റദ്ദാക്കി.അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് വിചാരണക്കോടതിക്ക് കൈമാറണം. രേഖകള്‍ പരിശോധിച്ച് വിചാരണക്കോടതിക്ക് തുടര്‍നടപടികള്‍ തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചെന്ന ആരോപണങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചതായി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിന്റെയും സന്ദീപ് നായര്‍ ആരോപണം ഉന്നയിച്ചതിന്റെയും അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ചിന്റെ കേസുകള്‍. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ കേസുകളാണ് എടുത്തത്.ഇ.ഡി ആവശ്യം അംഗീകരിച്ചാണ് നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും റദ്ദാക്കിയത്. കേസിലെ തുടര്‍നടപടികളും റദ്ദാക്കിയിട്ടുണ്ട്. ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു എഫ്.ഐ.ആര്. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് ശേഖരിച്ച മൊഴി അടക്കം മുദ്രവച്ച കവറില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു
കാസർകോട് ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളില്‍ കോവിഡ് മെഗാ ടെസ്റ്റിംഗ് ഡ്രൈവ്
കാസര്‍കോട്:കോവിഡ് കേസുകള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 16, 17 തീയതികളില്‍ കോവിഡ് മെഗാ ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ടു ദിവസം 6000 പേര്‍ക്ക് ടെസ്റ്റിംഗ് നടത്തുന്നതിനായി ജില്ലയില്‍ സൗകര്യമൊരുക്കി.സ്ഥിരമായി കോവിഡ് ടെസ്റ്റ് നടത്തുന്ന മുഴുവന്‍ സർക്കാർ ആശുപത്രികളിലും പരിശോധന ഉണ്ടായിരിക്കും. ഏപ്രില്‍ 16ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലും ഏപ്രില്‍ 17ന് പടന്നക്കാട് ഇഎംഎസ് ക്ലബ്, മടക്കര ഹാര്‍ബര്‍ എന്നിവിടങ്ങളിലും പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കോവിഡ് രോഗലക്ഷണങ്ങളുള്ളവര്‍, രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർ, പൊതുജനങ്ങളുമായി സമ്പർക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള 45 വയസിനു താഴെ പ്രായമുള്ള ഓടോറിക്ഷ-ടാക്സി ഡ്രൈവര്‍മാര്‍, കളക്ഷന്‍ ഏജന്റുമാര്‍ തുടങ്ങിയവര്‍, വാക്സിനേഷനെടുക്കാത്ത 45 വയസിന് മുകളിലുള്ളവര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍, ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍, കൂട്ടിരിപ്പിന് പോയവര്‍ എന്നിവര്‍ ഈ കേന്ദ്രങ്ങളിലെത്തി പരിശോധനക്ക് വിധേയരാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
കൊവിഡ് വ്യാപനം;കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്സിജന്‍ അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി:കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്സിജന്‍ അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.പിഎം കെയേഴ്സ് ഫണ്ടില്‍ നിന്നാണ് ഇതിന് പണം അനുവദിക്കുക. രാജ്യത്തെ നൂറിലധികം ആശുപത്രികളില്‍ ഓക്സിജന്‍ പ്ളാന്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.ഏപ്രില്‍ 20, 25, 30 തീയതികള്‍ കണക്കാക്കി 4880 ടണ്‍, 5619 ടണ്‍, 6593 ടണ്‍ എന്നിങ്ങനെയാണ് അനുവദിക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ, 50,000 ടണ്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. കേരളത്തെ കൂടാതെ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ചത്തിസ്ഗഡ്, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന് എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.
സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും ഉടന്‍ അടച്ചു പൂട്ടണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം:സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും ഉടന്‍ അടച്ചു പൂട്ടണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്.അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമീഷന് ഉത്തരവിറക്കി.അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നിലവില്‍ പഠിച്ചു വരുന്ന കുട്ടികള്‍ക്ക് തുടര്‍ പഠനം സാധ്യമാക്കുന്നതിനായി മറ്റ് സർക്കാർ, എയ്ഡഡ്, അംഗീകൃത സ്കൂളുകളില്‍ പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിൽ പെട്ട അംഗീകാരമുളള സ്കൂളുകളുടെ പട്ടിക തയ്യാറാക്കി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതും പൊതുജനങ്ങളുടെ അറിവിലേക്കായി പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തേണ്ടതുമാണെന്നും കമ്മീഷൻ നിർദേശിച്ചു.സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും അനധികൃതമായും സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ, സംസ്ഥാന സര്‍ക്കാര്‍ സിലബസുകള്‍ പഠിപ്പിക്കുന്ന പല അണ് എയ്ഡഡ് സ്ഥാപങ്ങള്‍ക്കും അഫിലിയേഷനോ അംഗീകാരമോ ഇല്ലെന്നും കമ്മീഷന് കണ്ടെത്തി.സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മെയ് 31ന് മുന്‍പായി കമ്മീഷന് സമര്‍പ്പിക്കണമെന്നും കമ്മീഷന് അംഗം റെനി ആന്റണിയുടെ ഉത്തരവില്‍ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസ്;കെ എം ഷാജി എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും
കണ്ണൂർ:അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജി എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും.വിജിലന്‍സ് എസ്.പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് ചോദ്യം ചെയ്യൽ.വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം കാണിക്കാന്‍ ഷാജിക്ക് ഇത് വരെ സാധിച്ചിട്ടില്ല .അതിനാല്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യല്‍ .കെ എം ഷാജിയുടെ കണ്ണൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നും 48 ലക്ഷത്തിലധികം രൂപ വിജിലന്‍സ് കണ്ടെടുത്തു.വിജിലന്‍സ് പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്ന് ഷാജി അവകാശപ്പെട്ടിരുന്നുവെങ്കിലും ഒന്നും ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം.പരിശോധനയ്ക്കിടെ വീട്ടില്‍ നിന്ന് രേഖകളില്ലാതെ പിടികൂടിയ പണം ആരില്‍ നിന്നാണ് ലഭിച്ചത്, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടിരൂപയുടെ സ്രോതസ്, 28 തവണ വിദേശ യാത്ര നടത്തിയത് എന്തിന് എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലന്‍സിന് അറിയാനുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ചോദ്യാവലി ഉദ്യോഗസ്ഥര്‍ തയാറാക്കിയിട്ടുണ്ട്.ഷാജിയുടെ കണ്ണൂരിലെ വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിലുള്ള രഹസ്യ അറയില്‍ നിന്ന് രേഖകളില്ലാത്ത 47,35,500 രൂപയും 60 ഗ്രാം സ്വര്‍ണാഭരണങ്ങളും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് 491 ഗ്രാം സ്വര്‍ണാഭരണവും 30,000 രൂപയും രണ്ട് വീട്ടില്‍ നിന്നുമായി 77 രേഖകളുമാണ് വിജിലന്‍സ് കണ്ടെടുത്തിരുന്നത്. ഷാജിയുടെയും ഭാര്യ ആശയുടെയും പേരിലുള്ള ഭൂമി, വീടുകള്‍, വീട്ടിലെ ആഡംബര ഫര്‍ണിച്ചറുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയടക്കമുള്ളവയുടെ മൂല്യമുള്‍പ്പെടെ കണക്കാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നിക്ഷേപങ്ങള്‍, ബിസിനസ് പങ്കാളിത്തം എന്നിവയും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ ഷാജിക്ക് തിരികെ നല്‍കിയിട്ടുണ്ട്.
കതിരൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തികൾ അറ്റു
കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം.കതിരൂർ നാലാം മൈലിലാണ് സംഭവം.അപകടത്തിൽ കതിരൂർ സ്വദേശി നിജീഷിന്റെ രണ്ടു കൈപ്പത്തികളും അറ്റു.ബുധനാഴ്ച്ച രാത്രിയാണ് സംഭവം.നാലാം മൈലിലെ ഒരു വീടിനു പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഇരുകൈപ്പത്തികളും അറ്റുപോയ നിജേഷിനെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റിയിരുന്നു. നിജേഷിന്റെ അറ്റുപോയ വിരലുകളുടെ ഭാഗങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ മദ്യപിച്ച ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്ന സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. മദ്യപിച്ച ശേഷം ബോംബ് ഉണ്ടാക്കുന്നതിനിടെയാകാം അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിനു പിന്നാലെ പ്രദേശത്ത് നിന്നും പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്ഷേത്ര ഉത്സവത്തിനിടെ തര്‍ക്കം; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു
ആലപ്പുഴ: വള്ളിക്കുന്നത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 15 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി.പുത്തന്‍ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളികുമാറിന്റെ മകൻ അഭിമന്യു ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാഷ്ട്രീയ കാരണങ്ങളല്ല കൊലപാതകത്തിന് പിന്നിലെന്നും പൂര്‍വവൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു.വള്ളിക്കുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിമന്യു.അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവമെന്ന് പോലിസ് വ്യക്തമാക്കി.ഉത്സവപ്പറമ്പിൽ വെച്ച് മരിച്ച അഭിമന്യു ഉള്‍പ്പെട്ട സംഘവും മറ്റൊരു സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നു. സംഘര്‍ഷത്തിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു. വയറിനു കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അഭിമന്യുവിന്റെ ജ്യേഷ്ഠന് അനന്തുവിനെ തെരഞ്ഞെത്തിയ അക്രമിസംഘം അഭിമന്യുവിനെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നും ഇയാളാണ് മുഖ്യ പ്രതിയെന്നുമാണ് പൊലീസ് നല്കുന്ന സൂചന.പ്രാദേശിക ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് അഭിമന്യുവിന്റെ സഹോദരൻ അനന്തു. അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ദത്തും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത്. സ്ഥലത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍പൊലീസ് സംഘത്തെ നിയാേഗിച്ചിട്ടുണ്ട്.