അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട;3000 കോടി രൂപയുടെ ലഹരിമരുന്നുകളുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടി

keralanews drugs worth 3000crores rupees seized from fishing boat in arabian sea

കൊച്ചി:അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട.3000 കോടി രൂപയുടെ ലഹരിമരുന്നുകളുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടി.ബോട്ടിൽ നിന്നും 300 കിലോ ലഹരിമരുന്ന് നാവിക സേന പിടിച്ചെടുത്തു.ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. കടലിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് ബോട്ട് നാവികസേനയുടെ ശ്രദ്ധയിൽ പെടുന്നത്.സംശയം തോന്നിയ ഉദ്യോഗസ്ഥർ ബോട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് രാജ്യാന്തര വിപണിയിൽ മൂവായിരം കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.ബോട്ട് നാവികസേന കസ്റ്റഡിയിലെടുത്തു.കൂടുതൽ അന്വേഷണത്തിനായി ബോട്ടിലെ ജീവനക്കാരെ കൊച്ചി തുറമുഖത്ത് എത്തിച്ചു.അഞ്ച് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. അറസ്റ്റിലായവര്‍ ശ്രീലങ്ക സ്വദേശികളാണെന്ന് നാവിക സേന അറിയിച്ചു.

മെയ് ഒന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍

keralanews covid vaccine for all over the age of 18 in the country from may 1

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഉന്നത ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം എത്തിയിരിക്കുന്നത്.ആദ്യഘട്ടത്തിൽ കോവിഡ് മുൻനിര പോരാളികൾക്കാണ് വാക്സിൻ നൽകിയത്. പിന്നീട് 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും മൂന്നാം ഘട്ടത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകിയിരുന്നു. പ്രായപൂർത്തിയായ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ തീരുമാനിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയകളിലേക്കാണ് ഇന്ത്യ കടക്കുന്നത്.ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ലോകാരോഗ്യസംഘടനയുടെ അംഗീകാരം കിട്ടിയ എല്ലാ വാക്സിനുകൾക്കും അപേക്ഷ നൽകി മൂന്ന് ദിവസം കൊണ്ട് അനുമതി നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മെയ് മാസത്തിൽ തന്നെ റഷ്യയുടെ സ്പുടിനക് വി വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അടുത്ത ഘട്ടത്തിൽ ഈ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കും. കൊവിഷിൽഡ് വാക്സിനാണ് ഇതുവരെ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ചത്. കൊവാക്സിനും നിരവധി ആളുകൾ സ്വീകരിച്ചു. മെയ് മുതൽ സ്പുടിനിക് വാക്സിനും ലഭ്യമാവും.

കോവിഡ്​ വ്യാപനം;സംസ്​ഥാനത്ത് നാളെ മുതല്‍ രാ​ത്രികാല കര്‍ഫ്യൂ; പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല

keralanews covid spread night curfew in the state from tomorrow no restriction on public transportation

തിരുവന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ.അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് കര്‍ഫ്യൂ. മാളുകളുടേയും തീയറ്ററുകളുടേയും പ്രവര്‍ത്തനം രാത്രി 7 വരെയാക്കി ചുരുക്കി. പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. സാദ്ധ്യമായ ഇടങ്ങളിലെല്ലാം വർക്ക് ഫ്രം ഹോം നടപ്പാക്കണമന്നും  നിർദ്ദേശമുണ്ട്.ഹോം ട്യൂഷനുകള്‍ ഒഴിവാക്കാനും തീരുമാനമായി.  ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും അനുവദിക്കുക. ചരക്കു ഗതാഗതത്തിനും നിയന്ത്രങ്ങൾ ഉണ്ടാകില്ല. പരിശോധന ശക്തമാക്കും.വിവിധ വകുപ്പ് മേധാവികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.

സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 13644 covid cases confirmed in the state today 4305 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂർ 1388, കണ്ണൂർ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസർഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകൾ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളിൽ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,550 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 826 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1996, എറണാകുളം 1751, മലപ്പുറം 1615, തൃശൂര്‍ 1361, കണ്ണൂര്‍ 990, തിരുവനന്തപുരം 768, കോട്ടയം 898, ആലപ്പുഴ 696, കാസര്‍ഗോഡ് 620, പാലക്കാട് 226, ഇടുക്കി 457, കൊല്ലം 451, പത്തനംതിട്ട 342, വയനാട് 379 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, കാസര്‍ഗോഡ് 6, തിരുവനന്തപുരം 5, തൃശൂര്‍ 4, കൊല്ലം, കോഴിക്കോട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 497, കൊല്ലം 438, പത്തനംതിട്ട 87, ആലപ്പുഴ 380, കോട്ടയം 272, ഇടുക്കി 53, എറണാകുളം 350, തൃശൂര്‍ 502, പാലക്കാട് 165, മലപ്പുറം 169, കോഴിക്കോട് 481, വയനാട് 75, കണ്ണൂര്‍ 658, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 468 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പ്രതിയില്‍ നിന്നും എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവർന്നു;തളിപ്പറമ്പിൽ പൊലീസുകാരന് സസ്പെന്‍ഷന്‍

keralanews money stoled after taken atm card from accused policeman suspended

കണ്ണൂര്‍: എടിഎം തട്ടിപ്പ് കേസിലെ പ്രതിയില്‍ നിന്നും എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന പൊലീസുകാരന് സസ്പെന്‍ഷന്‍. തളിപ്പറമ്പ് സ്റ്റേഷനിലെ സിപിഒ ഇഎന്‍ ശ്രീകാന്തിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്‍റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന സംഭവത്തിലാണ് ഏപ്രില്‍ മൂന്നിന് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുല്‍ അറസ്റ്റിലായത്. പിടിയിലാകുമ്പോൾ ഗോകുലിന്‍റെ കൈവശം സഹോദരിയുടെ എടിഎം കാര്‍ഡ് ഉണ്ടായിരുന്നു. ഈ കാര്‍ഡ് ശ്രീകാന്ത് കൈക്കലാക്കി ഏപ്രില്‍ ഏഴ് മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്.തളിപ്പറമ്പ് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്‍റെ നിര്‍ദേശാനുസരണം സിഐ വി.ജയകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നില്‍ പൊലീസിലെ ചിലര്‍ തന്നെയാണെന്ന് വ്യക്തമായത്. സംഭവത്തില്‍ റൂറല്‍ എസ്പി നവനീത് ശര്‍മ അച്ചടക്ക നടപടിയെടുത്ത് അന്വേഷത്തിന് ഉത്തരവിടുകയും ചെയ്തു.ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് റൂറല്‍ എസ്പി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

കൊവിഡ് വ്യാപനം; പറശ്ശിനി മടപ്പുരയില്‍ നാളെ മുതല്‍ 10 ദിവസത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല

OLYMPUS DIGITAL CAMERA
OLYMPUS DIGITAL CAMERA

 

കണ്ണൂർ:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പറശ്ശിനി മടപ്പുരയില്‍ നാളെ മുതല്‍ പത്തുദിവസത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല.പറശ്ശിനി മടപ്പുരയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളും അടച്ചിടും.കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലും സമാനമായി മടപ്പുരയില്‍ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. അന്ന് ചടങ്ങുകള്‍ മാത്രമാണ് നടന്നത്. സമാനമായ രീതിയില്‍ ചടങ്ങുകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ നടക്കുക.ആന്തൂര്‍ നഗരസഭയില്‍ പറശ്ശിനി മടപ്പുര സ്ഥിതി ചെയ്യുന്ന പ്രദേശത്തും തൊട്ടടുത്തുള്ള വാര്‍ഡുകളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇത് കണക്കിലെടുത്തതാണ് നാളെ മുതല്‍ ഭക്തരെ മടപ്പുരയില്‍ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്.

പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു

keralanews psc exams postponed

തിരുവനന്തപുരം:ഏപ്രില്‍ 30 വരെയുളള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു.കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവച്ചിട്ടുണ്ട്.വിവിധ സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് വ്യാപനം;വിദേശത്ത് നിന്നും എത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കണ്ണൂർ ജില്ലാ ഭരണകൂടം

keralanews covid spread kannur district administration revises guidelines for foreigners

കണ്ണൂര്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായുള്ള മാർഗനിർദേശങ്ങൾ പുതുക്കി കണ്ണൂർ ജില്ലാ ഭരണകൂടം.ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവര്‍ ഇ ജാഗ്രത പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണം. വാക്‌സിനേഷന്‍ ചെയ്തവരും ചെയ്യാത്തവരും നിര്‍ബന്ധമായും ജില്ലയില്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂര്‍ മുൻപോ എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ പരിശോധന ചെയ്തിരിക്കണം.പരിശോധന നടത്താതെ ജില്ലയില്‍ എത്തുന്നവര്‍ റൂം ഐസൊലേഷന്‍ നിര്‍ബന്ധമായും സ്വീകരിക്കണം. പരിശോധനഫലം പോസിറ്റീവ് ആകുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് തുടർ ചികിത്സ നടത്തണം.പരിശോധന ഫലം നെഗററ്റീവ് ആവുന്നവര്‍ പൊതുസ്ഥലങ്ങളില്‍ സാമൂഹ്യഅകലം, മുഖാവരണം, വ്യക്തി ശുചിത്വം എന്നിവ കൃത്യമായി പാലിക്കണം.കൊവിഡ് ലക്ഷണങ്ങള്‍ പിന്നീട് പ്രകടിപ്പിക്കുകയാണെങ്കില്‍ ചികിത്സ തേടേണ്ടതാണ്. ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം റൂം ഐസെലേഷന്‍ തുടരണം. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക. വിദേശത്ത് നിന്നും എത്തുന്നവര്‍ നിലവിലെ പ്രൊട്ടോകോള്‍ പാലിക്കേണ്ടതാണെന്നും കളക്റ്ററുടെ ഉത്തരവില്‍ പറയുന്നു.

ജില്ലയില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം;കാസർകോട് ജില്ലാ കളക്റ്ററുടെ ഉത്തരവിനെതിരെ പ്രതിഷേധം

keralanews covid negative certificate compulsory to travel within the district protest against kasargod district collectors order

കാസർകോഡ്:ജില്ലക്കകത്ത് സഞ്ചരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കളക്റ്ററുടെ നിർദേശത്തിനെതിരെ പ്രതിഷേധം ശക്തം. കലക്ടര്‍ക്കെതിരെ എംഎല്‍എ ഉള്‍പ്പടെ ഉള്ളവര്‍ രംഗത്തെത്തി.ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാന്‍ ശനിയാഴ്‌ച്ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്നാണ് കളക്ടറുടെ ഉത്തരവ്. കേരളത്തില്‍ എവിടെയും ഇല്ലാത്ത തീരുമാനമാണ് ഇതെന്നും തുഗ്ലക്ക് പരിഷ്‌ക്കാരമെന്നുമാണ് വിമര്‍ശനം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പ്രതികരിച്ചു. ജില്ലാ പൊലീസ് മേധാവിയുമായി ചര്‍ച്ച ചെയ്യുമെന്നും ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയെന്നും എംഎല്‍എ പറഞ്ഞു.കഴിഞ്ഞ ദിവസം കോവിഡുമായി ബന്ധപ്പെട്ട് കാസര്‍കോട് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടിയിരുന്നു. പെട്ടെന്നുള്ള നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന അഭിപ്രായം പരിഗണിച്ചായിരുന്നു തീരുമാനം.എന്നാല്‍ ജില്ലയില്‍ സഞ്ചരിക്കുന്നതിന് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പുതിയ ഉത്തരവിനെതിരെ പ്രതിഷേധം കനക്കുകയാണ്.

വൈഗയുടെ മരണം;സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി;ചുമത്തിയത് കൊലക്കുറ്റം

keralanews death of vaiga arrest of sanu mohan recorded

കൊച്ചി: എറണാകുളം മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരി വൈഗയെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പിതാവ് സനു മോഹന്റെ അറസ്റ്റു രേഖപ്പെടുത്തി. ഇയാള്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ മകളെ മുട്ടാര്‍ പുഴയില്‍ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാള്‍ പറഞ്ഞു. ഈ മൊഴി പൂര്‍ണമായും വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ആത്മഹത്യ ചെയ്യാനാണെങ്കില്‍ എന്തിനാണ് ഗോവയില്‍ വരെ ഇയാള്‍ പോയതെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. മാത്രമല്ല, മകളെ കൊലപ്പെടുത്തിയ സനു മോഹന്‍ പനാജിയില്‍ പോയി ചീട്ടു കളിച്ചു പണം കളഞ്ഞെന്നും മൊഴിനല്‍കിയിട്ടുണ്ട്.ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. കടബാധ്യത പെരുകിയപ്പോള്‍ മകളുമൊത്ത് മരിക്കാന്‍ തീരുമാനിച്ചുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.താൻ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ഒരുമിച്ച്‌ മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മയെ അമ്മയുടെ വീട്ടുകാര്‍ നോക്കിക്കോളുമെന്ന് പറഞ്ഞു. പൊട്ടിക്കരഞ്ഞ് ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച്‌ മുഖം സ്വന്തം ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തു.വൈഗയുടെ മൂക്കില്‍ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച്‌ തുടച്ചു. തുടര്‍ന്ന് മകളെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി. മകളുമായി മുട്ടാര്‍ പുഴയുടെ കല്‍ക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്‌ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടര്‍ന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയിലുണ്ടായിരുന്ന പണം പനാജിയില്‍ ചൂതുകളിച്ച്‌ കളഞ്ഞു. ഒളിവില്‍ പോയതല്ല മരിക്കാന്‍ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പൊലീസിനോട് സനു മോഹന്‍ പറഞ്ഞു.ഫ്‌ളാറ്റില്‍ വെച്ച്‌ ശ്വാസം മുട്ടിച്ചെങ്കിലും വൈഗ മരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. വെള്ളത്തില്‍ എറിയുമ്പോൾ വൈഗ മരിച്ചിരുന്നില്ല. വെള്ളത്തില്‍ വീണ ശേഷമാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളില്‍ വെള്ളമെത്തിയത് ഇങ്ങിനെയാവാം. വൈഗയുടെ മരണം മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണ് പൊലീസ് സംഘം.കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് സനു മോഹനെ രാവിലെ എത്തിച്ചു. കേരള പൊലീസ് തന്നെയാണ് സനു മോഹനെ പിടികൂടിയതെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. മൂകാംബികയില്‍ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹന്‍ സഞ്ചരിച്ചത്. കാര്‍വാറിലെ ബീച്ച്‌ പരിസരത്ത് നിന്ന് സനു മോഹനെ മൂന്നംഗ സംഘമാണ് പിടികൂടിയത്.മാര്‍ച്ച്‌ 21 ന് വൈകിട്ടാണ് എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്ന് അച്ഛനെയും മകളെയും കാണാതാകുന്നത്. ബന്ധുവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 13 വയസ്സുള്ള വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് മാര്‍ച്ച്‌ 22 ന് ഉച്ചയോടെ കണ്ടെത്തിയത്. എന്നാല്‍ സനു മോഹന്‍ എവിടെ എന്നത് സംബന്ധിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സനു മോഹന്‍ പിടിയിലായത്.