ന്യൂഡൽഹി :ഇന്ത്യയ്ക്ക് ആശ്വാസമായി റഷ്യയുടെ കൊറോണ പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് v ഇന്ത്യയിൽ എത്തി. വൈകീട്ട് നാല് മണിയോടെ ഹൈദരാബാദിലെ വിമാനത്താവളത്തിലാണ് ആദ്യ ബാച്ച് എത്തിയത്. 1,50,000 ഡോസ് വാക്‌സിനുകളാണ് ആദ്യ ബാച്ചിൽ ഉള്ളത്.ഇതുകൂടാതെ മൂന്ന് മില്യണ്‍ ഡോസ് വാക്സിനുകള്‍ കൂടി ഈ മാസം റഷ്യ ഇന്ത്യയ്ക്ക് നല്‍കും.നിലവിൽ വാക്‌സിന്റെ പരീക്ഷണങ്ങൾ വിദേശരാജ്യങ്ങളിൽ പൂർത്തിയായിട്ടുണ്ട്. വാക്‌സിൻ 97 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ സ്പുട്‌നിക് v വീണ്ടും പരീക്ഷിക്കേണ്ടെന്നാണ് തീരുമാനം. അതിനാൽ വാക്‌സിൻ വേഗത്തിൽ തന്നെ വിപണിയിൽ ലഭ്യമാക്കും.ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടര്‍മാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് സ്ഫുടിനിക് കൈമാറുക. വാക്സിനേഷന് മുൻപായി ഡോ. റെഡ്ഡീസ് സെന്‍ട്രല്‍ ഡ്രഗ്സ് അതോറിറ്റിയുടെ അനുമതി കൂടി നേടിയെടുത്തെങ്കില്‍ മാത്രമേ വിതരണത്തിന് സാധിക്കൂ.നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്തിരുന്നത്. അതിനു പിന്നാലെയാണ് റഷ്യയുടെ സ്പുട്‌നിക്കിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര വിതരണ അനുമതി നല്‍കിയത്. അടുത്ത മാസത്തോടെ അഞ്ച് മില്യണ്‍ ഡോസ് സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയ്ക്കായി റഷ്യ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ സ്പുട്‌നിക് ഇന്ത്യയില്‍ തന്നെ തദ്ദേശീയമായി വികസിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്ത് ആവശ്യമെങ്കില്‍ സമ്പൂർണ്ണ ലോക്ഡൗണ്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യമെങ്കില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമാവുകയാണ്. നിലവിൽ രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളിൽ ലോക്ക്ഡൗണിന് സമാന നിയന്ത്രണം ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്. സമ്പൂർണ്ണ ലോക്ക്ഡൗൺ ആവശ്യമെങ്കിൽ അപ്പോൾ പ്രഖ്യാപിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വാക്‌സിന് വലിയ തോതില്‍ ക്ഷാമമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിന് വേണ്ടി ആദ്യമേ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വളരെ പരിമിതമായേ വാക്‌സിന്‍ കിട്ടിയുളളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി.സംസ്ഥാനത്ത് കൊറോണയുടെ ആദ്യ തരംഗം വൈകിയാണ് എത്തിയത്. വാക്‌സിൻ കിട്ടാത്തത് വലിയ പ്രശ്നമാണ്. വാക്‌സിൻ കിട്ടിയാൽ രോഗം വരാത്ത 89 ശതമാനം ആളുകളെയും രക്ഷിക്കാനാകും. 1.5 കോടി വാക്‌സിൻ കേരളത്തിനാവശ്യമായുണ്ട്. നിലവിൽ സംസ്ഥാനത്ത് ഉള്ളത് മൂന്ന് മുതൽ നാല് ലക്ഷം ഡോസുകൾ മാത്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.നാളെ നടക്കാനിരിക്കുന്ന വോട്ടെണ്ണലിൽ വിജയ പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു. സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാകും. എല്‍ ഡി എഫ് വീണ്ടും വരുമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഈ സര്‍ക്കാരിനെ ജനങ്ങള്‍ നെഞ്ചിലേറ്റിയെന്നും ശൈലജ പ്രതികരിച്ചു.
സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കില്ല
തിരുവനന്തപുരം:സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കില്ല.കൂടുതല്‍ വാക്‌സിന്‍ അനുവദിക്കാതെ ഈ വിഭാഗത്തിന് വാക്‌സിന്‍ വിതരണം ആരംഭിക്കേണ്ട എന്നാണ് സർക്കാർ തീരുമാനം.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് വാക്‌സിന്‍ മുടങ്ങിയേക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് നല്‍കാനുള്ള വാക്‌സിനാണ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത്.ഇത് തന്നെ എല്ലാ ജില്ലകളിലും വിതരണം ചെയ്യാന്‍ പോലും തികയാത്ത അവസ്ഥയാണ്.കൂടാതെ വാക്‌സിന്‍റെ രണ്ടാം ഡോസ് എടുക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും വാക്‌സിൻ ലഭിക്കാൻ ബുദ്ധിമുട്ടാണ്.അതിനാല്‍ മൂന്നാംഘട്ട വാക്‌സിനേഷന്‍ കൂടുതല്‍ വാക്‌സിന്‍ അനുവദിക്കാതെ ആരംഭിക്കേണ്ട എന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.
ഗുജറാത്തിൽ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം;18 രോഗികള്‍ മരിച്ചു
അഹമ്മദാബാദ് :ഗുജാറാത്ത് ഭറൂച്ചിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ പതിനെട്ട് രോഗികള്‍ മരിച്ചു. പട്ടേല്‍ വെല്‍ഫയര്‍ കോവിഡ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.പൊള്ളലേറ്റ രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.മരണസംഖ്യ ചിലപ്പോള്‍ ഇനിയും ഉയര്‍ന്നേക്കാമെന്ന് ഭറൂച്ച് പോലീസ് സൂപ്രണ്ട് രാജേന്ദ്ര സിങ് ചുദാസാമ പറഞ്ഞു. ഭറൂച്ച്- ജംബുസാര്‍ ദേശീയ പാതയിലാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്.
സംസ്ഥാനത്ത് രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ അടച്ചിടാൻ തീരുമാനിച്ചിട്ടില്ല. എന്നാൽ രോഗവ്യാപനം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ലോക്ഡൗൺ കൂടി ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ചൊവ്വാഴ്ച മുതൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അത്യാവശ്യത്തിന് മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ. കടകളും ഹോട്ടലുകളും സമയബന്ധിതമായി പ്രവർത്തിപ്പിക്കാം.ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറിയും നടത്താം. ഹോം ഡെലിവറി നടത്തുന്നവരുടെ വിവരം ശേഖരിച്ച് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തും. വലിയ സൗകര്യം ഉള്ള ആരാധനാലയങ്ങളിൽ 50 പേർക്ക് പ്രവേശിക്കാൻ അനുമതിയുണ്ട്. മാർക്കറ്റുകളിലെ കടകൾ നിശ്ചിത സമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് മാർക്കറ്റ് കമ്മിറ്റികൾ ഉറപ്പാക്കണം.ആശുപത്രികളിൽ കൂട്ടിരിക്കുന്നവർക്ക് ഡോക്ടറോ, സ്ഥാപനമോ, സ്വയമോ, തയ്യാറാക്കുന്ന സത്യവാങ്മൂലം ഹാജരാക്കി അത്യാവശ്യ ഘട്ടത്തിൽ യാത്ര ചെയ്യാം. വിമാന, ട്രെയിൻ യാത്രകൾക്ക് തടസ്സമുണ്ടാകില്ല. ഓക്‌സിജൻ, സാനിറ്റേഷൻ വസ്തുക്കൾ, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കൾ എന്നിവയ്ക്ക് തടസ്സമുണ്ടാകില്ല. ടെലികോം, ഇന്റർനെറ്റ് എന്നീ സേവനങ്ങൾക്ക് മുടക്കമുണ്ടാകില്ല. ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാടുകൾ നടത്തണം. കല്യാണത്തിനും മരണാനന്തര ചടങ്ങുകൾക്കും നിശ്ചിത എണ്ണത്തിലുള്ള ആളുകളെ മാത്രമെ അനുവദിക്കൂ. റേഷൻ കടകളും, സിവിൽ സപ്ലൈ ഷോപ്പുകളും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 37,199 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ശതമാനം;17,500 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 37,199 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 330 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,587 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4715, എറണാകുളം 4544, തൃശൂര്‍ 4233, മലപ്പുറം 3761, തിരുവനന്തപുരം 3359, കോട്ടയം 2664, കണ്ണൂര്‍ 2304, പാലക്കാട് 999, ആലപ്പുഴ 2208, കൊല്ലം 1956, ഇടുക്കി 1207, പത്തനംതിട്ട 1150, കാസര്‍ഗോഡ് 771, വയനാട് 716 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.113 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 27, കാസര്‍ഗോഡ് 19, തൃശൂര്‍ 15, വയനാട് 13, പത്തനംതിട്ട 9, പാലക്കാട് 7, ഇടുക്കി, എറണാകുളം 6 വീതം, കൊല്ലം 5, തിരുവനന്തപുരം 3, കോഴിക്കോട് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,500 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1602, കൊല്ലം 2124, പത്തനംതിട്ട 459, ആലപ്പുഴ 933, കോട്ടയം 1804, ഇടുക്കി 533, എറണാകുളം 2689, തൃശൂര്‍ 1283, പാലക്കാട് 886, മലപ്പുറം 1099, കോഴിക്കോട് 2013, വയനാട് 249, കണ്ണൂര്‍ 1113, കാസര്‍ഗോഡ് 713 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല.
മേയ് ഒന്നു മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി:മേയ് ഒന്നു മുതല്‍ നാലുവരെ സംസ്ഥാനത്ത് ഒരു തരത്തിലുളള കൂടിച്ചേരലുകളും പാടില്ലെന്ന് ഹൈക്കോടതി.നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് കോടതി നിര്‍ദേശം.കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.അനധികൃതമായി ഒത്തുകൂടുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണം. രാഷ്ട്രീയപാര്‍ട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കരുതെന്നും പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.കോവിഡ്-19 രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ സമയത്തും തുടര്‍ന്നുമുള്ള വിജയാഹ്ളാദ പ്രകടനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചിട്ടുണ്ട്.കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, പശ്ചിമബംഗാള്‍, അസം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മേയ് രണ്ടിനാണു നടക്കുന്നത്. വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍വകക്ഷി യോഗവും തീരുമാനിച്ചിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ പോകേണ്ടതില്ലന്നും സര്‍വകക്ഷി യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സർക്കാർ ഉത്തരവ് ലഭിച്ചില്ലെന്ന് സ്വകാര്യ ലാബുകള്‍;സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1700 രൂപ ഈടാക്കുന്നത് തുടരുന്നു
തിരുവനന്തപുരം:ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച് സർക്കാർ ഉത്തരവിട്ടിട്ടും നിരക്കില്‍ മാറ്റം വരുത്താതെ സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍. ഇന്നും പരിശോധനയ്ക്കായി എത്തുന്നവരിൽ നിന്നും 1,700 രൂപയാണ് സ്വകാര്യ ലാബുകൾ ഈടാക്കുന്നത്. കഴിഞ്ഞ ദിവസമാണ് പരിശോധനാ നിരക്ക് 1,700 ൽ നിന്നും 500 ആക്കി കുറച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.എന്നാല്‍ ആരോഗ്യമന്ത്രിയുടേത് പ്രഖ്യാപനം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവൊന്നും തന്നെ സർക്കാരിൽ നിന്നും ലഭിച്ചില്ലെന്നാണ് ലാബുകളുടെ ന്യായീകരണം. ഔദ്യോഗിക ഉത്തരവ് ലഭിക്കുന്നതുവരെ പഴയ നിരക്ക് ഈടാക്കുമെന്നും സ്വകാര്യ ലാബുടമകൾ അറിയിച്ചിട്ടുണ്ട്. ഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചത്.കോവിഡ് പരിശോധനയ്ക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് കേരളത്തിലാണ്. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. അതിനു പിന്നാലെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് പരിശോധന നിരക്ക് കുറക്കുന്നതായി അറിയിച്ചത്.
സംസ്ഥാനത്തെ സ്വകാര്യബസുകൾ മേയ് ഒന്ന് മുതല്‍ ഓട്ടം നിര്‍ത്തുന്നു
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യബസുകൾ മേയ് ഒന്ന് മുതല്‍ ഓട്ടം നിര്‍ത്തുന്നു. കോവിഡ് സാഹചര്യത്തില്‍ വരുമാനം ഗണ്യമായി കുറഞ്ഞതോടെയാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സർവീസ് നിര്‍ത്തുന്നത്.സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ വാര്‍ഡുകളും കണ്ടയ്മെന്റ് സോണുകളാക്കി മാറ്റിയതോടെ സ്വകാര്യബസുകളില്‍ യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞു.നിലവില്‍ ബസുകള്‍ക്ക് ലഭിക്കുന്ന വരുമാനം ദിവസചിലവിനു പോലും തികയാത്ത അവസ്ഥയിലാണെന്നും ബസുടമകള്‍ പറയുന്നു. മേയ് ഒന്ന് മുതല്‍ സർവീസ് നടത്തില്ലെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടാനുള്ള അപേക്ഷ) സമര്‍പിച്ച് ബസ് നിര്‍ത്തിയിടാനാണ് തീരുമാനം.ഏപ്രില്‍, മെയ്, ജൂണ്‍ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട് എങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു തീരുമാനവും ഇല്ലാത്തത്തിനാലാണ് ബസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
18 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ നാളെ തുടങ്ങാനാവില്ലെന്ന് അറിയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ
ന്യൂഡൽഹി: 18 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ നാളെ തുടങ്ങാനാവില്ലെന്ന് അറിയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ.നേരത്തെ ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ 18-45 വയസ് വരെയുള്ളവരുടെ വാക്സീനേഷന്‍ മെയ് 1 ന് തന്നെ ആരംഭിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ ഘട്ടം വാക്സീനേഷന്‍ നാളെ തുടങ്ങാനാവില്ലെന്നും വൈകുമെന്നും മധ്യപ്രദേശും കേന്ദ്രത്തെ അറിയിച്ചു. രണ്ടാം ഡോസ് വാക്സീന്‍ എടുക്കുന്ന 45 വയസിന് മുകളിലുള്ളവര്‍ക്കാകും മുന്‍ഗണന നല്‍കുകയെന്ന് കേരളവും നിലപാടെടുത്തിട്ടുണ്ട്. രാജ്യത്ത് വാക്സീന്‍ പ്രതിസന്ധിയും ക്ഷാമവും രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍ മെയ് 1 മുതല്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്സീന്‍ നേരിട്ട് സംസ്ഥാനങ്ങള്‍ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങള്‍ പലതും വാക്‌സിനായി കമ്പനികളെ സമീപിച്ചെങ്കിലും കേന്ദ്രത്തിന്റെ ക്വാട്ടയ്ക്ക് ശേഷമേ നല്‍കാന്‍ സാധിക്കൂ എന്നാണ് കമ്പനികൾ അറിയിച്ചത്.