തിരുവനന്തപുരം: നിയമസഭ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നടത്തുമെങ്കിലും മന്ത്രിമാരെ ഇന്ന് നിശ്ചയിക്കില്ല. സംസ്ഥാന കമ്മിറ്റിക്കാണ് അതിനുള്ള അധികാരം. ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രി സ്ഥാനങ്ങള്‍ നല്‍കണമെന്നത് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാന കമ്മിറ്റി യോഗം എന്ന് ചേരണമെന്നതും ഇന്നത്തെ സെക്രട്ടേറിയറ്റ് തീരുമാനിക്കും. ബുധനാഴ്ച പൊളിറ്റ് ബ്യൂറോ യോഗവുമുണ്ട്.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പി.ബി ആണ്. പിണറായിയുടെ കാര്യത്തില്‍ അത്തരമൊരു തീരുമാനമെന്നത് സാങ്കേതികമായ നടപടി മാത്രമാണ്. പാര്‍ട്ടി സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി, നിയമസഭ കക്ഷി യോഗം എന്നിവ ചേര്‍ന്ന ശേഷമേ സിപിഎം ഔദ്യോഗിക തീരുമാനം പുറത്ത് പറയുകയുള്ളു. അതേസമയം മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്ന് പിണറായി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ.ശൈലജ, എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, ടി.പി.രാമകൃഷ്ണന്‍, പി.രാജീവ്, എം.എം.മണി എന്നിവര്‍ ആദ്യ സാധ്യതാ പട്ടികയിലുണ്ട്. അതേസമയം ഒരു അംഗം മാത്രമുള്ള പാര്‍ട്ടികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കില്ല. എല്‍ജെഡി, കോണ്‍ഗ്രസ് (എസ്), കേരള കോണ്‍ഗ്രസ് (ബി), ആര്‍എസ്പി (എല്‍), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിങ്ങനെ ആറ് പാര്‍ട്ടികള്‍ക്കാണ് ഒരു എംഎല്‍എ മാത്രമുള്ളത്.
സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം; നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം.അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കും. വാരാന്ത്യ നിയന്ത്രണത്തിന് സമാനമായ രീതിലായിരിക്കും ഇന്ന് മുതൽ മെയ് 9 വരെ സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൊലീസ് പരിശോധന ശക്തമാക്കും.ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ തടസമുണ്ടാകില്ല. അവശ്യസേവന വിഭാഗങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ച് യാത്ര ചെയ്യാം.മരുന്ന്, പഴം, പച്ചക്കറി, പാല്‍, മത്സ്യ-മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും.വര്‍ക്ക് ഷോപ്പ്, വാഹന സര്‍വീസ് സെന്റര്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം. ഇവിടെയുള്ള ജീവനക്കാര്‍ ഇരട്ട മാസ്‌ക്കും കയ്യുറകളും ധരിക്കണം. റേഷന്‍ കടകളും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഔട്ട് ലൈറ്റുകളും തുറക്കും.ഹോട്ടലുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കിലും ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല. രാത്രി ഒന്‍പത് വരെ പാര്‍സലും ഹോം ഡെലിവെറിയും അനുവദിക്കും. കള്ളുഷാപ്പുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.ബാങ്കുകള്‍ രാവിലെ 10 മുതല്‍ 1 മണി വരെ പൊതുജനങ്ങളുടെ സര്‍വീസുകള്‍ക്കായി പ്രവര്‍ത്തിക്കും. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.ആരാധനാലയങ്ങളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ സ്ഥലസൗകര്യമുള്ള ഇടമാണെങ്കില്‍ മാത്രം 50 പേര്‍ക്ക് പ്രവേശനം അനുവദിക്കും. എല്ലാതരത്തിലുമുള്ള സിനിമ- സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തി വയ്ക്കണം. ഐടി മേഖലയില്‍ അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രം ഓഫീസിലെത്തണമെന്നും പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്നുമാണ് നിര്‍ദേശം. നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ രാവിലെ മുതല്‍ തന്നെ നിരത്തുകളില്‍ പൊലീസ് പരിശോധന ആരംഭിക്കും.
സംസ്ഥാനത്ത് ഇന്ന് 26011 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ശതമാനം 19,519 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,011 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂർ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂർ 1469, കൊല്ലം 1311, കാസർഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5450 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 301 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,106 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1524 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3820, എറണാകുളം 3263, മലപ്പുറം 3029, തൃശൂർ 2592, തിരുവനന്തപുരം 2229, ആലപ്പുഴ 1989, പാലക്കാട് 837, കോട്ടയം 1569, കണ്ണൂർ 1300, കൊല്ലം 1295, കാസർഗോഡ് 1096, പത്തനംതിട്ട 383, ഇടുക്കി 395, വയനാട് 309 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.80 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 27, തൃശൂർ 15, കാസർഗോഡ് 8, പാലക്കാട് 7, പത്തനംതിട്ട 6, തിരുവനന്തപുരം 5, കൊല്ലം 3, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,519 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1956, കൊല്ലം 1047, പത്തനംതിട്ട 1015, ആലപ്പുഴ 746, കോട്ടയം 1825, ഇടുക്കി 336, എറണാകുളം 3500, തൃശൂർ 1486, പാലക്കാട് 900, മലപ്പുറം 1912, കോഴിക്കോട് 3382, വയനാട് 151, കണ്ണൂർ 1178, കാസർഗോഡ് 85 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 686 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് നാളെ മുതല്‍ ഞായറാഴ്ച വരെ ലോക്കഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഞായറാഴ്ച വരെ ലോക്കഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ ഇങ്ങനെ:
- സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അതിന്റെ കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യസേവന വിഭാഗങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ തുടങ്ങിയവക്ക്/ തുടങ്ങിയവര്‍ക്ക് പ്രവര്‍ത്തിക്കാം.
- ടെലികോം സര്‍വീസ്, അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, പെട്രോനെറ്റ്, പെട്രോളിയം, എല്‍പിജി യൂനിറ്റുകള്‍ എന്നിവ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇവര്‍ക്ക് അതാത് സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്രചെയ്യാം.
- ഐടി മേഖലയില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അത്യാവശ്യം വേണ്ട ആളുകള്‍ മാത്രമേ ഓഫിസുകളിലെത്താവൂ. പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണം.
- ആശുപത്രി ഫാര്‍മസികള്‍, പത്രമാധ്യമങ്ങള്‍,ഭക്ഷണം, പലചരക്ക് കടകള്‍, പഴക്കടകള്‍, പാല്‍പാലുല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, ഇറച്ചി മത്സ്യ വിപണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍ എന്നിവയ്ക്ക് മാത്രം പ്രവര്‍ത്തിക്കാം.
- വാഹനങ്ങളുടെ അറ്റകുറ്റപണി, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.
- ആളുകള്‍ പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവര്‍ത്തനങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം.
- എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്‌ക് ഉപയോഗിക്കണം.
- രാത്രി ഒൻപത് മണിക്കു മുൻപ് കടകള്‍ അടയ്ക്കണം.
- ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും.
- ദീര്‍ഘദൂര ബസുകള്‍, ട്രയിന്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. എന്നാല്‍ ഇതില്‍ യാത്ര ചെയ്യുന്നതും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കല്‍ യാത്രാ രേഖകള്‍ ഉണ്ടായിരിക്കണം.
- വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.
- റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
- അതിഥി തൊഴിലാളികള്‍ക്ക് അവരുടെ മേഖലകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജോലിചെയ്യാം.
- ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് എത്താം. എന്നാല്‍ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം.
- എല്ലാതരത്തിലുമുള്ള സിനിമ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണം.
തിരുവനന്തപുരത്തും പാലക്കാടും കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ മാറി നല്‍കി
തിരുവനന്തപുരം:തിരുവനന്തപുരത്തും പാലക്കാടും കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ മാറി നല്‍കി.തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് ആദ്യ സംഭവം. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് മാറി നല്‍കിയതിനെത്തുടര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ സംസ്കരിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മോര്‍ച്ചറിയിലെ സുരക്ഷാ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. വെള്ളിയാഴ്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രസാദിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പോലീസുമായി എത്തിയ ബന്ധുക്കള്‍ക്ക് മൃതദേഹം കാണാനില്ലെന്ന മറുപടിയാണ് മോര്‍ച്ചറി ജീവനക്കാരില്‍ നിന്നും ലഭിച്ചത്. വിശദമായ അന്വേഷണത്തില്‍ വെള്ളായണി സ്വദേശി പ്രസാദിന്റെ ബന്ധുക്കള്‍ക്ക് മൃതദേഹം മാറി നല്‍കിയതായി കണ്ടെത്തി.സംഭവം വിവാദമായതോടെ മോര്‍ച്ചറിയിലെ സുരക്ഷാ ജീവനക്കാനെ മെഡിക്കല്‍ കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.
പാലക്കാട് കരുണ മെഡിക്കല്‍ കോളജിലാണ് രണ്ടാമത്തെ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി മരിച്ച രണ്ട് കൊവിഡ് രോഗികളുടെ മൃതദേഹമാണ് മാറിയത്. മങ്കര സ്വദേശിയുടെ മൃതദേഹത്തിന് പകരം ആലത്തൂര്‍ സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് മാറി നല്‍കുകയായിരുന്നു.അതേസമയം ആശുപത്രി അധികൃതര്‍ വീഴ്‌ച സമ്മതിച്ചതയാണ് റിപ്പോര്‍ട്ട്. മോര്‍ച്ചറി ജീവനക്കാരന് പറ്റിയ തെറ്റെന്നാണ് ആശുപത്രിയുടെ വിശദീകരണം.സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തളിപ്പറമ്പിൽ ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബെറിഞ്ഞു
കണ്ണൂർ:തളിപ്പറമ്പിൽ ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബെറിഞ്ഞു. ഡിസി.സി ജനറല്‍ സെക്രട്ടറിയും തളിപ്പറമ്പ് നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ കെ.നബീസാ ബീവിയുടെ തൃച്ഛംബരം ദേശീയപാതയോരത്തെ മൊയ്തീന്‍പള്ളിക്ക് സമീപമുള്ള വീടിനു നേരേയാണ് ബോംബേറുണ്ടായത്. ഞായറാഴ്ച്ച രാത്രി 11.50നായിരുന്നു സംഭവം. ബോംബേറില്‍ മുന്‍വശത്തെ ജനല്‍ചില്ലുകളും കസേരകളും തകര്‍ന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. നഗരസഭാ തെരഞ്ഞെടുപ്പില്‍ കാക്കഞ്ചാല്‍ വാര്‍ഡില്‍ മത്സരിച്ചപ്പോള്‍ കള്ളവോട്ടുകള്‍ തടഞ്ഞതിന്റെ പേരില്‍ ഭീഷണി ഉണ്ടായിരുന്നതായി നബീസാ ബീവി പറയുന്നു. സ്റ്റീല്‍ ബോംബാണ് എറിഞ്ഞതെന്ന് സംശയിക്കുന്നു.ബോംബിന്റെ അവശിഷ്ടങ്ങളും സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് ലഭിച്ചിട്ടുണ്ട്.ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രതിഷേധിച്ചു.
കണ്ണൂരിലെ നാല് സ്റ്റേഷന്‍ പരിധിയില്‍ മെയ് 4 വരെ ജില്ലാ കലക്റ്റർ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കണ്ണൂർ:കണ്ണൂരിലെ നാല് സ്റ്റേഷന്‍ പരിധിയില്‍ മെയ് 4 വരെ ജില്ലാ കലക്റ്റർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊക്ലി, കൊളവല്ലൂര്‍, ന്യൂമാഹി, പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും കൊവിഡ് 19 വ്യാപനം തടയാനുമാണ് സിറ്റി പൊലീസ് കമ്മീഷണറുടെ അഭ്യര്‍ഥന പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഉത്തരവു പ്രകാരം ജാഥകളും ജനങ്ങള്‍ കൂട്ടംകൂടുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.തോക്ക്,ആയുധങ്ങള്‍, അക്രമങ്ങള്‍ക്കുപയോഗിക്കുന്ന മറ്റു വസ്തുക്കള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും വിലക്കി. പൊതുസ്ഥലങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുക, കോലം കത്തിക്കുക, തുടങ്ങിയവയും മൂന്നില്‍ക്കൂടുതല്‍ ആളുകള്‍ നിയമപരമായ കാര്യങ്ങള്‍ക്ക് അല്ലാതെ കൂട്ടംചേരുന്നതും നിരോധിച്ചിട്ടുണ്ട്.ഈ പ്രദേശങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുന്നതിനും മൈക്ക് ഉപയോഗിക്കുന്നതിനും പൊലീസ് അനുവാദം നല്‍കുകയില്ലെന്നും ഉത്തരവില്‍ പറയുന്നു.
പിണറായിയില്‍ ഒറ്റമുറി കെട്ടിടത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു
കണ്ണൂര്‍:പിണറായിയിൽ ഒറ്റമുറി കെട്ടിടത്തില്‍ നിന്നും ഒളിപ്പിച്ചു വച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. ഉമ്മന്‍ചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേങ്ങാക്കൂടയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ച നിലയിൽ എട്ട് വാളുകളും, ഒരു കഠാരയും, ഒരു മഴുവുമാണു കണ്ടെത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ആയുധങ്ങള്‍ എങ്ങനെ ഇവിടെ വന്നുവെന്നതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ഉടമ മരിച്ചാല്‍ വാഹനം നോമിനിക്ക്; മോട്ടോര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി
ഡല്‍ഹി: ഉടമയുടെ മരണ ശേഷം വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. പുതിയ ചട്ടം അനുസരിച്ച് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമയ്ക്ക് നോമിനിയെ നിർദേശിക്കാം. നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്.ഐഡന്റിറ്റി പ്രൂഫ് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമ നോമിനിയെ ഹാജരാക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. ഉടമ മരിക്കുന്ന പക്ഷം നോമിനിയുടെ പേരിലേക്ക് രജിസ്‌ട്രേഷന്‍ മാറുമെന്നാണ് ചട്ടം വ്യക്തമാക്കുന്നത്. മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും ചട്ടത്തിലുണ്ട്. ഒരിക്കല്‍ നിര്‍ദേശിച്ച നോമിനിയെ ഉടമയ്ക്കു പിന്നീടു മാറ്റാനാവും. വിവാഹ മോചനം, ഭാഗം പിരിയല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ നോമിനിയെ മാറ്റാനാവും.നോമിനിയെ നിര്‍ദേശിക്കാത്ത സാഹചര്യത്തില്‍ നിയമപരമായ പിന്‍ഗാമിയുടെ പേരിലേക്കു വാഹനം മാറ്റുന്നതിനും പുതിയ ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.
മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള അന്തരിച്ചു
കൊട്ടാരക്കര: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960 ല്‍ ഇരുപത്തിയഞ്ചാം വയസില്‍ നിയമസഭയിലെത്തി. എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം.കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1935 മാർച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. തിരുവനന്തപുരത്തെ എംജി കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. വിദ്യാർത്ഥിയായിരിക്കെ തന്നെ അദ്ദേഹം രാഷ്ട്രീപ്രവർത്തകനാകാൻ ആഗ്രഹിച്ചിരുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസീലൂടെയാണ് സജീവ രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനം. തുടർന്ന് 1964ൽ കേരള കോൺഗ്രസിൻറെ സ്ഥാപക ജനറൽ സെക്രട്ടറിയായി. 1976 ൽ കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു.തുടർന്ന് കേരളാ കോൺഗ്രസ് പിളരുകയും 1977 ൽ ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് ബി രൂപപ്പെടുകയും ചെയ്തു. പിന്നീട് (1977-1982) കാലയളവിൽ എൽ.ഡി.എഫിനൊപ്പവും (1982-2015) കാലളവിൽ യു.ഡി.എഫിനൊപ്പവും പ്രവർത്തിച്ചു. നിലവിൽ എൽ.ഡി.എഫിനൊപ്പമാണ് കേരള കോൺഗ്രസ് ബി. കൊട്ടാരക്കരയിലെ വീട്ടിലും എന്‍എസ്‌എസ് താലൂക്ക് യൂണിയന്‍ ഓഫീസിലും പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വാളകത്തെ വീട്ടുവളപ്പില്‍. ഭാര്യ പരേതയായ ആര്‍.വത്സല. മക്കള്‍: മുന്‍ മന്ത്രിയും ചലച്ചിത്രതാരവും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍, ഉഷ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്‍. മരുമക്കള്‍: ബിന്ദു ഗണേഷ് കുമാര്‍, മോഹന്‍ദാസ്, പി. ബാലകൃഷ്ണന്‍.