തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂർണ്ണ ലോക്ഡൗണ്‍.അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാനാണ് അനുമതിയുള്ളത്. നിരത്തുകളിൽ പോലീസ് പരിശോധ ശക്തമാക്കിയിട്ടുണ്ട്. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഒരാഴ്ചത്തെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്.അടിയന്തിര സംവിധാനത്തില്‍ ഒഴികെയുള്ള അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാവിലെ 6 മുതൽ വൈകീട്ട് 7.30 വരെ കടകൾക്ക് തുറക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറക്കാൻ അനുവാദമുള്ളൂ. ബേക്കറികൾക്കും തുറക്കാം എന്നാൽ ഹോം ഡെലിവറി മാത്രമേ പാടുളളൂ. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണമായും അടച്ചിടും. പൊതുഗതാഗതം പൂർണമായും നിർത്തിവെയ്ക്കും.അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. വീട്ടുജോലിക്കാര്‍, കൂലിപ്പണിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം. അവശ്യസാധനങ്ങള്‍ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കില്‍ നടപടി നേരിടേണ്ടി വരും.പാഴ്സല്‍ നല്‍കാനായി മാത്രം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വാഹന റിപ്പയര്‍ വര്‍ക്ക്ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാര്‍ബര്‍ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ഹൈവേ പോലീസ് വഴി എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പോലീസ് പാസ് നല്‍കും. പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വൈകിട്ടോടെ നിലവില്‍ വരും. 25,000 പോലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങള്‍.കേരളത്തിന് പുറമേ ദല്‍ഹി, ഹരിയാന, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്, കര്‍ണ്ണാടക, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ തമിഴ്നാടും അടച്ചിടുകയാണ്.
സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂർ 3738, കണ്ണൂർ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസർഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 370 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,402 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2573 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5238, കോഴിക്കോട് 4067, തിരുവനന്തപുരം 3657, മലപ്പുറം 3615, തൃശൂർ 3711, കണ്ണൂർ 2981, പാലക്കാട് 1332, കൊല്ലം 2411, ആലപ്പുഴ 2153, കോട്ടയം 1981, പത്തനംതിട്ട 1130, വയനാട് 1127, ഇടുക്കി 1091, കാസർഗോഡ് 908 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.115 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 29, വയനാട് 14, തൃശൂർ 13, എറണാകുളം, കാസർഗോഡ് 12 വീതം, കോഴിക്കോട് 9, പത്തനംതിട്ട 7, പാലക്കാട് 6, തിരുവനന്തപുരം, കൊല്ലം 5 വീതം, ഇടുക്കി 3 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2363, കൊല്ലം 1405, പത്തനംതിട്ട 860, ആലപ്പുഴ 1745, കോട്ടയം 3063, ഇടുക്കി 391, എറണാകുളം 2735, തൃശൂർ 1837, പാലക്കാട് 3200, മലപ്പുറം 3224, കോഴിക്കോട് 3194, വയനാട് 277, കണ്ണൂർ 1664, കാസർഗോഡ് 704 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 65 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 788 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അധോലോക കുറ്റവാളി ഛോട്ടാ രാജന് കൊവിഡ് ബാധിച്ചു മരിച്ചു
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാരാജന് കോവിഡ് ബാധിച്ച് മരിച്ചു. തിഹാര്‍ ജയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച ഛോട്ടാ രാജനെ ഏപ്രില്‍ 27ന് ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു ഛോട്ടാ രാജന് അല്പം മുന്‍പാണ് മരണത്തിന് കീഴടങ്ങിയത്. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70-ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെ മുംബൈയിലുള്ളത്. രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്തോഷ്യയില്‍നിന്ന് പിടികൂടി തിരികെയെത്തിച്ചത്. 61-കാരനായ ഛോട്ടാരാജനെ കനത്ത സുരക്ഷാവലയത്തിലാണ് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. ഛോട്ടാ രാജനെതിരെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം സിബിഐയ്ക്ക് കൈമാറുകയും ഇത് പരിഗണിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ അവസാനം ഛോട്ടാരാജനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. ഇതിനിടെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഹാജരാക്കാന്‍ കഴിയില്ലെന്നും ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്.ഛോട്ടാരാജനെ എയിംസില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു കൊടുംകുറ്റവാളിക്ക് എയിംസില്‍ ചികിത്സ നല്‍കുന്നതിനെ എതിര്‍ത്താണ് വിമര്‍ശനം.
തമിഴ്നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാജ്ഭവനില്‍ രാവിലെ ഒൻപത് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. സ്റ്റാലിന് ഒപ്പം 34 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളാണ് ഉള്ളത്. ആഭ്യന്തര വകുപ്പിന്റേയും ചുമതല സ്റ്റാലിനാണ്. സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന് മന്ത്രിസഭയിലില്ല. ചെക്കോപ്പ്-തിരുനെല്ലിക്കേനി മണ്ഡലത്തില്‍ നിന്ന് വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് മന്ത്രിമാരുടെ പട്ടികയില്‍ ഇല്ല. കഴിഞ്ഞ ദിവസമാണ് മന്ത്രിമാരുടേയും അവരുടെ വകുപ്പുകളും ഉള്‍പ്പെട്ട പട്ടിക രാജ്ഭവന് നല്‍കിയത്.റാണിപ്പേട്ടില്‍നിന്നുള്ള എംഎല്‍എ ആര്. ഗാന്ധി ഖാദി-ഗ്രാമ വ്യവസായം-ഭൂദാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരിക്കും. ട്രിച്ചി വെസ്റ്റ് എംഎല്‍എ ആയ കെ. എന്‍. നെഹ്റു നഗരവികസന മന്ത്രിയാകും.ദുരൈമുരുകനാണ് ജലവിഭവ വകുപ്പ്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനാവും. യുവ എം.എല്‍.എ. അന്പില് മഹേഷിന് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് ലഭിക്കും. കമല്ഹാസന്, ശരത്കുമാര്, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങിനെത്തി.പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തില്‍ ഡിഎംകെ അധികാരം പിടിച്ചത്.
ചാല ടാങ്കർ ലോറി അപകടം;ടാങ്കറിൽ നിന്നും വാതകം പൂർണമായും മാറ്റി; ഗതാഗതം പുനഃസ്ഥാപിച്ചു
കണ്ണൂർ:ചാലയിൽ ടാങ്കർ ലോറി മറിഞ്ഞ് പാചക വാതകചോർച്ചയുണ്ടായ ടാങ്കറിൽ നിന്ന് വാതകം പൂർണമായും മാറ്റി.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കോഴിക്കോട്ടുനിന്നും മംഗളൂരുവില്‍നിന്നും എത്തിയ വിദഗ്ധര്‍ മറിഞ്ഞ ടാങ്കറിലെ പാചകവാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റിയത്. പ്രശ്നം പൂർണമായും പരിഹരിച്ചതിന് പിന്നാലെ പ്രദേശത്തെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. അപകടത്തിന് പിന്നാലെ പ്രദേശത്ത് ഒഴിപ്പിച്ച കുടുംബങ്ങളും വീടുകളിൽ തിരികെയെത്തി. കൂടാതെ ഇന്നലെ രണ്ട് മണി മുതൽ നിരോധിച്ച ദേശീയ പാതയിലൂടെയുള്ള ഗതാഗതവും പുനഃസ്ഥാപിച്ചു.അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് പ്രദേശത്ത് നിന്ന് മാറ്റി.മംഗലാപുരത്ത് നിന്നും വാതകവുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ടാങ്കറിന്റെ മൂന്നിടങ്ങളിൽ ചോർച്ചയുണ്ടായിരുന്നു.ടാങ്കറില്‍നിന്നുള്ള വാതകം അന്തരീക്ഷത്തില്‍ കലര്‍ന്ന് തീ പിടിക്കാതിരിക്കാന്‍ ഫയര്‍ഫോഴ്സ് തുടര്‍ച്ചയായി വെള്ളം ചീറ്റിക്കൊണ്ടിരുന്നു. അതോടൊപ്പം മറിഞ്ഞ ടാങ്കറില്‍നിന്ന് വാതകം പുറത്തേക്ക് വരുന്ന ഭാഗങ്ങളില്‍ മണ്ണിട്ട് ചോര്‍ച്ച തടയുകയുമാണ് ചെയ്തത്.ഇങ്ങനെ ടാങ്കറിന് ചുറ്റും മണല്‍തിട്ട തീര്‍ക്കാന്‍ ഞൊടിയിടയില്‍ മണ്ണ് ചുമന്ന് എത്തിച്ചുനല്‍കിയത് നാട്ടുകാരായ യുവാക്കളാണ്. ഒരുപക്ഷേ, ജീവന്‍പോലും പണയപ്പെടുത്തിയുള്ള ഈ രക്ഷാപ്രവര്‍ത്തനമാണ് വലിയൊരു ദുരന്തം തടയാന്‍ തുണയായത്.വിദഗ്ധര്‍ എത്തുന്നതുവരെ ചോര്‍ച്ച നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കിയതെന്നും ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ ഉചിതമായ ഇടപെടല്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഐ.ഒ.സിയില്‍നിന്നുള്ള വിദഗ്ധര്‍ പറഞ്ഞു.
സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
വയനാട്: സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി.കാരക്കണ്ടി ജലീൽ – സുൽഫിത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസാണ്(13) ഇന്ന് പുലർച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. സ്പോടനത്തിൽ പരിക്കേറ്റിരുന്ന മുരളി (16), അജ്മൽ (14) എന്നിവർ കഴിഞ്ഞ 26ന് മരണത്തിന് കീഴടങ്ങിയിരുന്നു.കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ കഴിഞ്ഞ മാസം 22നായിരുന്നു അപകടമുണ്ടായത്.ച്ചയ്ക്ക് ഒരു മണിയോടെ ഷെഡിനുള്ളിൽ നിന്നും സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികൾ പുറത്തിറങ്ങിയപ്പോൾ ഷെഡിൽ നിന്നും പൊള്ളലേറ്റ കുട്ടികൾ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്.ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് കുട്ടികളെ ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു. ഷെഡിന്റെ അടുക്കള പോലുള്ള ഭാഗത്താണ് സ്ഫോടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് അന്വേഷണം നടത്തി വരികയാണ്.
സര്‍ക്കാര്‍ അനുവദിച്ച പല ഇളവുകളും അപ്രായോഗികം;ലോക്ഡൗണ്‍ സമ്പൂര്ണമാകണമെങ്കില് ഇളവുകൾ കുറയ്ക്കണമെന്നും പോലീസ്
തിരുവനന്തപുരം: ലോക്ഡൗണില്‍ സര്‍ക്കാര്‍ നൽകിയ ഇളവുകളിൽ അതൃപ്തിയുമായി പോലീസ്. ഇളവുകള്‍ നല്കിയാല് ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നും നിരത്തില്‍ സംഘര്ഷാവസ്ഥയുണ്ടാകുമെന്നുമാണ് പൊലിസിന്റെ വിലയിരുത്തല്‍.നിര്‍മ്മാണ മേഖലയില്‍ അടക്കം നല്‍കിയിരിക്കുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ അത്തരം ദുരുപയോഗം ധാരാളം ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് ആശങ്ക അറിയിച്ചു. അങ്ങനെ തുടര്‍ന്നാല്‍ ലോക്ക്ഡൗണിന്റെ പൂര്‍ണമായ പ്രയോജനം ലഭിക്കില്ലെന്നും പൊലീസ് കരുതുന്നു.ഇക്കാര്യങ്ങള്‍ ഉന്നത പൊലീസ് അധികാരികള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ മേഖലയ്ക്ക് പുറമെ സഹകരണ സൊസൈറ്റികള്‍ അടക്കമുള്ളവയ്ക്കും പ്രവര്‍ത്തിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. ഇതും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ പ്രവർത്തന സമയം കുറയ്ക്കണം.മുന്‍ ലോക്ക്ഡൗണിന്റെ കാലത്തെ പോലെ കടകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇളവുകള്‍ കൂട്ടിയാല്‍ യാത്രക്കാര്‍ കൂടുമെന്നും ലോക്ക്ഡൗണ്‍ കര്‍ശനമാകില്ലെന്നുമാണ് പൊലീസ് നിലപാട്.നാളെ മുതല്‍ പതിനാറാം തീയതി വരെയാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍.കോവിഡ് വ്യാപനത്തിന്റെ രൂക്ഷത വിലയിരുത്തിയ ശേഷം ലോക്ക് ഡൗണ്‍ നീട്ടണമോ എന്ന് തീരുമാനിക്കും.
സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകന് വി.എ. ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍
പാലക്കാട്:സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകന് വി.എ. ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍.ആലപ്പുഴ സൗത്ത് പോലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്.ശ്രീവല്‍സം ഗ്രൂപ്പില്‍ നിന്നും എട്ട് കോടി രൂപ തട്ടിയെന്നാണ് പരാതി. ഒരു വര്‍ഷം മുന്‍പാണ് ശ്രീകുമാര്‍ മേനോനെതിരെ പരാതി പോലീസിന് ലഭിച്ചത്.കേസ് രജിസ്റ്റര്‍ ചെയ്തതോടെ ശ്രീകുമാര്‍ മേനോന് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇത് തള്ളിയതോടെയാണ് ശ്രീകുമാര്‍ അറസ്റ്റിലാകുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.മോഹന്‍ലാല്‍ നായകനായ ഒടിയൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്. നിരവധി പരസ്യ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
സംസ്ഥാനം നാളെ മുതല്‍ സമ്പൂർണ്ണ അടച്ചുപൂട്ടലിലേയ്ക്ക്;നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴയും ശിക്ഷയും
തിരുവനന്തപുരം:സംസ്ഥാനം നാളെ മുതല്‍ സമ്പൂർണ്ണ അടച്ചുപൂട്ടലിലേയ്ക്ക്.കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നാളെ തുടങ്ങും.മെയ് 16 വരെയാണ് ലോക്ഡൗണ്‍.പച്ചക്കറി,പലചരക്ക്, റേഷന്‍ കടകള്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. കെഎസ്ആര്‍ടിസി, ബസ്, ടാക്സികള്‍ അടക്കം പൊതുഗതാഗതം ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ആശുപത്രി, വാക്സിനേഷന്, എയര്‍പോര്‍ട്ട്, റെയില്വേസ്റ്റേഷന് തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇളവ്. എന്നാല്‍ ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. അന്തര്‍ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പത്ത് മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ് പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകളും വര്‍ക്ക് ഷോപ്പുകളും തുറക്കാം. ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിക്കും.വിശ്വാസികള്‍ക്ക് പ്രവേശനമില്ലാതെ ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ മാത്രം നടത്താം. വീട്ടുജോലിക്ക് പോകുന്നവരെ തടയില്ല. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര് മാത്രം പങ്കെടുക്കാം. സ്വകാര്യവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. ഓട്ടോ ടാക്സി അവശ്യ സേവനത്തിന് മാത്രം. എല്ലാത്തരം ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം.എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്ന് പൊലീസിനെ ബോധ്യപ്പെടുത്തണം.വാക്സിന് എടുക്കാന്‍ പോകുന്നവര്‍ രജിസ്ട്രേഷന് വിവരങ്ങള്‍ പൊലീസിനെ കാണിക്കണം. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസിന് കേസെടുക്കാന്‍ സാധിക്കും. മാത്രമല്ല, നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കും.മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ള മലയാളികള്‍ക്ക് നാട്ടില്‍ തിരിച്ചെത്താന്‍ ഇന്ന് സൗകര്യമുണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസ് ഇന്ന് ലഭ്യമാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരം യാത്രകള്‍ അനുവദനീയമല്ല. അതുകൊണ്ട് കേരളത്തില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് തന്നെ അതിനായി പരിശ്രമിക്കണം.എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന് എന്നിവയില്‍ നിന്നുള്ള യാത്രക്കും തടസ്സമില്ല. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം. ലോക്ക്ഡൗണില്‍ കുടുങ്ങിയ ആളുകളെയും ടൂറിസ്റ്റുകള്‍ക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേ കളും തുറക്കാം.
തുടർച്ചയായി രണ്ടാം ദിവസവും 40,000 കടന്ന് കൊറോണ;ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 42,464 പേർക്ക്;27,152 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂർ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂർ 2418, പത്തനംതിട്ട 1341, കാസർഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 265 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,496 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2579 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6411, കോഴിക്കോട് 5578, മലപ്പുറം 4181, തിരുവനന്തപുരം 3655, തൃശൂർ 3556, ആലപ്പുഴ 3029, പാലക്കാട് 1263, കോട്ടയം 2638, കൊല്ലം 2503, കണ്ണൂർ 2199, പത്തനംതിട്ട 1307, കാസർഗോഡ് 1106, വയനാട് 1025, ഇടുക്കി 945 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.124 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 39, കാസർഗോഡ് 20, തൃശൂർ 15, പാലക്കാട് 13, വയനാട് 11, പത്തനംതിട്ട, എറണാകുളം 6 വീതം, തിരുവനന്തപുരം 5, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,152 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2389, കൊല്ലം 2035, പത്തനംതിട്ട 903, ആലപ്പുഴ 1923, കോട്ടയം 3013, ഇടുക്കി 228, എറണാകുളം 2999, തൃശൂർ 1519, പാലക്കാട് 2488, മലപ്പുറം 3205, കോഴിക്കോട് 3996, വയനാട് 182, കണ്ണൂർ 2083, കാസർഗോഡ് 189 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 723 ഹോട്ട് സ്പോട്ടുകളാണുള്ളത്.