തിരുവനനന്തപുരം: നവരാത്രി പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബർ മൂന്നിന് അവധി പ്രഖ്യാപിച്ചു.പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.അവധി ദിവസത്തിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ 4,5 തിയതികളിലും സർക്കാർ അവധിയാണ്.ഒക്ടോബർ രണ്ട് വൈകിട്ട് പൂജ വെച്ചതിനു ശേഷം മൂന്നാംതീയതി ദുർഗാഷ്ടമിക്ക് വിദ്യാലയങ്ങൾക്ക് അവധി നൽകാതിരുന്നതിന് എതിരെ ഹിന്ദു സംഘടനകളും നേതാക്കളും രംഗത്ത് വന്നിരുന്നു.
പുല്ലൂപ്പിക്കടവ് തോണി അപകടം; മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
കണ്ണൂർ: പുല്ലൂപ്പിക്കടവ് തോണി അപകടത്തിൽ കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി കെ പി സഹദിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വള്ളുവൻകടവ് പരിസരത്ത് കരയോട് ചേർന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ മരിച്ച പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസിന്റെയും അത്താഴക്കുന്ന് സ്വദേശി അസറുദ്ദീനിന്റെയും മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഞായറാഴ്ച വൈകിട്ടാണ് മീൻ പിടിക്കുന്നതിനായി സുഹൃത്തുക്കളായ ഇവർ പുഴ കടവിൽ എത്തിയത്. രാത്രി വൈകിയും ഇവർ തിരിച്ചെത്താത്തതോടെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.പിന്നാലെ രണ്ട് പേരുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തിരുന്നു.കാണാതായ മൂന്നാമത്തെയാൾക്കു വേണ്ടി തിരച്ചിൽ തുടരുകയായിരുന്നു.
ഹർത്താൽ ദിനത്തിലെ അക്രമം;പാലക്കാടും വയനാടും പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്
പാലക്കാട്:പോപ്പുലര്‍ ഫ്രണ്ടിന്റെ പാലക്കാട്, വയനാട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ്.ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലുമാണ് പരിശോധന. വയനാട്ടില്‍ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിലാണ് ഡിവൈഎസ്പി എപി ചന്ദ്രന്റെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്. പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്.പോപ്പുലര്‍ ഫ്രണ്ടിനൊപ്പം എസ്ഡിപിഐ നേതാക്കളുടെ വീടുകള്‍ സ്ഥാപനങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെ തെരഞ്ഞാണ് പൊലീസ് തിരച്ചിലെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു.ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് നടപടി. റെയ്ഡില്‍ ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും പോലീസ് റെയ്ഡ്
കണ്ണൂർ: ഹർത്താൽ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും പോലീസ് റെയ്ഡ്. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കെടുത്ത സംഘടനയുടെ പ്രാദേശിക നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമായായിരുന്നു പരിശോധന. ഇവർ ചിലർ ഒളിവിൽ പോയതായി പോലീസിന് വ്യക്തമായി. കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.പാലോട്ടുപള്ളി, നടുവനാട് , പത്തൊൻപതാം മൈൽ എന്നിവിടങ്ങളിലെ കടകളിലും വീടുകളിലുമാണ് പ്രധാനമായും പരിശോധന നടന്നത്. ഇന്നലെ കണ്ണൂരിലെ ബി മാർട്ട് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട 4 കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ന് രാവിലെ മട്ടന്നൂരിലെ ഫാത്തിമാസ് എന്ന ഫർണീച്ചർ കടയിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഹർത്താൽ ദിനത്തിലെ അക്രമസംഭവങ്ങൾ സമാന സ്വഭാവമുള്ളതായിരുന്നതിനാൽ ഇത് കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽവെച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
കണ്ണൂർ പുല്ലൂപ്പിക്കടവ് പുഴയിൽ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു;ഒരാളെ കാണാതായി
കണ്ണൂർ: പുല്ലൂപ്പിക്കടവ് പുഴയിൽ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു.പുല്ലുപ്പിക്കടവ് സ്വദേശികളായ റമീസ് , അഷ്‌കർ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന സഹദിനായുള്ള തെരച്ചിൽ തുടരുകയാണ്.ഇന്നലെ വൈകിട്ടാണ് മീൻ പിടിക്കുന്നതിനായി ഇവർ പുഴ കടവിൽ എത്തിയത്. രാത്രി വൈകിയും ഇവർ തിരിച്ചെത്താത്തതോടെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. പിന്നാലെയാണ് രണ്ട് പേരുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തത്.
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു
മലപ്പുറം :മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 7.30ഓടെയാണ് അന്ത്യം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുർന്ന് കുറച്ച് നാളായി രാഷ്‌ട്രീയ ജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.മൂന്ന് മന്ത്രി സഭകളിൽ അംഗമായിരുന്നു . എട്ട് തവണ നിലമ്പൂരിൽ നിന്ന് നിയമസഭയിൽ എത്തി. നായനാർ മന്ത്രിസഭയിലെ തൊഴിൽ – വനം മന്ത്രിയായും, എകെ ആന്റണി മന്ത്രിസഭയിലെ തൊഴിൽ – ടൂറിസം മന്ത്രിയായും ,ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചിരുന്നു.കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകനും കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൗക്കത്ത് മകനാണ്.
ഹർത്താലിൽ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം അക്രമികൾ നൽകണം; മുടങ്ങിയ സർവീസുകൾക്കുള്ള തുകയും ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: വെള്ളിയാഴ്ച നടന്ന പോപ്പുലർ ഫ്രന്റ് ഹർത്താലിൽ കെഎസ്ആർടിസിയ്‌ക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് തന്നെ ഈടാക്കണമെന്ന് ഹൈക്കോടതി.ബസുകൾ നന്നാക്കാനുള്ള ചിലവുകൾക്ക് പുറമെ, സർവീസ് മുടങ്ങിയതിനെത്തുടർന്നുണ്ടായ വരുമാന നഷ്ടവും അക്രമികളിൽ നിന്നും ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവിട്ടത്.പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. നിരവധി കെ.എസ്.ആർ.ടി.സി. ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.ഹർത്താൽ നിയമവിരുദ്ധമായി നേരത്തെ തന്നെ കോടതി പ്രഖ്യാപിച്ചതാണ്. അത്തരത്തിൽ നിയമവിരുദ്ധമായ നടപടിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം സമരം ആഹ്വാനം ചെയ്തവർക്ക് തന്നെയാണ്. അത് നേരത്തെ തന്നെ കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ശക്തമായ നടപടി ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തവിൽ വ്യക്തമാക്കി. സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ച് കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും കോടതി നിർദ്ദേശിച്ചു.ഷെഡ്യൂൾ മുടങ്ങിയതും പരുക്കേറ്റ ജീവനക്കാരുടെ ചികിത്സ ചെലവുൾപ്പെടെയുള്ള കണക്കുകളും അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹെൽമറ്റ് വെച്ച് ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ അവസ്ഥ ദുഃഖകരമെന്നും കോടതി പറഞ്ഞു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ആഭ്യന്തര സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോർട്ട് തേടി.നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് പൊതുമുതലിൽ ഉണ്ടായ നഷ്ടത്തുക കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കുക. ഈ രണ്ട് മാർഗങ്ങളാണ് സർക്കാരിന് മുമ്പിലുള്ളത്. ഇതിൽ ഏത് നടപടിയാണ് സ്വീകരിക്കുക എന്നാണ് അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ സർക്കാർ കോടതിയിൽ അറിയിക്കേണ്ടത്.ഹർത്താലിൽ കെഎസ്ആർടിസി ബസുകൾ തകർന്നു.സൗത്ത് സൗത്ത് സോണിൽ 30,സെൻട്രൽ സോണിൽ 25,നോർത്ത് സോണിൽ 15 ബസ്സുകളുമാണ് കല്ലേറിൽ തകർത്തത്. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. 11 കെഎസ്ആർടിസി ജീവനക്കാർക്ക് കല്ലേറിൽ പരിക്കേറ്റിരുന്നു.
തളിപ്പറമ്പിൽ ഹര്‍ത്താലിനിടെ കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂര്‍: തളിപ്പറമ്പ് നാടുകാണിയിൽ ഹര്‍ത്താലിനിടെ കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ.പന്നിയൂർ സ്വദേശികളായ അൻസാർ, ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രദേശത്ത് പല സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചിരുന്നു.കടയില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനിടെ എത്തിയ ഹർത്താൽ അനുകൂലികളായ രണ്ടുപേർ കട അടക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തനിക്ക് കുറച്ച് ജോലികൾ ചെയ്തു തീർക്കാൻ ഉണ്ടെന്ന് കടയുടമ ആഷാദ് അറിച്ചുവാക്ക് തർക്കത്തിന് ശേഷം ഇവർ തിരിച്ചു പോയെങ്കിലും വീണ്ടും എത്തി പോലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു.ആഷാദ് പോലീസിനെ വിളിക്കാൻ തുടങ്ങിയതോടെ മേശപ്പുറത്ത് ഉണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞ് കടയടപ്പിക്കാനെത്തിയവർ തിരിച്ചുപോയി.ആഷാദിന്റെ പരാതിയിൽ മേൽ അക്രമികൾക്കെതിരെ ഇന്നലെത്തന്നെ തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു .
കണ്ണൂർ ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു
കണ്ണൂർ: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. ബംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ എക്‌സൈസ് സംഘം പിടിച്ചെടുത്തു.677 ഗ്രാം എംഡിഎംഎയാണ് എക്‌സൈസും ആർപിഎഫും ചേർന്ന് പിടിച്ചെടുത്തത്. ഇതിനിടെ യുവതി ഉൾപ്പെട്ട ലഹരി വിൽപ്പന വയനാട്ടിലും പിടിയിലായി. സംഭവത്തിൽ അൽ അമീൻ ,ഷനുബ, തസ്ലീന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. പ്രതികളിൽ നിന്നും കഞ്ചാവും പിടിച്ചെടുത്തു. സംഘം സഞ്ചരിച്ച കാറിൽ നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പനമരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികളടക്കമുള്ളവർക്ക് കഞ്ചാവ് വിൽക്കുന്നത് ഇവരാണെന്ന് നാട്ടുകാർ പറഞ്ഞു.
അക്രമം തുടർന്ന് ഹർത്താൽ അനുകൂലികൾ; കണ്ണൂരിൽ വാഹനങ്ങൾക്ക് നേരെ ബോംബേറ്; പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്‌ത്തി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഘ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം അഴിച്ചുവിട്ട് ഹർത്താൽ അനുകൂലികൾ.ആദ്യ മണിക്കൂറിൽ വ്യാപകമായ അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു.പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സിന് നേരെയും കല്ലേറുണ്ടായി.വളപട്ടണം പാലത്തിന് സമീപം മൂകാംബികയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി.വയനാട് നാലാം മൈൽ പീച്ചങ്കോട് ഹർത്താൽ അനുകൂലികൾ കാറിനും ട്രക്കിനും കല്ലെറിഞ്ഞു.പോത്തൻകോട് മഞ്ഞ മലയിൽ കടയിൽ കയറിയ ഹർത്താൽ അനുകൂലികൾ പഴക്കുലകൾ വലിച്ചെറിഞ്ഞു.15 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.ഒരാൾ കസ്റ്റഡിയിലായി.കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്‌ത്തി. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ വ്യാപക റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചത്.